9 പുരസ്‌കാരകഥകൾ

ഇത്രയും ചുരുങ്ങിയ കാലയളവിൽ ഇത്രയും പുരസ്‌കാരങ്ങൾ നേടുക എന്നത്‌ തീർച്ചയായും ഒരപൂർവ്വ സംഗതിതന്നെ. എന്നാൽ ആ നക്ഷത്രത്തിളക്കങ്ങളെക്കാൾ അത്ഭുതം മനസ്സിലുണർത്തുന്നവയാണ്‌ ഈ ‘നവ’കിരണങ്ങൾ. ആ വിസ്‌മയത്തിന്റെ ഉറവു തേടുമ്പോൾ നമ്മളെത്തുന്നത്‌ പുരസ്‌കാരങ്ങളിലേക്കുളള ചൂണ്ടുപലകയിലാണ്‌. അഥവാ എങ്ങനെ ഈ നക്ഷത്രത്തിളക്കങ്ങൾ ഈ കഥകളെ തേടി എത്തി എന്ന മഹാരഹസ്യത്തിലേക്ക്‌.

ഈ കഥകളെ ആധുനിക ചെറുകഥാ സാഹിത്യത്തിൽ ഒരു വേറിട്ട ശബ്‌ദമാക്കുന്ന ഒരു ഘടകം കഥാകഥനരീതി തന്നെയാണ്‌. ഓരോ കഥയും ഗ്രന്ഥകാരന്റെ ക്രാഫ്‌റ്റ്‌സ്‌മാൻഷിപ്പ്‌ വിളിച്ചോതുന്നു. സുനിശ്ചിതമായ ഒരു ചട്ടക്കൂടുണ്ട്‌ ഓരോന്നിനും. എന്നാൽ ഈ ഫ്രെയിമിനെ തനിക്കു ചേരുന്ന ഒരു കുപ്പായം കണക്ക്‌ അണിഞ്ഞ്‌, ഒട്ടു അസ്വാഭാവികതയോ വീർപ്പുമുട്ടലോ ഇല്ലാതെ, സ്വതന്ത്രമായി വിഹരിക്കുകയാണ്‌ ഓരോ കഥയും അനുവാചക മനസ്സിൽ. ഇതിൽ അദ്ദേഹത്തിന്റെ ഭാഷ വലിയൊരു പങ്കു വഹിക്കുന്നുണ്ട്‌.

“ഇവന്യൊന്ന്‌ ഉരുക്കണം”? ഒറ്റ വസൂരി കോളാമ്പി പുറത്തെടുത്തു.

“ന്താ ഉരുപ്പടി?”

“ഒരു തീട്ട ക്കോളാമ്പ്യാ” ഇമ്മട്ടിലുളള ഭാഷാശൈലി (അതിന്റെ പ്രാദേശിക സ്വഭാവത്തെ മറികടന്ന്‌) ഈ കഥാകഥനത്തെ ലളിത സാധാരാണവും വായനക്കാരന്റെ ഹൃദയത്തോട്‌ അടുപ്പമുളളതും ആക്കിത്തീർക്കുന്നു.

മുകളിലുദ്ധരിച്ച ഭാഗമെടുത്ത ‘ഒറ്റവസൂരി’ പോലെ പല കഥകളും ഗ്രാമീണവും, നമ്മുടെ നാടൻ പാട്ടുകളുടെ, ധാർഷ്‌ട്യം നിറഞ്ഞ വന്യമായ ഒരു താളാത്മകതയെ പ്രതിദ്ധ്വനിപ്പിക്കുന്നവയുമാണ്‌. അതേസമയം ഒരു ചിമിഴിലൊതുങ്ങുന്ന പ്രപഞ്ചമാണ്‌ പല കഥകളും. ഉദാഹരണമായി ‘ഒറ്റവസൂരി’യിൽ ആത്യന്തികമായ ഏകാന്തത, വിഗ്രഹവൽക്കരണവും തിരസ്‌കാരവും, രാഷ്‌ട്രീയ-മത-ഞ്ഞാണിൻമേൽക്കളികൾ, എല്ലാത്തിനുമുപരി ഇര-വേട്ടക്കാരൻ ദ്വന്ദം, എല്ലാം ഉൾക്കൊളളിച്ചിരിക്കുന്നു.

ഒരുതരത്തിൽ പറഞ്ഞാൽ ഇര എന്ന മോട്ടീഫ്‌ ഈ കഥാകാരനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നതായും കാണാം. ‘ഇര’, ‘ഇരകൾ വേട്ടയാടുന്നു’, ‘ദൈവത്തിന്റെ മേൽവിലാസം’ എന്നീ കഥകളിൽ ഈ ബിംബം മൂർത്തരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. എന്നാൽ സൂക്ഷ്‌മാംശത്തിൽ ഈ ബിംബത്തിൽനിന്ന്‌ ഒരു കഥക്കുപോലും മോചനമില്ലാത്തതായി നമുക്കു കാണാം-‘ശവംതീനികളുടെ കശാപ്പി’ലെ വട്ടക്കൂറയുടെ അപ്പൻ, “ആൾദൈവങ്ങളുടെ മരണ”ത്തിലെ ‘കാരാമ’, കാളീപോത്തൻ, ‘ഒറ്റവസൂരി’യിലെ ആ പേരുളള കഥാപാത്രം “മരണമൊഴി”യിലെ ശങ്കറിയപ്പ തുടങ്ങി ഇരയാക്കപ്പെടുന്നവർ ഓരോ കഥയിലുമുണ്ട്‌. ഒരർത്ഥത്തിൽ ഇരയാക്കപ്പെടൽ ഒരു ശക്തമായ ആകുലതയായി, ഭ്രാന്തമായ അമർഷമായി, ഈ കഥാകാരനിൽ ആളിപ്പടരുന്നതായി കാണാം. ആ ജ്വാല വായനക്കാരന്റെ പാദങ്ങളെയും പതുക്കെ നക്കാൻ തുടങ്ങുമ്പോൾ ഒരു രോദനം മനസ്സിലുയരുന്നു. അവസാന കഥയായ ‘അവശേഷിച്ച അദ്ധ്യായങ്ങള’​‍ിലെ വെന്ത മാംസഗന്ധം മനസ്സിലവശേഷിക്കുന്നു. സ്വന്തം മാംസമാണോ കരിയുന്നത്‌ എന്ന തിരിച്ചറിവിൽ തരിച്ചുനിന്നു പോകുന്നു.

9 പുരസ്‌കാരകഥകൾ

ചന്ദ്രശേഖർ നാരായണൻ

പ്രസാധനംഃ തിങ്കൾ ബുക്‌സ്‌, തൃശൂർ

വില – 50 രൂപ

Generated from archived content: book1_june12_08.html Author: c_sarala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English