അവൾ സുമിയാകുന്നു.
മൂന്നാം ക്ലാസുകാരി.
പക്ഷെ പത്രാസിൽ ഒന്നാംക്ലാസുകാരിയെന്നാണ് അമ്മ വിരുന്നുകാരുടെ മുമ്പിൽവച്ചു കളിയാക്കിയത്.
അവൾ ഇന്നലെ രാത്രി മുഴുവൻ കുറേ കരഞ്ഞു.
ഇന്ന് സ്‌കൂളിൽ ചെന്നു.
കൂട്ടുകാരികളോടൊക്കെ ഇന്നലത്തെ കരച്ചിലിന്റെ കാര്യം പറഞ്ഞു. എല്ലാവരുംകൂടെ ചിരിച്ചു മദിച്ചപ്പോൾ അവൾക്കും ചിരി വന്നു.
വൈകീട്ട് ട്യൂഷനില്ലാത്തതിനാൽ വെറുതെ ഒന്നു പുറത്തിറങ്ങി. മീരയോടൊത്തു കളിക്കാമെന്നാണു വിചാരിച്ചിരുന്നത്. മീര ഉണ്ടായിരുന്നില്ല.
അവൾ ഒറ്റയ്‌ക്കു നടന്നു. വീട്ടിലേക്കുളള എളുപ്പവഴി മനഃപൂർവ്വം വേണ്ടെന്നു വച്ചു. സമയമുണ്ടല്ലോ ധാരാളം.
സൂപ്പർമാർക്കറ്റു ചുറ്റി, കാഴ്‌ചബംഗ്ലാവിനടുത്തുകൂടെ ട്രാഫിക് ജങ്ങ്‌ഷൻ കടന്ന്, രണ്ടുമൂന്നു തിയേറ്ററുകളുളള പാതയിലൂടെ ഓവർബ്രിഡ്‌ജിനു താഴത്തുകൂടെ, ഐസ്‌ക്രീം പാർലറിനു മുന്നിലൂടെയുളള വഴിയിലൂടെ നടന്ന് ഫുട്‌ബോൾ ഗ്രൗണ്ട് മുറിച്ചു കടന്നാണ് സി.ഡി ലൈബ്രറിയുടെ പിന്നിൽ അവളെത്തിയത്. അവിടെ നിന്നു നോക്കിയാൽ അവളുടെ വീടു കാണാം.
വളഞ്ഞ വഴിയായതിനാൽ അവൾക്ക് നല്ലപോലെ വിശന്നിരുന്നു. ദാഹവും ഉണ്ടായിരുന്നു. അമ്മ ഉണ്ടാക്കിവച്ച ചൂടുളള ദോശയും ചട്‌നിയും അവൾ കഴിച്ചു. കുറേ വെളളവും കുടിച്ചു.
കഴിച്ചതു കൂടിപ്പോയതുകൊണ്ടോ എന്നറിയില്ല. ഒരത്ഭുതം സംഭവിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ വയർ വീർത്തുവീർത്തു വരുന്നു.
ഓടുമ്പോൾ കണ്ണിൽനിന്നും പിന്നിടുന്ന കെട്ടിടങ്ങൾപോലെ ദിവസങ്ങൾ വളരെ പെട്ടെന്നാണ് നീങ്ങുന്നത്.
ഡോക്‌ടർമാർ
നഴ്‌സുമാർ
പുഞ്ചിരികൾ
ആകാംക്ഷകൾ
ഉപ്പ്
ചവർപ്പ്
അരുചി
ഛർദ്ദി
വേദന
ഇതിഹാസം.
സുമിയും അവളുടെ ഇതിഹാസവും ഇന്ന് സൂപ്പർമാർക്കറ്റു ചുറ്റി കാഴ്‌ചബംഗ്ലാവിനടുത്തുകൂടെ ട്രാഫിക്‌ജങ്ങ്‌ഷൻ കടന്ന് ഓവർബ്രിഡ്‌ജിനു താഴത്തുകൂടെ നടന്നു പോവുകയാണ്….ആശുപത്രിയിലേക്ക്. ഇതിഹാസത്തിന് കടുത്ത പനിയാണ്. ഇതിഹാസത്തിന്റെ കാര്യങ്ങൾ നോക്കാൻ സുമിയല്ലാതെ മറ്റാരാണുളളത്?
സുമിയുടെ മാതാപിതാക്കൾക്ക് ഭയമാകുന്നു. തിരിച്ചെത്തുമ്പോൾ എന്താവും അവർ കാണേണ്ടി വരിക?
Generated from archived content: story2_june2.html Author: c_ganesh
Click this button or press Ctrl+G to toggle between Malayalam and English