മോശത്തരം

അങ്ങനെ ഒന്നുണ്ട്‌ ഇവിടത്തെ നായൻമാർക്ക്‌. നായൻമാർക്ക്‌ അതുമാത്രമല്ല മറ്റുപലതും സ്വന്തമായുണ്ട്‌. ഈശ്വരവിശ്വാസം, വൃത്തി, മാന്യമായ ജോലി, മര്യാദ. എന്നാലിതിനിടയിൽ മോശത്തരം കടന്നുവരുന്നു. അതാണ്‌ കുഴപ്പം. ആർക്ക്‌ കുഴപ്പമെന്നു ചോദിച്ചാൽ ഉത്തരമില്ലതാനും.

മൂലോട്ടുപറമ്പിന്റെ അപ്പുറത്തെ ചാളയിലാണ്‌ അവൾ താമസിച്ചിരുന്നത്‌. അവൾ അവിടെ താമസമുണ്ടെന്നുതന്നെ അതുവരെ ആരുമറിഞ്ഞിരുന്നില്ല. ഏതുവരെ? അവളുടെ ഗർഭവാർത്ത മൂലോടിന്റെ പഞ്ചായത്തുറോഡിലൂടെ എല്ലായിടത്തും പരക്കുന്നതുവരെ. “അവർ വർഷങ്ങളായി അവിടെ താമസമാണത്രേ, മഹാപോക്കാണത്രേ, ദുർനടപടികളൊക്കെ ഉണ്ടായിരുന്നത്രെ” എല്ലാവരും പറഞ്ഞു. അവൾക്ക്‌ ആശുപത്രിക്കു പോകാൻ വേണ്ട കാശ്‌ നായൻമാരിൽ നിന്ന്‌ പിരിച്ചു. “അവൾടെ വയറ്‌ ഇറക്കാൻ നമ്മടെ പണം വേണംല്ലേ?” എന്ന്‌ ഒന്നോ രണ്ടോ പേർ ചോദിച്ചെങ്കിലും പണം പിരിക്കാൻ ചെന്ന ചെറുപ്പക്കാർ അത്‌ കാര്യമാക്കിയില്ല.

നായൻമാർ കാലത്തെക്കുറിച്ച്‌ ബോധമുളളവരോ ബോധം നടിക്കുന്നവരോ ആണ്‌. “കാലം മാറുമ്പോൾ കോലം കെട്ടണ്ടേ” എന്നൊക്കെ പറയും. പതിമൂന്നുവർഷം പെട്ടെന്നു കടന്നുപോയി എന്ന്‌ അവർ, മറ്റൊരു ത്രിസന്ധ്യയ്‌​‍്‌ക്ക്‌ അമ്പലത്തിന്റെ അത്താണിക്കല്ലിലിരുന്ന്‌ പരിഭവിച്ചു.

അവിഹിതകഥകൾ പുതുമയല്ലാതായിക്കഴിഞ്ഞിരുന്നെങ്കിലും ഇതിന്‌ പുതുമ അവർ ചാർത്തുന്നു.

മൂലോട്ടുപറമ്പിന്റെ ചാളയിൽ എട്ടാംക്ലാസ്സിൽ പഠിക്കുന്ന പെണ്ണ്‌ പ്രസവിച്ചുവെന്ന്‌. പതിമൂന്നുവർഷം മുമ്പ്‌ ഏതോ ഒരുത്തി പ്രസവിച്ചത്‌ പെൺകുഞ്ഞായിരുന്നെന്ന്‌ നായൻമാർ അപ്പോഴാണറിഞ്ഞത്‌. അവർ പറഞ്ഞു “മോശത്തരം”. നാടിന്റെ സൽപ്പേര്‌ പോയി എന്ന്‌ കാരണവൻമാർ കാണുന്നവരോടൊക്കെ പറഞ്ഞുനടന്നു.

കാരണവൻമാർ നല്ല ആസ്തി ഉളളവരായിരുന്നു. അവർ പണം നിക്ഷേപിച്ചിരുന്നത്‌ നെടുങ്ങാടി ബാങ്കിൽ മാത്രമായിരുന്നു. മറ്റുളളവയെല്ലാം “പൊട്ട” എന്നാണവർ പറയുക. സഹകരണബാങ്ക്‌ തുടങ്ങിയപ്പോൾ ആരും അവിടേക്ക്‌ തിരിഞ്ഞു നോക്കിയില്ല. അവിടെ ഒരു നായര്‌പയ്യന്‌ ജോലി കിട്ടി. അവൻ ആളുകളോടൊക്കെ നല്ല വാക്കു പറഞ്ഞ്‌ കുറേ നിക്ഷേപങ്ങൾ വാങ്ങി. ഓടി നടന്ന്‌ ദൂരെ ബന്ധുക്കളുടെ അക്കൗണ്ടുകളിൽ നിന്ന്‌ ഇവിടേക്ക്‌ പണം ഒഴുക്കി. പണം ആവശ്യമുളളവർക്ക്‌ പണയത്തിനു കൊടുത്തു. അങ്ങനെ ശാന്തിയും സമാധാനവും തിരിച്ചുവന്നപ്പോൾ ഒരു ദിവസം അവനെ കാണാനില്ല. ബാങ്കിൽ നിന്ന്‌ കുറേ പണവും ആഭരണങ്ങളും കളവുപോയിട്ടുണ്ട്‌. സ്വർണ്ണപ്പണ്ടങ്ങളുടെ സ്ഥാനത്ത്‌ ഏതോ അപരലോഹത്തിന്റെ പ്ലാസ്‌റ്റിക്‌ കവർ. ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. “മോശത്തരം, മോശത്തരം.. മഹാമോശത്തരം” ആളുകൾ പറഞ്ഞതു മിച്ചം.

നായൻമാർക്ക്‌ പറ്റുളള പലചരക്കു കടയുണ്ടായിരുന്നു. മലനാട്ടിൽ നിന്നുവന്ന സെയ്‌തുരാവുത്തരുടെ കടയായിരുന്നു അത്‌. സെയ്തുരാവുത്തരെ ആളുകളറിയുന്നത്‌ ആ പേരിലല്ല. ഒറ്റക്കണ്ണൻ എന്നാണ്‌. അയാൾ ജനിക്കുമ്പോൾ ഒറ്റക്കണ്ണനായിരുന്നില്ല. നായൻമാരുടെ ഈ ഇടമാണ്‌ അയാളെ ഒറ്റക്കണ്ണനാക്കിയത്‌ എന്ന്‌ അയാൾ നായൻമാരോട്‌ പറഞ്ഞിട്ടുണ്ട്‌. വിഷുക്കണി കാണാൻ ജൻമിയുടെ വീട്ടിൽ പോയതാണ്‌. കണി കണ്ട്‌ മടങ്ങുമ്പോൾ മുറ്റത്ത്‌ പൊട്ടിച്ചുകഴിഞ്ഞ പടക്കങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. അതിൽ എരിയുന്ന കനലിലേക്ക്‌ ബീഡികൊളുത്താൻ കുനിഞ്ഞതാണ്‌. വിചാരിയ്‌ക്കാതെ പടക്കംപൊട്ടി, ഒറ്റക്കണ്ണനായി. ഓപ്പറേഷനുളള കാശ്‌ ജൻമി കൊടുത്തു എന്നും ഇല്ല എന്നും പറയുന്നു.

സെയ്തുരാവുത്തരുടെ അനന്തിരവനുണ്ട്‌-മൊയ്‌തു രാവുത്തർ. അയാളും കടയോട്‌ ചേർന്ന ചായ്പിൽത്തന്നെ താമസം. സെയ്തുരാവുത്തർക്ക്‌ അഞ്ച്‌ മക്കളുണ്ട്‌. മൊയ്‌തു രാവുത്തർക്ക്‌ മക്കളില്ല. കല്യാണം കഴിച്ചതാണ്‌. എന്നാൽ അവൾക്ക്‌ തമിഴറിയില്ല. മൊയ്തുവിനാണെങ്കിൽ തമിഴെന്നാൽ ജീവനാണ്‌. കല്യാണം കഴിഞ്ഞ്‌ അധികം കഴിയുംമുമ്പെ തമിഴ്‌ പഠിച്ചു വരാനായി മൊയ്‌തു അവളെ, മൊയ്തുവിന്റെ വകയിലെ പെങ്ങളുടെ വീട്ടിലാക്കി; പുതുനഗരത്ത്‌. അവൾ തമിഴ്‌ പഠിച്ചില്ലെന്നതു പോകട്ടെ, അവിടെ വച്ച്‌ ഒരു ചെറുപ്പക്കാരനുമായി ഒളിച്ചോടി.

അവൾ പോയതോടെ മൊയ്‌തുരാവുത്തർ ഭ്രാന്തനെപ്പോലെ കുറച്ചുനാൾ കഴിഞ്ഞു. അവൾ എന്നെങ്കിലും മടങ്ങിവരുമെന്ന്‌ അയാൾ കടയിൽ വരുന്നവരോടൊക്കെ പറഞ്ഞു.

വർഷങ്ങൾക്കുശേഷം മൂന്നു കുട്ടികളുമായി അവൾ വന്നു. കൂടെപ്പോയവൻ അവളെ ഉപേക്ഷിച്ചതുവരെയുളള കഥ അവൾ ചെന്തമിഴിൽ പറയുന്നതുകേട്ടപ്പോൾ മൊയ്തുരാവുത്തർക്ക്‌ സ്നേഹം കൊണ്ടും സന്തോഷം കൊണ്ടും ശ്വാസം മുട്ടി. അയാൾ അവളെ അകത്തു കയറ്റി. അതിന്റെ പേരിൽ മൊയ്‌തുവും സെയ്‌തുവും തമ്മിൽ തെറ്റി.

അവർ കടയിൽ വച്ച്‌ അടികൂടി.

കയ്പക്കയെടുത്ത്‌ മൊയ്‌തുവിനെ കുത്തുകയും മുരിങ്ങക്കായ ചൂലിൻ കെട്ടുപോലെ പിടിച്ച്‌ അടിക്കുന്നതും ഉന്തിത്തളളി മലർത്തിയിടുന്നതും കണ്ട്‌ തമിഴത്തിയുടെ മക്കൾ, മൂന്നെണ്ണവും ഓടിവന്ന്‌ സെയ്തുവിനെ ഏതൊക്കെയോ വിധത്തിൽ പിടിച്ചുകെട്ടി. അവരാലാവുന്നവിധം പ്രഹരിക്കുകയും ചെയ്തു.

സെയ്തുരാവുത്തർ ഭാര്യയും മക്കളുമായി സന്തോഷത്തോടെ കുനിശ്ശേരിക്കു പോയി. അവിടെ വാടകവീട്ടിൽ താമസം തുടങ്ങി.

ചേട്ടനും അനന്തിരവനും വേർപിരിഞ്ഞതിന്‌ ന്യായീകരണമുണ്ട്‌. എന്നാൽ സെയ്തുരാവുത്തർ അവളേയും പിടിച്ചുകൊണ്ട്‌ പോയ പോക്കാണ്‌, “ഛെ! മോശത്തരം” എന്ന്‌ നായൻമാരെക്കൊണ്ട്‌ പറയിച്ചത്‌. അവർ മുഖംകോട്ടി.

അവിഹിതമോ അഴിമതിയോ കുടുംബവഴക്കോ മോശത്തരമായിരുന്നു. അമ്പലത്തിൽ പൂജ മുടങ്ങുന്നതും കല്യാണവീട്ടിൽ വച്ച്‌ കാരണവൻമാരുടെ മുണ്ടഴിഞ്ഞതും ഊൺനേരത്തുവന്ന ആളുകൾക്ക്‌ ചോറുകൊടുക്കാത്തതും പിരിവിനു വന്നവരെ ചീത്തപറഞ്ഞയച്ചതും നേരത്തേ ഉറങ്ങാൻ കിടക്കുന്നതും മോശത്തരമാണെങ്കിൽ അതൊക്കെ എഴുതിവയ്‌ക്കുന്നതും മോശത്തരമാകുന്നു. അതുകൊണ്ട്‌ അവസാനിപ്പിക്കുന്നു.

Generated from archived content: story_may28.html Author: c_ganesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഫ്രണ്ട്‌​‍്‌സ്‌
Next articleഅൽഷൈമേസ്‌
1976-ൽ പാലക്കാട്‌ ജില്ലയിൽ മാത്തൂരിൽ ജനനം. ക്രിയാത്‌മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചെമ്പകം (കഥകൾ) ഇണ&ജീവതം (നോവൽ) പ്രസിദ്ധപ്പെടുത്തി. അങ്കണത്തിന്റെ കൊച്ചുബാവ പുരസ്‌കാരം, നെഹ്‌റുയുവകേന്ദ്ര യുവഎഴുത്തുകാർക്കു നൽകുന്ന അവാർഡ്‌, ആലോചന സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്‌ണൻകുട്ടി സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തി. ഭാര്യഃ സ്‌മിത ഗണേഷ്‌. മകൾഃ സ്‌നിഗ്‌ദ്ധ (തംബുരു). വിലാസംഃ ഭാമിനി നിലയം, മാത്തൂർ പി.ഒ, പാലക്കാട്‌ - 678 571. Address: Phone: 9847789337

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English