ജീവിതസമരം

ഒരാൾ എപ്പോഴാണ്‌ എഴുതിത്തുടങ്ങുക എന്നു പറയാനാവില്ല. ജീവിതത്തിൽ ഏതു ഘട്ടത്തിലും അത്‌ സംഭവിക്കാം. ഇതിനു മുമ്പ്‌ അവൾ ഒരാൾക്കൊരു കത്തുപോലും എഴുതിയിട്ടില്ല. എങ്കിലും അവൾ അസാമാന്യമായ ശക്തിയോടെ എഴുതി. മറ്റൊരാൾക്ക്‌ വായിക്കാൻ വേണ്ടിയായിരുന്നില്ല അവൾ എഴുതിയതൊന്നും. ആരുടേയും നിർബന്ധം കൊണ്ടല്ല ശങ്കരനാരായണന്‌ ഇവ വായിക്കേണ്ടി വന്നത്‌. അവളെഴുതിയ എണ്ണിയാൽ തീരാത്ത കുറിപ്പുകളുടെ ആദ്യത്തേയും അവസാനത്തേയും വായനക്കാരനാവാൻ വിധിക്കപ്പെട്ടവനായ ശങ്കരനാരായണൻ അടിത്തൂപ്പുകാരനാണ്‌. ലോവർ ഡിവിഷനിലേയും സ്വീപ്പർ തസ്‌തികയിലേയും അവസരങ്ങൾക്ക്‌ അപേക്ഷ അയച്ചിട്ട്‌ ഒന്നും ലഭിക്കാതെ തന്റെ ലോകജ്ഞാനവും പൊതുവിജ്ഞാനവും പഠനനിലവാരവും വളരെ കുറവാണെന്നു തിരിച്ചറിഞ്ഞയാളുമാണ്‌ അയാൾ. ഒന്നും ലഭിക്കാതിരുന്നപ്പോൾ ശങ്കരനാരായണൻ തന്റെ പേരിനു ചേരുംവിധം അൽപനാൾ സന്ന്യാസിയായി ഒരു ആശ്രമത്തിൽ കൂടി. അവിടെ വച്ചു സൗഹൃദത്തിലായ ഒരാളാണ്‌ ഇവിടെ തൂപ്പുകാരനായി പണി ശരിയാക്കുകൊടുത്തത്‌.

വലിയൊരു ഔട്ട്‌ഹൗസായിരുന്നു അത്‌. ചുറ്റും നിറയെ വൃക്ഷങ്ങളുണ്ടായിരുന്നെങ്കിലും നല്ല വെളിച്ചം കിട്ടുന്ന പുറംവീട്‌. അങ്കമാലിക്കും ചാലക്കുടിക്കുമിടയിൽ വല്ലാതെ നഗരവൽക്കരണം ബാധിച്ച വീടെന്നൊക്കെ പറയാം. ആവശ്യത്തിലുമധികം മുറികളുണ്ടായിരുന്നു. അടുക്കള ഉണ്ടായിരുന്നില്ല. ഭക്ഷണം എല്ലാനേരവും കൃത്യമായി പുറമെനിന്ന്‌ എത്തുമായിരുന്നു.

വീട്ടിൽ ആരൊക്കെയാണ്‌ താമസിക്കുന്നതെന്നു ചോദിച്ചാൽ ശങ്കരനാരായണന്‌ ഉത്തരമുണ്ട്‌. രണ്ടേ രണ്ടു പേർ. അവനും അവളും. ശങ്കരനാരായണന്റെ ജോലി അവിടം മുഴുവൻ അടിച്ചുവൃത്തിയാക്കി എപ്പോഴും പുതിയ വീടായി നിലനിർത്തുക എന്നതായിരുന്നു.

ചെയ്യാനുളളത്‌ ശരിയായി നിറവേറ്റുന്നു, ശങ്കരനാരായണൻ. രാവിലെ നേരം വെളുത്താൽ അടിച്ചുതുടച്ച്‌ നിലം കണ്ണാടിപോലെ മിന്നുന്നതാക്കും. ഷോകേസിലേയും മേശപ്പുറത്തേയും അലമാരിയിലേയും സാധനങ്ങളും കൗതുകവസ്തുക്കളുമെടുത്ത്‌ പൊടിതുടച്ച്‌ വെക്കും. വൈകുന്നേരവും ഇതു തന്നെ ചെയ്യും. ഉച്ചക്ക്‌ മൃഷ്ടാന്നം തട്ടും. ഭക്ഷണത്തിൽ ഒരു കുറ്റം പറയാൻ കഴിയുമായിരുന്നില്ല. അത്രയ്‌ക്കു നല്ല ശാപ്പാട്‌. രാത്രിയിൽ നേരത്തെ ഉറങ്ങാം. ഇങ്ങനെ ജീവിതം വൃത്തിയായി പോകുന്ന സമയത്ത്‌, വിരുന്നുമുറിയിൽ നിന്ന്‌ ഒന്നു രണ്ടു കടലാസുകൾ കിട്ടി. ഇത്തരത്തിൽ കടലാസൊന്നും കിട്ടാറില്ല.

രണ്ടുപേർ താമസിക്കുന്ന വീടായിട്ടും യാതൊരു കുപ്പയും കിട്ടാതിരിക്കുന്നത്‌ ശങ്കരനാരായണന്‌ ആശ്ചര്യവുമായിരുന്നു. എന്നാൽ മുറികൾ നിറയെ പൊടിയും അഴുക്കും നിറയുമായിരുന്നു. ശങ്കരനാരായണനിലെ അധ്വാനിയെ വെല്ലുവിളിക്കും മട്ടിൽ അഴുക്കു തളംകെട്ടി നിൽക്കുമായിരുന്നു. എന്നാൽ ഒരു ദിവസം വ്യക്തമായ മലയാളത്തിലെഴുതിയ കടലാസു കിട്ടി. നല്ല കൈയ്യക്ഷരമായിരുന്നു. പണിക്കിടയിൽ കടലാസു വായിച്ചു നിന്നാൽ എന്താണു സംഭവിക്കുകയെന്നറിയില്ല. കാരണം വീട്ടുടമസ്ഥനായ ചെറുപ്പക്കാരൻ തന്നോടുമാത്രം അതിഗൗരവപ്രകൃതമായിരുന്നു. പൊതുജീവിതത്തിൽ അയാൾ പ്രസന്നമായി ഇടപെടുന്നത്‌ കണ്ടിട്ടുണ്ടെങ്കിലും ശങ്കരനാരായണനോടയാൾ സംസാരിച്ചിട്ടുളളത്‌ ഒന്നോ രണ്ടോ വാക്കുകൾ മാത്രം. വാക്കുകൾക്ക്‌ പിശുക്കു കാണിക്കുന്ന വീട്ടുടമസ്ഥൻ ശമ്പളത്തിന്‌ പിശുക്കു കാണിക്കിക്കുന്നില്ല എന്നതാണ്‌ സന്തോഷകരം. തൊഴിലിനിടയിൽ അലസനാവുന്നതു കണ്ടാൽ ചിലപ്പോൾ പിരിച്ചുവിട്ടേക്കും. ആളുകൾ തൂപ്പുകാരെ വെക്കുന്നത്‌ യന്ത്രംപോലെ പണിയെടുക്കാനാണ്‌.. നിയമിക്കുമ്പോൾ ഉടമസ്ഥൻ പറഞ്ഞതാണ്‌ “ഒരു കാര്യത്തിലും അനാവശ്യമായി ഇടപെടരുത്‌. ഒരിക്കലും മടി കാണിക്കരുത്‌. സമയത്തിന്‌ അടിച്ചുതീർത്തോളണം. പിന്നെ സമയാസമയത്തു കിട്ടുന്ന ആഹാരവും കഴിച്ച്‌ കിടന്നുറങ്ങുക.”

അതനുസരിക്കാനാണയാൾ ആഗ്രഹിച്ചിരുന്നത്‌. തന്റെ അനുസരണ തെറ്റിപ്പോവരുതേ എന്ന്‌ പ്രാർത്ഥിച്ചിരുന്നു ശങ്കരനാരായണൻ.

എന്നാൽ കിടന്നിട്ട്‌ ഉറക്കം വന്നില്ല. ഇന്നു കിട്ടിയ കടലാസു തന്നെയായിരുന്നു കാര്യം. അത്‌ സിനിമാപോസ്‌റ്റർ പോലെ മുമ്പിൽ.

“മില്ലൻ, നമ്മൾ കളിക്കുകയാണ്‌ അല്ലേ? കാലത്തെ കൈവെളളയിലാക്കി ഒരു കളി. ജീവിതത്തിന്റെ മഴക്കോളിലേക്ക്‌ ഒരു മുൻകരുതലുമില്ലാതെ ഇറങ്ങിയ നമ്മളിപ്പോൾ എത്ര അനായാസമായാണ്‌ ആ മഴയിലൂടെ നടക്കുന്നത്‌. മഴയും കാറ്റും പേമാരിയും ദുരിതമല്ലാത്ത യാത്ര. പറയൂ മില്ലൻ, നമ്മളെങ്ങിനെയാണ്‌ ഒരേ തോണിയും ഒരേ തുഴയുമുളളവരായി മാറിയത്‌?”

ശങ്കരനാരായണൻ അറിയാതെ കാണിച്ച അബദ്ധത്തിൽ വേവലാതിപ്പെടാൻ തുടങ്ങി. സ്വന്തം വേവലാതിയമർത്താൻ കടലാസിനു പൂരകമായി അയാൾക്ക്‌ ഒരു കഥ നിർമ്മിക്കാതെ വയ്യെന്നായി. കഥയോ ജീവിതിമോ എന്നു തിരിച്ചറിയാനാവാത്ത ഒന്നായിരിക്കുമതെന്ന്‌ ഏതാണ്ടയാൾക്ക്‌ തീർച്ചയായിരുന്നു.

വീട്ടുടമസ്ഥന്റെ പേര്‌ മില്ലൻ. മില്ലേനിയത്തിൽ പിറന്നവൻ. അവൾക്ക്‌ പ്രതേകിച്ച്‌ പേരൊന്നും ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു. അവർ ദമ്പതികളായിരുന്നു. കുട്ടികൾ ഉണ്ടായിരുന്നില്ല. നവദമ്പതികളുടെ മട്ടിലുളള ചില അപൂർവ്വ പ്രകടനങ്ങൾ ശങ്കരനാരായണന്‌ ഓർമ വന്നു.

ജീവിതത്തിന്റെ മഴക്കോളിനെകുറിച്ചും കാലത്തെ കൈവെളളയിലാക്കി അവർ കളിക്കുന്ന കളിയെപ്പറ്റിയും വേണ്ടതിലധികം വിവരങ്ങൾ ഊഹിക്കാമെങ്കിലും ശങ്കരനാരായണൻ അതിനു മുതിർന്നില്ല. സന്തുഷ്ടജീവിതത്തിന്റെ സർട്ടിഫിക്കറ്റ്‌ അവർക്ക്‌ കൊടുത്ത്‌ പുതപ്പുകൊണ്ടൊരു കോട്ട കെട്ടി അയാൾ കിടന്നു.

ഏറെനാൾ മുമ്പ്‌ മില്ലൻ ഒരു പത്രപരസ്യം കണ്ടു. പതിവുജോലി വാഗ്‌ദാനങ്ങളിൽ നിന്നും വ്യത്യസ്‌തമായ പരസ്യം. ആദ്യം തമാശമട്ടിലായിരുന്നു മില്ലൻ അതു വായിച്ചത്‌.

– “ വിവാഹപ്രായമെത്തിയ പുരുഷൻമാരുടെ ശ്രദ്ധയ്‌ക്ക്‌. നിങ്ങൾക്കൊരു ഭർത്താവായി ജോലി നോക്കാനുളള യോഗ്യതയുണ്ടോ? നേരിൽ ബന്ധപ്പെടുക. വിലാസം; നഗരത്തിലെ കൺഫ്യൂഷൻ സ്‌ക്വയർ.”

അവിടെയെത്തിയപ്പോൾ നാലു ചോദ്യങ്ങളുടെ ചോദ്യാവലി എറിഞ്ഞുകിട്ടി.

1. നിങ്ങൾ ഞാൻ പറയുന്ന പെൺകുട്ടിയെ വിവാഹം ചെയ്യാൻ തയ്യാറാണോ?

2. ജീവിതകാലം മുഴുവൻ അവളുടെ ഭർത്താവായിരിക്കാമോ?

3. ഒരിക്കൽ പോലും അവളോടൊത്ത്‌ കിടക്ക പങ്കിടാതിരിക്കാമോ?

4. അവൾ പെറ്റുകൂട്ടുന്ന സന്തതികളുടെ പിതൃത്വം സ്വീകരിക്കാമോ?

നാലു ചോദ്യങ്ങൾ! അതവന്‌ നിസാരമായി തോന്നി. എല്ലാറ്റിനും മറുപടിയായി എന്തിനും തയ്യാർ എന്നെഴുതി.

അവൻ ചിന്തിച്ചത്‌ ഇത്രമാത്രം. ഈ ജോലി എത്ര ലളിതം. ഇതു ചെയ്യാൻ എന്തുകൊണ്ടും തനിക്കു കഴിയും. എന്തിനിതു ചെയ്യണമെന്നോ തൊഴിലിന്റെ ഊടുവഴികളും വളവുകളും തിരിവുകളും എത്രാമാത്രമെന്നോ ചിന്തിക്കേണ്ടതില്ല. എന്തിനു ചിന്തിക്കണം? മില്ലേനിയത്തിന്റെ ഉരഗജീവിയാണു ഞാൻ. മില്ലൻ. പഠിച്ച അറിവുകൾ ലോകത്തിന്റെ അളവുകോലുകൾക്ക്‌ മുമ്പിൽ ചെറുതായിപ്പോവുന്നതു കണ്ട്‌ പങ്കപ്പാടോടെ ഓടുന്നവൻ. അതിജീവനത്തിന്റെ അവസാന അക്ഷരമാണു തേടുന്നത്‌. അതിനാൽ സംശയങ്ങൾ ഒഴിഞ്ഞുപോയവൻ.

“യൂ ആർ സിലക്‌റ്റഡ്‌” ആജ്ഞാപനത്തിന്റെ സ്വരം കേട്ടപ്പോൾ അവന്‌ ഉച്ചത്തിൽ കൂവാനാണു തോന്നിയത്‌. ആ സ്വരം എവിടെ നിന്നാണു വന്നതെന്ന്‌ ആറിയുമായിരുന്നില്ല. മുറിക്കകത്തെ ചുമരുകൾ ശബ്ദിക്കുന്നതുപോലെ. പിന്നീട്‌ ഏറെക്കാലം അവൻ ജീവിച്ചത്‌ ആ ശബ്ദത്തിന്‌ കീഴ്‌പ്പെട്ടായിരുന്നുവല്ലോ.

ശങ്കരനാരായണൻ വായിക്കാനിടയായ മറ്റൊരു കുറിപ്പ്‌ ഇങ്ങനെഃ “സമയത്തിന്‌ കാര്യമായ തകരാറ്‌ സംഭവിച്ചിരിക്കുന്നു. അത്‌ ഓടിപ്പോകാതെ ഇഴഞ്ഞുനീങ്ങി ബുദ്ധിമുട്ടിക്കുകയാണ്‌. ഘടികാരത്തിലെ സൂചികൾപോലും നടിക്കുകയാണ്‌. ചുമരിലെ പടങ്ങൾ, കലണ്ടറുകൾ ഒക്കെ മടിയന്മാരായി കിടക്കുകയാണ്‌. തണുപ്പുളള ദിവസം പുതച്ചുമൂടിയുളള കിടപ്പുമാതിരി നീണ്ടുനിവർന്നു കിടക്കുകയാണ്‌ കട്ടിൽ. ”നോക്കൂ എന്നെ ഭ്രാന്തു പിടിപ്പിക്കരുത്‌.“

പെണ്ണുകാണൽ നടന്ന അന്നുതന്നെ വിവാഹവും നടന്നിരുന്നു. എല്ലാറ്റിനും സമ്മതമെന്നാണ്‌ പെൺവീട്ടുകാർ പറഞ്ഞത്‌. അവൾ കലാലയത്തിലൊക്കെ പോയി പഠിച്ചിരുന്ന നാട്ടിൻപുറത്തുകാരിയായിരുന്നു. അതിനെക്കാൾ കഠിനഹൃദയന്മാർക്ക്‌ പ്രണയിച്ചു ചതിക്കാൻ പാകത്തിലുളള കുഴമണ്ണ്‌. സുന്ദരിയായിരുന്നു അവൾ. അതിനാൽ അവർ പൊടുന്നനെ വിവാഹത്തിലേക്ക്‌ അവളെ മറിച്ചിട്ടു രക്ഷിച്ചു.

രാത്രിയിൽ മില്ലൻ പറഞ്ഞു ”ഞാനൊരു പ്രതിനിധിയാണ്‌. പ്രതിനിധികളില്ലാതെ ഒരു പ്രസ്ഥാനവും നടത്താനാവില്ലെന്നറിയാമല്ലോ. എനിക്കു ശമ്പളം തരുന്ന ബോസിന്റെ പ്രതിനിധി ഞാൻ. പകൽ മുഴുവൻ നമ്മൾ ദമ്പതികളായി നാടകം കളിക്കും. രാത്രിയിൽ ബോസ്‌ വരും. ജീവിതത്തിന്റെ ജാലവിദ്യ കാണിച്ചുതരുവാൻ.“

മറുത്തൊന്നും പറഞ്ഞില്ല. ഒരു പക്ഷേ ബുദ്ധിമതിയായതിനാലായിരിക്കും എതിർക്കാതിരുന്നത്‌. തന്റെ ആകാശത്തിന്റെ വലക്കണ്ണികൾ വലുതാക്കാതെ രക്ഷയില്ലെന്ന്‌ അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു, ഇതിനകം.

ജഗ്‌ഗിൽ നിന്ന്‌ വെളളമെടുത്ത്‌ കുടിക്കുമ്പോൾ അറിയാതെ താനെന്തിനാണ്‌ കരയുന്നതെന്ന്‌ അവൾ ചിന്തിച്ചു. ഇഴ മുറിയാത്ത നീണ്ട കരച്ചിൽ. അവൾ അവളെ സംശയത്തോടെ ഉറ്റുനോക്കി.

അടുത്ത നിമിഷം അവൾക്കു മനസ്‌സിലായി, കരച്ചിൽ വന്നുകൊണ്ടിരുന്നത്‌ അവളുടെ ശരീരത്തിൽ നിന്നായിരുന്നില്ല. മില്ലനിൽ നിന്നായിരുന്നു….. അവൻ തറയിൽ കുനിഞ്ഞിരിക്കുയായിരുന്നു.

മില്ലൻ വിതുമ്പി വിതുമ്പി ഒരു പ്രാണിയോളം ചെറുതായി പോയിരുന്നു……..

ശങ്കരനാരായണൻ വളരെ മുമ്പു കണ്ടെത്തിവയും വായിക്കാൻ വിട്ടുപോയതുമായ കുറിപ്പിൽ ”ഒരാൾ വരുന്നു. അഭിനയിക്കുന്നു. പോകുന്നു. മറ്റൊരാൾ വരുന്നു. അഭിനയിക്കുന്നു. പോകുന്നു. രണ്ടിനുമിടയിൽ ഒഴുകിത്തീരുന്നത്‌ എന്റെ ജീവിതമാണ്‌. ആർക്കും ഒരുറപ്പും നൽകാനാവാത്തതായി മാറുന്നു എന്റെ ദിനങ്ങൾ. ഉത്തരവാദിത്തമേതുമില്ലാതെ ഒഴുകി തീരുകയേ വേണ്ടൂ“ എന്നു കാണുന്നു.

ഇപ്പോൾ ആകെ അസ്വസ്ഥനായിരിക്കുന്നത്‌ ശങ്കരനാരായണനാണ്‌. രണ്ടു അഭിനയജീവിതങ്ങൾക്കു നടുവിൽ എല്ലാമറിയുന്ന തൂപ്പുകാരനായി മാറിയിരിക്കുകയാണ്‌. അമ്പരപ്പിനേയും ഉൽക്കണ്‌ഠയേയും പെരുപ്പിച്ചുകൊണ്ട്‌ അവളെഴുതിയ ഒരു കൂട്ടം കുറിപ്പുകൾ ബാൽക്കണിയിലെ ഷെൽഫിൽ നിന്ന്‌ കിട്ടിയിരിക്കുന്നു.. വീടു മുഴുവൻ വൃത്തിയായി സൂക്ഷിക്കുന്നതിനാൽ ഒരു പൂച്ചിപോലും അതിലൊന്നും ആക്രമണം നടത്തിയിട്ടില്ല. ചിതലോ പൊടിയോ ഇല്ല. ഭംഗിയിൽ എഴുതിയ ഒറ്റയൊറ്റ കുറിപ്പുകൾ അവിടെയുമിവിടെയും തുറിച്ചുനോക്കുകയാണ്‌ ശങ്കരനാരായണനെ. സിറ്റൗട്ടിലെ അലങ്കാരസസ്യങ്ങൾക്കിടയിൽ നിന്നും ഉപയോഗശൂന്യമായ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്ന മുറിയിൽ നിന്നും സൽക്കാരമുറിയിൽ നിന്നും അടുക്കളയിൽ നിന്നും ഊൺതളത്തിൽ നിന്നും മാത്രമല്ല, പുറത്തുളള പൂന്തോട്ടത്തിൽ നിന്നും ആന്തൂറിയത്തിനിടയിൽ നിന്നും മതിലിൽ നിന്നുമൊക്കെ കുറിപ്പുകൾ കിട്ടാൻ തുടങ്ങിയതോടെ ആരും കാണാതെ ശങ്കരനാരായണൻ അതെല്ലാം ശേഖരിച്ച്‌ കുത്തിക്കെട്ടാനുളള പുസ്‌തകം കണക്കെ എടുത്തുവച്ചു. അങ്ങനെ ചെയ്യുമ്പോൾ ശങ്കരനാരായണൻ വിറക്കുകയും കുറ്റം ചെയ്യുന്ന പ്രതിയെപ്പോൽ ഭയമുളളവനാവുകയും ചെയ്‌തു.

കുറിപ്പ്‌ 31

നിന്റെ കണ്ണുകളിൽ എപ്പോഴും ശാന്തതയാണ്‌ ഞാൻ വായിച്ചിരുന്നത്‌. പെണ്ണു കാണാൻ വന്നപ്പോഴും പിന്നീട്‌ ഭർത്താവായി കാറിലിരുന്നപ്പോഴും പിന്നീട്‌ ഭർത്താവല്ലാതെ പകലുകൾ കഴിച്ചപ്പോഴും പിന്നീട്‌ ഭർത്താവാകാതെ തന്നെ കറങ്ങാൻ വന്നപ്പോഴും നിന്നിൽ ശാന്തതയായിരുന്നു. അതിലൊരിടത്തും ചതിയുണ്ടായിരുന്നില്ല. ശരിക്കാലോചിച്ചാൽ ഉണ്ടായിരുന്നത്‌ ദയനീതയായിരുന്നു.

അപാരമായ ദയനീയത. നെല്ലിപ്പടിയിൽ നിന്നുകൊണ്ടുളള നിലവിളിപോലെ അതെന്നെ ആകർഷിച്ചിരുന്നു. ഒരു വേള, കൊടിയൊരു ചതി നിന്റെയുളളിൽ ഉണ്ടെന്നിരിക്കട്ടെ. ഞാനത്‌ ക്ഷമിച്ചു. പൊറുത്തു.

കുറിപ്പ്‌ 39

ശരിയ്‌ക്ക്‌ പറയ്‌! നീയിപ്പോൾ ചിന്തിക്കുന്നതെന്താണ്‌? നീ ചിന്തിക്കേണ്ടത്‌ നിന്റെയുളളിലെ നിന്നെപ്പറ്റിയാണ്‌. ഉപദേശമല്ല. കാപട്യത്തിന്റെ ദൂരങ്ങളൊന്നും നമ്മൾ തമ്മലില്ല. ചില അഭിനയമുഹൂർത്തങ്ങളിലൂടെ ആർക്കും കടന്നുപോകേണ്ടിവരും. എന്നാൽ അതെല്ലാം ചെറിയ ചെറിയ കാര്യങ്ങളാണ്‌. തീവ്രമായൊരു പ്രണയം പോലും തുറന്നുപറയാൻ കഴിയാത്തവിധം നീ വീണുപോയ ചതിക്കുഴിയാണ്‌ ഇപ്പോൾ എന്നെ വിഷമിപ്പിക്കുന്നത്‌. എന്നാലും സാരമില്ല. പ്രണയിക്കുന്നത്‌ സമ്മതപത്രം ഒപ്പിട്ടുവാങ്ങിയൊന്നുമല്ലല്ലോ.

കുറിപ്പ്‌ 47

‘ബോസിനെ സ്‌നേഹിക്കൂ’ എന്നു പറയാനേ നിനക്കാവൂ മില്ലൻ. കാരണം. നീയൊരു പാവമാണ്‌. ശുദ്ധഹൃദയൻ. സ്നേഹക്കടലിൽ നീന്താൻ കെൽപില്ലത്താവൻ. നീ യാതൊന്നും സ്വന്തമാക്കാനാഗ്രഹിക്കുന്നില്ല. ഒന്നും സ്വന്തമാണെന്നും വിചാരിക്കുന്നില്ല. പാറി നടക്കാനായിരിക്കും നിനക്കിഷ്ടം. ആവട്ടെ, പക്ഷേ അതു തിരിച്ചറിയുന്നത്‌ ഈ ഞാനാണ്‌. ഞാൻ മാത്രമായിരിക്കുമെന്നാണ്‌ കരുതുന്നത്‌.

കുറിപ്പ്‌ 55

എനിക്കയാളെ സ്നേഹിക്കാൻ കഴിയുന്നില്ല, മില്ലൻ. അയാളുടെ ഭോഗങ്ങൾ എനിക്ക്‌ ചെറിയൊരു വേദനയും ഇത്തിരി നേരത്തെ കിതപ്പുമാണ്‌. ഇതല്ലാതെ മറ്റൊന്ന്‌ ഇനി സാദ്ധ്യമാവുമോ? എന്റെ വലിയ സാന്ത്വനം നീയും നിന്റെ സാന്നിധ്യവുമാണ്‌. ഇസ്തിരിയിട്ടതുപോലുളള നിന്റെ വർത്തമാനങ്ങൾ, പട്ടാളക്കാരെപ്പോലുളള പെരുമാറ്റങ്ങൾ, പുഞ്ചിരി, സമ്മതങ്ങൾ, നിർദ്ദേശങ്ങൾ, ശബ്ദങ്ങൾ എല്ലാം കൃത്രിമമാണ്‌ നിന്റേത്‌. ആലോചിച്ചാൽ ആ കൃത്രിമത്വം തന്നെയല്ലേ യാഥാർത്ഥ്യം! അതിനാലെനിക്കിന്നു പറയാനാവുന്നു നീയൊരു പച്ചമനുഷ്യനാണെന്ന്‌. ഈ പച്ചമനുഷ്യനെ അഗാധമായി പ്രണയിക്കുന്നുവെന്ന്‌.

ശങ്കരനാരായണൻ അവയെല്ലാം പെറുക്കിയെടുത്ത്‌ അയാളുടെ മുഷിഞ്ഞ അടിവസ്ര്തങ്ങളും ചപ്പത്തുണിയും ചൂലും ഇട്ടുവെക്കുന്ന പെട്ടിയുടെ അടിയിലായി ഒതുക്കിവച്ചു. ഇതൊന്നും ആരും കണ്ടുകൂടാ. ആരും അറിഞ്ഞുകൂടാ.

ബോസെന്ന ഭീകരനും മില്ലനും കൂടി വിദഗ്‌ദ്ധമായി കബളിപ്പിച്ചതൊന്നും ശങ്കരനാരായണന്‌ ചതിയായി തോന്നിയില്ല. നമ്മളെയെല്ലാം നയിക്കുന്ന അദൃശ്യമായ സാന്നിദ്ധ്യമുണ്ടെന്നു മുമ്പ്‌ ആശ്രമത്തിലായിരുന്നപ്പോൾ ആരോ പറഞ്ഞത്‌ ഓർമ്മയിലെത്തി.

നാടകം കളിയിൽ സ്വാഭാവികത തോന്നാതിരിക്കാനുളള തിരശീലപ്പയ്യനായി താൻ ജീവിച്ചിരിക്കുന്നു.

ശങ്കരനാരായണൻ നാലഞ്ചുതരം ചിരികളെ ഫലപ്രദമായി സ്വീകരിച്ചിരുത്തി, അതിന്റെ രസം നുണഞ്ഞു.

വൈകുന്നേരമാവുമ്പോഴേക്കും ഉളളുണർവ്വിൽ ശങ്കരനാരായണൻ വീടത്രയും വൃത്തിയാക്കി. വീട്ടുപകരണങ്ങൾ യഥാസ്ഥാനത്തുവച്ചു. കാർപെറ്റ്‌ വിരിക്കേണ്ടിടത്തു വിരിച്ചു. എല്ലാം കഴിഞ്ഞ്‌ നടുനിവർത്തുമ്പോൾ മുൻപിൽ നിൽക്കുന്നു, മില്ലൻ.

ചുരുങ്ങിയ കാലത്തെ സമ്പർക്കത്തിനിടയിലാദ്യമായി മില്ലനെ – ഉടമസ്ഥനെ – സാധാരണമനുഷ്യന്റെ മുഖഭാവവുമായി ശങ്കരനാരായണൻ കണ്ടു. മില്ലൻ മറ്റൊരു കരച്ചിലിന്റെ വക്കിലായിരുന്നു.

ജോലിഭാരം കൊണ്ടല്ല, അതേൽപ്പിച്ച കനത്തമുറിവുകൾകൊണ്ട്‌ രാജിയേൽപ്പിക്കുന്ന ഒരുവനായി മില്ലൻ പറഞ്ഞു..

”മതിയായി…. എല്ലാം നിർത്തിപോവാൻ സമയമായിരിക്കുന്നു.“

ഒന്നു നിർത്തി മില്ലൻ തുടർന്നു ”ഞാൻ പോയാലും നിങ്ങൾക്കിവിടെ തുടരാൻ കഴിയുമായിരിക്കും.“

സമാധാനിപ്പിക്കും മട്ടിൽ അത്രയും പറഞ്ഞ്‌ മില്ലനിറങ്ങിപ്പോയത്‌ പെട്ടെന്നായിരുന്നു.

അഞ്ചുമിനിറ്റോളം ശങ്കരനാരായണൻ മില്ലനിറങ്ങിപ്പോയ വഴിത്താര നോക്കി നിന്നു. അൽപം മുമ്പ്‌ അയാൾ ശുദ്ധീകരിച്ച വഴി.

ശങ്കരനാരായണൻ നേരെ നടന്നത്‌ അവളുടെ മുറിയിലേക്കായിരുന്നു. അയാൾക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ട ഒരേ ഒരിടം.

അവളുടെ വാതിലിൽ മുട്ടുമ്പോൾ പാവം പച്ചനാടൻപെണ്ണിനോട്‌ പറയാൻ ശങ്കരനാരായണനിൽ ഒന്നുമുണ്ടായിരുന്നില്ല. അയാൾ പലപ്പോഴായി ശേഖരിച്ച കുറിപ്പുകൾ ക്രമത്തിൽ അടുക്കിവച്ചത്‌ വേണമെങ്കിൽ എടുത്തു നൽകാം. ചപ്പയുടേയും അവശിഷ്‌ടങ്ങളുടെയും നാറ്റമുണ്ടാവുമെങ്കിലും അവനവൻ എഴുതിയത്‌ പിന്നീടു വായിക്കുക രസപ്രദമല്ലേ? മില്ലനോടുളള സ്നേഹമോ ജീവിതത്തോടുളള കയ്‌പോ രേഖപ്പെടുത്തിയെന്ന്‌ ആശ്വസിക്കാനെങ്കിലും സഹായിക്കുമിത്‌.

മുറി തളളിത്തുറന്നപ്പോൾ അവിടെ അവൾ ഉണ്ടായിരുന്നില്ല. ഏറെ നേരമായി ഉപേക്ഷിക്കപ്പെട്ടതുപോലിരുന്ന മുറി.

എല്ലാറ്റിനും, എല്ലാവർക്കും മുകളിലിരിക്കുന്ന ബോസിനെ ഒരു നോക്കു കാണാമെന്ന ശങ്കരനാരായണന്റെ ആഗ്രഹവും നടന്നില്ല. രാത്രിയിൽ പതുങ്ങിവരുമെന്ന്‌ ധരിച്ച്‌ ഉറക്കമിളച്ചിരുന്ന ശങ്കരനാരായണന്റെ ഉറക്കം മാത്രം നഷ്ടമായി.

ബോസിനെയും കാണാനില്ലെന്നറിഞ്ഞതോടെ വീട്‌ പുതിയ വാടകക്കാർക്കു നൽകുവാൻ അനുയോജ്യമായ പരസ്യം എങ്ങനെ തയ്യാറാക്കണമെന്നാലോചിച്ച്‌ ശങ്കരനാരായണൻ തന്ത്രം മെനഞ്ഞു.

Generated from archived content: story1_sept5_07.html Author: c_ganesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകലിംഗത്തുപ്പരണി
Next articleതണൽ
1976-ൽ പാലക്കാട്‌ ജില്ലയിൽ മാത്തൂരിൽ ജനനം. ക്രിയാത്‌മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചെമ്പകം (കഥകൾ) ഇണ&ജീവതം (നോവൽ) പ്രസിദ്ധപ്പെടുത്തി. അങ്കണത്തിന്റെ കൊച്ചുബാവ പുരസ്‌കാരം, നെഹ്‌റുയുവകേന്ദ്ര യുവഎഴുത്തുകാർക്കു നൽകുന്ന അവാർഡ്‌, ആലോചന സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്‌ണൻകുട്ടി സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തി. ഭാര്യഃ സ്‌മിത ഗണേഷ്‌. മകൾഃ സ്‌നിഗ്‌ദ്ധ (തംബുരു). വിലാസംഃ ഭാമിനി നിലയം, മാത്തൂർ പി.ഒ, പാലക്കാട്‌ - 678 571. Address: Phone: 9847789337

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English