പ്രാന്തുളളവരും ഇല്ലാത്തവരും

അവളുടെ പുരികങ്ങൾ പിടഞ്ഞുണർന്ന്‌ ചോദ്യചിഹ്നമായി. അവിടവിടെയായി തെളിഞ്ഞുകാണുന്ന നര. എങ്കിലും അവളുടെ മുഖത്ത്‌ ചോദ്യങ്ങൾ മാത്രമായിരുന്നു. വിവേകത്തിന്റെ നൂൽപ്പാലത്തിലൂടെ ഞെരുങ്ങി കടക്കുമ്പോഴും ചില സമയത്ത്‌ അവൾ മറ്റുളളവരെ കാണുന്നുണ്ടായിരുന്നു.

അവൻ അരികത്തു വന്നിരുന്നത്‌ അത്തരമൊരു നിമിഷമായിരുന്നു.

പുരികങ്ങളിലെ ചോദ്യം സംസാരിച്ചു; ‘ഉം?’

സംഭാഷണത്തിനു യോജിച്ച അന്തരീക്ഷം പോലുമുണ്ടാക്കാതെ അതവളുടെ ശബ്‌ദത്തിന്റെ മിനുപ്പില്ലായ്‌മ പ്രകടമാക്കി. കൊല്ലാനും കൊടുക്കാനും ഒരേ ശബ്‌ദം മതി അവൾക്ക്‌. ശബ്‌ദത്തിന്റെ പോലും കൂട്ടുവേണ്ട എന്നവൾക്കു തോന്നാറുണ്ട്‌.

പത്തു നാൽപ്പതുവർഷം അലഞ്ഞുതിരിഞ്ഞിട്ടും അവൾക്കതുതന്നെ തോന്നിയിരുന്നത്‌. എനിക്ക്‌ ആരും വേണ്ട. മറ്റുളളവർക്ക്‌ കണ്ണുകളല്ല, മീൻകൊളുത്തിമുനകളാണ്‌ ഉളളത്‌. സാമീപ്യങ്ങൾക്ക്‌ പകയുടെ സ്രാവുരൂപം. എന്തുചെയ്യും? അവളുടെ നിലവിളി ശരീരത്തിലൂടെ, പാദങ്ങളിലൂടെ ഭൂമിയിലേക്കിറങ്ങി തുളച്ചു പാഞ്ഞിരുന്നത്‌ ആരറിയാനാണ്‌?

ആരും അറിയാത്തവളാണ്‌ അവളെന്നു പറഞ്ഞാൽ ശരിയാവില്ല. ചെല്ലപ്രാന്തിയെ എല്ലാവർക്കുമറിയാം.

അവൾ അത്താണിച്ചുവട്ടിലെ ചിതൽമണ്ണ്‌ മാടി ഒരു ഭാഗത്തേക്കാക്കുകയും അപ്പോൾ കൈയിൽ തടഞ്ഞ പുഴുക്കളേയും ചെറുപരാദങ്ങളേയും വായിലിട്ട്‌ ചതച്ചരക്കുകയും ചെയ്‌തു. പൊരികടല കൊറിക്കുന്നതുപോലെ അയവെട്ടി നാലുപാടും നോക്കുന്നുണ്ടായിരുന്നു. പിന്നെ അവൾ നോട്ടം മാറ്റി അവനെത്തന്നെ നോക്കിയിരുന്നു. ഇങ്ങനെ നോക്കിയിരിക്കാൻ നല്ല രസമുണ്ടെന്നും ‘തനിക്കിന്ന്‌ ചോറുവേണ്ട, മുഴ്വോനും ഇവനു കൊടുക്കാം, കഴിച്ചോട്ടെ’ എന്ന്‌ നിരീക്കുകയും ചെയ്‌ത്‌ അവൾ പുരികങ്ങൾ പിടപ്പിച്ചു.

“ദേശത്ത്‌ പ്രാന്തുളളവർ രണ്ടുപേരായിരുന്നു. പ്രാന്തൻചാമിയും ചെല്ലപ്രാന്തിയും” മുത്തശ്ശിമാർ ഉമ്മറക്കോലായിലിരുന്ന്‌ പറഞ്ഞുകൊടുക്കുമ്പോൾ കുട്ടികൾ പേടിച്ച്‌ നെഞ്ചിടിപ്പുകളാവും. രാത്രിസ്വപ്‌നങ്ങളിൽ അതിക്രമിച്ചു കേറിയും ഇരുട്ടിൽ സാന്നിദ്ധ്യം ഓർമിപ്പിച്ചും കുട്ടികളെ ദൈവഭയമുളളവരാക്കുന്നതിൽ അവർ വിജയിച്ചു.

അവർ കനത്ത വൈരാഗികളായിരുന്നു. എന്നാൽ അത്‌ ആർക്കും ഊഹിക്കാൻ പറ്റുമായിരുന്നില്ല. ‘അവർ തമ്മിൽ ചേർച്ച’ എന്നായിരുന്നു കണക്കുകൂട്ടൽ.

മുമ്പൊരിക്കൽ അവർ തമ്മിൽ ഏറ്റുമുട്ടിയത്‌ അടിമക്കാവിലെ ശാന്തിക്കാരൻ ഓർക്കുന്നുണ്ട്‌. അന്നാണ്‌ ചേർച്ചയുടെ കണക്ക്‌ പൊളിഞ്ഞത്‌.

കളളുചെത്താനായി പനകേറിയ നായാടികളിലൊരാൾ പനയിൽ നിന്നു വീണു മരിച്ചു. ദേശം അറിയുന്നത്‌ നാലാംനാളിൽ. ശവം ജീർണിച്ച്‌ കിടക്കുന്നത്‌ കാണാൻ ധാരാളം പേർ ഓടിക്കൂടിയതിനിടയിൽ ചെല്ലപ്രാന്തിയും ഉണ്ടായിരുന്നു. പിറകെ വന്ന പ്രാന്തൻചാമി പോലീസുകാരെ കണ്ട്‌ ഭാണ്ഡക്കെട്ടിനുപിന്നിൽ ഒളിച്ചിരുന്നു. ചെല്ല ഓടിവന്ന്‌ തെങ്ങിൻപട്ടയുടെ മടക്കണകൊണ്ട്‌ ഏറുകൊടുത്തതിൽ ചാമിയുടെ തലപൊട്ടി ചോരവന്നു.

മരണവീട്ടിലെ ചിരിപോലെ അവിടെ അവർ തമ്മിൽ ഊക്കൻ അടി നടന്നു. പോലീസുകാർ ഇടപെട്ട്‌ പിരിച്ചുവിട്ടെങ്കിലും ഒടുവിൽ വസ്‌ത്രം പൊക്കിക്കാട്ടി ചെല്ല പാടങ്ങൾ കടന്ന്‌ കിഴക്കേത്തറയിലേക്കോടി. പിന്നെ ദിവസങ്ങൾ കഴിഞ്ഞാണ്‌ അത്താണിച്ചോട്ടിലേക്കു വന്നത്‌.

മെലിഞ്ഞുനീണ്ട്‌, കറുത്ത്‌, എപ്പോഴും കുറ്റിമുടിയുളള പ്രാന്തൻചാമി നാവുപുറത്തിട്ട്‌, ചുണ്ടുകൾക്കിടയിലൂടെ ഉമിനീരൊലിപ്പിച്ച്‌ കാണുന്നവരോടൊക്കെ അഞ്ചുപൈസ ഇരക്കും. അതുകൊണ്ടാണോയെന്നറിയില്ല ഗ്രാമം ചാമിയെ വളർത്തിയെടുത്തത്‌ ഒരുപാടു സ്‌നേഹം കൊടുത്താണ്‌. ഏതു വീട്ടിലും കയറിച്ചെല്ലുവാൻ സമയമോ കാലമോ നോക്കേണ്ടതില്ലാത്തവൻ.

അഞ്ചുപൈസ ചാമിയുടെ ബലഹീനതയായിരുന്നു. നയാപൈസ ഉരുക്കിയാണ്‌ സ്വർണ്ണമുണ്ടാക്കുന്നതെന്ന്‌ അവൻ. ചാമിക്ക്‌ അഞ്ചുപൈസകൊണ്ട്‌ എന്തും വാങ്ങാനും എവിടേക്കു വേണമെങ്കിലും സഞ്ചരിക്കാനും കഴിയുമായിരുന്നു.

നാരായണന്റെ ചായക്കടയുടെ ഇറപ്പിൽ നിന്ന്‌ അഞ്ചുപൈസകൊണ്ട്‌ ചാമി ഒരു ദോശ വാങ്ങി. ചാമിയെ ഏറെക്കാലം നോക്കിയിരുന്ന പെങ്ങളുടെ പേരുരുവിട്ടുകൊണ്ട്‌ അവനത്‌ കാക്കിട്രൗസറിന്റെ പോക്കറ്റിൽ തിരുകി.

നാരായണന്റെ ഔദാര്യമെന്നറിയാതെ അടുത്ത നാണയം നീട്ടി ഇഡ്‌ഢലി വാങ്ങി. വാങ്ങുമ്പോൾത്തന്നെ അതിലേക്ക്‌ ഉമിനീരിറ്റി. ഇഡ്‌ഢലി രണ്ടായി പിളർത്തി, പുലമ്പി റോഡിലേക്കു വലിച്ചെറിഞ്ഞ്‌ ചാമി ഉറക്കെ വിളിച്ചു പറഞ്ഞു. “വയറ്‌ കാളുന്നേ തമ്പുരാട്ട്യേ”

തമ്പുരാട്ടിയാണ്‌ ദേശത്തെ നയിക്കുന്നതെന്ന്‌ ചാമിയും വിശ്വസിച്ചിരുന്നു. എന്നാൽ തമ്പുരാട്ടിയുടെ അമ്പലത്തിലെ ഉത്‌സവം ചാമി ഇതേവരെ കണ്ടിട്ടില്ല. ഉത്‌സവം പ്രമാണിച്ച്‌ കമ്മറ്റിക്കാർ പോലീസിൽ കൊടുക്കുന്ന പരാതിയുടെ പിറ്റേന്ന്‌ അവർ പ്രാന്തൻചാമിയെ പിടിച്ചുകൊണ്ടുപോവും. കൂത്തഭിഷേകം അടുക്കുമ്പോൾ ഉത്‌സവസമയത്ത്‌ ചാമി എന്തെങ്കിലും അക്രമം കാണിക്കാതിരിക്കാനാണ്‌ കമ്മറ്റിക്കാർ പരാതി കൊടുക്കുന്നത്‌. സ്‌റ്റേഷനിലെ ഇടുങ്ങിയ മുറിയിലിരുന്ന്‌ ചാമി ഈരേഴ്‌ പതിനാലുലോകത്തെ തെറിയും വിളിക്കും. അതിനു പ്രത്യേകമായി കിട്ടിയ അടിയുടെ തിണർത്ത പാടുകളുമായാണ്‌ പിന്നെ വരിക.

ചെല്ല ഏറെ നേരമായി ചാമിയെ ഉറ്റുനോക്കുന്നു. ഈ കുറ്റിമുടികൾ എനിക്ക്‌ എണ്ണിത്തീർക്കാൻ പറ്റ്വോ. നീയൊരു സുന്ദരനാ ചാമീ. നിനക്കെന്നോട്‌ ദേഷ്യമോ ഭയമോ എന്താണുളളത്‌? പറ… പറ…. രണ്ടായാലും വേണ്ട. ഇല്ലെന്നു ഞാൻ മനസ്സിലാക്കുന്നു. നിന്റെയീ കണ്ണെടുക്കാത്ത നോട്ടം തന്നെ അതിനു തെളിവല്ലേ. ചുണ്ടിൽ നിന്ന്‌ ഉമിനീരിന്റെ ചരട്‌ ഊർന്നിറങ്ങുന്നതു കാണാൻ എന്തൊരു ഭംഗിയാണ്‌. എവിടെ നിന്നാണ്‌ നിനക്കിത്രയും ഉമിനീരു കിട്ടുന്നത്‌? എനിക്കും കുറച്ചു കടം താ. ചുണ്ടിൽ ചുണ്ടുവച്ച്‌ ഞാൻ ഉറുഞ്ചിയെടുത്തോളാം.

അത്താണിച്ചോട്‌ ചെല്ലയുടെ ഇടമായതിനാൽ അവിടെ ചപ്പിലകളിൽ കാൽ പതിയുന്ന ഒച്ച കേട്ടപ്പോൾ അവൾ ചെങ്കല്ലെടുത്ത്‌ എറിഞ്ഞു ആദ്യം. ചാമി രണ്ടുകാൽ പിന്നോട്ടു വലിച്ച്‌ പറ്റിനിന്നു. ചാമിയുടെ നീണ്ട കാലുകൾ കണ്ടപ്പോഴാണ്‌ ചെല്ല മിണ്ടാതിരുന്നത്‌. അവൻ അതുവഴി നടന്നുപൊയ്‌ക്കോട്ടെയെന്നു കരുതി. ഭാണ്ഡം അരികുചേർത്തി അടക്കിപ്പിടിച്ച്‌ ഉണ്ടക്കണ്ണുകളാൽ നോക്കുമ്പോൾ ചാമി പോകുന്നില്ല. അത്താണിയുടെ മറ്റേ അറ്റത്ത്‌ പാതിതിന്ന ഊത്തപ്പത്തിന്റെ കഷണവുമായി അവൻ ഇരുന്നു.

ചാമി ഊത്തപ്പത്തിന്റെ മുറി അവൾക്കു നീട്ടി. അവൾ അതു വാങ്ങാനായി അൽപ്പം മുൻപോട്ടിരുന്ന്‌ കൈനീട്ടി.

നഗ്‌നതയാണ്‌ ചെല്ലയുടെ ഏറ്റവും വലിയ ആയുധം. ഇടയ്‌ക്കിടെ പ്രയോഗിക്കാൻ പാകത്തിൽ ചെല്ല അത്‌ കൂടെ കൊണ്ടുനടക്കുന്നു. ശരീരമൊക്കെ വൃത്തിയായി മറച്ചാണ്‌ നടക്കുക. ചില ആളുകൾ, ദൃശ്യങ്ങൾ, ആട്ടിയകറ്റലുകൾ, അസഹനീയമായ പുച്‌ഛം-ഒക്കെ ഉളളിലെവിടെയോ അടിഞ്ഞുകൂടിയ ചീഞ്ഞ കൃമികീടങ്ങളെ സിംഹരൂപികളാക്കി മാറ്റുന്നതോടെ അവൾ ആയുധമെടുക്കുന്നു. മറ്റുളളവർ ലജ്ജിച്ചവശാകുമ്പോൾ ചെല്ല ഓടി രക്ഷപ്പെടുന്നു.

ഗ്രാമമോ മനുഷ്യരോ മരങ്ങളോ ആകാശമോ കൂട്ടല്ല അവൾക്ക്‌. നരച്ച സാരിയിൽ പൊതിഞ്ഞ തുണിക്കഷണങ്ങളുടെ ഭാണ്ഡക്കെട്ടു മാത്രം.

അത്താണിക്കു പിന്നിലെ മുളങ്കൂട്ടത്തിന്‌ അനക്കമൊന്നുമുണ്ടായിരുന്നില്ല, എന്നല്ല അത്‌ വർഷങ്ങളായി അങ്ങനെതന്നെ നിൽക്കുകയാണെന്നും തോന്നിച്ചു. അവളാണ്‌ ചോദിച്ചത്‌ഃ “എന്താ ചാമിയേ?”

ചാമിക്ക്‌ ആ വിളി അതുവരേയും കേട്ടിട്ടില്ലാത്ത അത്ഭുതമായിരുന്നു. ചെല്ലയുടെ കണ്ണുകൾക്കു വേണ്ടിയാണ്‌ താനലഞ്ഞതെന്നുപോലും തോന്നിപ്പോയി.

തെങ്ങിൻപട്ടകൊണ്ട്‌ അടിച്ചോടിച്ചത്‌ ഇവൾ തന്നെയോ? ആവില്ല. മുഖത്തെ തുടുപ്പ്‌ സംസാരിക്കുമ്പോൾ പുത്തനാവുന്നു. ചുണ തേച്ചുമിനുക്കിയ മാമ്പഴംപോലെ. നെറ്റിയിലൂടെ ഇളംപച്ചനിറത്തിൽ ഒന്നുരണ്ടു ഞരമ്പുകൾ കാണാം. അതേ ഞരമ്പുകൾ കൈകളിലും. താമരത്തണ്ടുപോലെ കഴുത്തിൽ കിടക്കുന്ന മാലയുടെ പാതിയേ കാണുന്നുളളൂ. ബാക്കി എവിടെയാണ്‌? അവൻ ഏന്തിനോക്കി.

മുളങ്കൂട്ടത്തിന്റെ മറവിൽനിന്ന്‌ അവൾ തുണിമാറിച്ചുറ്റുകയായിരുന്നു. ചാമി ഉമിനീരൊലിപ്പിച്ച്‌ അടുത്തുചെന്നു. ദേഹത്തൊട്ടിയ നനഞ്ഞ വസ്‌ത്രങ്ങളുമായി കുളത്തിൽ നിന്നു കുളിച്ചുകേറിയ സ്‌ത്രീകൾ നടന്നുപോകുന്നത്‌ ചാമി നോക്കിനിന്നു. നേരിയ നാണത്തിന്റെ മിന്നൽ ചെല്ലയുടെ ബോധത്തിൽ മിന്നി. തല കുനിച്ച്‌ അവൾ അവളുടെ ശരീരത്തിലേക്ക്‌ കണ്ണോടിച്ചു. ചുമലിലേക്ക്‌ സാരി മാടിയിടുകയേ വേണ്ടൂ. എന്നാൽ അതുചെയ്യാതെ അവൾ ചുണ്ടുകടിച്ചു നിന്നു.

പാതി മറഞ്ഞെങ്കിലും തുളുമ്പുന്ന സൗന്ദര്യം. ചാമി അരികത്തെത്തിക്കഴിഞ്ഞിരുന്നു. അവന്റെ വിരലുകൾ കൈകളിലൂടെ സഞ്ചരിക്കുമ്പോൾ, തരിച്ചുനിന്ന്‌ അവൾ പെട്ടെന്നു ചോദിച്ചു. “കഞ്ഞിവെച്ചു തരട്ടേ?” ചാമിക്ക്‌ പറുദീസാതുല്യമായ ചോദ്യമായി തോന്നി അത്‌.

അവൻ പറഞ്ഞുഃ “ഉം.. ശരി… ശരി”

ചെല്ല മുളയിലകളും ഉണക്കമുളളും ചേർത്ത്‌ വേഗം തീപൂട്ടി. വിണ്ട മൺകലത്തിലേക്ക്‌ അവൾ അരിയിട്ടു. പിന്നെ രണ്ടാൾക്കുളളത്‌ വേണമല്ലോ എന്നോർത്ത്‌ ഒരു പിടികൂടി ഇട്ടു. കുന്തിച്ചിരുന്ന്‌ ചെല്ല അവനുവേണ്ടി തീ പൂട്ടുന്നത്‌ തല ചെരിച്ചു നോക്കിയിരിക്കുമ്പോഴാണ്‌, യഥാർത്ഥത്തിൽ അവനവളോട്‌ ഇഷ്‌ടം തുടങ്ങിയത്‌. ഇഷ്‌ടത്തിനും അപ്പുറത്തുളള അനുഭവമായിരുന്നു ചാമിക്കത്‌.

“കാത്തിരിക്ക്‌ ഞാൻ തരാം” ചെല്ലപ്രാന്തിയുടെ സ്വരത്തിൽ വേണ്ടുവോളം മധുരം രുചിച്ചു അവൻ.

അവൻ കമിഴ്‌ന്നുകിടന്ന്‌ അവളെ നോക്കിക്കൊണ്ടിരുന്നു. പുകയുടെ പാളിക്കിടയിലൂടെ, തീപ്രഭയിൽ അവളെ കാണുന്ന സുഖത്തിന്റെ കിടപ്പിൽ അരി വേവാതിരുന്നെങ്കിലെന്ന്‌ അവനാശ.

പിന്നെ അതുപോര. സഹിക്കാഞ്ഞപ്പോൾ പ്രാന്തൻചാമി എഴുന്നേറ്റ്‌ അവളുടെ അടുത്തുചെന്നു. ഉണക്കയിലകളും കമ്പുകളും നന്നായി കത്തുന്നുണ്ട്‌. കലത്തിൽ തിളച്ചു വരുന്ന കഞ്ഞി.

ശീമക്കൊന്നയുടെ കോലുകൊണ്ട്‌ കഞ്ഞി ഇളക്കുകയാണവൾ. അങ്ങനെ ഇളക്കിക്കൊണ്ടിരിക്കെ കഞ്ഞിപ്പാത്രം മറിഞ്ഞു വീണതും കറുത്തൊരു രൂപത്തിന്റെ പിടിയിൽ ചെല്ല അമർന്നുപോയതും അവളുടെ കൗതുകമുളള മാംസളതയിലേക്ക്‌ കുറ്റിമുടി തിടുക്കത്തിൽ മദഗന്ധമാർന്ന്‌ പ്രാഞ്ചി.. പ്രാഞ്ചി…

അത്താണിയുടെ ഇറക്കത്തിലേക്ക്‌ തുളുമ്പിപ്പോയ കഞ്ഞി മണ്ണോടുചേർന്ന്‌ ചാലായി ഒഴുകി. ചാമിയുടെ ഉൻമാദത്തിലേക്ക്‌ ചെല്ല പങ്കുചേരുന്നത്‌ അവ കണ്ടു. മുളങ്കൂട്ടങ്ങളുടെ അപ്പോഴത്തെ രൗദ്രമായ ഒച്ചയെ അതിജീവിച്ച്‌ സീൽക്കാരങ്ങൾ അത്താണിയെ വിറപ്പിച്ചു കൊണ്ടങ്ങനെ…

അവർ ഉൻമാദത്തിന്റെ ഉച്ചിയിൽ എത്തിയിരുന്നു. പുരുഷനേയും സ്‌ത്രീയേയും വ്യവകലനം ചെയ്‌ത്‌ ആത്‌മാവുകളിൽ നിന്ന്‌ സുഗന്ധം പുറപ്പെട്ടിരുന്നു.

അവിടെ നിന്നാണ്‌ ചാമിയുടെ ചതുപ്പിൽ ഇടിനാദമേറ്റത്‌. ആലിംഗനത്തിന്റെ ഒരു ബിന്ദുവിൽവച്ച്‌ പ്രാന്തൻചാമിയുടെ കൈ മെല്ലെ മണ്ണിൽ തിരഞ്ഞുനടന്ന്‌ ശീമക്കൊന്നത്തറിയിൽ തടഞ്ഞു. പുളയുന്ന ചെല്ലയുടെ നെഞ്ചിന്റെ ആഴത്തിലേക്കത്‌ നീണ്ടുപോയപ്പോൾ അനാവശ്യമായൊന്നിനെ പേറുന്നതിന്റെ ഞെട്ടലിൽ ചാമി കൈ വിടുവിച്ചു. കുഴഞ്ഞുമറിഞ്ഞ്‌ ചെല്ല താഴേക്ക്‌.

അവൻ അലറിപ്പോയത്‌ അപ്പോഴാണ്‌. നൂൽ മുറിഞ്ഞ പാവപോലെ തൊട്ടപ്പുറത്ത്‌ ചെല്ല ഒടിഞ്ഞുതൂങ്ങിക്കിടക്കുന്നത്‌ ചാമി കണ്ടു. നഗ്നത ആയുധമാക്കിയ അവൾ മരണത്തിന്റെ നേർമൊഴിയിൽ പിറന്നപടി. നെഞ്ചിൽനിന്ന്‌ അരിച്ചിറങ്ങിയ ചോര തുടയിലൂടെ താഴേക്കിറ്റുന്നത്‌ മണ്ണ്‌ കുടിച്ചെടുക്കുന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ അവൻ തന്നൊടുതന്നെ ചോദിച്ചു. ദേശക്കാവിലെ തമ്പുരാട്ടി കേൾക്കുന്നത്രയും ഒച്ചയിൽ അവൻ അലറിയോടി.

ദേശത്തെ വീടായ വീടൊക്കെ ചാമി കയറിയിറങ്ങി. തന്നെ ചങ്ങലയിടാനുളള അഭ്യർത്ഥനയായിരുന്നു അവന്റെ അലർച്ചയുടെ ഉളളടക്കം. തനിക്ക്‌ ഭ്രാന്താണെന്ന്‌ അവന്‌ ഉറപ്പായിരുന്നു. അവന്റേത്‌ വല്ലാത്ത ഓട്ടമായിരുന്നു. കുളങ്ങളും വരമ്പുകളും ആലിൻചോടും അമ്പലമുറ്റവും ഇടവഴികളും ചായക്കടയും കയറ്റവും ഇറക്കവും കടന്ന്‌ പ്രാന്തൻചാമി ഓടിക്കൊണ്ടിരുന്നു. പോലീസുകാർ പിടിച്ചുകൊണ്ടുപോകും മുൻപ്‌ ഓട്ടം നിർത്താനായി കരിങ്കൽ ചീളുകൊണ്ട്‌ തലയ്‌ക്ക്‌ രണ്ടുമൂന്നു പ്രാവശ്യം ഇടിക്കുകയും ചെയ്‌തു. പോലീസ്‌ വാഹനം പൊയ്‌ക്കഴിഞ്ഞിട്ടും ഏറെനേരം മുളയിലകൾ ആകാശത്തേക്ക്‌ പറന്നുപൊങ്ങിക്കളിച്ചിരുന്നു.

എല്ലാം ശാന്തമായി എന്നു വിചാരിക്കുമ്പോൾ, എല്ലാം സുഭദ്രമെന്നു കരുതുമ്പോൾ അത്താണിയുടെ പ്രാചീനത മുമ്പിൽ. ഓർമ്മകൾ കിളച്ചെടുക്കേണ്ട ദാർഢ്യവുമായി അത്താണി നിൽക്കുകയാണ്‌. അത്താണിയിൽ ചാരി നിൽക്കുമ്പോൾ സൂക്ഷിക്കണമെന്നറിയാം. ചിലപ്പോൾ ചുട്ടുപൊളളും. ഇതിലൂടെ നടക്കാമെന്നതേ ഉപദേശയോഗ്യമല്ല. സാരവത്തായൊരു ചെറിയ ജ്ഞാനം മറ്റുളളവരെ പഠിപ്പിക്കാൻ ചാമിയും ചെല്ലയും ഉദ്ദേശിച്ചിരുന്നോയെന്നറിയില്ല. ഏതായാലും ചാമിക്കുവേണ്ടി ഒടുവിലത്തെ തവണ അമ്പലം കമ്മറ്റിക്കാർക്ക്‌ പരാതികൊടുക്കേണ്ടി വന്നില്ലായിരുന്നെന്നത്‌ വസ്‌തുത. ഇതിൽ കൂടുതൽ അവരെക്കുറിച്ച്‌ ചിന്തിച്ചിരിക്കുവാൻ എനിക്കോ നിങ്ങൾക്കോ ഭ്രാന്തുണ്ടോ?

Generated from archived content: story_april9.html Author: c_ganesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഗോപാലൻ പറഞ്ഞ നേരുകൾ
Next articleഅവസ്ഥാന്തരം
1976-ൽ പാലക്കാട്‌ ജില്ലയിൽ മാത്തൂരിൽ ജനനം. ക്രിയാത്‌മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചെമ്പകം (കഥകൾ) ഇണ&ജീവതം (നോവൽ) പ്രസിദ്ധപ്പെടുത്തി. അങ്കണത്തിന്റെ കൊച്ചുബാവ പുരസ്‌കാരം, നെഹ്‌റുയുവകേന്ദ്ര യുവഎഴുത്തുകാർക്കു നൽകുന്ന അവാർഡ്‌, ആലോചന സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്‌ണൻകുട്ടി സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തി. ഭാര്യഃ സ്‌മിത ഗണേഷ്‌. മകൾഃ സ്‌നിഗ്‌ദ്ധ (തംബുരു). വിലാസംഃ ഭാമിനി നിലയം, മാത്തൂർ പി.ഒ, പാലക്കാട്‌ - 678 571. Address: Phone: 9847789337

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English