ബൈജു വർഗ്ഗീസിന്റെ പതിനഞ്ചുകഥകളുടെ സമാഹാരമായ ‘ഉഭയജീവിതം’ ഏറ്റവും പുതിയ മലയാള കഥയുടെ പ്രവണതകളെയാണ് വെളിപ്പെടുത്തുന്നത്. കഥയുടെ ഗൗരവമേറിയ പ്രതിപാദനത്തിൽ പുതിയ കാലത്തെ ചർച്ചചെയ്യുമ്പോൾ, മനുഷ്യജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ വ്യാഖ്യാനിക്കുന്നതായി കാണാം. പുതിയതും പഴയതുമായ എല്ലാത്തരം വായനക്കാരിലും അത് പുതിയ ഒരു സംവേദനതലം സൃഷ്‌ടിക്കുന്നു. മുൻപെന്നത്തേക്കാളുപരി പാരായണക്ഷമതയുടെ ആസ്വാദ്യതയെയാണ് അത് സൂചിപ്പിക്കുന്നത്.
മനുഷ്യമനസിന്റെ വിഹ്വലതകളും സങ്കല്‌പങ്ങളും സ്വപ്‌നങ്ങളും വ്യത്യസ്‌തമായ പതിനഞ്ചുകഥകളിലെ പാത്രസൃഷ്‌ടിയിലൂടെ കഥാകൃത്ത് പ്രതിപാദനം ചെയ്യുന്നുണ്ട്. അത് മനുഷ്യൻ എന്ന സാമൂഹിക ജീവിയുടെ മനഃശാസ്‌ത്രത്തെയാണ് അനാവരണം ചെയ്യുന്നത്. സമാഹാരത്തിലെ ആദ്യകഥയായ അറവുകാരന്റെ കണ്ണ് തിരിച്ചറിയപ്പെടാതെ പോകുന്ന മനുഷ്യന്റെ സ്വത്വബോധത്തെ വൈവിധ്യമാർന്ന ഇമേജറികളിലൂടെ കഥാകൃത്ത് ചിത്രീകരിക്കുന്നു. കാഴ്‌ച എന്ന കഥയിൽ ഇതേ സ്വത്വബോധം തന്നെ യാക്കോബ് എന്ന കഥാപാത്രത്തിലൂടെ സ്വയം തിരിച്ചറിവിന്റെ യാഥാർത്ഥ്യലോകത്തേയ്‌ക്കു വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുമ്പോൾ, മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കഥകളുടെ കൂട്ടത്തിലേക്ക് കാഴ്‌ചയും സ്‌ഥാനം പിടിക്കുന്നു.
ബൈജു വർഗ്ഗീസിന്റെ കഥകളിൽ പലയിടത്തും പുറത്തേക്കു തുറന്നു പിടിച്ച ഒരു കണ്ണ് പ്രത്യക്ഷപ്പെടുന്നുണ്ട്. അത് ശവമുറിയുടെ കാവൽക്കാരൻ എന്ന കഥയിലെ ശവത്തിന്റെ കണ്ണായാൽ പോലും പുറം ലോകത്തിന്റെ എല്ലാ വൈകൃതങ്ങളെയും സൗന്ദര്യത്തെയും പറ്റി യാഥാർത്ഥ്യബോധത്തോടെ വയാനക്കാരനുമായി സംവദിക്കുവാൻ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. മനുഷ്യന്റെ ഇന്നോളമുള്ള രതിവൈകൃതത്തിന്റെ പാരമ്യ ചിത്രം. ശവമുറിയുടെ കാവൽക്കാരൻ സുന്ദരിയായ ഒരു സ്‌ത്രീയുടെ ശവത്തെ പ്രാപിക്കുന്നതിലൂടെ കഥാകൃത്ത് ഒരു കറുത്ത മുഹൂർത്തത്തെയാണ് തുറന്നു വയ്‌ക്കുന്നത്. വൃദ്ധകാമം എന്ന മറ്റൊരു കഥയിൽ രതിവൈകൃതത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെയും കൊണ്ടുവരുന്നുണ്ട്.
ജീവിതത്തിനും കഥയ്‌ക്കുമിടയിലെ തിരക്കഥയിൽ വച്ച് എഴുത്തുകാർ അല്ലെങ്കിൽ സർഗ്ഗാത്മക സൃഷ്‌ടികർത്താക്കൾ കഥാപാത്രങ്ങളാകുകയും പിന്നീട് ജീവിതത്തിലേക്ക് പരിണമിക്കുകയും ചെയ്യുന്ന ഉഭയജീവിതം എന്ന കഥ, മലയാള ചെറുകഥയുടെ രചനാപരമായ ഏറ്റവും പുതിയ സങ്കേതത്തെയാണ് വെളിവാക്കുന്നത്. നിശ്ചിതമായ സീനുകളുടെ കഥയും തിരക്കഥയും ഇഴപിരിയുമ്പോൾ മൈനസ് സീനിലേയ്‌ക്കുള്ള വ്യക്തികളുടെ പരിണാമം ശ്രദ്ധേയമാകുന്നുണ്ട്. ഏറ്റവും കലാപരമായി ലെസ്‌ബിനിസത്തെ അവതരിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ ലൗകികവും ആത്മീയവുമായ പൂർണ്ണതയെ കാലവുമായി ബന്ധപ്പെടുത്തുന്ന സനാതന ദർശനങ്ങൾ ഈ കഥകളെ വ്യതിരിക്‌തമാക്കുന്നുണ്ട്. പഞ്ചേന്ദ്രിയ ബദ്ധമായ ഭൗതികതയെ മനുഷ്യന് അജ്ഞാതമായ സത്യത്തിന്റെ അടയാളങ്ങളിലേക്ക് വ്യാഖ്യാനിച്ചെടുക്കുന്ന പല മുഹൂർത്തങ്ങളും ബൈജു വർഗീസിന്റെ കഥകളിൽ കാണാം. അത് പൗരാണികമായ ഗന്ധമായും നിറങ്ങളായും നിലാവായും നിഴലായും പല കഥകളിലും കടന്നു വരുന്നുണ്ട്. ഹൃദയത്തോട് സംവദിക്കുന്ന ചില കഥകളാണ് തെരേസയുടെ തിരിച്ചറിവ്, അച്ഛന്റെ മണം, മഷിച്ചെടി തുടങ്ങിയവ.
പൊതുവെ നാം ജീവിക്കുന്ന കാലത്തിന്റെ പരിച്ഛേദം കഥയിലേക്ക് തുറന്നുവച്ചുകൊണ്ട് മനുഷ്യാവസ്‌ഥയുടെ അപരിഹാര്യതയെ കഥയ്‌ക്കുള്ളിൽ വച്ചുതന്നെ ചോദ്യം ചെയ്യുകയും മനുഷ്യൻ എന്ന പദത്തിെൻ അർത്ഥവ്യാപ്‌തിയെ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നിടത്ത്, ബൈജുവർഗീസിന്റെ കഥകൾ മാനുഷികതയുടെ പുതിയ സിദ്‌ധാന്തങ്ങളെയാണ് മുന്നോട്ട് വയ്‌ക്കുന്നത്. ഇത് പുതിയ കഥയുടെ ധാർമ്മികതയിൽ ഓരോ വായനക്കാരനേയും അവന്റെ ഉള്ളിൽ വച്ച് നേരായ മനുഷ്യന്റെ തിരിച്ചറിവിലേക്ക് അവനെ നിർബന്ധിച്ചുകൊണ്ടിരിക്കും.
പ്രസാധനം – പായൽ ബുക്‌സ്
വില – 50
Generated from archived content: book1_dec30_10.html Author: c_jeevan