കെ. കരുണാകരനെപോലെ പുത്രവാത്സല്യമുള്ള പിതാവായിരുന്നു കണ്ണംപറമ്പോത്ത് കുഞ്ഞിരാമക്കുറുപ്പ്. ആളൊരു സ്വതന്ത്ര്യസമരസേനാനിയല്ലായിരുന്നെങ്കിലും സ്വാതന്ത്രഭടന്റെ എല്ലാ ആനുകൂല്യങ്ങളും ആഭിജാത്യവും അളന്നു വീതിച്ചെടുക്കുവാൻ ആ പ്രദേശത്ത് മറ്റാർക്കും കഴിഞ്ഞിട്ടില്ല.
കെ. കരു എന്നാണ് കുഞ്ഞിരാമക്കുറുപ്പിനെ ആളുകൾ വിളിച്ചിരുന്നത്. കുഞ്ഞിരാമക്കുറുപ്പുചേട്ടൻ എന്നതു ലോപിപ്പിച്ച് കരുവേട്ടൻ എന്നും ആവാറുണ്ട്. കെ. കരു എന്നത് കുഞ്ഞിരാമക്കുറിപ്പുചേട്ടന്റെ അസാന്നിദ്ധ്യത്തിലും കരുവേട്ടൻ എന്നത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലും ഉപയോഗിക്കുന്ന വിളിപ്പേരുകളായിരുന്നു.
സ്വാതന്ത്ര്യസമരം നടക്കുന്ന വേളയിൽ കുഞ്ഞിരാമക്കുറുപ്പ് പർസിമക്വിൻ എന്ന ബ്രിട്ടീഷ് സായിപ്പിന്റെ കുക്കായിരുന്നു. സായിപ്പിന് മലബാർ ഭക്ഷണവിഭവങ്ങൾ ഒന്നൊന്നായി പരിചയപ്പെടുത്തിയ കുഞ്ഞിരാമക്കുറുപ്പ് നല്ലൊരു പാചകക്കാരനുമായിരുന്നില്ല എന്നതാണ് സത്യം. സാമ്പാറും രസവും അവിയലും കൂട്ടുകറിയും ബിരിയാണിയുമൊന്നും മലബാർ രുചിയിൽ ഉണ്ടാക്കി നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. കൈപ്പിഴകൊണ്ട് വിഭവങ്ങളിൽ സംഭവിക്കുന്ന അക്ഷരത്തെറ്റുകൾ തെറ്റായി സായിപ്പ് തിരിച്ചറിയാതിരിക്കാൻ കുഞ്ഞിരാമക്കുറുപ്പ് ശ്രദ്ധിച്ചു. പർസിമക്വിൻ മലബാർ വിഭവങ്ങൾ മറ്റൊരിടത്തും നിന്നും മരണം വരെയും ആഹരിച്ചിരുന്നില്ല. അതിനുള്ള അവസരം വരുമ്പോഴൊക്കെ കുഞ്ഞിരാമക്കുറുപ്പ് ഇടപെട്ട് അവ റദ്ദാക്കി.
പർസിമക്വിൻ ഇവിടത്തെ നാടോടിക്കഥകളും പാട്ടുകളും ശേഖരിക്കുന്നതിൽ തൽപരനായിരുന്നു. സായിപ്പിന് കമ്പമുള്ള നാടോടിപ്പാട്ടുകൾ കുഞ്ഞിരാമക്കുറുപ്പ് ആദിവാസികളെ വിളിച്ചുവരുത്തി പാടി കേൾപ്പിച്ചു.
കഴിക്കാൻ വിശേഷഭക്ഷണവും നേരമ്പോക്കിന് നാടിന്റെ പൈതൃകവും വേണ്ടുവോളം കിട്ടിയപ്പോൾ പർസിമക്വിൻ ഇന്ത്യവിടുന്ന വേളയിൽ തന്റെ പ്രിയ തോഴന് സ്വന്തം കൈപ്പടയിൽ സർട്ടിഫിക്കറ്റുനൽകി, ‘ഇന്ത്യൻസ്വാതന്ത്ര്യ സമരത്തിന്റെ മലബാർ പ്രവിശ്യയിലെ പോരാട്ടങ്ങളിൽ മി. കുഞ്ഞിരാമക്കുറുപ്പ് S/o ചേണ്ടൻകുറുപ്പിന്റെ സംഭാവന വിസ്‌മരിക്കാവുന്നതല്ല’ എന്ന വാചകം അയാളെ പെൻഷൻകാരനുമാക്കി.
ഓരോ മാസവും പെൻഷൻ വാങ്ങാനായി പോകുമ്പോൾ കുഞ്ഞിരാമക്കുറുപ്പ് വലിയ വായിൽ ചിരിക്കും. “ഇതിനു വേണ്ടിതന്നെയാ സായിപ്പേ ഞാൻ ചോറും കറിയും വച്ചു തന്നത്, നാടൻപാട്ട് നിന്റെ ചുണ്ടിൽ തേച്ചു തന്നത്…… തോറ്റുപോയത് നീയാ…….”
എന്നാൽ കുഞ്ഞിരാമക്കുറുപ്പ് മകന്റെ മുമ്പിൽ തോറ്റുകൊണ്ടിരുന്നു. കുഞ്ഞിരാമന് ഒരേയൊരു മകനാണ് ഉണ്ടായിരുന്നത്. അരുൺശ്രീമാൻ എന്ന അവന്റെ പേരിന്റെ പ്രത്യേകത ബഹുമാനം പ്രകടിപ്പിക്കാതെ ആ പേര് വിളിക്കാനാവില്ല എന്നതാണ്. അറിഞ്ഞാലോചിച്ചിട്ട പേരാണത്.
കുഞ്ഞിരാമക്കുറുപ്പ് വീട്ടിൽ വരുന്ന ആൾക്കാർക്കെല്ലാം മകനെ പരിചയപ്പെടുത്തിയത് അവന് നിരീക്ഷണപാടവം വളരാനാണ്. പ്രസംഗവേദികളിലേക്ക് ഒപ്പം കൊണ്ടുപോയത് സമൂഹവുമായി ബന്ധം സ്‌ഥാപിക്കാനാണ്. ഇംഗ്ലീഷ് പത്രത്തിലെ രാഷ്‌ട്രീയ കോളം വായിപ്പിച്ചത് രാഷ്‌ട്രീയക്കളിയൊക്കെ മനസ്സിലാക്കാനും അവനെ വളർത്തിയെടുത്തത് ഒരു ജനപ്രതിനിധിയാക്കി അലക്കിയെടുക്കാനുമാണ്.
ചില നേരം ആലോചിക്കുമ്പോൾ വർഷങ്ങൾ നീണ്ട, കുതന്ത്രം കുത്തി, താൻ സ്വാതന്ത്ര്യസമരസേനാനിയായത് മകനുവേണ്ടിയാണെന്ന് കുഞ്ഞിരാമക്കുറിപ്പിന് തോന്നാറുണ്ട്. സ്വാതന്ത്ര്യസമരസേനാനിയുടെ മകൻ എന്നത് ചെറിയ കാര്യമല്ല. ഈ തുറുപ്പുശീട്ട് വീശിയാൽ പാർലമെന്റ് മന്ദിരം വരെ മകനു മുന്നിൽ തുറക്കും ഉറപ്പ്.
മകനെ അയാൾക്ക് അത്രയ്‌ക്ക് ഇഷ്‌ടമായിരുന്നു.
പുത്രവാത്സല്യത്തിൽ കെ.കരുണാകരൻ കുറുപ്പിനോട് തോറ്റുപോവും.
പക്ഷെ അരുൺശ്രീമാന് പതിനാലാമത്തെ വയസ്സു മുതൽ അമേരിക്കൻ ഭൂതം പിടികൂടി. എങ്ങനെയെങ്കിലും അമേരിക്കയിലേക്ക് കടക്കണമെന്നായി അവന്റെ ആഗ്രഹം. അവൻ അച്ഛനോട് ചോദിക്കാതെ അമേരിക്കൻ രീതിയിൽ വസ്‌ത്രധാരണം നടത്തി. കൊടും ചൂടത്ത് കാനഡയിലെ എഡ്വീനാസ്‌ട്രീറ്റിലെ മഞ്ഞുമലക്കു സമീപം നിൽക്കുന്നതുപോലെ കോട്ടുമിട്ട് കൈ കൂച്ചിപ്പിടിച്ച് നിന്നു. അവൻ അവന്റെ കാമുകിയെ അമേരിക്ക എന്ന് സ്വകാര്യമായി വിളിച്ചു. രാത്രി ഭക്ഷണത്തിന് ഞണ്ടും ചീസും തവളക്കാലും മതിയെന്നു പറഞ്ഞു. മീശയും താടിയും അവൻ ബ്രൗണിഷ് ചെയ്‌തു. അമേരിക്കനയ്‌സ്‌ഡ് ഇംഗ്ലീഷിന്റെ ശരീരഭാഷ അനുകരിച്ചു. ബറാക് ഒബാമയുടെ ഫേസ്‌ബുക്കിൽ കയറിച്ചെന്ന് ഡയലോഗടിച്ച് തിളങ്ങി. ഒബാമ, അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളിൽ ‘ഇന്ത്യക്കാരെ കണ്ടു പഠിക്കൂ’ എന്ന് അവിടത്തെ മണ്ടൻമാരായ വിദ്യാർത്ഥികളോട് പ്രഭാഷണത്തിൽ ആഹ്വാനം ചെയ്‌തത് അരുൺശ്രീമാന് അറിയാമായിരുന്നു. അതവന് വലിയ പ്രചോദനമായി.
അരുൺശ്രിമാൻ അമേരിക്കയിലേക്ക് പോയി.
കുഞ്ഞിരാമക്കുറുപ്പിന്റെ പുത്രവാത്സല്യം കാറ്റിൽ പറത്തിക്കൊണ്ട് അവൻ അമേരിക്കയിൽ സ്ഥിരനിവാസിയായി. അമേരിക്കൻ ജനപ്രിയ നടിയായ പെനേമ ഷെർഷയെ ഒരു ഹോട്ടലിൽ വച്ച് കണ്ട മാത്രയിൽ വിവാഹം കഴിച്ചു. ഒരു കുഞ്ഞിന് ജന്മം നൽകാനവർ തീരുമാനിച്ചു കഴിഞ്ഞു. ഒരു വർഷം കഴിഞ്ഞാൽ ഡേറ്റുകൊടുത്തുകഴിഞ്ഞ ഷൂട്ടിങ്ങ് തീരുമെന്നും പ്രസവശേഷം കുഞ്ഞിനേയും കൂട്ടി ഒരു നാൾ ഇന്ത്യയിലേക്ക് വരാമെന്നും വിവാഹത്തിനു മുമ്പെ അവർ ധാരണയായി.
അവന്റെ അമേരിക്കൻ ഭാര്യയ്‌ക്ക് മൂന്നാല് അവാർഡുകൾ കിട്ടി. അവർ കോടീശ്വരൻമാരായി. ഒന്നോ രണ്ടോ ഈശ്വരൻമാരെ വിലയ്‌ക്ക് വാങ്ങാവുന്ന അത്രയും പണം.!
ഭാര്യ പെനേമയോടൊപ്പം അരുൺശ്രീമാൻ കുഞ്ഞിനേയും ട്രോളിയിൽ കിടത്തി എയർപോർട്ടിനു വെളിയിൽ വരുമ്പോൾ ഇങ്ങനെ ആത്മഗതം ചെയ്‌തു. “ഇതിനുവേണ്ടി തന്നെയാ അച്ഛാ….. ഞാനിത്രയും നാൾ കരുതികൂട്ടി വച്ചത്…… ഇവളുടെ ചുണ്ടിൽ ഒന്നും തേയ്‌ക്കാതെ തന്നെ അമേരിക്ക വാങ്ങാനുള്ള കാശ് എനിക്ക് സ്വന്തമായി….. മരിക്കുന്നതിനുമുമ്പ് ചിലപ്പോൾ ഞാൻ അമേരിക്ക അങ്ങ്‌ട് വാങ്ങും….. ഇപ്പോൾ തോന്നുന്നു….. അച്ഛനെ ജനിപ്പിച്ചതു തന്നെ എന്നെ ഇങ്ങനെ ഒണ്ടാക്കുവാനാണെന്ന്…….”
കുഞ്ഞിരാമക്കുറുപ്പ് ഹൃദയപൂർവ്വം മകനെ കെട്ടിപ്പിടിച്ചു. “മകനേ…. നമ്മൾ രണ്ടുപേരും വിജയികളാണ്. എനിക്ക് സന്തോഷമായി…..”
അങ്ങനെ പറഞ്ഞെങ്കിലും, പക്ഷെ, ഒരു വ്യാകുലതയുടെ ചുഴിക്കുത്തിലായിരുന്നു ആശാൻ.
മകന്റെ കാലശേഷം തന്നെ ആരു നോക്കുമെന്ന് അയാൾ പരിതാപപ്പെട്ടു.
Generated from archived content: story1_jan28_11.html Author: c_ganesh