വാളെടുത്തവന്‍

കന്യാകുമാരിയില്‍ ഒളിവില്‍ താമസിക്കുന്ന വിക്രമിന്റെ മൊബൈലില്‍ പെട്ടന്നു നോക്കുമ്പോള്‍ ഇരുപത്തിരണ്ട് മിസ്ഡ് കോളുകള്‍. എല്ലാം ഒരേ നമ്പറില്‍ നിന്ന് . കത്തി ഷാജുവിന്റെ എയര്‍ടെല്‍ നമ്പര്‍

തിരികെ വിളിച്ചപ്പോള്‍ അവന്‍ ബിസി. മൂന്നു വര്‍ഷമായി അവന്‍ വിളിച്ചിട്ട്. ഇപ്പോള്‍ വിളിക്കാന്‍ എന്തെങ്കിലും കാരണം കാ‍ണും ഏതെങ്കിലും ആക്ഷന് സഹായം തേടിയാകും.

അല്‍പ്പം കഴിഞ്ഞ് വിളിച്ചു മടുത്ത കത്തിഷാജുവിന്റെ എസ്. എം. എസ്.,എ. ആര്‍ റഹ്മാന്റെ ‘’ ജയ്ഹോ’‘ എന്ന മെസേജുമായി വിക്രമിനെ തോണ്ടി.

ആരേയും വെട്ടാനും കുത്താനുമല്ല കാര്യം ഒരു യാത്രയാണ്.

”ഞാന്‍ കന്യാകുമാരിയിലുണ്ട്. റയില്‍വേ സ്റ്റേഷനരികിലുള്ള ഫ്ലയോവറിനു താഴെ കാത്തു നില്‍ക്കുക. ഞാനുടനെത്തും. ഒരുമിച്ചൊരു യാത്ര’’

സന്തോഷമായി. കത്തി ഷാജുവിനോടൊപ്പം യാത്ര ചെയ്യാന്‍ കഴിയുന്നത് സുഖമുള്ള സംഗതിയാണ്. ബാങ്ക് കവര്‍ച്ച കേസില്‍ ചെറുതായി സഹായിച്ചതിനാല്‍ ഒരു മാസമായല്ലോ പുറത്തേക്കിറങ്ങിയിട്ട്. സത്യനാഥന്റെ ക്വട്ടേഷന്‍ സംഘം ഒരാഴ്ച കഴിഞ്ഞ് ഒരാവശ്യം ഉണ്ടാകുമെന്നും വിളിക്കാമെന്നും അറിയിച്ചിട്ടുണ്ട്. മനസ്സൊന്നു തണുക്കാന്‍ കത്തി ഷാജുവുമായി നാലെണ്ണം വിട്ട് രണ്ടു വര്‍ത്തമാനം പറഞ്ഞാല്‍ മതിയാവും.

കത്തി ഷാജു വന്നത് വിചാരിച്ചതു പോലെ ബൈക്കിലല്ല , കാറിലുമല്ല പത്തുപതിനഞ്ചുപേര്‍ക്കിരിക്കാവുന്ന പെരുത്തൊരു വാഹനത്തിലാണ്. വാഹനമെന്നാല്‍ ഒരു ആഢംബരസര്‍വാണി. വാഹനത്തിനുള്ളില്‍ എ.സി യും പാട്ടും സിനിമയും ലഭ്യം.

തമ്മില്‍ കണ്ടതിലെ സന്തോഷപ്രകടനത്തിന് ശേഷം അവന്‍ ഒന്നും മിണ്ടാതെ വണ്ടി ഓടിക്കുകയാണ്.

തിരുവനന്തപുരത്ത് സ്റ്റാച്യു ജംഗ്ഷനു സമീപമെത്തിയപ്പോള്‍ അവന്‍ ചില്ലു താഴ്ത്തി തല പുറത്തേക്കിട്ടു നോക്കി. ഒരു തൊപ്പിയിട്ട തടിയന്‍ കൈകാണിച്ചു കൊണ്ട് വണ്ടിക്കടുത്തു വന്നു . അവന്‍ വണ്ടില്‍ കയറിയപ്പോഴാണ് മനസിലായത് കമ്പിപ്പാര രവിയാണ്. സമ്പന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി കുടുംബനാഥനെ അടിച്ചുകൊല്ലാനുപയോഗിച്ച കമ്പിപ്പാര വീട്ടിലെ ക്ലോസെറ്റില്‍ ഉപേക്ഷിക്കുന്ന സ്വഭാവമുള്ള രവി. കുറഞ്ഞ കാലം കൊണ്ട് അവന്‍ നന്നായി സമ്പാദിച്ചിട്ടുണ്ട്. അവന്റെ മക്കള്‍ രണ്ടു പേരും ബാംഗ്ലൂരിലാണ് പഠിക്കുന്നത്.

രണ്ടു പേര്‍ മാത്രമല്ല യാത്രക്കുള്ളതെന്ന് ഇപ്പോഴാണ് മനസിലായത് വിക്രമിന് അതില്‍ അത്ര സുഖം തോന്നിയില്ല. കമ്പിപ്പാരയുമൊരുമിച്ച് ഇതുവരെ ‘ കുടിപ്പാര്‍ട്ടി’ ഉണ്ടായിട്ടില്ല. കുടിച്ചു കഴിഞ്ഞാല്‍ കമ്പിപ്പാര എന്താകുമെന്നറിയാനുള്ള അവസരമാണിത്. ങും ആവട്ടെ.

നമ്മുടെ റോഡുകളെപ്പറ്റിയും നഗരത്തിലെ വാഹനനിയന്ത്രണത്തെപ്പറ്റിയും സംസാരിച്ചുകൊണ്ട് കത്തി ഷാജു വണ്ടി വിട്ടു. കമ്പിപ്പാര രവിയാവട്ടെ ഉറക്കം തൂങ്ങാനും തുടങ്ങി.

കൊല്ലെത്തെത്തിയതും ഷാജു ടൗണ്‍ഹാള്‍ വഴി തിരിച്ചു വിട്ടു, അവിടത്തെ ഒരു സര്‍ക്കസ് കൂടാരത്തിന്റെ പിന്നാമ്പുറത്തു നിന്ന് കൊല്ലാക്കൊല നസീര്‍ ഞങ്ങളുടെ വണ്ടിയില്‍ കയറി . പത്രങ്ങളില്‍ അവന്‍ നിറഞ്ഞു നില്‍ക്കുന്ന സമയമായിരുന്നതിനാല്‍ ബാക്കിയുള്ളവര്‍ ഒന്ന് പേടിച്ചു. അവന്‍ കയറിയതും വാഹനം ഭാരം കൂടിയതിനാല്‍ കിതക്കുന്നതു പോലെ തോന്നി. കൊല്ലാക്കൊല നസീറിനെ പിടിച്ചത് വിദേശ പോലീസാണ് . പോലീസില്‍ നിന്നും പെരുമാറ്റമൊന്നും അവനു കിട്ടിയില്ല. അവന്റെ മുഖത്തിന്‍ കാശ്മീരാപ്പിളീന്റെ ശോഭ തന്നെ ഇപ്പോഴും . ഒരു വേള, അവന്‍ ബോളിവുഡിലെ ഏതോ താരത്തേപ്പോലെ തോന്നിച്ചു.

അവന്‍ ആരോടും പരിചയം കാണിക്കാന്‍ തുനിഞ്ഞില്ല. എല്ലാവരും അവനോടു ചെന്നു മിണ്ടുമെന്ന് അവന്‍ വിചാരിക്കുന്നതു പോലെ തോന്നും . ഷാജുവിന്റെ തോളില്‍ ഒന്നു തട്ടി നസീര്‍ ഒരേ ഇരിപ്പാണ്. ‘ പീപിങ് അനിമല്‍ നെവര്‍ ഡയ്സ്’ എന്നാണ് അവന്റെ ബനിയനില്‍ എഴുതിയിരിക്കുന്നത്.

കോട്ടയത്തു നിന്ന് വ്യാജമദ്യറാണി ഫാത്തിമാ ബീവി വണ്ടിയില്‍ കയറിയപ്പോള്‍ എല്ലാവര്‍ക്കും രസം പിടിച്ചു. വെറ്റില മുറുക്കിയ അവര്‍ ചെറിയൊരു ബാഗ് കൈയില്‍ കരുതിയിരുന്നു. വണ്ടിയുടെ കുലുക്കത്തിനൊത്ത് അവര്‍ നസീറിനോടും രവിയോടും ഷാജുവിനോടുമൊക്കെ ഓരോന്നു പറഞ്ഞ് കുലുങ്ങിച്ചിരിച്ചു കൊണ്ടിരുന്നു. ചിരിയായിരുന്നില്ല , അവയോരൊന്നും അസാമാന്യമായ വെടിയുണ്ടകളായിരുന്നു.

‘’ ഡാ നാറീ , നിന്റെ കുടിയിരിപ്പ് പെണ്ണിനെ നീ പറഞ്ഞയച്ചൂന്ന് കേട്ടല്ലോ’‘

‘’ വിടാന്‍ വേണ്ടീട്ടല്ലെ ഞാ കെട്ടണത് , അവള്‍ ശരിയാവൂല്ല , തേവടി’‘

‘’എന്നിട്ട് വേറെ വല്ലതിനേം കിട്ട്യാ?’‘

‘’ ഓ അതിനാണാ രവിക്ക് പ്രയാസം. ഇരിമ്പുംപൊഴേല്‍ ഒരെണ്ണത്തിനെ കണ്ട് വച്ചിട്ടുണ്ട് നോക്കട്ടെ’‘

കമ്പിപ്പാര രവി കൈയിലുണ്ടായിരുന്ന പെപ്സിയുടെ ബോട്ടില്‍ തുറന്ന് വായിലൊഴിച്ചു. ബാക്കി ഫാത്തിമാ ബീവിക്ക് നേരെ നീട്ടി. അവര്‍ വായില്‍ വെറ്റിലയാണെന്ന് വാ തുറന്നു കാട്ടി. പാ‍യ്ക്കറ്റില്‍ നിന്ന് ഒരു കഷണം പുകല കൂടി വായിലേക്കിട്ടിട്ട് അവര്‍ ചാറ് ആ‍സ്വദിച്ചിറക്കി.

ഷാജുവിന് മൊബൈലില്‍ ഇടക്ക് കോളുകള്‍ വന്നു.

‘’ ഷാജുവേ നമ്മളെങ്ങോട്ടേക്കാ പോകുതെന്ന് നീ പറഞ്ഞില്ലല്ലോഡേയ്’‘ കൊല്ലാക്കൊല നസീര്‍ ചോദിച്ചു അവന്‍ ഒന്നും പറയാതെ വണ്ടിയോടിച്ചു.

എല്ലാവര്‍ക്കും അതൊരു കൗതുകമായിരുന്നു. ഇന്നലെ രാത്രി മുതല്‍ ഓരോരുത്തരെയും ക്ഷണിക്കുമ്പോള്‍ കത്തി ഷാജു ആരോടും ലക്ഷ്യ് സ്ഥാനം പറഞ്ഞിരുന്നില്ല. പക്ഷെ അവനത് നല്ല തീര്‍ച്ചയുണ്ടായിരുന്നു. എവിടേക്കാണ് പോകേണ്ടതെന്നും അവന് ഉറപ്പുണ്ടായിരുന്നു … അവന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു. എവിടേക്കാണെന്നു പറയാതെ തന്നെ കൂട്ടാളികളെല്ലാം വരാന്‍ തയ്യാറായതില്‍ അവന്‍ അതിയായി സന്തോഷിച്ചു.

ഇതിനിടെ വഴിയിലൊരു ഹോട്ടലില്‍ നിന്ന് പത്തിരിയും പൊറോട്ടയും ചിക്കനുമൊക്കെ വിക്രം വാങ്ങി വന്നു. കമ്പിപ്പാര രവി ഉത്സാഹത്തോടെ എല്ലാവര്‍ക്കുമത് വിതരണം നടത്തി.

‘’ നമ്മെടെ ബ്ലേഡ് മത്തായി ഇപ്പഴും ആലപ്പുഴയില്‍ തന്നെയല്ലേ?’‘ ഇടക്കാരോ ചോദിച്ചു

‘’ ഉം… അവനാ ഇപ്പോ വിളിച്ചത് നാളെ അവന്റെ മകളെടെ മനസ്സമ്മതാ എന്നാലും എല്ലാവരും ഉണ്ടെന്ന് പറഞ്ഞപ്പോ അവനും വരാമെന്നു പറഞ്ഞു’‘ കത്തി ഷാജു പറയുന്നതു എല്ലാവരും ചെവി കൂര്‍പ്പിച്ചു കേട്ടു.

‘’ വീട്ടിലുണ്ടാക്കിയ ഒന്നാന്തരം വൈന്‍ അവന്‍ കൊണ്ടുവരുന്നുണ്ട്’‘ ഷാജു ചിരിച്ചു കൊണ്ട് കൂട്ടിച്ചേര്‍ത്തു. ‘’ വീട്ടു വൈന്‍ കുടിക്കാനൊരു പ്രത്യേക രുചിയാ’‘ വിക്രം പറഞ്ഞു.

‘’ ഓ.. എന്ത്? ചീറ് സാധനങ്ങളുള്ളപ്പഴാ വൈന്‍ ? എനിക്ക് താത്പര്യമില്ല’‘ രവി ഇളിച്ചുകൊണ്ട് അറിയിച്ചു.

എറണാകുളത്തു നിന്ന് കരടി ബൈജുവും ചാലക്കുടിയില്‍ നിന്ന് ക്വട്ടേഷന്‍ ജാക്കിയും കയറിയപ്പോഴേക്കും സ്വല്‍പ്പം പിടിപ്പിച്ചതിന്റെ ഉണര്‍വില്‍ ഏവരും പാട്ടുപാടിത്തുടങ്ങി. രാത്രി വൈകുവോളം പാട്ടു തന്നെയായിരുന്നു. ‘’ നിന്റെ മറ്റവ്ടത്തെ സിനിമ നിര്‍ത്തടാ’‘ എന്നലറികൊണ്ട് കമ്പിപ്പാര രവി ഡാന്‍സിനു തയ്യാറായി. വാഹനകത്തിനകത്ത് ഓടിക്കൊണ്ടിരുന്ന ഷാജി കൈലാസ് പടം അതോടെ അവഗണനയിലായി. പകരം എല്ലാവരും പങ്കെടുക്കുന്ന ആനന്ദനൃത്തം തുടങ്ങി. ഷാജു ഡ്രൈവിംഗിനിടയിലും ഒരു കൈകൊണ്ട് നൃത്തത്തില്‍ പങ്കാളിയായി.

അര്‍ദ്ധരാത്രിയോടടുത്ത് തൃശൂരിലുള്ള ഹോട്ടലില്‍ കിടന്നുറങ്ങിയിട്ടാവാം ബാക്കി യാത്രയെന്നാരോ നിര്‍ദ്ദേശം വച്ചെങ്കിലും അത് റദ്ദായിപ്പോയി.

കത്തി ഷാജു വണ്ടി വീണ്ടും മുന്നോട്ടെടുത്തു.

തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിനടുത്ത് നിന്ന് ചങ്ങല ഈനാശുവും മോനായിയും പാലക്കാടു നിന്ന് തൊരപ്പന്‍ മണികണ്ഠനും സംഘത്തോടൊപ്പം ചേര്‍ന്നു.

ഈനാശുവിനെ ഒറ്റക്കു കിട്ടിയാല്‍ രണ്ടു പൊട്ടിക്കാമെന്ന് വിക്രമിനും കരടി ബൈജുവിനും ജാക്കിക്കും തോന്നിയിട്ടുണ്ട്. സാധാരണ കവര്‍ച്ചക്കാരുടെ നീതിസാരത്തില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടാകൂ. ഉണ്ടാവാന്‍ പാടുള്ളു അതാണ് നിയമം. എന്നാല്‍- ഈനാശു തന്ത അങ്ങനെയല്ല പണം മോഹിച്ച് വീട്ടുകവര്‍ച്ച നടത്തും പണവും- സാധനങ്ങളുമെടുത്തു തിരിയുമ്പോള്‍ നൈറ്റിയണിഞ്ഞ് കിടക്കുന്ന യുവതിയെ കണ്ടാല്‍ ഈനാശുവിലെ പുരുഷന്‍ ഉണരും. അവന്‍ യുവതിയെ ചുംബിക്കാന്‍ നോക്കും. അവള്‍ ഉണര്‍ന്ന് ഒച്ച വക്കും. കിട്ടിയതുമെടുത്ത്, ചിലപ്പോള്‍ എടുത്തതും ഉപേക്ഷിച്ച് ഓടേണ്ടി വരും. ഈനാശുവിന് കയറങ്കോട്ട് നിന്ന് ഓടിക്കൂടിയ നാട്ടുകൂട്ടം ഈനാശുവിനെ കൈയോടെ പിടിച്ചു. എന്നാല്‍ അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ചു വച്ച് കാരപ്പൊടി വിതറിയാണവന്‍ അന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

ഇരിങ്ങാലക്കുട വച്ച് ഭവനഭേദനത്തിനു ശേഷം വീട്ടമ്മയെ ചങ്ങല മുറുക്കി കൊല്ലാന്‍ നോക്കിയവനാണ് ഈനാശു. കൊല്ലാന്‍ ചങ്ങല തെരെഞ്ഞെടുത്തതും അതവിടെ തന്നെ ഉപേക്ഷിച്ചതും പോലീസിന് ജീവനുള്ള തെളിവുകള്‍ നല്‍കും. ഈനാശുച്ചേട്ടന് ഇതു വല്ലതും അറിയാമോ? കരടിയും ജാക്കിയും അതേപറ്റി ചോദിച്ചു ‘’ അതേയ്….. അന്നവളെ കണ്ടപ്പോ എനിക്കു കടിച്ചു മുറിച്ചു തിന്നാണാണ് തോന്നിയത്. അത് പറ്റ്വോ? അപ്പോ എനിക്കനുഭവിക്കാന്‍ പറ്റാത്തത് ഇനിയാരും അനുഭവിക്കേണ്ടെന്ന് തോന്നി. അങ്ങന്യാ ചങ്ങല മുറുക്ക്യേത്. കട്ടച്ചോര പതിഞ്ഞ ചങ്ങല‍ വേണ്ടെന്നു വച്ചു. അതവിടെ ഇട്ടിട്ടു പോന്നു.’‘ ഷര്‍ട്ടിനുള്ളിലൂടെ കൈയിട്ട് കക്ഷം നന്നായി ചൊറിഞ്ഞുകൊണ്ട് ഈനാശു പറഞ്ഞു.

പയ്യന്മാര്‍ പേടിക്കണതെന്തിന്? പോലീസ് ഈനാശുവിന്റെ രോമം തൊടില്ല. അയാള്‍ ഇടതുകൈത്തണ്ടയില്‍ നിന്ന് രോമം പറിച്ചെറിയുന്നതായി ആംഗ്യം കാട്ടി . പിന്നെ, രാത്രിയാഹാരത്തിനു ശേഷം പതിവുള്ള ഗുളികകള്‍ ഫാത്തിമാ ബീവി വിഴുങ്ങുന്നതു കണ്ടപ്പോള്‍ ‘ ഓ മറന്നു ‘ എന്നു പറഞ്ഞുകൊണ്ട് ബാഗില്‍ തപ്പി ഈനാശുവും ഗുളിക വിഴുങ്ങി ഏമ്പക്കം വിട്ടു. സംഘത്തില്‍ ഏറ്റവും പ്രായം ചെന്നവര്‍ അവരായിരുന്നു.

രാത്രി മുഴുവന്‍ ഓടിക്കുകയാണെങ്കിലും കത്തി ഷാജുവിന്റെ മുഖത്ത് യാതൊരു ക്ഷീണവുമില്ല. ആളുകള്‍ കയറുന്നതിന്റെ അനുസരിച്ച് അവന്റെ മുഖം പ്രസന്നമായിക്കൊണ്ടിരുന്നു.

ബോംബ് ഇബ്രാഹിം മലപ്പുറത്തു നിന്നും പാമ്പ് രാജു കോഴിക്കോടുനിന്നും കയറി . പാമ്പ് രാജുവിന്റെ പായ്ക്കറ്റില്‍ നിന്ന് കോഴിക്കോടന്‍ ഹല്‍വയുടെ മണം വരുന്നുണ്ടായിരുന്നു.

മോനായി നാടകഗാനങ്ങളുടെ ആരാധകനായിരുന്നു . കെ.പി എ. സി യുടെ ഒരു ഗാനം അയാള്‍ ഉറക്കെ മൂളി

കോഴിക്കോടു കടന്നും വണ്ടി പോകുന്നതറിഞ്ഞ് കരടി ബൈജു ഒച്ച വച്ചു. ‘’ എടാ ഷാജുവേ …. നമ്മളെവിടേക്കാണെന്നു പറ’‘

‘’ കാണാന്‍ പോകുന്ന പൂരം …. ? മിണ്ടാതിരിയെട കരടിയേ’‘ കത്തി ഷാജു പുച്ഛത്തില്‍ പറഞ്ഞു.

‘’ ഇതെന്തു സസ്പെന്‍സാടാ … ഡാഷേ… ‘’ അവന്‍ ഒരു തെറി വിളിച്ചു.

ഒരു നിമിഷം കത്തി ഷാജുവിന്റെ ചിന്തകളും ഇടഞ്ഞു പോയി.

ഞങ്ങളെങ്ങോട്ടാണ്?

ഈ പെരുങ്കന്‍ വാഹനം മറ്റൊന്നുമായി കൂട്ടിയിടിച്ചാല്‍ നാട്ടിലെ എത്ര കേസുകളുടെ വക തിരിവുകള്‍ നൂര്‍ന്നു കിട്ടും. ? കൊക്കയിലോ മറ്റോ വീണ് എല്ലാവരും തീര്‍ന്നു പോയാല്‍ നാളത്തെ പത്രം എങ്ങെനെയാവും ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുക?

കണ്ണൂരില്‍ നിന്ന് ആക്സില്‍ പത്രോസും കാസര്‍കോഡു നിന്ന് പന്തം കൊളുത്തി ഇയ്യുണ്ണിയും അച്ചടക്കത്തോടെ വണ്ടിയില്‍ കയറിയപ്പോള്‍‍ എല്ലാവരുടേയും ആവേശം ഉച്ചസ്ഥായിയിലായി.

ഇനി എന്താവും സംഭവിക്കുക?

വിഷവീര്യമുള്ള ക്രിമിനലുകളുടെ വാഹന സംഘം ഇനി എവിടേക്കാണ് യാത്ര നടത്തുക?

കുറച്ചു ദൂരം കൂടി വണ്ടി മുന്നോട്ടു പോയി. പിന്നെ ഒരു ചെറിയ പൂന്തോട്ടത്തിനടുത്ത് കത്തി ഷാജു വണ്ടി നിറുത്തി. ഇളം വെയിലായിരുന്നു. യാത്രക്ക് അവനിട്ട വിരാമചിഹ്നം പോലെ പുന്തോട്ടം. ഇവിടേക്കെത്താനാണ് ദീര്‍ഘനേരമായി കിതച്ചുകൊണ്ടിരുന്നത്….ദീര്‍ഘയാത്രയുടെ നടുനിവര്‍ത്തിക്കൊണ്ട് എല്ലാവരും വാഹനത്തില്‍നിന്നിറങ്ങി.

ചെറിയ പൂന്തോട്ടമാണെങ്കിലും അവിടെ നിറയെ പൂക്കളുണ്ടായിരുന്നു . യാത്രാ സംഘം പൂന്തോട്ടത്തിലൂടെ നടന്നു. വിക്രം ഒരു കാശിത്തുമ്പ പറിച്ചു. കമ്പിപ്പാര രവിയും കൊല്ലാക്കൊല നസീറും പത്തുമണിപ്പൂക്കളെ തലോടി. ഉള്ളിലെ പിശാചുകളെ അവര്‍ പൂന്തോട്ടത്തിലേക്ക് തുറന്നു വിട്ടു. പൂക്കളുടെ മണവും മരങ്ങളുടെ തണലും ആസ്വദിച്ചുകൊണ്ടവര്‍ നടന്നു. ഭാരം കുറഞ്ഞ പാവം മനുഷ്യാത്മാക്കള്‍ ഭൂമിക്കു മുകളിലൂടെ നടക്കുന്നതു പോലെ അവര്‍ നടന്നു.

ഫാത്തിമാ ബീവി ഈനാ‍ശുവിനോട് ഒരു റോസ് പറിച്ചു തരാന്‍ പറഞ്ഞപ്പോള്‍ ഈ നാ‍ശു അപ്രകാരം ചെയ്തു. ഫാത്തിമാ ബീവി റോസ് മണക്കുകയും തലയില്‍ ചൂടുകയും ചെയ്തു. ബ്ലേഡ് മത്തായിയും ഇബ്രാഹിമും പാമ്പ് രാജുവും ചേര്‍ന്ന് അവിടത്തെ അനാവശ്യ പുല്ലുകള്‍ പറിച്ചു നീക്കാന്‍ തുടങ്ങി. പൂന്തോട്ടത്തിനും അപ്പുറത്തെ കുറ്റിക്കാട്ടില്‍ ഒരു ചേര ഇഴയുന്നതു കണ്ട പാമ്പു രാജു നന്നായി പേടിക്കുകയും ചെയ്തു. തൊരപ്പന്‍ മണികണ്ഠന്‍ സംശയം തോന്നിയ സ്ഥലത്ത് മണ്ണു തുരന്ന് രഹസ്യ ടാപ്പ് കണ്ടു പിടിച്ച് തിരിച്ചപ്പോള്‍ പൂന്തോട്ടത്തില്‍ മഴ പെയ്ത പ്രതീതി .ചിതറി തെറിക്കുന്ന ജലത്തുള്ളികള്‍….

ഈയൊരു നിമിഷത്തിനു വേണ്ടിയാണ് പൂന്തോട്ടം ഇത്രനാള്‍ നിന്നെതെന്നു പോലും തോന്നിപ്പോകും.

കത്തി ഷാജു വീണ്ടും വണ്ടിയില്‍ കയറി. കൈയടിച്ച് വിളിച്ചു വരുത്തി എല്ലാവരേയും വണ്ടിയില്‍ കയറ്റി. മുറുക്കിക്കെട്ടിയ കയറിന്‍ തുമ്പ് മുറിച്ചിട്ടെന്നപോലെ ചിരിച്ചു കളിച്ച് എണ്ണം പറഞ്ഞ ക്രിമിനലുകള്‍ വണ്ടിക്കകത്തേക്കു പ്രവേശിച്ചു. പലരുടെയും കയ്യില്‍ പൂക്കളുണ്ടായിരുന്നു. നിറമുള്ള മണമുള്ള പൂക്കള്‍.

കത്തി ഷാജുവിന്റെ ആഢംബരവാഹനത്തിന്റെ ചക്രങ്ങള്‍ വന്ന വഴി പിന്നിടാന്‍ തുടങ്ങി. മടക്കം ഉല്ലാസ യാത്രകഴിഞ്ഞാല്‍ കുട്ടികള്‍ വീട്ടിലേക്കു തന്നെയാണു മടങ്ങുക. സ്റ്റോപ്പില്‍ നിന്നു കൊണ്ട് , ഫാ‍ത്തിമബീവി നീങ്ങുന്ന വാഹനത്തോട് കൈവീശി കാണിച്ചപ്പോള്‍‍ വാഹനത്തില്‍ ബാക്കിയുണ്ടായിരുന്നവരുടെ കണ്ണു നിറഞ്ഞു.

ഓരോ സ്ഥലം പിന്നിടുമ്പോഴും കൈയില്‍ പിടിച്ച് പൂവുമായി ഓരോരുത്തരും ഇറങ്ങി. വാഹനത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു വന്നു. കൈയില്‍ പൂവുണ്ടെങ്കിലും അവരൊന്നും അവരുടെ ആയുധം പറിച്ചെറിഞ്ഞിരുന്നില്ല. അവര്‍ ഇറങ്ങി, സങ്കേതമണഞ്ഞാലുടന്‍ കൈയിലുള്ള പൂവിനെ ഭദ്രമായൊരിടത്ത് നിക്ഷേപിച്ച് അവരവരുടെ ആയുധത്തഴമ്പ് കൈമോശം വരാതെ സൂക്ഷിക്കുവാന്‍ തയ്യാറായിക്കൊണ്ട്.

വണ്ടിയില്‍ നിന്നും ഇറങ്ങിയ വിക്രമിന് അവന്‍ മറന്നിട്ട മന്ദാരപ്പൂ,കത്തി ഷാജു എടുത്തു നീട്ടി. മന്ദാരപ്പൂവായിരുന്നെങ്കിലും ഒരു തോക്ക് ഏറ്റു വാങ്ങുന്നതു പോലെയാണ് അവനത് സ്വീകരിച്ചത്.

Generated from archived content: story1_apr30_12.html Author: c_ganesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഗീതം പതിനേഴ്
Next articleലോക സിനിമ :റോം- ഓപ്പണ്‍ സിറ്റി. (1945) റോബര്‍ട്ടോ റോസല്ലിനി
1976-ൽ പാലക്കാട്‌ ജില്ലയിൽ മാത്തൂരിൽ ജനനം. ക്രിയാത്‌മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചെമ്പകം (കഥകൾ) ഇണ&ജീവതം (നോവൽ) പ്രസിദ്ധപ്പെടുത്തി. അങ്കണത്തിന്റെ കൊച്ചുബാവ പുരസ്‌കാരം, നെഹ്‌റുയുവകേന്ദ്ര യുവഎഴുത്തുകാർക്കു നൽകുന്ന അവാർഡ്‌, ആലോചന സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്‌ണൻകുട്ടി സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തി. ഭാര്യഃ സ്‌മിത ഗണേഷ്‌. മകൾഃ സ്‌നിഗ്‌ദ്ധ (തംബുരു). വിലാസംഃ ഭാമിനി നിലയം, മാത്തൂർ പി.ഒ, പാലക്കാട്‌ - 678 571. Address: Phone: 9847789337

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here