ഒരു ദിവസത്തിനുമില്ല പ്രത്യേകത

 

 

വാഷ്‌ബേസിനടുത്തുനിന്ന്‌ നിലവിളി ഉയർന്നപ്പോൾ അവർക്ക്‌ കാര്യം മനസ്സിലാവുകയും സംസാരം നിർത്തി കൂട്ടച്ചിരി പൊടിക്കുകയും ചെയ്‌തു.

നാലുമണിയുടേതായ ചൂടുതങ്ങി നിൽക്കുന്ന ഹോട്ടൽമുറിയിലേക്ക്‌ കടക്കുമ്പോൾ ഓരോരുത്തരും തീരുമാനിച്ചിരുന്നതാണ്‌ ആദ്യം അവളെ കടത്തിവിടണം. അവളങ്ങനെ മുമ്പിൽ നടക്കട്ടെ. എത്രദൂരം പോകുമെന്നു നോക്കാമല്ലോ.

അതവളുടെ രീതിയാണെന്നാണ്‌ പാരൻസ്‌മീറ്റിനു വന്ന ഡാഡിയുടെ മുമ്പിൽവച്ചു പറഞ്ഞത്‌. ഡാഡിയും അത്‌ അംഗീകരിക്കുകയായിരുന്നു. ആഞ്ഞലറി, അട്ടഹസിച്ച്‌ രശ്‌മി പലതും കരസ്‌ഥമാക്കുന്നു. അവളുടെ ലേഡീസ്‌ ബാഗിനകത്തെ ജ്വല്ലറിയുടെ കോംപ്ലിമെന്റായ കുഞ്ഞുപേഴ്‌സിൽ നിന്ന്‌ – പിക്‌പോക്കറ്റിംഗ്‌ സമർത്ഥമായി നേരിടാനുള്ള സൂത്രം – നാലഞ്ച്‌ അഞ്ഞൂറുരൂപനോട്ടെടുത്തു കാണിച്ച്‌ രാജശേഖരൻ നായർ, കേംബ്രിഡ്‌ജിലൊക്കെ പോയി വന്ന ഡാഡി, പറഞ്ഞുഃ “ഇത്‌ കണ്ടോ ഇന്നു കാലത്ത്‌ എന്നെ അറ്റാക്കുചെയ്‌തു നേടിയത്‌.” അവൾ അഭിനന്ദനം കേട്ടു തലയുയർത്തി, പേഴ്‌സിന്റെ ഹുക്കുലോക്കുചെയ്‌ത്‌ ബാഗിൽ തിരുകി കാറിനകത്തിട്ടു.

“വഴക്കുകൂടി നീ നേടിയ സാ​‍ാധനങ്ങളുടെ ലിസ്‌റ്റു പറ” ഒരിയ്‌ക്കൽ ദിലീപ്‌ അവളെ ചൊടിപ്പിക്കാൻ വേണ്ടി ചോദിച്ചതാണ്‌. അതാവരുന്നു കടുമാങ്ങ, നെയിൽപോളിഷ്‌, ഷറാറ, മഞ്ച്‌, സ്‌റ്റിക്കർപൊട്ടുകൾ, വാനില തുടങ്ങി ഒരുപിടി അവളുടെ നാവിൽ നിന്ന്‌. ദിലീപിന്‌ വയറു നിറഞ്ഞു. കക്കാൻ മാത്രമല്ല നിൽക്കാനും അറിയുന്ന പെൺകുട്ടി എന്ന്‌ പാലക്കാടുക്കാരൻ ദിലീപ്‌ അപ്പോൾ തിരിച്ചടിച്ചു.

അവൾ കരഞ്ഞു നേടിയത്‌ പിറ്റേന്ന്‌ വിശേഷവാർത്തയായി കേൾക്കുകയാണ്‌ ഞങ്ങളുടെ യോഗം ഇതുപോലൊരു വൈകുന്നേരത്ത്‌ ഇതേഹോട്ടൽ മുറിയിൽ വച്ച്‌ ‘ഞാൻ കരഞ്ഞ്‌ ജയിക്കും’ എന്നു രശ്‌മി പ്രഖ്യാപിച്ചതാണ്‌. കുറേദിവസത്തേക്ക്‌ നേരമ്പോക്കിനായുള്ള ഞങ്ങളുടെ പാസ്‌വേഡ്‌ ക്ലാസു കഴിഞ്ഞാൽ ഹൈസ്‌കൂൾ കൗമാരപ്പിള്ളേരുടെ തിരക്കുള്ള ബസ്സുകൾ പോകാൻ വിട്ട്‌ ‘സ്‌നാക്ക്‌സ്‌പെഷ്യലി’ൽ നിന്ന്‌ ചായയും ആരുടെയെങ്കിലും ചെലവുള്ളപ്പോൾ അവിൽ നിറച്ചതും (വേവിച്ച നേന്ത്രപ്പഴം കീറി ഉള്ളിൽ അവിലും ശർക്കരയുമിട്ടത്‌) ശീലമാക്കിയതിന്‌ എത്രയൊ മുമ്പായിരുന്നു അവൾ പൊടിപ്പും തൊങ്ങലും വച്ച്‌ പറയുന്ന സംഭവങ്ങൾ ഞങ്ങൾക്കു ബോറടിയായതു പിന്നീടാണ്‌.

ബോറടിയല്ല ഞങ്ങൾക്കു ചെറുതായി പേടി വന്നു കഴിഞ്ഞിരുന്നു. അവളുടെ അകന്ന ബന്ധത്തിൽപ്പെട്ട ഒരു ചേട്ടനിൽ നിന്ന്‌ അവൾ നിർബന്ധപൂർവം വാങ്ങിച്ചത്‌ പറഞ്ഞു തീർത്തപ്പോൾ ഒരു സാധനം എന്നു മാത്രമാണ്‌ ഞങ്ങൾ അഞ്ചുപേരുടേയും ചായചൂടുള്ള കണ്ണുകളിൽ നോക്കി രശ്‌മി പറഞ്ഞത്‌. അവൾ നാവുകൊണ്ട്‌ മുൻവരിപ്പല്ലിലൂടെ യാത്ര നടത്തി, ആരെയും ശ്രദ്ധിക്കാതെ ചായ വലിച്ചുകുടിച്ചു. ഇടക്കിടെ വീട്ടിൽ വരാറുള്ള ചേട്ടനാണ്‌. ബി.ബി.എസിനു പഠിക്കുകയാണ്‌, ബാംഗ്ലൂരിൽ. “ എന്നെക്കാൾ നാലുവയസ്സ്‌ അധികമുണ്ട്‌.” ഞങ്ങളുടെ ആകാംക്ഷയെ നിർദ്ദയമായി വളർത്തിക്കൊണ്ട്‌ അവൾ പറഞ്ഞുകൊണ്ടിരുന്നു.

നിഗമനങ്ങൾ പല വഴിക്കു പടർന്നുകൊണ്ടിരിക്കെ ഒരാൾക്കു സംഗതിയെന്തെന്നു ചോദിക്കാൻ ധൈര്യം കിട്ടിയില്ല. കൃഷ്‌ണകുമാറിനാണ്‌ കൂടുതൽ വിഷമം തോന്നിയത്‌ കാരണം പെൺകുട്ടികൾ എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ച്‌ അവന്‌ സ്വന്തമായ ചില അഭിപ്രായങ്ങളുണ്ട്‌. രശ്‌മിക്ക്‌ അതു പൊയ്‌പ്പോയെന്നു മനസ്സിലാക്കി അവൻ വേഗം ബില്ലുകൊടുക്കാൻ കാഷ്‌കൗണ്ടറിലേക്കു നടക്കുന്ന സമയത്ത്‌ രശ്‌മി എഴുന്നേറ്റു നിന്ന്‌ പുഴുങ്ങി ചിരിച്ചു. ഭൂകമ്പം പോലെ പാതി കുടിക്കാതെ വച്ച ചായ ഗ്ലാസുകൾ ഇളകി. അപ്പുറത്തു ഇപ്പുറത്തുമുള്ള തീറ്റക്കാരും ഹോട്ടൽജീവനക്കാരും ഇവിടേക്കു നോക്കി അവളുടെ ചിരി ആസ്വദിച്ചു.

“കുമാർ നിൽക്ക്‌” അവൾ മുടിയൊതുക്കി എല്ലാവരേയും ഒന്നുകൂടി നോക്കി. എന്നിട്ട്‌ കൈയിലുള്ള റെക്കോർഡ്‌ ബുക്കിന്റെ 145-​‍ാം പേജെടുത്ത്‌ ദിലീപിനുനേരെ പിടിച്ചു.

‘ചേട്ടനിൽ നിന്ന്‌ ഞാൻ വാങ്ങിയതെന്തെന്നറിയണ്ടേ“

’നമ്മുടെ മിസ്സിന്റെ ഡ്യൂപ്ലിക്കേറ്റ്‌ സൈൻ….. കൂയ്‌…..

”ഇന്നത്തെ ചായ എന്റെ വക.

എല്ലാവർക്കും ഒരു പെരുമഴ തോർന്നതായി തോന്നി. കൃഷ്‌ണകുമാർ വളരെ സമയമെടുത്ത്‌ ചായ വിശദമായി കുടിച്ചാണന്നു പിരിഞ്ഞത്‌. രശ്‌മി അവരെ നന്നായി പകരം വീട്ടിയ ത്രില്ലിലും.

പഴുതു കിട്ടിയാൽ നമ്മളൊക്കെ നടന്നു പോകാവുന്ന ദൂരങ്ങളെക്കുറിച്ച്‌ കൃഷ്‌ണകുമാർ ഓർത്തിരുന്നു.

വാഷ്‌ബേസിനടുത്തു നിന്ന്‌ നിലവിളി ഉയർന്നപ്പോൾ ടവൽ കൈക്കുള്ളിൽ ചുരുക്കി സ്‌നേഹലത സുരേഷിന്റെ കൈത്തലത്തിൽ വെൽഡൺടച്ചു കൊടുത്തു വീഡൺ ഇറ്റ്‌‘ പറയുന്നതിനു മുമ്പെ രശ്‌മി ഓടിയെത്തി

കൂട്ടച്ചിരി തീർന്നപ്പോഴും രശ്‌മി കിതയ്‌ക്കുന്നുണ്ടായിരുന്നു. കിതപ്പുകൾ മനഃപൂർവ്വം ദീർഘിപ്പിക്കുന്നതനുസരിച്ച്‌ മിമിക്രിയഭ്യാസങ്ങളിലൊന്ന്‌ പുറത്തെടുത്തു.

രശ്‌മി അവരോടു ചൂടായി. “ഹൗ നിങ്ങളിവിടെന്തെടുക്ക്വാ? ഹോട്ടലിന്റെ കുശിനിപ്പുരേടപ്പുറം ഞാൻ കണ്ടു.

ആരും അവൾക്കു ചെവികൊടുത്തില്ല. എന്തോ കണ്ട്‌ അവൾ നല്ലപോലെ അറച്ചുപോയിട്ടുണ്ടെന്ന്‌ ഉറപ്പായിരുന്നു.

”തൊലിയുരിച്ച മാട്‌ ശീർഷാസനത്തിൽ അടുത്തുതന്നെ വെട്ടിയതല അറച്ചുപോയിട്ടുണ്ടെന്ന്‌ ഉറപ്പായിരുന്നു.

സ്‌നേഹലത സുരേഷിനെ ഒന്നു നോക്കി. കഥാപ്രസംഗക്കാരെപ്പോലെ അവൾ കാണിക്കുന്ന വാക്‌ചാതുരി പച്ചക്കള്ളമാണെന്നായിരുന്നു നോട്ടത്തിന്റെ അർത്ഥം. അറവുമാടിനെകണ്ട്‌ ഭയക്കാൻ മാത്രം സാത്വികത ബെറ്റടിച്ച്‌ ബീഫ്‌ചില്ലിയും ഫ്രൈയും വാങ്ങിത്തിന്നുന്ന അവൾക്കില്ലെന്ന്‌ മറ്റൊരർത്ഥം. തത്‌ക്കാലം കൂടിനിന്ന്‌ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവർ അറ്റത്തെ ടേബിളിലേക്കു നടന്നു.

കൈകഴുകാൻ പോയപ്പോൾ കൃഷ്‌ണകുമാർ ശ്രദ്ധിച്ചു നോക്കിയത്‌ കുശിനിപുരയാണ്‌. എന്നാൽ അവിടന്നു നോക്കിയാൽ കുശിനിപ്പുരകാണുമായിരുന്നില്ല. തിരികെ വന്ന കൃഷ്‌ണകുമാർ അവളുടെ ംലാനതയറിഞ്ഞു ചോദിച്ചു. ’നീയെന്തേ ഇന്നുപൊട്ടിട്ടില്ല“? ”ഇട്ടിരുന്നു, പോയതാ“ – അവൾ പറഞ്ഞു. രശ്‌മി വെറുതെ നെറ്റിതടവി. വിയർപ്പുകുരുക്കളല്ലാതെ മറ്റൊന്നും തടഞ്ഞില്ല. വിളറിയ അവളെ വെറുതെവിട്ടു കൃഷ്‌ണകുമാർ മറ്റു വർത്തമാനങ്ങളിലേക്കു കടന്നു. ”എനിക്കു കൈകഴുകാൻ കൂടെ ബാ“ രശ്‌മി സ്‌നേഹലതയോടു കെഞ്ചി. ”അയ്യടാ ഞങ്ങളൊക്കെ പോയതു കണ്ടില്ല? വലിയ പോസുകാട്ടി ഇരുന്നതല്ലേ ഇരുന്നോ“

അവരൊക്കെ കൈകഴുകാൻ പോയപ്പോൾ താനെന്തുകൊണ്ടുപോയില്ല എന്ന്‌ എത്ര ആലോചിച്ചിട്ടുമവൾക്ക്‌ പിടികിട്ടിയില്ല. വാഷ്‌ബേസിനടുത്തു ചെന്നപ്പോൾ എന്തുകൊണ്ടാണ്‌ പിൻതിരിഞ്ഞോടിയതെന്നവൾ ആലോചിച്ചില്ല. അവൾക്ക്‌ നന്നായറിയാം.

അടുത്തെ കണ്ണാടിയിൽ ഒറ്റനോട്ടത്തിൽ കണ്ടത്‌.

ആരുടെ മുഖമാണ്‌?

-ടീച്ചറുടെ പേരെനിക്കറിയില്ല.

-ദീർഘകാലത്തെ ബന്ധമില്ല.

-ഇപ്പോൾ പരിചയം അസ്‌തമിച്ചിട്ട്‌ വർഷമൊന്നുകഴിയാറായി.

ഉള്ളിൽ പൊട്ടിയ പടക്കത്തിൽ സ്‌നേഹലത, സുരേഷ്‌, കൃഷ്‌ണകുമാർ, ദിലീപ്‌, എല്ലാവർക്കുമടുത്തിരുന്ന രശ്‌മിയുടെ ദീർഘശ്വാസം മുറുകിക്കയറി. കവിളുകൾ ചെമന്നുനനഞ്ഞു. അപ്പോൾ ആ സീറ്റിൽ രശ്‌മി ഇല്ല എന്നും കരച്ചിൽ മാത്രമാണുള്ളതെന്നും അവർ മനസ്സിലാക്കി.

അവൾ ഏങ്ങലടിച്ചു. സ്‌നേഹലത അവളെ പിടിച്ചുകൊണ്ടുപോയി മുഖം കഴുകാൻ സഹായിച്ചു. കുറച്ചുനേരം കഴിഞ്ഞ്‌ യഥാസ്‌ഥാനത്തു വന്നിരുന്നപ്പോഴും രശ്‌മി ഒന്നും പറയുന്നില്ല. പോവുകയാണെങ്കിൽ എല്ലാവരും പോണം.” സുരേഷ്‌ അഭിപ്രായപ്പെട്ടു.

“ടീച്ചർ എത്രദിവസമുണ്ടായിരുന്നു. മൂന്നുദിവസം വന്നതുപോയതുമൊന്നും നമ്മൾ അറിഞ്ഞിട്ടുമില്ല. പിന്നെന്തിനാ പോവുന്നത്‌”? കൃഷ്‌ണകുമാർ ചോദിച്ചു.

“അതിന്റെ പേരെന്താന്നുതന്നെ അറിഞ്ഞുകൂടാ – നിനക്കറിയ്യോ രശ്‌മീ”? ദിലീപ്‌ ചോദിച്ചപ്പോൾ രശ്‌മി രൂക്ഷമായി നോക്കി. മുരണ്ടു.

“എന്തായാലുമെനിക്ക്‌ ടീച്ചറെ കാണണം കാണണം കാണണം….”

അവൾ തലയിൽ കൈവച്ചിരുന്നു. കണ്ണീർത്തുള്ളികൾ മേശമേൽ പിറന്നു. കൃഷ്‌ണകുമാറും ദിലീപും എന്തോ ഒഴികഴിവു പറഞ്ഞ്‌ മൂന്നുപേരെയും ബസ്സുകയറ്റിവിട്ടു. വിലാസം രശ്‌മിയുടെ ഡയറിയിൽത്തന്നെ ഉണ്ടായിരുന്നതുകൊണ്ട്‌ ത്രൂ ബസ്സുകണ്ടെത്താൻ വിഷമമുണ്ടായില്ല.

സുരേഷിന്‌ ഒഴിയാനായില്ല. ബസ്സുകേറാൻ നേരം സ്‌നേഹലതക്കും പിന്നാക്കം നിൽക്കാൻ തോന്നിയതാണ്‌. കൃഷ്‌ണകുമാർ പറഞ്ഞു,“ അവർ രണ്ടുപേരുമാത്രമായി പോകാമോ? പീഡനത്തിന്റെ കാലമാ. ഒരു ആൺതൊണയിരിക്കട്ടെ.”

** **

അവർ പോയപ്പോൾ കുമാറും ദിലീപും സ്വാഭാവികമായും ടീച്ചറെക്കുറിച്ചാണ്‌ സംസാരിച്ചത്‌. ഒന്നര കി.മീ. നടന്നാൽ ദേശീയപാതയിൽ നിന്ന്‌ സൂപ്പർഫാസ്‌റ്റുപിടിക്കാം.

ദിലീപ്‌ ഃ അല്ലാ, ടീച്ചറ്‌ ഇവളുടെ ആരാ? കഴിഞ്ഞ ഓഗസ്‌റ്റിൽ മുന്നേ മൂന്നു ദിവസം കോളേജിൽ വന്നു. പിന്നെ പോയി. കുട്ടികളുമായോ സ്‌റ്റാഫുമായോ വലിയ ബന്ധമില്ലാതെ പെട്ടെന്ന്‌ ലീവോ വളന്ററിയോ?

കുമാർ ഃ തെക്കുനിന്നെവിടുന്നോ ട്രാൻസ്‌ഫർ വാങ്ങിച്ചു വന്നതാണ്‌. കുടുംബത്തിലെ പ്രശ്‌നം കാരണം ജോലി മതിയാക്കി എന്നാണു കേട്ടത്‌. ഇപ്പോൾ വാടകക്കാണത്രേ താമസം.

അവരുടെ കൂടെ രശ്‌മിയുമുള്ളതായി അവർ കണ്ടു. രശ്‌മി പറയുന്നുഃ അന്ന്‌ ഞാൻ പഴയമാർക്ക്‌ലിസ്‌റ്റുകൾ അറ്റസ്‌റ്റു ചെയ്യിക്കാൻ വേണ്ടി ഡിപ്പാർട്ടുമെന്റിലേക്ക്‌ പോയതായിരുന്നു. അവിടെ വേറെയാരും ഉണ്ടായിരുന്നില്ല. ഒരു സ്‌ത്രീ അറ്റത്തെ കസേരയിൽ ഇരിക്കുന്നു. എന്നെ കണ്ടതും ചിരിച്ചു ഞാൻ മടങ്ങുമ്പോൾ വിളിച്ചു. “എന്താകുട്ടീ”? അറ്റസ്‌റ്റുചെയ്യാനാണെന്നു പറഞ്ഞപ്പോൾ “ഞാൻ ചെയ്‌തുതന്നാൽ മതിയോ” എന്നു ചോദിച്ചു. “നിങ്ങളിവിടുത്തെ ആരാ” അങ്ങനെയാണു തിരിച്ചു ചോദിച്ചതെങ്കിലും ടീച്ചർ പുഞ്ചിരികൊണ്ടാണു സംസാരിച്ചത്‌. ഞാൻ മാർക്കുലിസ്‌റ്റു നീട്ടി. ടീച്ചർ അത്‌ പരിശോധിച്ചു. ഒപ്പിടാൻ പോയതാണ്‌. പിന്നെ പറഞ്ഞു. “ സോറി താൻ ചോദിച്ചപോലെ ഞാനാരാണെന്നു തെളിയിക്കുന്ന സീൽ എന്റെ കൈവശമില്ല. രശ്‌മിക്ക്‌ നിന്ന നിൽപിൽ ഉരുകിപ്പോയതായി തോന്നി.

”ഞാനങ്ങനെ പറഞ്ഞതല്ല മിസ്‌“

”ഏയ്‌ സാരമില്ലെന്നേ. ഒരു ഷാർപ്പ്‌ തമാശ“.

ടീച്ചർ എടുത്ത ഒരേ ഒരു ക്ലാസിൽ അന്ന്‌ നടുവിലത്തെ ബഞ്ചിലിരിക്കുമ്പോൾ രശ്‌മിക്കു സുഖം തോന്നി. ടീച്ചർ ക്ലാസെടുക്കുമ്പോൾ ആ ചെറിയ കൃഷ്‌ണമണിക്കകത്തേക്ക്‌ എൺപതോളം കുട്ടികളുടെ മനസ്സുകളെ അടുപ്പിക്കുന്നു. ഒരു ചരട്‌ നമ്മളെ അങ്ങോട്ടു വലിക്കുന്നു. വൈകിട്ട്‌ രശ്‌മി ടീച്ചറെ കണ്ട്‌ പറഞ്ഞു. ”ക്ലാസ്‌ നന്നായിരുന്നു ടീച്ചർ. ഒന്നാന്തരം എക്‌സ്‌പ്ലനേഷൻ. അസ്സൽ സ്‌പൊൺടേനിറ്റി. എനിക്ക്‌ ടീച്ചർ തന്നെ അറ്റസ്‌റ്റുചെയ്‌തു തരണം.“ അവൾ ആവർത്തിച്ചു ”തരണം……. തരണം.“

ടീച്ചർ രശ്‌മിയുടെ പുറത്തു തട്ടി. ”എന്താ കുട്ടീദ്‌ ത്ര ശാഠ്യം പാടില്ല, പെൺ കുട്ടികൾക്ക്‌.“ ടീച്ചർ ബാഗെടുത്തിട്ട്‌ വിളിച്ചു ”പിന്നേയ്‌“

”എന്റെടുത്ത്‌ കുറച്ചുമോരുണ്ട്‌. സംഭാരം കുടിക്കുന്നോ“

ടീച്ചർ നീട്ടിയപ്പോൾ രശ്‌മി വാങ്ങി കുടിച്ചു. ”നാട്ടിൽ പോവുമ്പോൾ തണ്ണീർ പന്തലിൽ കിട്ടാറുണ്ട്‌. നല്ല സ്വാദ്‌.“

”ശരി ഇനി പോട്ടെ വൈകിയാൽ ആള്‌ വഴക്കുപറയും“

ഭർത്താവിനെപ്പറ്റി ഒന്നും കേട്ടിട്ടില്ല. ആരാണെന്നുപോലും. രശ്‌മി വെറുതെ ഒരു രൂപം സങ്കല്‌പിക്കാനാവാതെ വിളറി.

ദിലീപ്‌ പുതിയ കാര്യം ഗവേഷണം ചെയ്‌തു ”ങ്‌ഹാ! അതുശരി അപ്പൊ നിന്റെ ലിസ്‌റ്റിൽ സംഭാരം കൂടിയുണ്ട്‌.“

അപ്പോൾ രശ്‌മി ദീർഘദൂരബസ്സിൽ സ്‌നേഹലതയുടെ ചുമലിൽ ചാരി ഇരിക്കുകയായിരുന്നു അവൾ കണ്ണടക്കാതെ കണ്ണിലെ വേദനജലം സൂക്ഷിച്ചു.

അടുത്തദിവസം ടൈംടേബിളിൽ ടീച്ചറുടെ പേരുണ്ടായിരുന്നില്ല. എന്നാലും രശ്‌മി ടീച്ചറുടെ വിഷയത്തിന്റെ നോട്ട്‌ കൈയിൽ കരുതിയിരുന്നു. ഇൻക്രിമെന്റ്‌ കുടിശ്ശിഖ കിട്ടാത്തതിലുള്ള സമരമായതുകൊണ്ട്‌ ഉച്ചക്കു കാണാൻ വേണ്ടി ഡിപ്പാർട്ടുമെന്റിൽ പോയെങ്കിലും കാണാനൊത്തില്ല. സ്‌റ്റാഫ്‌റൂം ശൂന്യമായിരുന്നു. ഫാനുകൾ മാത്രം കറങ്ങിക്കൊണ്ടിരുന്നു.

മൂന്നാമത്തെ ദിവസം രശ്‌മിയെ നിരീക്ഷിച്ചവർക്ക്‌ രസമായിരുന്നു. സിനിമാനടന്മാർക്കു പിന്നിൽ ഓട്ടോഗ്രാഫിനായി പോകുന്ന കുട്ടിയെപ്പോലെ രശ്‌മി ടീച്ചറുടെ പിറകെ നടന്നു. പലതവണ സ്‌റ്റാഫ്‌ റൂമിൽ പോയി. ടീച്ചറാണെങ്കിൽ പൊരിഞ്ഞ തിരക്കിലായിരുന്നു. പ്രിൻസിപ്പലിന്റെ മുറിയിലേക്ക്‌ ടീച്ചർ കയറിയിറങ്ങുന്നതും പിന്നീട്‌ തനിച്ചിരിക്കുന്നതും രശ്‌മി ശ്രദ്ധിച്ചു. എന്തെങ്കിലും സംസാരിക്കുമെന്നു വിചാരിച്ചെങ്കിലും ടീച്ചർ മേശപ്പുറത്തു കുനിഞ്ഞ്‌ കണ്ണടച്ചിരിക്കുകയാണ്‌.

ചുറ്റിപ്പറ്റിനടന്ന്‌ കിട്ടാത്ത മിഠായിപോലെ രശ്‌മിക്ക്‌ ടീച്ചർ.

ഒരു വാക്കുപോലും പറയാതെ ടീച്ചർ അലിഞ്ഞ്‌ അപ്രത്യക്ഷമായി. (അതിനിടയിൽ ഒരു കാര്യം കണ്ണിൽപ്പെട്ടു. ടീച്ചർ രാവിലെ ഉടുത്ത സാരിയല്ല, ഉച്ചയ്‌ക്ക്‌) ഇത്‌ പുതിയ സമ്പ്രദായമാവും ഇവിടെ. ദീലീപും കുമാറും ഒന്നര കി. മീ. താണ്ടികഴിഞ്ഞിരുന്നു. ഭീകരമായ റിബൺ പോലെ തൊട്ടുമുന്നിൽ ദേശീയപാത.

** **

ട്രാസിസ്‌റ്ററിന്റെ നിർത്തിനിർത്തിയുള്ള അസാധാരണമായ സംഗീതമാണ്‌ അവരെ എതിരേറ്റത്‌. മടക്കിവെക്കാവുന്ന നാലഞ്ചുകസേരകളും ചുമരിലൊക്കെ കലണ്ടറുകളുമുള്ള അതിഥിമുറി. വേലക്കാരി – ആണെന്നു തോന്നുന്നു – അകത്തേക്കു പോയിരിക്കുകയാണ്‌. രശ്‌മി പ്രസന്നമായ പ്രതീക്ഷയിൽ വാതിലിലേക്ക്‌ നോക്കിയിരുന്നു.

സുരേഷ്‌ പാട്ടിനനുസരിച്ച്‌ താളം പിടിക്കുകയും നിലക്കുമ്പോൾ ഗോഷ്‌ടികാട്ടുകയും ചെയ്‌തത്‌ സ്‌നേഹലത നോട്ടംകൊണ്ട്‌ ശാസിച്ചൊതുക്കാൻ നോക്കി. കപ്പലിൽ യാത്ര ചെയ്യുന്നതുപോലെയാണ്‌ സ്‌നേഹലതക്കു തോന്നിയത്‌. അടുത്തൊക്കെ യാത്രക്കാരുണ്ടെന്ന്‌, ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ കുറേ കഴിഞ്ഞാണ്‌ ടീച്ചർ വന്നത്‌. വേലക്കാരിയുടെ കൈയിൽ പിടിച്ച്‌ അമർത്തി നടന്നാൽ വേദനിക്കുമെന്ന വിധത്തിൽ ടീച്ചർ പതുക്കെ വന്ന്‌ ചൂരൽ കസേരയിൽ ചാരിയിരുന്നു. രശ്‌മി പെട്ടെന്നെഴുനേറ്റു. ഇരിക്കാൻ പറഞ്ഞിട്ടും അവൾ നിന്നപ്പോൾ ടീച്ചർ കണ്ണടയെടുത്തിട്ട്‌ അവളെത്തന്നെ നോക്കുന്നു.

ഭാവം തുടിച്ചു നിൽക്കുന്ന (മുഴച്ചു നിൽക്കുന്ന) നാടകാഭിനയമോ സുരേഷ്‌ വിചാരിച്ചു. ക്യാമറ വസ്‌തുക്കളിൽ നിന്നു വസ്‌തുക്കളിലേക്കു പാൻചെയ്‌തു നീക്കി അപ്രധാനമായതിൽ നിന്ന്‌ കാഴ്‌ചക്കാരെ സ്‌പർശിക്കണം, ഇവിടെ അതാണു നന്നാവുക. നാടകം വീഡിയോയിൽ ആകർഷകമായി പകർത്താമെന്നു തന്നെ സുരേഷ്‌ വിശ്വസിക്കുന്നു. പഠിത്തം കഴിഞ്ഞിട്ടു ചെയ്യാവുന്ന നൂതനമായ ചില പ്ലാനുകൾ സുരേഷിലേക്ക്‌ തെന്നിവന്നു.

അവൻ ടീപോയിലേക്കു നോക്കിയപ്പോൾ നിയമപുസ്‌തകങ്ങൾ കണ്ടു. പിന്നെ സത്യഗ്രഹത്തിന്റെയും സമരത്തിന്റേയും പേപ്പർകട്ടിങ്ങുകൾ. ഒരു സ്‌ത്രീ ഒറ്റക്കട നടത്തുന്ന പോരാട്ടമെന്ന്‌ അവയിലൊന്നിൽ സുരേഷ്‌ വായിച്ചു.

രശ്‌മിയെപ്പോലും ടീച്ചർക്ക്‌ ഓർമയില്ല എന്ന അറിവ്‌ സ്‌നേഹലതക്കും സുരേഷിനും ചമ്മലായി. കൊടിയ അസുഖം പോലെ ടീച്ചർ ശോഷിച്ചിരുന്നു. അർബുദം വ്യാപിച്ചുകൊണ്ടിരുന്ന ശരീരം കണക്കെ ടീച്ചർ ഓജസ്സു നഷ്‌ടപ്പെട്ട ദേഹം മാത്രമായിരുന്നു.

രശ്‌മിയുടെ ഓർമയിൽ അധ്യാപിക ബസ്സിൽ വച്ച്‌ അപമാനിക്കപ്പെട്ട രണ്ടുകോളും വാർത്ത. ടീച്ചർക്കു പിന്നില വലിയ ജനാവലിയുണ്ടെന്നു വിശ്വസിച്ചത്‌ തെറ്റാണെന്നു അവർ ഒറ്റയ്‌ക്കാണെന്നും അവൾക്ക്‌ ബോധ്യപ്പെട്ടിരുന്നു. ഞൊണ്ടിയും ടീച്ചർ മുന്നിലെത്തുമെന്ന്‌ വിപ്ലവസിനിമയിലെ നായികയുമായി തുലനം ചെയ്‌ത്‌ അവൾ കണക്കുകൂട്ടി വച്ചതാണ്‌.

ആയിടെ അവൾ കണ്ട സ്വപ്‌നത്തിൽ ടീച്ചർ തോണി തുഴയുന്നു. നീളൻ ചുണ്ടൻവള്ളം, കൂവിവിളിയുടെ ആരവങ്ങൾ. അത്രയെത്തിയപ്പോഴേക്ക്‌ രശ്‌മി വിയർത്തെഴുനേറ്റു.

ചില കാര്യങ്ങൾ അറിയാതിരിക്കുതാണു നല്ലത്‌. കാമ്പസിൽ ആരുമൊന്നു മറിഞ്ഞിട്ടില്ല. വേണമെങ്കിൽ നാലാൾകേൾക്കെ ഡബ്‌ൾ മീനിങ്ങ്‌ സ്‌കിറ്റ്‌ പറയാനുള്ള അവസരം. രശ്‌മിക്ക്‌ കളിത്തോക്കെടുത്തെങ്കിലും അടുത്തിരിക്കുന്നവർ രണ്ടിനെയും വെടിവച്ചു വീഴ്‌ത്താൻ തോന്നി.

ടീച്ചറുടെ മൗനം മുറിക്കാനായി രശ്‌മി പറഞ്ഞു. ”അന്ന്‌ ബസ്സിൽ ഞാനുമുണ്ടായിരുന്നു ടീച്ചർ“. മൗനം മുറിഞ്ഞില്ല. സ്‌നേഹലതയും സുരേഷും കണ്ണുതുറിപ്പിച്ച്‌ രംഗത്ത്‌ അനാവശ്യരെപ്പോലെ, എന്നാൽ ക്ഷമയോടെ ഇരുന്നു.

വേലക്കാരി കുപ്പിഗ്ലാസിൽ വെള്ളവുമാ​‍ായി വന്നു. ടീച്ചർ ഗ്ലാസ്‌ വാങ്ങി രണ്ടു മൂന്നു ഗുളികകൾ വെള്ളത്തോടൊപ്പമിറക്കി. അതു കഴിഞ്ഞ്‌ ടീച്ചർ ചിരപരിചിതരെപ്പോൽ വർത്തമാനം തുടങ്ങി. ഞങ്ങളുടെ പഠിത്തവും പരീക്ഷകളും സിലബസ്സും വിനോദവുമൊക്കെ വിഷയമായത്‌ എന്തുകൊണ്ടോ രശ്‌മിക്ക്‌ സഹിക്കാനാവുന്നുണ്ടായിരുന്നില്ല.

”അവനെ കുറ്റം പറയുന്നില്ല പക്ഷേ മറ്റെണ്ണങ്ങൾ…. എന്താണ്‌ ടീച്ചർ എല്ലാവരും ഇങ്ങനെയായിപ്പോവുന്നത്‌“?

രശ്‌മി നിലത്തേക്കു നോക്കി പിറുപിറുത്തു.

ഇതിനിടെ, ”നാളെ നിരാഹാരം“ എന്നു പറഞ്ഞു, ടീച്ചർ.

”ഈ ശരീരവും വച്ചുകൊണ്ടാ?“ രശ്‌മിയുടെ അന്ധാളിപ്പ്‌.

”വേണ്ട………വേണ്ട………വേണ്ട“ അവൾ എഴുന്നേറ്റ്‌ അലറി. വെറും വാക്കാണതെന്നറിഞ്ഞ്‌ രശ്‌മി പതുക്കെ ടീച്ചറുടെ സമീപമെത്തി. മൃദുവായി പറഞ്ഞു.” ചിലപ്പോൾ ബാഗിലെ സംഭാരം ചോർന്നതായിരിക്കും ടീച്ചർ. ആർക്കാ പറയാമ്പറ്റ്വാ“?

അപ്പോൾ ടീച്ചറുടെ ചിരി കലർന്ന ദീർഘശ്വാസം നെഞ്ചിൻകൂടിന്റെ അറ്റത്തുനിന്ന്‌ പ്രത്യേകതയുള്ള ശബ്‌ദം പുറപ്പെട്ടു. അണ്ണാക്കിനടിയിലെ കഫം കോളാമ്പിയിലേക്ക്‌ തുപ്പി.

ഞങ്ങൾ ഗേറ്റിലെത്തിയപ്പോഴേക്കും ടീച്ചർ വളഞ്ഞ ചൂരൽക്കസേരയിലിരുന്ന്‌ ആടി. രശ്‌മി തിരിഞ്ഞുനോക്കിയപ്പോൾ ചൂരൽക്കസേരയും ടീച്ചറും വളരെപ്പെട്ടന്ന്‌ മെലിഞ്ഞുണങ്ങി സ്ലേറ്റിൽ വരച്ചിട്ട എണ്ണൽസംഖ്യപോലെ ചെറുതായി. സ്ലേറ്റിന്റെ ഏതോ ഭാഗത്തുനിന്ന്‌ മറ്റൊരു സംഖ്യ തക്കം പാർത്ത്‌ അതിനുമേലെ വന്നുവീണതുകണ്ട്‌ ഞെട്ടി രശ്‌മിരാജശേഖരൻ, അതേസമയം സ്വയം പരിഗണിച്ചുകൊണ്ട്‌ വസ്‌ത്രം നേരെയാക്കി തലച്ചോറിൽ നിന്ന്‌ ഒരു ഹിന്ദിഗാനം വരുന്നതു പ്രതീക്ഷിച്ച്‌ വെയിറ്റിംഗ്‌ഷെഡ്‌ഡിലേക്ക്‌ (സൂക്ഷിക്കുക : ചെറിയൊരു മഴ വന്നാൽ ചോരുന്ന ഓലപ്പുരയാണ്‌) കയറി.

Generated from archived content: story1_april28_11.html Author: c_ganesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅമ്മാളുവിന്റെ ഡയറിക്കുറിപ്പ്‌
Next articleശിരോലിഖിതം
1976-ൽ പാലക്കാട്‌ ജില്ലയിൽ മാത്തൂരിൽ ജനനം. ക്രിയാത്‌മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചെമ്പകം (കഥകൾ) ഇണ&ജീവതം (നോവൽ) പ്രസിദ്ധപ്പെടുത്തി. അങ്കണത്തിന്റെ കൊച്ചുബാവ പുരസ്‌കാരം, നെഹ്‌റുയുവകേന്ദ്ര യുവഎഴുത്തുകാർക്കു നൽകുന്ന അവാർഡ്‌, ആലോചന സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്‌ണൻകുട്ടി സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തി. ഭാര്യഃ സ്‌മിത ഗണേഷ്‌. മകൾഃ സ്‌നിഗ്‌ദ്ധ (തംബുരു). വിലാസംഃ ഭാമിനി നിലയം, മാത്തൂർ പി.ഒ, പാലക്കാട്‌ - 678 571. Address: Phone: 9847789337

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here