രാവിലെ മുതൽ മകൻ പൊന്നൂട്ടൻ സംശയം ചോദിക്കുകയാണ്. “എലിക്കെണിക്ക് എത്ര വലുപ്പമുണ്ടാവും? അതിൽ എലിപെടുന്നത് എങ്ങിനെയാണ്”?
അവൻ ഇന്നുവരെ കാണാത്ത ഒരു സാധനത്തെപ്പറ്റി പറഞ്ഞുകൊടുക്കാനുള്ള മാർഗം ആലോചിക്കുകയാണ് ഞാൻ. ഞങ്ങളുടെ ഫ്ലാറ്റിൽ എലികളില്ല. ഇന്നുവരെ ഒരെലിപോലും ഇങ്ങോട്ടു വന്നിട്ടില്ല. നിറയെ ഫ്ലാറ്റുകളുള്ള സമുച്ചയത്തിൽ ഒരു പൂന്തോട്ടം പോലുമില്ല.
പൊന്നൂട്ടൻ വളർന്നത് ഞങ്ങളുടെ ഫ്ലാറ്റിനൊപ്പമാണെന്നു പറയാം. ആദ്യകാലത്ത് മൂന്നുബ്ലോക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പതിനെട്ട് ബ്ലോക്കുകൾ. അവയിൽ എ,ബി,സി,ഡി എന്നിങ്ങനെ വീടുകൾ. ചിലവയിൽ എ മുതൽ ഇസെഡ് വരെ കടന്ന് എ1, ബി1 എന്നിങ്ങനെയും വകതിരിവുകൾ.
പൊന്നൂട്ടൻ എലിക്കെണിയെക്കുറിച്ചു കേട്ടത് മോളിയിൽ നിന്നാണ്. അവൾ പറഞ്ഞു “പ്രകാശേട്ടാ, ഇത് ശാസ്‌ത്രവർഷമല്ലേ…. ഞങ്ങൾക്ക് പ്രോജക്‌ട് തയ്യാറാക്കി കൊണ്ടുപോകണം. ജന്തുജാലങ്ങളും ശാസ്‌ത്രവും എന്നതാണ് വിഷയം. നമ്മുടെ നാട്ടിലുള്ള പലതരം ജന്തുജാലങ്ങളും അവയെ മനുഷ്യൻ ഇണക്കുകയും പിണക്കുകയും പിടിക്കുകയും ചെയ്യുന്ന രീതിയും പ്രോജക്‌ടിൽ വരുന്നുണ്ട്. പലരും പലതും ശേഖരിച്ചു കഴിഞ്ഞു. എനിക്ക് ഒരെലിക്കെണി വേണം”? ഇവൾക്ക് എലിക്കെണി എവിടന്നു സംഘടിപ്പിച്ചുകൊടുക്കുമെന്നാലോചിക്കുന്നതിനിടയിലാണ് പൊന്നൂട്ടൻ പിടികൂടിയത്. ഇപ്പോൾ അവൻ ചോദിക്കുന്നത് മറ്റൊന്നാണ്. “എലിയെ കാണാൻ എങ്ങനെയിരിക്കും.”?
ഉച്ചയായപ്പോഴേക്കും അവൻ എലിയെ കാണിച്ചു തരണമെന്ന് വാശിപിടിച്ച് കരയാൻ തുടങ്ങി. ഒരു രക്ഷയുമില്ല. ഒരു ഞായറാഴ്‌ച പൊന്നൂട്ടനുവേണ്ടി കലങ്ങിത്തീരുകയാണെന്നറിഞ്ഞതുകൊണ്ട് പുറത്തിറങ്ങി. സിനിമ കാണിച്ചുകൊടുത്തു. സിറ്റിയിൽ കറങ്ങി. എല്ലാം കഴിഞ്ഞ് ഫ്ലാറ്റിലേക്കു മടങ്ങുമ്പോൾ അവൻ വീണ്ടും ചോദിക്കുന്നു. “എലിക്കെണിയുടെ കാര്യം……? മറന്നതാണോ….?”
മോളി പറഞ്ഞു “നാട്ടില് നാണുവമ്മാവന്റെ തറവാട്ടില് കാണും എലികള്. നാളെ പോകുന്നോ അച്‌ഛനും മകനും? അവിടെക്കാണും എലിക്കെണി”
അതൊരു നല്ല ആശയമായി തോന്നി.
നാണുവമ്മാവൻ കൈകാൽ നീരുവന്ന് ആടിയാടി നടക്കുന്ന അമ്മാവനാണ്. കിടപ്പിലായിട്ടില്ല. ഉടൻ കിടപ്പിലാവുമെന്ന് കഴിഞ്ഞതവണ കണ്ടപ്പോൾ തോന്നിയതാണ്.
ഓഫിസിലേക്കു ലീവു വിളിച്ചു പറഞ്ഞ് ഞാനെന്ന അച്‌ഛനും മകനും നാട്ടിലേക്ക് യാത്ര തുടങ്ങി. ജീവിതത്തിൽ ഇന്നുവരെ എലിയെ കാണാത്ത ഒരാളും ജന്മവീട്ടിൽ കുട്ടിക്കാലത്ത് എലികളുമായി കളിച്ചുവളർന്ന മറ്റൊരാളുമാണ് യാത്ര ചെയ്‌തുകൊണ്ടിരുന്നത്.
തറവാട്ടിലെ കലവറയിലെ ക്ഷണിക്കാത്ത അതിഥികളായിരുന്നു എലികൾ. അവ മച്ചിൻ പുറത്ത് സ്വന്തമായ ശബ്‌ദമുണ്ടാക്കി കഴിഞ്ഞുകൂടും. എരിപിരികൊള്ളുന്ന എലികൾ വിശേഷദിവസങ്ങളിൽ എണ്ണത്തിലും പെരുകും. മിക്കവാറും എണ്ണങ്ങൾ ഉപദ്രവിക്കാത്ത സാധുക്കളായിരിക്കും. എന്നാൽ ചിലവ രാത്രി വിട്ട് പകൽ നേരങ്ങളിൽ അലഞ്ഞു തിരിയാൻ വരും. അവയാണ് ഉപദ്രവകാരികൾ. ഒന്നോ രണ്ടോ ഉപദ്രവങ്ങളൊക്കെ തറവാട്ടിലെ അംഗങ്ങൾ ക്ഷമിക്കുമായിരുന്നു. എന്നാൽ കൂടെകൂടെ ഉപദ്രവമുണ്ടായാൽ അവയുടെ ആയുസ്സു കുറുകിയെന്നു കരുതിയാൽ മതി.
വലിയമ്മയാണ് എലിപിടുത്തത്തിൽ മുൻപിൽ നിൽക്കുക എന്നത് വിരോധാഭാസമാണ്. തറവാട്ടിലെ ആണുങ്ങൾക്കൊക്കെ പേടിയായിരുന്നു. എലിയെ കൊല്ലുമ്പോൾ എലി ദേഹത്തേക്കു ചാടി ചോര പതിഞ്ഞാൽ എലിപ്പനി ഉണ്ടാവുമെന്നാണ് വിശ്വാസം. വലിയമ്മ കല്യാണം കഴിച്ചിട്ടില്ല. അതിനാൽ എലിപ്പനി വന്നു മരിച്ചാലും ആർക്കും ദുഃഖിക്കാനില്ലെന്നാണ് വലിയമ്മയുടെ ന്യായം.
വലിയമ്മയും വേലക്കാരൻ വീരനും ചെറിയ വാസുവും കൂടി കലവറയിൽ ഒരുവിഷുവിന്റെ തലേന്ന് ഉച്ചക്ക് കയറിയത് ഓർമയുണ്ട്. അക്കൊല്ലം വിഷുവിനായി തറവാട്ടിൽ ധാരാളം പേർ വന്നിരുന്നു. കലവറയിലെ തട്ടുപൊളിച്ച് ദ്വാരമുണ്ടാക്കി എലികൾ താഴെ വച്ചിരിക്കുന്ന കണിവെള്ളരിക്കകളിലേക്ക് അവയുടെ ഭക്ഷ്യാവശിഷ്‌ടങ്ങൾ വീഴ്‌ത്തി. അതു മാത്രമല്ല ചില കുഞ്ഞനെലികളുടെ വിസർജ്യങ്ങളും അവയിലുണ്ടായിരുന്നു. അതു കണ്ടപ്പോൾ വലിയമ്മക്ക് രോഷമായി. വേലക്കാരെ ചൂലുമായി വരാൻ പറഞ്ഞ് കലവറയിൽ കയറി അവർ വാതിലടച്ചു. മനുഷ്യന്റെ ഏഴയലത്തു വരാതെ കിട്ടുന്ന തീറ്റയും തിന്ന് ഉപദ്രവമില്ലാതെ കഴിഞ്ഞുകൂടുകയാണെങ്കിലേ എലികളെ സഹിക്കാൻ പറ്റൂ. കണിവെള്ളരിക്കയിലേക്ക് വിസർജിക്കുക എന്നു പറഞ്ഞാൽ വൃത്തികേട് ഏതുവരെയായി? ഞങ്ങൾ കുട്ടികൾ വലിയമ്മയും വേലക്കാരും കലവറക്കകത്തു കയറിയപ്പോൾ പുറത്തു നിന്നുകൊണ്ട് എലിവേട്ടയുടെ ശബ്‌ദങ്ങൾ കേട്ടുകൊണ്ടുനിന്നു. “അതാ… അവിടെ” “പിടി” “ച്‌ഛൂ” “അടി” “ഹോയ്”; ഒരു മല്ലയുദ്ധം കഴിഞ്ഞ പ്രതീതിയിൽ അവർ കലവറയിൽ നിന്ന് പുറത്തുവന്നു. കണ്ണുതുറപ്പിച്ച് വായിലൂടെ ചോര ഒലിപ്പിച്ച രണ്ട് തടിയനെലികൾ വലിയമ്മയുടെ ഇടത്തേകൈവിരലിൽ തലകീഴായി തൂങ്ങിക്കിടന്നിരുന്നു. മരിച്ചിട്ടും അവയുടെ മീശരോമങ്ങൾ ഇളകുന്നുണ്ടായിരുന്നു.
അതിനുശേഷം എലികളെ എവിടെ കണ്ടാലും പിടികൂടാൻ ചുമതലെപ്പെടുത്തപ്പെട്ടത് കുട്ടികളായിരുന്നു. കുട്ടികൾ നടുത്തളത്തിൽ വരിവരിയായി കിടന്നുറങ്ങുമ്പോൾ എലികളുടെ ശബ്‌ദം കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു കിടന്നു. ഒരുനാൾ തട്ടിൻപുറത്തേക്കുള്ള പൊക്കുപടിയുടെ അരികത്തുള്ള ചെറിയ വിടവിൽ ഞാനൊരെണ്ണത്തിനെ കണ്ടു, അസ്സൽ എലിക്കുട്ടി. അതിന്റെ കണ്ണിൽ വല്ലാത്തൊരു യാചനാഭാവവും എന്നാൽ കുസൃതിയും ഞാൻ കണ്ടു. ഇപ്പോൾ വലിയമ്മയെ ഒന്നുണർത്തിയാൽ മതി അതിന്റെ കഥ കഴിയാൻ. എന്നാൽ ആരെയും ഉണർത്താൻ തോന്നിയില്ല. ഞാൻ ആ എലിക്കുഞ്ഞനുമായി അസാധാരണമായ സൗഹൃദത്തിലേർപ്പെട്ടു. ഞങ്ങൾ ചിരിച്ചു മൂക്കുകൊണ്ട് കൊഞ്ഞനം കാട്ടി. കൈകാലിളക്കി ആഹ്ലാദം പ്രകടിപ്പിച്ചു. ഞാൻ ചെയ്യുന്നതെല്ലാം എലിയും കാണിച്ചു. അവസാനം മുതിർന്നവർ ആരുടേയോ ശബ്‌ദം കേട്ടപ്പോൾ എന്നെ നോക്കി കണ്ണിറുക്കി കാണിച്ച് കുഞ്ഞനെലി ഉൾവലിഞ്ഞു. ആരോടും ഞാനിക്കാര്യം പറഞ്ഞില്ല ഇതേവരെ.
വലിയമ്മ ഭാഗം വാങ്ങി പിരിഞ്ഞ കൽക്കത്തയിലെ അമ്മായിയുടെ അടുത്തേക്ക് പോയതോടെ തറവാട്ടിൽ വീണ്ടും എലികൾ പെരുകി. അപ്പോഴാണ് എലിപിടുത്തത്തിനായി ആദ്യമായി കെണി എത്തിയത്. അങ്ങാടിയിൽ നിന്ന് കെണി വാങ്ങിച്ചുകൊണ്ടുവന്ന ചെറിയ വാസു കെണി പടിഞ്ഞാപ്പുറത്ത് കൊണ്ടുവന്നു വച്ച് പറഞ്ഞു “വലിയമ്മോര് പോയെങ്കിലെന്താ? ഇനി മുതൽ ഇവനെ തുറന്നുവച്ചാൽ മതി…. ചുട്ടമീനും വെക്ക്വാ…… എലി വന്ന് പെട്ടോളും” അതോടെ രാത്രിയും പകലും ഇടവേളകളിൽ കെണി നിരീക്ഷിക്കുക ഞങ്ങളുടെ വിനോദമായി. എലി കുടുങ്ങിയിട്ടുണ്ടോ എന്ന അന്വേഷണം.
കെണിയുടെ വാതിൽ എപ്പോഴും തുന്നാണ് കിടക്കുക. അതിനുള്ളിൽ ചുട്ട മീനോ വെളിച്ചെണ്ണ കിനിയുന്ന പാകത്തിൽ ചൂടാക്കിയ തേങ്ങാപ്പൂളോ വച്ചിട്ടുണ്ടാവും. അതു തിന്നാണ് എലി കെണിക്കകത്തേക്കു കടക്കേണ്ടത്. ആർത്തിയോടെ തിന്നുമ്പോൾ കെണിയുടെ വാതിലടയും, എലി അകത്ത് പെടുകയും ചെയ്യും. പിന്നെ കുട്ടികളെ അകമ്പടിയാക്കി പുഴയിലേക്ക് യാത്രയാണ്. എലിയെ പുഴയിൽ മുക്കിക്കൊല്ലാൻ. പുഴയിൽ കെണി ആഴ്‌ത്തിപ്പിടിച്ചാൽ കുട്ടികൾ കൈയടിക്കും. വെള്ളം കുടിച്ചു മരിച്ച എലി നിശ്‌ചലനായാൽ മാത്രമേ കെണി പൊങ്ങുകയുള്ളൂ. കെണിയുടെ വാതിൽ തുറന്ന് വെള്ളം കുടിച്ചു വീർത്ത എലിയുടെ മൃതദേഹം പുറത്തെടുത്ത് കൈതപ്പൊന്തയിലെറിയുന്നതോടെ എല്ലാവരും മടങ്ങും.
വേലക്കാരെ സമയത്ത് കിട്ടാതായതോടെ ചില പണികളെങ്കിലും കുട്ടികളിൽ മുതിർന്നവരെ ഏൽപ്പിക്കാൻ തുടങ്ങിയപ്പോൾ ഒരിക്കൽ കെണിയിൽ പെട്ട എലി എന്റെ കൈയിലാണ് വന്നുപെട്ടത്. കെണിയും പിടിച്ച് പുഴയിലേക്ക് നീങ്ങുമ്പോൾ എന്താണെന്നറിയില്ല കടുത്ത പാപബോധമാണ് എന്നെ പിടികൂടിയത്. കെണിക്കകത്തുനിന്ന് എലി തൊഴുതപേക്ഷിക്കുന്നതുപോലെ തോന്നി. “ഞാൻ പാവമാണ്…… നിങ്ങൾക്കുമാത്രം തിന്നുകൊഴുത്ത് ജീവിച്ചാൽ മതിയോ”? തൊട്ടടുത്തു നിൽക്കുന്ന കൂട്ടുകാരെ പിൻതള്ളി പുഴയും കടന്ന് വരണ്ടു കിടക്കുന്ന പാടങ്ങളിലേക്ക് ഞാനൊറ്റയ്‌ക്ക് ഓടിപ്പോയി………, ആരും കാണാതെ കെണി തുറന്നു. അവിടവിടെ ധാന്യങ്ങളും നെൽക്കറ്റയുടെ അവശിഷ്‌ടങ്ങളും വീണു കിടക്കുന്ന പാടത്തൂകൂടെ എലിയാശാൻ തലങ്ങും വിലങ്ങും മണം പിടിച്ചു പാഞ്ഞ് എവിടെയോ അപ്രത്യക്ഷമായി…..
എന്നാൽ ഒരു ജയിൽപ്പുള്ളിയെ തുറന്നുവിട്ട കുറ്റബോധത്തോടെയാണ് തിരിച്ചെത്തിയത്. തറവാട്ടിൽ എല്ലാവരും എലിയെ കൊല്ലാൻപോലും കെൽപ്പില്ലാത്തവനെന്നു പറഞ്ഞ് ആട്ടുകയും കളിയാക്കുകയും ചെയ്‌തു. അതെല്ലാം സഹിച്ചെങ്കിലും നാലുനാൾ പനിച്ചുകിടന്നത് എന്തിനെന്നുമാത്രം അറിയില്ല. തറവാട് പൊളിച്ചു മേഞ്ഞതോടെയാണ് എലികൾ ഒന്നുപോലും വരാതായത്……
മോളിയുടെ നാണുവമ്മാവന്റെ തറവാട്ടിൽ ഇതിലും ഭികരമായ പ്രാചീനതയാണ്. പത്തായമുള്ള അവിടെ എലികൾ മാത്രമല്ല പെരുച്ചാഴികളും കടവാവലും അണ്ണാനും പ്രാവുകളുമുണ്ട്. നട്ടുച്ചക്കുപോലും വെയിൽ കടക്കാത്തവിധം മരങ്ങളുടെ വളർച്ചകൾ. ഒതുക്കുകളിറങ്ങി നാണുവമ്മാവന്റെ തറവാടിനു മുൻപിലെത്തി. മുറ്റം കോൺക്രീറ്റ് പാകിയിരിക്കുന്നു. തറയിൽ ഗ്രാനൈറ്റ് പതിച്ചിരിക്കുന്നു. വ്യാളീമുഖങ്ങളുടെ ചിത്രപ്പണികളുള്ള വാതിലുകളിലെല്ലാം പുതിയ പെയിന്റുമണം.
പാതി പൊളിച്ച് കാണാൻ കൊള്ളാവുന്ന രീതിയിൽ ഒതുക്കമുള്ള വീടാക്കിയിരിക്കുകയാണെന്ന് അകത്തു കടന്നപ്പോഴാണറിഞ്ഞത്. നാണുവമ്മാവൻ അകത്തെ മുറിയിൽ കിടപ്പിലാണ്. നാണുവമ്മാവനു കിടക്കാനായി മകൻ ശീതീകരിച്ചുകൊടുത്ത മുറി. മരുന്നുകളുടെ നാറ്റം അറിയാതിരിക്കാൻ ഫ്രഷ്‌നറിന്റെ സുഗന്ധം തനിയെ വമിക്കാൻ സംവിധാനം.
ഇങ്ങനെയൊരു മുറിയിലിരുന്ന് എങ്ങിനെയാണ് എലികളെക്കുറിച്ച് ചോദിക്കുക.?
മാങ്ങയുടെ സിന്തറ്റിക്‌ജ്യൂസ് കുടിക്കാൻ തന്നു. അത് കുടിക്കുമ്പോൾ ദാഹം കൂടുകയാണ്……
പൊന്നൂട്ടൻ മുറിയാകെ അരിച്ചുപെറുക്കി. അവൻ പല്ലുകടിക്കുകയാണ്. എലിക്കെണി കാണിച്ചുതരാമെന്നു പറഞ്ഞിട്ട് വിശേഷം പറഞ്ഞിരിക്കുകയാണ് അച്‌ഛൻ.
തിരിച്ചുപോകാൻ നേരം സംസാരത്തിനിടയിൽ ചോദിച്ചു. “അമ്മാവാ……. കൊച്ചുമോന് ഒരെലിക്കെണി കാണണംന്ന്…….. കാണിച്ചുകൊടുക്കാൻ കഴിയ്വോ”?
ചെവികുറവുള്ള അമ്മാവൻ കൈകൊണ്ട് വിചിത്രമായ ആംഗ്യമാണ് കാട്ടിയത്. ശരിക്കും അതിന്റെ അർത്ഥം മനസ്സിലായില്ല. ഉവ്വ് എന്നല്ല………….. എന്നാൽ കഴിയില്ല എന്നുമല്ല………………
അമ്മാവൻ വീണ്ടും കൈകൊണ്ട് ആംഗ്യം കാണിക്കുകയാണ്. ഇതുവരെയുള്ള ജീവിതത്തിലെ വലിയ തിരിച്ചറിവുപോലെ.
ഇതൊക്കെ തന്നെയാണ് കെണി എന്നാവുമോ അമ്മാവൻ പറയുന്നതെന്ന് ഞാൻ ഭയന്നു വിറച്ചു.
Generated from archived content: story2_aug14_09.html Author: c_ganesh