ജനിച്ചയുടൻ മകൻ അച്‌ഛനോടു ചോദിച്ചു.
“അച്‌ഛാ അമ്മക്കെന്നും വീടുജപ്‌തിയുടെ പേടിയാണ്. എന്നെ ഉദരത്തിൽ വഹിക്കുമ്പോൾ അവർ ഇടക്കിടെ പേടിസ്വപ്‌നങ്ങൾ കണ്ട് ഞെട്ടിയിരുന്നു. ബ്ലേഡുകമ്പനിക്കാരോട് അച്‌ഛൻ ഒഴിവുകഴിവുകൾ പറയുന്നത് ഞാനിന്നും കേട്ടു. എനിക്കു ലഭിച്ച ആഹാരം പോലും കഷ്‌ടിയാണ്. നിങ്ങൾക്ക് തൊഴിലുറപ്പില്ലെന്ന് എനിക്കറിയാം. തെരുവിലേക്കോ തീവണ്ടിച്ചക്രങ്ങൾക്കിടയിലേക്കോ കീടനാശിനി കലർത്തിയ ഭക്ഷണത്തിലേക്കോ നാം മൂവരും വൈകാതെ സഞ്ചരിക്കും….”
മധ്യവയസ്‌കനായ അച്‌ഛൻ യാതൊരു വെടിപ്പുമില്ലാതെ വളർന്ന താടിക്കു കൈയും കൊടുത്തിരിക്കുകയായിരുന്നു.
അച്ഛനോട് മകൻ കുഞ്ഞുനാവുകൾകൊണ്ട് വിലാപസ്വരത്തിൽ വീണ്ടും ചോദിച്ചു.
“….. എന്നിട്ടും എന്തിനാണച്‌ഛാ… എന്നെ?”
“ഇതെല്ലാം ഒന്ന് നേരെയാക്കിയെടുക്കുവാൻ നീ തന്നെ വലുതാവണം മകനേ.”
അന്നുമുതലാണ് മകൻ വളരാൻ തുടങ്ങിയത്.
Generated from archived content: story1_nov12_08.html Author: c_ganesh