നാലാളറിയേണ്ട ചില നേരുകള്‍

കുറച്ചു മുന്‍പ് നടന്ന കഥയാണ് . ഒരു സുഹൃത്തിന്റെ മകന്‍ ഉയര്‍ന്ന മാര്‍ക്കോടെ എം. എ പാസ്സായി. എനിക്ക് ആ കുട്ടിയോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. അയാള്‍ നന്നായി കവിത എഴുതിയിരുന്നതാണ് കാരണം. രണ്ടു മൂന്നു കവിതകള്‍ ചില ആനുകാലികങ്ങളില്‍ അച്ചടിച്ചു വരികയും ചെയ്തു. നല്ലൊരു വാഗ്ദാനമെന്ന് തോന്നി.

പക്ഷെ, കളി വേറെ എന്നല്ലെ ? അയാള്‍ എത്ര ശ്രമിച്ചിട്ടും ഒരു ജോലി എവിടെയും തരപ്പെട്ടില്ല. പ്രസിദ്ധീകരിച്ച കവിതകള്‍ക്കു പോലും പ്രതിഫലം ഒന്നും ആരും കൊടുത്തില്ല. ജീവിക്കാന്‍ എന്തെങ്കിലും ഒരു വഴി വേണ്ടേ? വര്‍ഷം രണ്ടു കഴിഞ്ഞപ്പോഴേക്ക് അയാള്‍ മിക്കവാറും നിരാശനായി.

അങ്ങനെ ഇരിക്കെയാണ് ചെന്നെയില്‍ ഒരു പരസ്യക്കമ്പനി കോപ്പിറൈറ്റര്‍മാരെ ആവശ്യപ്പെട്ട് പരസ്യം ചെയ്തത്. ബിരുദാനന്തരബിരുദം മതി. ശമ്പളം കഴിവുപോലെ . എന്നോടു വന്ന് അഭിപ്രായം ചോദിച്ചു. ഞാന്‍ പറഞ്ഞു.പോയി നോക്കൂ. അറിയപ്പെടുന്ന കമ്പനിയാണ് ആളെ കളിപ്പിക്കാനാവില്ലാ എന്ന് നിശ്ചയം.

‘ എനിക്ക് നിയമനം കിട്ടി!’ എന്ന എസ്. എം എസ് ആണ് മൂന്നാം നാള്‍ വന്നത്. പിറ്റേന്ന് അയാള്‍ തിരികെ എത്തിയപ്പോഴേ വിശദവിവരങ്ങള്‍ അറിഞ്ഞുള്ളൂ. ആകപ്പാടെ പത്തുമിനിറ്റായിരുന്നു ഇന്റെര്‍വ്യൂ. ആളെ തിരിച്ചറിയാനുള്ള ചില ചോദ്യങ്ങള്‍ ചോദിച്ചതില്‍ പിന്നെ അവര്‍ക്ക് ഒരു പരീക്ഷ കൊടുത്തു. അവരുടെ ഒരു ക്ലയന്റിനു വേണ്ടി ഒരു പരസ്യവാചകം എഴുതണം. ആ ക്ലയന്റ് അടിയുടുപ്പുകള്‍ മാര്‍ക്കറ്റ് ചെയ്യുന്ന സ്ഥാപനമായിരുന്നു. ഭാവനാശാലിയായ യുവകവിക്ക് ഒരു കവിത തോന്നി. ഞൊടിയിടയില്‍ ഒരു വാചകം എഴുതിക്കൊടുത്തു. ‘’ വി ഹാവ് സോഫ്റ്റ്വെയേര്‍സ് ഫോര്‍ ആള്‍ യുവര്‍ ഹാര്‍ഡ് വെയര്‍!.

ഉടനെ വന്നു വിധി : ‘ യു ആര്‍ ഇന്‍!’‘ ഒരു നിധി കിട്ടിയ സന്തോഷത്തോടെ പരസ്യക്കമ്പനിക്കാര്‍ ശമ്പളവും നിശ്ചയിച്ചു. മാസം നാല്‍പ്പതിനായിരം ! അതില്‍ പിന്നെ അയാള്‍ ഇന്നേവരെ ഒരു കവിതയും എഴുതിയിട്ടില്ല! ഇനി ഒരിക്കലും മലയാളത്തില്‍ കവിത എഴുതുക എന്ന പാഴ്വേലയ്ക്ക് മുതിരുമെന്ന് തോന്നുന്നില്ല.

ഇതേതുടര്‍ന്നുണ്ടായ മനോരാജ്യത്തില്‍ ഞാന്‍ പലതും കണ്ടു.

കുട്ടിക്കാലത്ത് ഞാനിരുന്ന് കവിത കുത്തിക്കുറിക്കുമ്പോള്‍ അച്ഛന്‍ പറയുമായിരുന്നു ‘’ ഈ പണി നമുക്ക് നന്നല്ല !’‘

ഉടുതുണിക്ക് മറുതുണിയില്ലാതെകഷ്ടപ്പെട്ട വി. സി ബാലകൃഷ്ണപ്പണിക്കരുടേയും മാരകരോഗം പിടിപെട്ട് മരുന്നു വാങ്ങാന്‍ പണമില്ലാതെ നരകിച്ച ചങ്ങമ്പുഴയുടേയും പരിചയക്കാരനായിരുന്നു അച്ഛന്‍.

ചക്ക വീണ് മുയലിനെ കിട്ടിയപോലെ മാതൃഭൂമിയുടെ നോവല്‍ മത്സരത്തിലൂടെ എഴുത്തുകാരനായിട്ടും 1962 – ല്‍ ഇരുപത്തിമൂന്നാമത്തെ വയസില്‍ അക്കാദമി അവാര്‍ഡു കിട്ടിയിട്ടും എഴുത്തുകൊണ്ട് കഷ്ടി കഞ്ഞി കുടിക്കാന്‍ കഴിയുമെന്ന നില ആയത് പിന്നെയും പതിനഞ്ചോളം കൊല്ലം കഴിഞ്ഞാണ്. എഴുതിയത്. നോവലായിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ അപ്പോഴും അത് സാധിക്കുമായിരുന്നില്ല. ഈ കാലമത്രയും മെഴുകുതിരിയുടെ രണ്ടറ്റവും കത്തിച്ചാണ് ജീവിച്ചത്. കഞ്ഞിക്കു വക കാണാന്‍ ജോലി , രാവു പകലാക്കി എഴുത്തും. എന്തു വന്നാലും ഇനി എഴുത്തു മതി , ഉള്ളതുകൊണ്ടു കഴിയാം എന്നു നിശ്ചയിച്ച് അവസാനം നാട്ടിലേക്കു തിരിക്കാന്‍ തീരുമാനിച്ചപ്പോഴും അച്ഛന്‍ ചോദിച്ചു ‘ നല്ല പോലെ ആലോചിച്ചു തന്നെ ആണോ?’ എത്രയായാലും ഇത്രയേ ഉണ്ടാവു എന്ന് നിശ്ചയമുള്ളതിനാലായിരുന്നു ആ ചോദ്യം. എന്റെ ദൃഢ നിശ്ചയം കണ്ട് അച്ഛന്‍ വിശദീകരിച്ചു ‘ സാഹിത്യത്തോടുള്ള അപ്രിയം കൊണ്ടല്ല , തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് ഞാനിതൊക്കെ ചോദിക്കുന്നതും പറയുന്നതും’‘

ആശാന്റേയും വള്ളത്തോളിന്റെയും കൃതികള്‍ മധുരമായി നീട്ടിപ്പാടി എന്നെ കവിതയിലേക്കടുപ്പിച്ചതും അച്ഛന്‍!

കൂടപ്പിറപ്പുകളെ രക്ഷിക്കാനുള്ള അധികവരുമാനം ഉണ്ടാക്കാനായി താല്‍ക്കാലികമായി മറ്റു ജോലികളില്‍ ഇടക്കിടെ ഏര്‍പ്പെടേണ്ടി വന്നതൊഴികെ പിന്നീട് ഇന്നേവരെ എന്റെ ലഘുജീവിതവൃത്തിയെ കേരളീയ സഹൃദയത്വം സസ്നേഹം പരിപാലിച്ചു പോരുന്നു . നന്ദി , പ്രിയമുള്ളവരെ നന്ദി!

ഈ വികാരത്തോടൊപ്പം ഈയിടെയായി എന്റെ ഉള്ളിലുള്ള ഏതാനും ആശങ്കകളും ചോദ്യങ്ങളും കൂടി പങ്കു വയ്ക്കാം. അടിത്തറയായി മികവുറ്റ വിദ്യാഭ്യാസവും പിന്നീട് മുഴുസമയ ശ്രദ്ധയും ആവശ്യപ്പെടുന്ന പണിയാണ് എഴുത്ത് എന്നതില്‍ ആര്‍ക്കുമൊരു സംശയവും ഉണ്ടാകാനില്ലല്ലോ. നല്ല എഴുത്തുകാരുണ്ടായാല്‍ നല്ല കൃതികളുണ്ടാകും. അതുണ്ടായാല്‍ ഭാഷ നില നില്‍ക്കും. അതുണ്ടായാലേ നില നില്‍ക്കു. ഭാഷ അമ്മിഞ്ഞപ്പാലാണ് എന്ന് പറഞ്ഞതുകൊണ്ടോ, ഭാഷയുടെ പേരില്‍ കരഞ്ഞതുകൊണ്ടോ അലറി പ്രസംഗിച്ചതുകൊണ്ടോ , ഭാഷക്ക് എന്തെങ്കിലും വിശേഷപദവി ആരെങ്കിലും കല്‍പ്പിച്ചനുവദിച്ചിട്ടോ ഒരു കാര്യവുമില്ല.

യുവപ്രതിഭകളെ എഴുത്തിലേക്കാകര്‍ഷിക്കാന്‍ എന്തെങ്കിലും പദ്ധതി നമുക്കുണ്ടോ? കഴിവുള്ളവരെ കണ്ടെത്താന്‍ നാം എന്തെങ്കിലും ചെയ്യുന്നുണ്ടോ ?വേണ്ട , കഴിവുണ്ടെന്ന് സ്വയം കണ്ടെത്തുന്നവരെ സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഫലപ്രദമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? എഴുതാന്‍ പഠിപ്പിക്കുന്ന ഏതെങ്കിലും സ്ഥാപനം നമുക്കുണ്ടോ? ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തിലെ കുറവു കാരണം എഴുത്തുകാരനുണ്ടാകുന്ന പ്രയാസങ്ങള്‍ എപ്പോഴെങ്കിലും ഇവിടെ ഉത്തരവാദപ്പെട്ട ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ?

എഴുത്തുകാരന് സമൂഹത്തോടുണ്ടാകേണ്ട പ്രതിജ്ഞാബദ്ധതയെ പറ്റി ധാരാളം ശാഠ്യങ്ങള്‍ നമുക്കുണ്ട്. ഉണ്ടാകേണ്ടതുമാണ് . എന്നാല്‍ , സമൂഹത്തിന് അഥവാ അതിന്റെ പേരില്‍ പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥമായ സര്‍ക്കാറിന് എഴുത്തുകാരോടുള്ള കടമ മലയാളക്കരയില്‍ ശരിയായി നിറവേറ്റപ്പെടുന്നുണ്ടോ? ഒരവാര്‍ഡു നല്‍കി അതിന്റെ തുക കള്ളുകുടിക്കാനും കൊടുത്തുവിടുന്നതിനും പകരം എഴുത്തുകാരന് പുരസ്ക്കാരമായി ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്റെ പെന്‍ഷനെങ്കിലും നല്‍കുന്നതല്ലെ നല്ലത്? ഒരിക്കലൊരുക്കലൊരു അവാ‍ര്‍ഡു കൊടുത്തു വിടുന്നവന്‍ പിന്നെ ഏതാസ്പത്രിയിലെ ഏതു വാര്‍ഡില്‍ കഴിയുന്നു എന്ന് ഇവിടെയോ അവിടെയോ ഉള്ള അക്കാദമികള്‍ അന്വേഷിക്കാറുണ്ടോ? പുഴയിലെ മണല്‍ കട്ടുമാന്തി വില്‍ക്കുന്നവര്‍ക്കു പോലും ക്ഷേമനിധി ഉള്ള കാലത്ത് യാതൊരാധാരവുമില്ലാത്ത വാര്‍ദ്ധക്യം എഴുത്തുകാരനെ കാത്തിരിപ്പില്ലെ?

മുന്‍പേ പോയവരുടെ ജീവിതസൗഭാഗ്യവും സുസ്ഥിതിയുമല്ലേ പിന്‍പേ വരുന്നവര്‍ക്ക് പ്രചോദനമാകു? തീയില്‍ മുളച്ചത് വെയിലത്ത് വാടില്ല എന്നൊക്കെ ആലങ്കാരികമായി പറയാം. യഥാര്‍ത്ഥ തീയും മുളയും കാണാത്തവര്‍ക്ക് ഇതിലെ വീരസ്യം രസിക്കാനുമിടയുണ്ട്. തീയില്‍ ഒരു മുളയും കിളിര്‍ക്കില്ല എന്ന് ആര്‍ക്കാണറിയാത്തത്. ഏതു വിത്തും മുളക്കാന്‍ ആദ്യം വേണ്ടത് ആര്‍ദ്രതയാണ്. പിന്നെ വേണ്ടത് വെള്ളവും വളവും വെളിച്ചവും പരിചരണവും.

ഇതൊന്നും ലഭ്യമാകുന്നത് ജാതി- മത- കക്ഷി- ഭേദം പരിഗണിച്ചാകരുത്. തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞാകുമ്പോള്‍ നല്ല മുളകളായി കണക്കാക്കപ്പെടും. തുടര്‍ന്ന് കഴുതകള്‍ കവിതകള്‍ എഴുതും! കവിതയും കഴുതയും നടുവിലൊരു അക്ഷരത്തിന്റെ വ്യത്യാസമല്ലെ ഉള്ളു? പക്ഷെ, മനുഷ്യവംശത്തിന്റെ മോചനത്തിനുള്ള മരുന്ന് അതോടെ തമസ്ക്കരിക്കപ്പെടും.

മലയാളികളേക്കാള്‍ എണ്ണത്തില്‍ വളരെ കുറഞ്ഞ ജനവിഭാഗങ്ങള്‍ സംസാരിക്കുന്ന ഭാഷകളിലെ സാഹിത്യ കൃതികള്‍ ഇപ്പോള്‍ അന്യ ഭാഷകളില്‍ പ്രചരിക്കുന്നുണ്ട്. ആഫ്രോ – ഏഷ്യന്‍ നാടുകളിലെ പുതിയ സംസ്കൃതികളാണ് ഇവയുടെ ആസ്വാദകര്‍. നാമാകട്ടെ , കോളോണിയന്‍ ഹാങോവറില്‍ നിന്ന് മോചനമില്ലാതെ പൂര്‍വ യജമാനന്‍മാരുടെ മാത്രം അംഗീകാരം കാത്ത് അടിഞ്ഞു കിടക്കുന്നു. അവര്‍ക്കോ, അവരുടെ ഉരുപ്പിടി നമുക്കു വിറ്റ് നാലു കാശ് ഉണ്ടാക്കാനേ ആക്കവുമുള്ളൂ.

പുതിയ ആസ്വദകലോകങ്ങള്‍ കണ്ടെത്തി പടര്‍ന്നു കയറാന്‍ ഭാഷയെ സഹായിക്കേണ്ടത് അക്കാദമികളും സര്‍ക്കാരുമാണ്. അക്കാര്യത്തില്‍ ഒരു ചുക്കും ആരും ചെയ്യുന്നില്ല. എന്തിന് ഇന്ത്യയിലെ ഇതരപ്രദേശങ്ങളില്‍ പോലും രുചിയറിയിക്കാന്‍ മലയാളഭാഷയ്ക്ക് ഇനിയും സാധിച്ചിട്ടില്ലല്ലോ, നാഷണല്‍ ബുക്ക് ട്രസ്റ്റ് പോലുള്ള വെള്ളാനകള്‍ ഇത്രയും കാലം ഉണ്ടായിട്ടും?

പണ്ടൊക്കെ രാത്രി പടിപ്പുരവാതിലില്‍ അടക്കും മുന്‍പ് ‘ അത്താഴപ്പഷ്ണിക്കാരുണ്ടോ?’ എന്ന് വിളിച്ചു ചോദിക്കുന്ന ഒരു പതിവുണ്ടായിരുന്നു പോലും . കേരള സംസ്ക്കാരത്തിന്റെ പടി അടച്ച് പിണ്ഡം വെയ്ക്കും മുമ്പ് ‘ എഴുതുന്നവര്‍ ആരെങ്കിലുമുണോ ‘? എന്നൊന്ന് വിളിച്ചു ചോദിക്കുന്നത് നന്നായിരിക്കില്ലേ?

Generated from archived content: essay1_may16_12.html Author: c_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here