മലയാളസാഹിത്യത്തില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദധാരിയായ ഒരു ചെത്തുകാരന്‍ എന്റെ അയല്‍ പക്കത്തുണ്ട്. ആ ചെറുപ്പക്കാരന്‍ തെങ്ങിന്റെ മണ്ടയില്‍ ഇരുന്ന് നിരണം കവിതകളും ഭാഷാചാനലുകളും നീട്ടിപ്പാടും.
ഇയാള്‍ കുറച്ചിടയായി ഗള്‍ഫില്‍ ഒരു തൊഴില്‍ തേടുകയാണ്. വിസ കാത്തിരിക്കുന്നു. മലയാളക്കര മലയാളിയെ കൈയൊഴിഞ്ഞിട്ടും മലയാളി മലയാളത്തെ കൈയൊഴിയാത്തതാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമെന്ന് വിശ്വസിക്കുന്നു. ഈയിടെ ഈ വിദ്വാന്‍ എന്നോടൊരു ചോദ്യം ചോദിച്ചു ‘ ഞാന്‍ കള്ളു ചെത്തിവില്‍ക്കുന്നത് സ്വകാര്യവല്‍ക്കരണമല്ലെ? അതിന് പ്രോത്സാഹനമല്ലെ തരേണ്ടത്?’
സ്വന്തം പുരയിടത്തിലെ തെങ്ങുകള്‍ ചെത്തി കള്ളു വില്‍ക്കുകയാണ് ഇയാള്‍. മായമില്ലാത്ത കള്ളായതിനാല്‍ ധാരാളം പതിവുകാരുണ്ട്. അങ്ങനെ ഇരിക്കെയാണ് എക്സൈസുകാര്‍ വരുന്നത്. നിയമവിരുദ്ധമാണെന്നു അവര്‍ ശഠിച്ചു. അതാണ് എന്നോടുള്ള ചോദ്യത്തിനു പ്രചോദനം. ഞാന്‍ കുഴങ്ങി, എന്തു പറയണം? അതെ എന്നു പറഞ്ഞാല്‍ മുഷിയും. അല്ലെന്നു പറഞ്ഞാല്‍ സത്യവിരുദ്ധമാകും.
ഞാന്‍ ചോദിച്ചു ‘ അതിരിക്കട്ടെ എക്സൈസുകാര്‍ കേസെടുത്തോ?’
‘ഇല്ല ഭാഗ്യം അവരും സ്വകാര്യവത്ക്കരണത്തില്‍ വിശ്വസിക്കുന്നു’
‘ എന്നു വച്ചാല്‍’
‘ ദ്വിത്വസന്ധി ! പൊരുത്തപ്പെടുന്നില്ലെങ്കില്‍ ഇടയില്‍ ഇരട്ടിച്ചാല്‍ മതി. കൈ പ്ലസ് കൂലി സമം കൈക്കൂലി! മലയാളവ്യാകരണം പഠിച്ചത് വെറുതെ ആയില്ല. സമാസം പഠിച്ചതും ഗുണമായി. തന്‍മ നിര്‍ദ്ദേശികാ കര്‍ത്താ എന്നു വച്ചാല്‍ നല്ല കള്ള് നേതാവിന് എന്ന്. പിന്നെ പ്രതിഗ്രാഹിക കര്‍മേ അതായത്, ബാക്കി കള്ളില്‍ വെള്ളം ചേര്‍ക്കുക. അവസാനം ഓട് സംബന്ധികാ! സംബന്ധം പീഢനമായാല്‍ ഓടിക്കൊള്ളുകക!’
‘ വ്യാകരണം തെറ്റിയല്ലോ’
‘കാര്യം കാണാന്‍ കാരികയും തെറ്റക്കാം എന്നില്ലെ? പ്രയോഗമായാല്‍ സാധു എന്നുമില്ലെ’
‘ഓടിപ്പോയി എന്തു ചെയ്യും?’
‘ പുഴയില്‍ നിന്നു മണല്‍ വാരും അതും സ്വകാര്യവത്ക്കരണം!’
‘ നിയമവിരുദ്ധമല്ലെ അതും’
‘ നിയമത്തെ സ്വകാര്യവത്ക്കരിക്കുന്നവര്‍ ആ വകുപ്പിലും സംബന്ധക്കാരായി ഉണ്ടാകും’
‘ വിസ എന്നു വരും?’
‘ അതാണ് ഇപ്പോള്‍ ആവലാതി. അതു താന്‍ അല്ലെയോ ഇത് എന്ന് തോന്നിക്കുടായ്കയുണ്ടോ! ദ്വിത്വസന്ധി ശീലിച്ചു കഴിഞ്ഞില്ലെ. അവിടെ ചെന്ന് അതെങ്ങാന്‍ അറിയാതെ പ്രയോഗിച്ചു പോയാല്‍ അകത്താവും പോലും! ഓട് സംബന്ധികാ എന്ന കാരിക പോലും ഗുണം ചെയ്യില്ല എങ്ങോട്ടോടാന്‍? നാലുപാടും കടലല്ലെ!’
Generated from archived content: essay1_jan5_13.html Author: c_radhakrishnan