മാഷ് രണ്ടു കല്യാണം കഴിച്ചതാണ്. പക്ഷെ കുട്ടികള്‍ ഉണ്ടായില്ല. കുട്ടികളെ എവിടെ കണ്ടാലും തുറിച്ചു നോക്കാന്‍ കാരണമതായിരിക്കാം.
പക്ഷെ മാഷോട് ചോദിച്ചാല്‍ ഇതല്ല പറയുക. കുട്ടികള്‍ ദൈവത്തിന്റെ വഴികാട്ടികളാണ് എന്നോ നക്ഷത്രങ്ങളുടെ സ്വപ്നങ്ങളാണ് എന്നോ ആയിരിക്കും. തത്വശാസ്ത്രത്തെ ജീവിതത്തില്‍ നിന്നു രക്ഷപ്പെടാനുള്ള പഴുതായി മാഷും ഉപയോഗിക്കുന്നു. അത്രമാത്രം.
മൊട്ടപ്പറമ്പില്‍ ഉച്ചനേരത്ത് ഒറ്റക്കു നിന്ന കുട്ടിയെ മാഷ് സൂക്ഷിച്ചു നോക്കി. വെയിലത്ത് അവള്‍ പ്രായപൂര്‍ത്തിയെത്താറായ വാഴയേപ്പോലെ നില്‍ക്കുകയായിരുന്നു. അവള്‍ എന്തോ തിരയുകയാണെന്നാണ് ആദ്യം വിചാരിച്ചത്. കൊലുസോ കമ്മലോ മാലയോ പോയത് തിരഞ്ഞ് കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണ് അവള്‍ എന്നു കരുതി. എന്നാല്‍, അതൊന്നുമായിരുന്നില്ല അവള്‍ അനങ്ങാതെ നില്‍ക്കുകയായിരുന്നു. ഉച്ചവെയില്‍ .കഷ്ടിച്ച് എട്ടു വയസ്സുള്ള പെണ്‍കുട്ടി. ഊണിനായി വീടിനകത്തേക്കു തിരിയാനുറച്ച നിമിഷത്തില്‍ കണ്ണ് പറമ്പിലേക്ക് പാളിപ്പോയതാണ്.
മാഷ് മുറ്റത്തു നിന്ന് ഗെയിറ്റിനടുത്തേക്കു വന്നു ‘ വിശ്വദര്‍ശനം ‘ എന്നെഴുതിയ ഗെയിറ്റില്‍ പിടിച്ച് വെറുതെ നിന്നു അതില്‍ കമ്പിള്‍ കൊണ്ട് ചിട്ടപ്പെടുത്തിയ ശ്രീകൃഷ്ണന്റെ രൂപത്തിലെ ഓടക്കുഴലില്‍ കൈമുട്ട് ഊന്നി. പെണ്ണ് പ്രാര്‍ത്ഥിക്ക്കുകയോ പിറുപിറുക്കുകയോ? ഒറ്റക്ക് ഇവളെന്തു കളിയാണ് കളിക്കുന്നത്? മാഷ് സൂക്ഷിച്ചു നോക്കുന്നത് ഇവള്‍ കണ്ടതേയില്ല. ഭൂമിയില്‍ ഏറ്റവും സ്വകാര്യമായത് ചെയ്യുമ്പോള്‍ ആരും കാണുന്നില്ലെന്ന് വിശ്വസിക്കുകയാണ് നമ്മുടെ ഒരു രീതി. അവളും അതുപോലെ കരുതി.
ഒരു കുട്ടി ഒറ്റയ്ക്കു നില്‍ക്കുന്നു എന്നതില്‍ വലിയ ദാര്‍ശനികസത്യം ഒളിഞ്ഞിരുപ്പുണ്ടെന്ന് മാഷിനു തോന്നി. കുട്ടികള്‍ക്ക് ചില ഉള്‍വിളികള്‍ തോന്നാറുണ്ട് കുട്ടികളോളം വലുതാവണമെന്നാണ് നമ്മള്‍ പറയേണ്ടത്. അങ്ങനെ പറഞ്ഞാല്‍ കുട്ടികളൊളം എങ്ങനെയാണ് വലുതാവുക, കുട്ടികള്‍ ചെറുതുകളല്ലേ’ എന്നാവും ആളുകള്‍ ചോദിക്കുക.
അവളിപ്പോഴും പറമ്പിനു നടുവില്‍ നില്‍ക്കുക തന്നെയാണ്. ചുറ്റും വേലികെട്ടിയിട്ടില്ലാത്ത ഒരു പറമ്പാണത്. കുറെ ഭാഗത്ത് മെത്തവിരിപ്പുല്ലുകളുമുണ്ട് പറമ്പിന്റെ നടുവിലൂടെ കുറുകെ നടപ്പാതപോലെ കാണാം. പറമ്പു കുറുകെ കടന്നു പോയാല്‍ പ്രധാന കൂട്ടുപാതയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. അതിനാല്‍ ആളുകള്‍ നടവഴിയായി പറമ്പിനെ ഉപയോഗിക്കാറുണ്ട്. പറമ്പ് ആരുടേതാണെന്ന് മാഷിന്റെ വീട്ടില്‍ വരുന്ന ബന്ധുക്കള്‍ ചോദിക്കാറുണ്ട്. പറമ്പും മാഷിന്റേതു തന്നെയാണെന്ന് കരുതുന്നവരുമുണ്ട്.
മാഷ് ഗെയിറ്റു തുറന്ന് പെണ്‍കുട്ടിയുടെ അടുത്തേക്ക് നടന്നു. നടത്തം തുടങ്ങുന്നതിനു മുമ്പ് ‘ ചോറ് വിളമ്പിക്കോ ഞാനിതാ വരുന്നു’ എന്ന് രണ്ടാം ഭാര്യയോട് അകത്തേക്ക് വിളിച്ചു പറഞ്ഞു. ചോറ് കഴിക്കാതിരുന്നാല്‍ വലുതാവില്ലെന്ന് മാഷിനറിയാം ! മാഷ് നന്നായി മാമു കഴിക്കുന്ന ആളാണ്.
മാഷ് അവളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് നടന്നു. പെണ്‍കുട്ടി അവിടെത്തന്നെ നില്‍ക്കുന്നുണ്ട് മാഷ് അവള്‍ക്കടുത്തു ചെന്നു തായമ്പകപ്പെരുക്കമായി വെയില്‍ അല്‍പ്പനേരം കൊണ്ടാല്‍ തലകറങ്ങി വീഴും. അങ്ങനെയുള്ള വെയിലുകൊണ്ടാണ് പെണ്‍കുട്ടി ഏറെ നേരമയി നില്‍ക്കുന്നത്. വല്ലാത്ത കുട്ടി തന്നെ .
മാഷ് അടുത്തെത്തിയതും പെണ്‍കുട്ടി മിഴിച്ചു നോക്കി. പിന്നെ പൊടുന്നനെ ചോദിച്ചു ‘’ എന്റെ വീട് കണ്ടുപിടിക്കാന്‍ സഹായിക്ക്വോ’‘?
പാവം വീട്ടിലേക്കുള്ള വഴിയറിയാതെ വിഷമിക്കുകയാണ്. ആരെയും കാണാത്തതുകൊണ്ട് പറമ്പിനു നടുവില്‍ വന്നു നിന്നതാവാം. ആവട്ടെ കഴിയുമെങ്കില്‍ സഹായിക്കാം.
‘’ ഞാനെന്താ വേണ്ടേ’‘? മാഷ് നിഷ്കളങ്കമായി കുട്ടിയോട് ചോദിച്ചു . അവളുടെ നെറ്റിത്തടം വെയിലു തട്ടി ചെമന്നിരുന്നു. അവള്‍ വിയര്‍ത്തിരുന്നു .എങ്കിലും അവളുടെ കണ്ണില്‍ അമ്മ വരച്ചുകൊടുത്ത കണ്മഷി പരക്കാതെ ഭംഗിയില്‍ നിന്നിരുന്നു.
രണ്ടു വശത്തേക്കും മെടഞ്ഞിട്ട മുടി കുലുക്കി പറമ്പിനു കുറുകെ കൈചൂണ്ടി അവള്‍ പറഞ്ഞു ‘’ എന്റൂടെ അത്രടം ഒന്നു വന്നാ മതി… അവിടെത്ത്യാ എനിക്കറിയാലോ എന്റെ വീട്’‘
അവള്‍ മിടുക്കിയാണെന്ന് മാഷിനു തോന്നി. യുക്തിയും കൗശലവുമുള്ള കുട്ടി. അവളുടെ കുഞ്ഞു ദേഹത്തില്‍ വലിയ ഒരു സ്ത്രീയെ മാഷ് കണ്ടു.
വേറൊന്നും ചോദിച്ചില്ല . മുന്നില്‍ നടന്നോളൂ…. ഞാന്‍ കൂടെ വരാം’‘ മാഷ് പറഞ്ഞു കുസൃതി നിറഞ്ഞ ചിരിയാല്‍ കുട്ടി സന്തോഷം കാട്ടി.
അവള്‍ പറമ്പു മുറിച്ചു കടന്നു. മാഷ് പിന്നാലേയും . പറമ്പു മുറിച്ചു കടന്നാലുടന്‍ വാകമരത്തിന്റെ വേരുകള്‍ പടര്‍ന്നു കിടക്കുന്ന ചെറിയ കയറ്റമുണ്ട് അതുകഴിഞ്ഞാല്‍ പരുവക്കൂട്ടമാണ്. മുള്ളുകള്‍ നാവു നീട്ടി നില്‍ക്കുന്ന പരുവക്കൂട്ടം. കാറ്റടിക്കുമ്പോള്‍ പരുവകള്‍ പരസ്പരം ഉരസുന്ന കാറല്‍ കേള്‍ക്കാം. കുട്ടികള്‍ക്ക് ഭയാനകമായ ശബ്ദമാണത് ,. മാഷിന് പച്ചമലയാളം കവികളുടെ കാടിനെ വര്‍ണിക്കുന്ന വരികല്‍ ഓര്‍മ്മ വന്നു.
പരുവക്കൂട്ടത്തില്‍ ഒരു വശത്തുകൂടിയുള്ള ഇടവഴിയിലൂടെ പെണ്‍കുട്ടി നടന്നു. ഇരു വശവും എപ്പോള്‍ വേണമെങ്കിലും ദേഹത്തുരസാവുന്ന വേലിപ്പടര്‍പ്പിലൂടെ ശ്രദ്ധിച്ചു നടന്നു. ആ വഴി ഒരു ഇറക്കമായിരുന്നു. ഇറക്കം അവസാനിക്കുന്നത് ഒരു തിരിവില്‍. അവിടെ മരവേരുകള്‍ക്കിടയിലൂടെ പോകുന്ന കഴായ. സൂക്ഷിച്ചുനോക്കിയാല്‍ ഞണ്ടുകളേയും ഞാഞ്ഞൂലുകളേയും കാണുന്ന കഴായ. കളകളശബ്ദമുണ്ടാക്കുന്ന വെള്ളം….
പെണ്‍കുട്ടി കൈകള്‍ വിടര്‍ത്തി കഴായ ചാടിക്കടന്നു. അതൊരു വ്യത്യസ്തമാര്‍ന്ന കാഴ്ചയായിരുന്നു. അവള്‍ അപ്പുറത്തെത്തി , മാഷ് കഴായ കടക്കുമെന്ന് കുതൂഹലത്തോടെ നോക്കി. ഉടുമുണ്ട് കയറ്റിപ്പിടിച്ച്, കാല്‍ നീട്ടിപ്പൊക്കി വച്ച് മാഷ് കഴായ കടന്നു. അതുകണ്ട അവള്‍ നടത്തം തുടര്‍ന്നു.
പിന്നെയും ഇടുങ്ങിയ വഴിയിലൂടെ നടന്നപ്പോള്‍ തുറന്ന സ്ഥലത്തെത്തി. കരിമ്പനക്കാട് എന്നു പറയാം. തുറസായ മൈതാനമാണെങ്കിലും കാറ്റ് ഒരക്ഷരം പറയാത്ത സ്ഥലം . കരിമ്പനകള്‍ എന്തോ ഓര്‍ത്തു നില്‍ക്കുന്ന മനുഷ്യരേപ്പോലെ അങ്ങനെ നില്‍ക്കുകുകയാണ്. അവക്കിടയിലൂടെ നടക്കുമ്പോള്‍ അവള്‍ പറഞ്ഞു ‘’ തൊടണ്ട, കൈ വേദനിക്കും’‘ മാഷ് കരിമ്പനയുടെ തണ്ടില്‍ കൈ ഉരസാന്‍ പോയത് പിന്‍ വലിച്ചു.
‘’ ദാ അപ്പുറത്താ കുളം’‘ അവള്‍ പറഞ്ഞു. കുളം കാണാനല്ലല്ലോ വന്നത്. എവിടെയാണതെന്ന് മാഷ് ചോദിച്ചില്ല. ചോദിക്കാന്‍ തോന്നിയില്ല. കുളം കാണാമെന്ന വിസ്മയം അവളുടെ കണ്ണുകള്‍ക്ക് പ്രത്യേക പ്രകാശം നല്‍കി.
അവള്‍ നടക്കുകയായിരുന്നില്ല. ഓടുകയായിരുന്നു. പച്ചനിറത്തില്‍ വെള്ളമുള്ള കുളം. മനോഹരമായ അഞ്ചാറ് ആമ്പലുകള്‍ കുളത്തിനു നടുവിലായി ഉണ്ടായിരുന്നു. അവള്‍ കുഞ്ഞുകൈകള്‍കൊണ്ട് വെള്ളം തെറുപ്പിച്ച് തിരമാലയുണ്ടാക്കി ആമ്പലിനെ അടുത്തെത്തിക്കാന്‍ നോക്കി.കഴിയാതെ അവള്‍ മാഷിന്റെ മുഖത്തേക്കു നോക്കി. ‘’ ആമ്പല്‍ എനിക്കിഷ്ടാ… ഇതുവരേയും പറിക്കാന്‍ പറ്റീട്ടില്ല’‘ അവള്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാക്കി മാഷ് ചോദിച്ചു.
‘’ കുട്ടിക്ക് ആമ്പല്‍ വേണോ?’‘ ‘’ഉം’‘
മാഷ് മുണ്ട് മടക്കിക്കുത്തി, പതുക്കെ കുളത്തിലിറങ്ങി. നേരിയ ചൂടായിരുന്നു വെള്ളത്തിന്. പത്തടി നടന്നപ്പോഴേക്കും മുണ്ടു നനഞ്ഞു. മാഷ് കുളത്തിനു നടുവിലേക്ക് നടന്നു. ഇനി ഒരു കൈ എത്തിയാല്‍ ആമ്പല്‍ പറിക്കാം. പെട്ടെന്ന് ചെളിയുടെ ചതുപ്പിലേക്ക് കാല്‍ ആഴ്ന്നു പോയി. കരയില്‍ നിന്ന് പെണ്‍കുട്ടി നിലവിളിച്ചു. മാഷ് മലര്‍ന്നു വീണു. മുങ്ങുകയും പൊങ്ങുകയും ചെയ്തെങ്കിലും ആകെ നനഞ്ഞ് കുറെ വെള്ളം കുടിച്ചു വീര്‍ത്ത വയറുമായി മാഷ് ഒരു വിധത്തില്‍ കരപറ്റി.
‘’ നിക്ക് ആമ്പലും വേണ്ട, ഒന്നും വേണ്ട മാഷേ’‘ പെണ്‍കുട്ടിയുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. മാഷിന് വെറുതെ കരച്ചില്‍ വന്നു. മാഷ് കുളപ്പടവില്‍ മലര്‍ന്നു കിടന്നു. എന്നിട്ട് അവളോടു പറഞ്ഞു ‘’ ഒന്ന് എന്റെ വയറ്റില്‍ കേറി ഇരിക്കാമോ’‘? ‘’ അയ്യേ’‘ പെണ്‍കുട്ടി അന്ധാളിച്ചു.
‘’ എനിക്കു വയ്യ’‘ മാഷ് അഭ്യര്‍ത്ഥിച്ചു. പെണ്‍കുട്ടി ചെരിപ്പഴിച്ചുവച്ച് വയറ്റില്‍ കയറി ഇരുന്നപ്പോള്‍ കെറെ വെള്ളം ഛര്‍ദ്ദിച്ചു പോയി.
‘’ വീട് എത്താറായോ?’‘ മാഷ് ചോദിച്ചു. ‘’ ആ വരമ്പ് കടന്ന് പോണം’‘ ‘’ നടക്ക്’‘ മാഷ് പറഞ്ഞു. പെണ്‍കുട്ടി എഴുന്നേറ്റു നടന്നു . കുളത്തിന്റെ മറ്റേ കര തുടങ്ങുന്നത് വരമ്പാണ്. അതിലൂടെ കുട്ടി നടന്നു. നനഞ്ഞ മനുഷ്യനും ഒരു പെണ്‍കുട്ടിയും.
വെയിലിന്റെ ചൂട് ലേശം കുറഞ്ഞിരുന്നു. വരമ്പ് നടന്നു തിര്‍ന്നു.
അടുത്തത് കല്ലു പാകിയ വഴിയായിരുന്നു. വഴിയുടെ അറ്റത്തേക്കാണ് മാഷ് നോക്കിയത്. മാഷിന്റെ കണ്ണുകള്‍ അറ്റം കാണാതെ തിരികെ വന്നു. പുകപോലെ അവസാനിക്കുന്ന വഴി. പുകയൊന്നുമാകില്ല നോക്കുമ്പോള്‍ തോന്നുന്നതാകും. അറ്റത്തെത്തിയാലേ വഴിയുടെ സത്യം അറിയൂ.
അപ്പോള്‍ പുകമറയില്‍ നിന്ന് ഒരു കാളവണ്ടി വരുന്നതു കണ്ടു . കല്ലു വഴിയിലൂടെയുള്ള അതിന്റെ ആട്ടത്തിനനുസരിച്ച് വണ്ടിയുടെ താഴത്തെ മണികളും കിലുങ്ങുന്നുണ്ടായിരുന്നു. ഏറ്റവും അടിയിലെ കമ്പിറാന്തല്‍ ആടുകയും.
മാഷും കുട്ടിയും കാളവണ്ടിയിലേക്കു നോക്കി അന്തം വിട്ടു നിന്നു. ആ ശബ്ദവും താളവും ….പ്രാചീനമായ ഓര്‍മ്മച്ചൊരുക്ക്. കാളവണ്ടിക്കായി മാഷും കുട്ടിയും വഴിമാറിക്കൊടുത്തു. പൊടുന്നനെ അതിന്റെ താളം നിന്നു. മണികിലുക്കവും ചക്രങ്ങളുടെ ഞരക്കവും ഇല്ല. കാളകളുടെ ലാടമുഴക്കവും നിന്നിരുന്നു. അപ്പോള്‍ കാളവണ്ടിക്കു പുറകില്‍ നിന്ന് ഒരാള്‍ ഇറങ്ങി വന്നു. ‘’ മാഷിന് എന്നെ അറിയ്യോ?’‘ മാഷ് പരുങ്ങി. ‘’ മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്’‘ മാഷ് ചിരിച്ചു. ‘’ മാഷെന്തിനാ ഇവിടേന്നു ഞാന്‍ ചോദിക്കുന്നില്ല ‘’ അവന്‍ പറഞ്ഞു. മാഷ് വീണും വല്ലാതായി. ‘’ അല്ലാ , മാഷേ ഇവടെ കൊണ്ടു വന്നത് ഞാനാ’‘ മാഷ് തുറിച്ചു നോക്കി ‘’ എങ്ങനേന്നാവും ലേ ദാ കണ്ടോളൂ’‘ അവന്‍ വായുവില്‍ ഒരു ചതുരം വരച്ചു . അതൊരു കമ്പ്യൂട്ടര്‍ തിരശീലയായി . കള്ളച്ചിരിയോടെ അവന്‍ ചോദിച്ചു. ‘’ മാഷ് കൊളത്തീമ്മെ ആമ്പല്‍ പറിക്കാനിറങ്ങ്യോ?’‘ ‘’ഉം അതെ …ഒന്ന് വീഴേം ചെയ്തു ‘’ അമര്‍ത്തിയിട്ടും പുറത്തു വന്ന ചിരി അവന്‍ പിന്നെ അടക്കിയില്ല ‘’ ഇത്രയും സുന്ദരമായ ഇടവഴികള്‍ മാഷ് ഇതുനു മുമ്പ് കണ്ടിട്ടില്ല അല്ലേ?’‘ ‘’ ഏയ് , ഇല്ല… ഇതിലേ വന്നിട്ടേ ഇല്ലെന്നാ തോന്നുന്നേ’‘ അവന്‍ പിന്നെയും ചിരിക്കുകയാണ് അവന്‍ തിരശീല മാഷിനു നേരെ പിടിച്ചു. അവിടെ മാഷ് കണ്ടു മുള്‍വേലി നിറഞ്ഞ ഇടവഴി. ഞണ്ടും ഞാഞ്ഞുലുകളുമുള്ള കഴായ നടുവില്‍ ആമ്പലുകളുള്ള കുളം…’ ‘’ കല്ലുപാകിയ വഴിയിലൂടെ വന്ന കാളവണ്ടിയോ?’‘ ഒക്കെ വെറുതെയാ മാഷേ’‘ ‘’ വെറുതെയോ?’‘ ‘’ എല്ലാം ഇതിനകത്തൂന്നായിരുന്നില്ലേ മാഷേ’‘ മാഷ് വിറച്ചുകൊണ്ട് അവനെ ത്രിഭുവനമളക്കാന്‍ വന്നവനെപ്പോല്‍ നോക്കി. അയാള്‍ വശം കെട്ടു തലയില്‍ ഒരു പൂതലിപ്പ്. ‘’ അയ്യോ നമ്മുടെ പെണ്‍കിടാവോ’‘? പെട്ടന്ന് മാഷ് അവളെ ചൂണ്ടി ചോദിച്ചു ‘’ ഓ ഇവളൊ, ഇവളെ ഇപ്പോ വേണമെങ്കില്‍ ഡൗണ്‍ ടു എര്‍ത്ത് ചെയ്യാന്‍ എനിക്കു കഴിയും അതും, എന്റെ ഗ്രാമീണ ട്രാവലോഗ് ഇവന്റിലെ ക്രിയേഷനല്ലേ’‘?
‘’ അയ്യോ….അരുതേ…അരുതേ…’‘ മാഷ് പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് കരഞ്ഞു അവള്‍ തണുത്തു ചുരുങ്ങാന്‍ തുടങ്ങുന്നത് മാഷ് അറിഞ്ഞു. അതുവരെയുള്ള സകല ഓര്‍മ്മകള്‍ക്കും ശ്രാദ്ധമൂട്ടുവാനയി നനഞ്ഞ വസ്ത്രത്തിനകത്ത് മാഷ് ഏകനായി നിന്നു.
Generated from archived content: story1_oct4_12.html Author: c_ganesh