കാറ്റിലൂടേതോ നിലവിളി
മുന്നിലെ
കാൽപ്പാടിലൂറിത്തുടുക്കും
മുഖമൊഴി.
എല്ലാമറിഞ്ഞതിലെല്ലാം
മറക്കുവാ
നെല്ലാം സ്‌മൃതിയ്‌ക്കുളളി-
ലാക്കുമീ രഥ്യകൾ.
പാന്ഥന്റെ കണ്ണുകളെങ്ങോ-
യണയ്‌ക്കുന്നു.
പാന്ഥന്റെ കാലുകളെങ്ങും
വിതുമ്പുന്നു.
രഥ്യ,…… നിലാവിന്റെ
സൗമ്യതയേറ്റവൾ.
രഥ്യ,…. യിരുട്ടിന്റെ-
യീർപ്പം നുകർന്നവൾ.
രഥ്യ,… വർഷാശ്രുക്ക-
ളുളളിലൊതുക്കുവോൾ.
രഥ്യ,…. ഉഷ്‌ണക്കാറ്റി-
നെല്ലാം കൊടുത്തവൾ.
ഓരങ്ങളിൽ നിഴൽ
ചായ്‌ച്ച മരങ്ങളെ
ദാരുണ നേത്രങ്ങൾ
കൊണ്ടു യാചിപ്പവൾ.
പാന്ഥന്റെ പാദങ്ങ-
ളെന്നെങ്കിലും രാമ
പാദങ്ങളായെങ്കി-
ലെന്നു കൊതിപ്പവൾ.
വന്നവർ പിന്നെ
വരാത്തവരാകവെ
അന്നവർ മൗനം
വലിച്ചെറിഞ്ഞേ പോയ
കന്യാകിനാക്കളെ
പൂക്കളായ് തീർത്തു, ത-
ന്നോരത്തു നിർത്തി
വരുന്നവർക്കായ്, നിത്യ
സൗമ്യതയേകി
നിശ്ശബ്‌ദം ശയിപ്പവൾ.
രഥ്യ,…. വസുന്ധര
ക്കെന്നും ഞരമ്പുകൾ.
ഗർഭപാത്രത്തിൽ നി-
ന്നേതോ നിയോഗങ്ങൾ
കൈപ്പറ്റി,യോടി
ഓടിപ്പോകുമാത്മാക്കൾ.
ആർത്തലച്ചോടി,
തളർന്നു വീണ്ടും
ഗർഭപാത്രത്തിലേക്കു
തിരിച്ചു പോകുന്നവൾ.
രഥ്യ,… വരണ്ടതും
വർഷബിന്ദുക്കളി-
ലുൾപ്പുളകം പൂണ്ടു
പൂത്തു തളിർത്തതും
വേനലിൽ പിന്നെ
വരണ്ടതും, മഞ്ഞിന്റെ
ലോലസ്വപ്‌നങ്ങൾ
വാരിപ്പുതച്ചതും
എല്ലാം, നരാത്മാവി-
ന്നന്തരംഗങ്ങളിൽ…!!!
Generated from archived content: poem1_aug24_05.html Author: c_soman_nair
Click this button or press Ctrl+G to toggle between Malayalam and English