നമ്മുടെ ബാപ്പ

കല്യാണക്കാറിൽ നിന്നിറങ്ങി പുതിയാപ്ലയുടെ നിഴലിനു മുകളിൽ മറ്റൊരു നിഴലായി നിൽക്കുന്നതിനിടയിൽ സൈനബയുടെ കണ്ണുകൾ പുതിയാപ്ലയുടെ തൊട്ടടുത്തുനിന്ന വൃദ്ധനിൽ ഉടക്കി. പെട്ടെന്ന്‌ പിൻവലിക്കാൻ കഴിയാത്തവിധം എന്തോ പ്രത്യേകതയുളള ഉടക്കലായിരുന്നു അത്‌. സൈനബയുടെ കൺമഷിയിട്ട കണ്ണുകൾ വൃദ്ധമുഖത്ത്‌- പുതിയാപ്ല ജലിലിന്റെ ബാപ്പ ബേവുക്ക-ഒന്നുകൂടി ഉഴിച്ചിൽ നടത്തി, താനിപ്പോൾ നിക്കാഹ്‌ കഴിഞ്ഞ മണവാട്ടിയാണെന്ന ബോധ്യത്തിൽ പരിസരത്തിലേക്ക്‌ ഭവ്യതയോടെയും ബഹുമാനത്തിന്റെയും അനുസരണയുടേയും ഭാഷ സൃഷ്‌ടിച്ചുകൊണ്ട്‌ മടങ്ങി. പിന്നീട്‌ ഘടികാരത്തിന്റെ മണിക്കൂർ സൂചി കഷ്‌ടിച്ചൊരു വൃത്തം പൂർത്തിയാക്കും മുമ്പ്‌ വൃദ്ധൻ മരിച്ചുപോയപ്പോൾ സൈനബ അവളുടെ സങ്കടം പ്രകടിപ്പിക്കേണ്ട വിധമറിയാതെയാണ്‌ കുഴങ്ങിപ്പോയത്‌.

സൈനബയുടെ വിവാഹം ഇത്രപെട്ടെന്നു നടക്കാൻ കാരണം അവളുടെ പ്രേമമാണ്‌. മൂന്നാം ക്ലാസു മുതൽ ഒപ്പം പഠിച്ച ശിവശങ്കരൻമാഷിന്റെ മകൻ സുരേഷ്‌കുമാർ സൈനബയെ ഇഷ്‌ടപ്പെടുകയും ഇടയ്‌ക്കൊക്കെ സംസാരിച്ചുനിൽക്കാൻ സമയം കണ്ടെത്തുകയും ചെയ്‌തിരുന്നു. സൈനബയ്‌ക്ക്‌ സുരേഷിനോട്‌ പ്രേമമായിരുന്നു എന്നു പറഞ്ഞാൽ ശരിയാവില്ല. എങ്കിലും ഒഴിഞ്ഞുമാറാൻ സൈനബയ്‌ക്ക്‌ ആയിരുന്നില്ല. അങ്ങനെ ഇവർ തമ്മിൽ സംസാരിച്ചു നിൽക്കുന്നതു കണ്ട സൈനബയുടെ ബാപ്പ ഏതൊരു പിതാവിനെയും പോലെ അവളെ ചെറുതായൊന്നു ശാസിക്കുകയും അന്നു രാത്രിയിൽ സ്വന്തം ബീവിയോട്‌ മകളുടെ വിവാഹക്കാര്യം ചർച്ച ചെയ്യുകയും ചെയ്‌തു. സൈനബ സുരേഷ്‌കുമാറിനെ പരിപൂർണ്ണമായും മായ്‌ച്ചുകളയുന്നുവെന്ന്‌ പ്രതിജ്ഞയും എടുത്തു.

പിറ്റേന്നു തന്നെ സൈനബയുടെ ബാപ്പ, വിവാഹം കഴിഞ്ഞ്‌ ഭർതൃവീടുകളിൽ സുഖമായിരിക്കുന്ന സൈനബയുടെ മൂന്നു ജേഷ്‌ഠത്തിമാരേയും വരുത്തിച്ചു. സൈനബയുടെ നിക്കാഹിനെപ്പറ്റി ഉഷാറായി ആലോചിക്കാൻ പോവുകയാണെന്നും നിങ്ങളുടെ അറിവിൽ ചൊറ്‌ക്കുളള പയ്യൻമാർ ഉണ്ടെങ്കിൽ അറിയിക്കണമെന്നും പറഞ്ഞുകൊണ്ട്‌ ബാപ്പ ജേഷ്‌ഠത്തിമാരെ തിരിച്ചയച്ചു. സൈനബയുടെ സൗദിയിലുളള മൂത്താങ്ങളയെ ഫോണിൽ വിളിച്ച്‌ വിവരം പറഞ്ഞു. ദമാമിൽ ഡ്രൈവറായ കുഞ്ഞാങ്ങളയെ അഞ്ചെട്ടുതവണ വിളിച്ചിട്ടും ലൈൻ ബിസി… ലൈൻ ബിസി.. എന്ന അറിയിപ്പു തന്നെ കിട്ടിയത്‌.

“ഇതെന്തു ശെയ്‌ത്താനാണ്‌ ബിശിബിശീന്നും പറഞ്ഞിരിക്ക്‌ണ്‌?”

സൈനബയുടെ ബാപ്പ ഫോണിന്‌ ഒരടികൊടുത്ത്‌ സൗദിയിലേക്കു വീണ്ടും വിളിച്ച്‌ ദമാമിലേക്ക്‌ വിവാഹക്കാര്യം പറയാനേൽപ്പിക്കുന്നു.

സൈനബയുടെ ബാപ്പ, ദൃഢചിത്തനായ ചെറുകിട കോൺട്രാക്‌ടർ, താൻ പണിതുയർത്തുന്ന കെട്ടിടംപോലെയാണ്‌ മകളുടെ വിവാഹത്തെയും കണ്ടത്‌. പരിചയക്കാരെയും ബന്ധുക്കളെയും അറിയാവുന്ന ബ്രോക്കർമാരെയും വിളിച്ച്‌ പറയുമ്പോൾ ‘ബാപ്പ വിഷമിക്കേണ്ട, സുരേഷ്‌കുമാറിനോടൊപ്പം ഒളിച്ചോടാൻ മാത്രം വിഡ്‌ഢിയല്ല ഞാൻ, പ്രത്യേകിച്ചും ഇന്നത്തെകാലത്ത്‌“ എന്നു പറഞ്ഞില്ലെന്നേയുളളു. ഒറ്റരാത്രികൊണ്ട്‌ നിശ്ചയിക്കപ്പെട്ട വിവാഹമെന്നു വിശേഷിപ്പിക്കാവുന്ന രീതിയിൽ കാര്യങ്ങൾ ഇത്രയ്‌ക്ക്‌ സുഗമമായി മുന്നോട്ടു പോവുമെന്നു സൈനബ വിചാരിച്ചില്ല, പുതുനഗരത്തേക്കു നിക്കാഹുകൊടുത്ത സഹോദരി നസീബ വരുന്നതുവരെ. നസീബ കുട്ടികളേയുമെടുത്തുകൊണ്ട്‌ ബസ്സിൽ തന്നെയാണ്‌ വന്നത്‌. മൂന്നുവയസ്സും ഒന്നരവയസ്സുമുളള രണ്ടുകുട്ടികളെ നോക്കേണ്ട ചുമതല ഉണ്ടായിട്ടുകൂടി അവൾ സാമാന്യം തടിച്ചിരിക്കുന്നുവെന്ന്‌ സൈനബയ്‌ക്ക്‌ തോന്നി. നസീബ വീട്ടിലെത്തുമ്പോൾ ബാപ്പ ടൗണിലുളള ഒരു ബ്രോക്കറുടെ അടുത്തേക്ക്‌ പോയിരിക്കുകയായിരുന്നു. നസീബ ഉമ്മയോട്‌ പുറംകാര്യങ്ങൾ പറഞ്ഞതല്ലാതെ നിക്കാഹിനെപ്പറ്റി ഒന്നും പറഞ്ഞില്ല. ഉമ്മയോടു പറഞ്ഞിട്ടെന്തുകാര്യം? നിക്കാഹൊക്കെ നിശ്ചയിക്കേണ്ടത്‌ പടച്ചോനും ബാപ്പയും ആലോചിച്ചല്ലേ. അതിനാലവൾ ബാപ്പ വരുന്നതുവരെ കാത്തിരുന്നു. എന്നിട്ട്‌ ബാപ്പ വന്നശേഷം പ്രശ്‌നം അവതരിപ്പിച്ചു.

അസർ നിസ്‌കാരത്തിന്റെ ബാങ്കൊലികൾ മുഴങ്ങുന്ന നേരത്ത്‌ ജലീലിന്റെയും സൈനബയുടെയും പേരുകൾ തെർമോക്കോളിൽ കൊത്തിയെടുത്ത്‌ ഒട്ടിച്ച കാറിനകത്ത്‌ പുതിയാപ്ലക്കു സമീപമിരുന്നു വിയർക്കുമ്പോൾ സൈനബ ഉഷ്‌ണമാണ്‌ വിവാഹമെന്നറിഞ്ഞു.

”വിയർക്കുന്നുണ്ടോ?“ വെളുത്തഷർട്ടും മുണ്ടുമണിഞ്ഞ അതിസുന്ദരനായ ജലീൽ ചെറുചിരിയോടെ ചോദിച്ചതോടെ അവൾക്ക്‌ തണുത്തു. ”ഓന്റെയൊരു സുഗാന്വേഷണം“ അവനെയൊന്നു നുളളി, കാറിനകത്ത്‌ പിന്നിലുണ്ടായിരുന്ന ബന്ധു അവന്റെ ചോദ്യത്തിലേക്ക്‌ രസം പുരട്ടി. തമാശയും പരിഹാസവും കലർന്ന മിശ്രിതമായി വിവാഹക്കാറ്‌ ജലീലിന്റെ വീടിനുമുന്നിലെത്തി.

കല്യാണപ്പെണ്ണിന്‌ വിവാഹത്തിന്റന്ന്‌ ഒറ്റ നോട്ടം കൊണ്ട്‌ ഒരായിരം കാര്യങ്ങൾ പിടിച്ചെടുക്കാൻ കഴിയും. ബാപ്പയോട്‌ ജേഷ്‌ഠത്തി വിദഗ്‌ധമായ ആംഗ്യങ്ങളോടെ സൂചിപ്പിച്ച വസ്‌തുതകൾ യഥാർത്ഥമാണോയെന്ന്‌ ജലീലിനു പിന്നിൽ നിഴലായി ഇറങ്ങിയയുടൻ സൈനബ എണ്ണിയെടുക്കാൻ തുടങ്ങി. പളളിമീനാരങ്ങളുടേതുപോലെ വീടിനു മുന്നിലെ തൂണുകളുടെ ഉന്നത ശീർഷങ്ങൾ, ആകാശത്തേക്കു കുതിക്കുന്ന പച്ച റോക്കറ്റുപോലുളള വൃക്ഷം, നാലുചക്രവാഹനം പ്രതീക്ഷിച്ചിരിക്കുന്ന പോർച്ച്‌, ടെറസിനു മേലെ വാ തുറന്ന ഡിഷ്‌ ആന്റിന…. അവൾ തന്റെ മാറിൽ സർപ്പശിരസ്സുപോലെ കിടക്കുന്ന നെക്‌ലേസുകളും കൈത്തണ്ടയിൽ ഇത്തിരി സ്ഥലം അനുവദിക്കാതെ കിടക്കുന്ന വളകളും ഒരു നോക്കി. പിന്നെ ബന്ധുക്കളിലും സന്തോഷത്തിൽ തിമിർക്കുന്ന കുട്ടികളിലും നല്ലപോലെ അടിക്കുന്ന വെയിലിലും അവൾ സന്തോഷം കണ്ടെത്തി.

നിക്കാഹ്‌ ആഘോഷമാക്കുന്ന പതിവ്‌ ജലീലിന്റെ കുടുംബത്തിന്‌ ഇല്ലായിരുന്നെങ്കിൽകൂടി, കോൺക്രീറ്റുചെയ്‌ത മുറ്റമെല്ലാം പന്തലിനു കീഴിലായിരുന്നു. കാറിൽ നിന്നിറങ്ങി മണവാളനും മണവാട്ടിയും അകമ്പടിക്കാരും അസാധാരണമായൊരു മന്ദഗതിയിൽ പ്രവേശിച്ച്‌ ബേവുക്കയുടെ കുടുംബചരിത്രത്തിലേക്ക്‌ സൈനബയുടെ പേര്‌ എഴുതിച്ചേർത്തു.

അപ്പോൾ ജലീലിന്റെ കാതിൽ നിക്കാഹ്‌ നേരത്തെ വരികളായിരുന്നു.

”സവ്വജ്‌ തുക്ക വ അൻകഹ്‌ തുക്ക ബിൻ തി സൈനബ

ബി മഹ്‌രിൻ മബ്‌ല ഉഹൂ…

ജലീൽ പ്രതിവചനം ഉരുവിട്ടു.

“ഖബിൽ തു മിൻക നിക്കാഹഹാ വ

തസ്വീജഹാ ബി മഹ്‌രി

ബാദൽ മദ്‌കൂരി….”

ടൗണിലെ അഹമ്മദ്‌ഹാജിയുടെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിശുദ്ധ നിക്കാഹ്‌. സൈനബ വിചാരിച്ചതിലധികം ആളുകൾ പെൺവീട്ടുകാരുടെ ലേബലിൽ ഉണ്ടായിരുന്നത്‌ അവളെ ചെറുതായി ലജ്ജിപ്പിച്ചിരുന്നു. കോഴിക്കാലുകൾ, ആളുകൾ കടിച്ചു വലിക്കുന്നു. നെയ്‌ച്ചോറിന്റെയും ബിരിയാണിയുടേയും മസാലമണം വായുവിലെ ചൂടിൽ ഒഴുകി നടക്കുന്നു.

തിരക്ക്‌ നിയന്ത്രിച്ചിരുന്നത്‌ ആ വൃദ്ധനായിരുന്നു. വൃദ്ധനെന്ന്‌ പറയാമോ എന്നറിയില്ല. കണ്ടയുടൻ അതാണ്‌ തോന്നിയതെന്നു മാത്രം. ചടങ്ങുസമയത്ത്‌ അണിഞ്ഞ നിറയെ ദ്വാരങ്ങളുളള തൊപ്പി അയാൾ ഊരിയിരുന്നില്ല. കയറ്റിയുടുത്ത മുണ്ടും നിസ്‌കാരത്തഴമ്പുളള നെറ്റിയിൽ നേരിയ വിയർപ്പുമായി അയാൾ കാണുന്നവരോടൊക്കെ കുശലം പറഞ്ഞുകൊണ്ട്‌ ഓടി നടന്നിരുന്നു. വരുന്നവരെ അസ്സലാമു അലൈക്കും പറഞ്ഞ്‌ ആലിംഗനം ചെയ്യുകയും സലാം പറഞ്ഞ്‌ ഹസ്‌തദാനം നടത്തുകയും ചെയ്‌തിരുന്നു. അതിനിടെ ഒരു രഹസ്യം സൈനബ കണ്ടുപിടിക്കുകയായിരുന്നു. അയാളുടെ കഷണ്ടിക്ക്‌ ചെമന്ന നിറമാണ്‌. ശരിക്കു പറഞ്ഞാൽ ചെത്തി വച്ച ചേന. കുടവയറു കണ്ടാൽ പത്തുമാസം ഗർഭമാണെന്നു തോന്നും.

പ്രസന്നത അയാൾക്ക്‌ ജന്മസിദ്ധമായി കിട്ടിയതാണെന്ന്‌ ഊഹിക്കാവുന്ന രീതിയിൽ വൃദ്ധൻ ഓടിനടന്നു. ഓഡിറ്റോറിയത്തിന്റെ മുകൾനിലയിൽനിന്ന്‌ നോക്കുമ്പോൾ നൃത്തരംഗങ്ങളിൽ ചിലരെ മാത്രം പ്രകാശം വീഴ്‌ത്തികാണിക്കുന്ന കണക്ക്‌ അയാൾ ശ്രദ്ധയിൽപ്പെട്ടു. ഇടയ്‌ക്കെപ്പോഴോ റംബിതാത്ത പറഞ്ഞു തന്നു. “അതാ കണ്ടാ. അതാണ്‌ പുതിയാപ്ലേന്റെ ഉപ്പ. അവരടെ കുടീച്ചെന്നാ കണ്ടറിഞ്ഞ്‌ ക്കണം യ്യ്‌.”

“ഉം” അവൾ നീട്ടിമൂളി.

വൃദ്ധൻ ദൂരെ അങ്ങോട്ടുമിങ്ങോട്ടും ഓടുക തന്നെയാണ്‌, പാവം, അതിനിടെ അയാൾ കൊലുന്നനെയായി വെളുത്ത പയ്യനും കൈകൊടുക്കുന്നു. അവൻ വിളറിയ ചിരിയുമായി ഭക്ഷണത്തിനെഴുന്നേൽക്കുന്നു. പടച്ചവൻ തുണ. സുരേഷ്‌കുമാറാണ്‌. സൈനബ ക്ഷണിച്ചിട്ടില്ല. പക്ഷെ അവൻ വന്നു. സുരേഷ്‌കുമാർ ഭാഗ്യമില്ലാത്തവനാണെന്നും താനും ജലീലും യുഗയുഗാന്തരങ്ങൾക്കു മുമ്പെ തനിക്കായി കരുതിവച്ചതായിരിക്കുമെന്നും ചിന്തിക്കുമ്പോൾ ഓർമ്മകൾ പ്ലാസ്‌റ്റിക്‌ക്കൂടിനകത്തെ സാധനമായി അവളെ ബുദ്ധിമുട്ടിച്ചു.

കല്യാണനിശ്ചയത്തിന്‌ ബേവുക്ക വന്നിരുന്നില്ല. ചെറിയ കോളറ പിടിച്ച കിടപ്പിലായിരുന്നുവെന്നാണ്‌ പറഞ്ഞത്‌. തീരുമാനങ്ങളെല്ലാം ഉമ്മയോടും പളളിക്കമ്മറ്റി സെക്രട്ടറി മൊയ്‌തീൻ കുഞ്ഞിനോടും അവർ പറഞ്ഞേൽപ്പിച്ചിരുന്നു.

കല്യാണമഹലിലിരുന്ന്‌ അവളാലോചിച്ചത്‌ ഒരു നിക്കാഹ്‌ നടക്കുന്നതിനായി ഒത്തുവരേണ്ട ഘടകങ്ങളെപ്പറ്റിയാണ്‌. മനസ്സുകൾ അനവധി ഒരുമിക്കണം. കുടുംബങ്ങൾ, വംശത്തിന്റെ വേരുകൾ, മതത്തിന്റെ അക്ഷരങ്ങൾ, ജ്വല്ലറിക്കാരന്റെയും നമ്മുടേയും ഇഷ്‌ടങ്ങൾ, ബാങ്കിലെ കടലാസുകൾ, നെയ്‌ച്ചോറിന്റെ പാകം, വിരുന്നുകൾ, ഇത്താത്തമാരുടെ ഭർത്താക്കൻമാർ, കല്യാണക്കുറി അച്ചടിക്കുന്ന പ്രസ്സുകാരൻ ഒടുവിൽ പുതിയാപ്ലയും മണവാട്ടിയും. അല്ലാഹുവേ പ്രപഞ്ചാദികൾ മുഴുവനും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഒത്തുകൂടുകയാണ്‌ വിവാഹമംഗളകർമ്മത്തിൽ. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത്‌ ഒന്നോ രണ്ടോ പേരായിരിക്കും. ഇവിടെ അത്‌ പൊന്നാനിത്തൊപ്പിയിട്ട ബേവുക്കയാണ്‌.

അയാളിപ്പോൾ കണ്ടാൽ സമ്പന്നമെന്നു വിളിച്ചറിയിക്കുന്ന ഒരു കുടുംബിനിയേയും ഭർത്താവിനെയും അവരുടെ ഇത്തിരിപോന്ന മകളേയും ലാളിച്ചുകൊണ്ട്‌ തീൻമേശയിലേക്ക്‌ ക്ഷണിക്കുന്നു. അൽപ്പനേരം അവർ ഭക്ഷിക്കുന്നതു നോക്കി, അവർക്ക്‌ സലാഡിൽ നിന്ന്‌ ഉതിർന്ന സവാളകൾ എടുത്ത്‌ വിളമ്പി. പിന്നീട്‌ കുട്ടികൾ ഇരിക്കുന്ന സ്ഥലത്തേക്ക്‌ പോയി കുശലം പറഞ്ഞു. വാണം പോലെ പാഞ്ഞ്‌ വെപ്പുപുരയിൽ പോയി ഭക്ഷണം എത്രയുണ്ടെന്നന്വേഷിക്കുന്നു. നെയ്‌ച്ചോറും ഇറച്ചിയും ഇളക്കിനോക്കുന്നു. ഒരു ഗ്ലാസ്‌ ജീരകവെള്ളം കുടിച്ച്‌ വീണ്ടും ആൾക്കൂട്ടത്തിലേക്ക്‌ പരിചിതമായ ചിരിയോടെ നീങ്ങുന്നു.

ഭക്ഷണത്തിന്‌ പുതിയാപ്ലയേയും മണവാട്ടിയേയും ഒരുമിച്ചിരുത്തിയാൽ ചിലർക്കത്‌ പിടിക്കില്ല. ലോകത്ത്‌ വിവാഹപ്രായമെത്തിയ പലരും വിവാഹം കഴിയാതെ ദുഃഖിക്കുമ്പോൾ, ഈ നിമിഷം ഭൂമിയിൽ അനേകം സഹോദരന്മാർ ആഹാരം കിട്ടാതെ വലയുമ്പോൾ ഇപ്പോൾമാത്രം ഒരുമിച്ച വരനും വധുവും അതിരറ്റ്‌ ആഹ്ലാദിക്കരുതെന്ന്‌ ചിലർ പറയും. എന്നാൽ വൃദ്ധൻ കാരണവൻമാരോടൊക്കെ സംസാരിച്ച്‌, ഒരുമിച്ചിരിക്കാൻ വേണ്ട ഏർപ്പാട്‌ ചെയ്‌തിരുന്നു.

ദൂരെ നിൽക്കുകയായിരുന്ന ഫോട്ടോഗ്രാഫറെ വിളിച്ച്‌ ബേവുക്കയെടുപ്പിച്ച-അപ്പോഴേക്കും അയാളുടെ വെളുത്ത ഷർട്ട്‌ നനഞ്ഞൊട്ടിയിരുന്നു-കുടുംബഫോട്ടോ താനിതുവരെ കണ്ടിട്ടുളളതിൽവച്ച്‌ ഏറ്റവുമധികം പേർ നിരന്നു നിന്ന ഫോട്ടോയാണെന്ന്‌ അപ്പോൾതന്നെ അവൾക്ക്‌ പുതിയാപ്ലയോട്‌ പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല. മണവാട്ടിയുടെയും പുതിയാപ്ലയുടേയും ഉമ്മ ബാപ്പമാർ, സഹോ​‍ാദരർ, അവരുടെ കുട്ടികൾ, ഇരുകുടുംബങ്ങളിലേയും ഉപ്പൂപ്പമാർ, വല്യത്താത്തമാർ, ബേവുക്കയുടെ സുഹൃത്തുക്കളായ ചില മൗലവിമാർ തുടങ്ങിയവരെയെല്ലാം നിർത്തിക്കൊണ്ട്‌ അയാൾ പ്രത്യേകം എടുപ്പിച്ച ഫോട്ടോയായിരുന്നു അത്‌.

കല്യാണക്കാറിനു വഴികാട്ടിയായി മുമ്പിൽ പോയ ജീപ്പിൽ മുൻഭാഗത്ത്‌ ബേവുക്ക ഇരുന്നു. കണ്ണാടിയിൽ ഇടയ്‌ക്കിടെ നോക്കിക്കൊണ്ടും പുറത്തേക്ക്‌ കൈ ചലിപ്പിച്ച്‌ ആംഗ്യം കാട്ടിയും അയാൾ വഴി തെളിച്ചുകൊണ്ടിരുന്നു.

ജലീലിന്റെ വീട്ടിലെ മുറികൾ പദപ്രശ്‌നത്തിലെ കളളികൾ പോലെ ഒന്നിൽനിന്നും മറ്റൊന്നിലേക്ക്‌ യോജിപ്പുളളവയായിരുന്നുകൊണ്ട്‌ വീടിന്റെ ഭൂമിശാസ്‌ത്രം മുഴുവനൊന്നും മനസ്സിലായില്ല. ബഹളങ്ങളുടെ വൈകുന്നേരം പിന്നിട്ടപ്പോൾ മണിയറ മാത്രം കണ്ടു. ജലീൽ വളരെ ക്ഷീണിച്ചിരുന്നു. അവൻ പറഞ്ഞു.

“എന്തൊരു തിരക്കായിരുന്നു നിക്കാഹിന്‌ സൈനബാ..”

“ങ്‌ഹതെ”

“എല്ലാരേം പിരിച്ചയക്കാൻ ബാപ്പ ഒരുപാടു ബുദ്ധിമുട്ടിക്കാണും.”

അവൾ അതും സമ്മതിച്ചു. ഷർട്ടഴിച്ചുകൊണ്ട്‌ അവൻ പറഞ്ഞു. “നിനക്കുളള വിസ ശരിയാക്കണമെന്നു വിചാരിച്ചതാ.” ഒന്നു നിർത്തി അവൻ കൂട്ടിച്ചേർത്തു. “ഞാൻ പോയാൽ മൂന്നുമാസത്തിനുളളിൽ വരും. നിനക്കുളള വിസയുമായിട്ട്‌.” അവൾക്ക്‌ അത്ഭുതം തോന്നി. നല്ല ശ്രദ്ധയും പരിചരണവും കാണിക്കുന്ന ഭർത്താവുതന്നെ ജലീൽ. എത്ര ചുരുക്കിയാണ്‌ കാര്യങ്ങൾ അവതരിപ്പിക്കുന്നത്‌. ഗൾഫിൽ ജോലിയുളളവരൊക്കെ നാട്ടിൽ വരുമ്പോൾ ഇങ്ങനെയാവും. കുറഞ്ഞ സമയത്തിനുളളിൽ അവർക്ക്‌ കൂടുതൽ കാര്യങ്ങൾ ചെയ്‌തു തീർക്കാനുണ്ട്‌.

ജലീൽ മേൽ കഴുകുവാൻ പോയി. അവൾ എന്തു ചെയ്യണമെന്നറിയാതെ കുറച്ചുനേരം ഇരുന്നു. പിന്നെ ആഭരണങ്ങളഴിച്ച്‌ അതാതു ജൂവലറിപ്പെട്ടികളിൽ വച്ചു. ധരിക്കുന്നതിനേക്കാൾ അവയ്‌ക്കു ഭംഗി ജൂവലറിപ്പെട്ടികളിലെ വർണ്ണക്കടലാസിൽ പതിഞ്ഞു കിടക്കുമ്പോഴാണ്‌. രാവിലെ മുതൽ ഉടുത്ത സാരി മാറ്റി. പുതിയ വസ്‌ത്രങ്ങൾ അടുക്കിവെച്ച അവളുടെ പെട്ടി തുറന്നു. കൊതിപ്പിക്കുന്ന വസ്‌ത്രങ്ങളുടെ ചുളിവുമാറാത്ത ഇനങ്ങൾ കാത്തിരിപ്പിൽ. പർദ്ദകളും മക്കനകളും സാരികളും ചുരിദാറുകളും. അവൾ മാക്‌സിയെടുത്തു ധരിച്ചു.

ജലീൽ വന്നെത്തിയപ്പോൾ ചന്ദ്രികസോപ്പിന്റെ മണം.

അവൾ പണ്ടെപ്പോഴോ പഠിച്ചിട്ടുളള അൽകഹ്‌ഫ്‌ സൂക്തങ്ങളിലൊന്ന്‌ ഓർമ്മയിൽ നിന്ന്‌ ഉരുവിട്ടു.

“സത്യം നിങ്ങളുടെ നാഥങ്കൽ നിന്നുളളതാണ്‌. അതിനാൽ ഇഷ്‌ടമുളളവൻ വിശ്വസിക്കട്ടെ. ഇഷ്‌ടമുളളവൻ നിഷേധിക്കട്ടെ. അക്രമികൾക്കു നാം നരകാഗ്നി ഒരുക്കി വച്ചിട്ടുണ്ട്‌. അതിന്റെ കൂടാരം അവരെ നാനാഭാഗങ്ങളിൽ നിന്നും വലയം ചെയ്‌തിരിക്കുന്നു, അവർ വെളളത്തിനു കേഴുന്ന പക്ഷം ഉരുക്കിയ ലോഹംപോലുളള വെളളം കൊണ്ടാണ്‌ അവർക്കു സഹായം നൽകുക. അതവരുടെ മുഖം കരിച്ചുകളയും. എത്ര മോശമായ പാനീയം? എത്ര ദുഷിച്ച വിശ്രമസ്ഥലം?” ജലീൽ അവളുടെ അറിവിന്റെ പ്രകടനം കണ്ട്‌ സന്തോഷിച്ചു.

“നീ കോളേജിലൊക്കെ പഠിച്ചിട്ടും ഇതൊന്നും മറന്നില്ല അല്ലേ? നാളെ ബാപ്പയ്‌ക്ക്‌ ഇതൊന്നു കേൾപ്പിക്കണം. ബാപ്പ എല്ലാവരോടും പിന്നെ പറഞ്ഞു നടന്നോളും നിന്റെ മഹിമ.” ജലീൽ പറഞ്ഞു.

അവൻ അവളോട്‌ മേൽകഴുകി വരാൻ പറഞ്ഞു. ഇവിടെ നിക്കാഹിനോളം പ്രാധാന്യം മേൽകഴുകലിനുമുണ്ട്‌. അവൾ വിചാരിച്ചു.

അവൻ കിടപ്പറവാതിൽ ബോൾട്ടിട്ടശേഷം റാഫിയുടെ കാസറ്റ്‌ കേട്ടുകൊണ്ടിരുന്നു.

കുളിമുറി, ബക്കറ്റുകൾ, മഗ്ഗ്‌, ഷവർ, വെളളം-എന്തെല്ലാം പുതുമകൾ മണവാട്ടിക്ക്‌ നേരിടണം? അവൾ മേൽകഴുകി വരുമ്പോൾ പാട്ട്‌ ശബ്‌ദം കുറച്ചുവച്ച്‌ ജലീൽ കണ്ണടച്ചിരിക്കുകയാണ്‌. പാട്ടിനു മുകളിലൂടെ ബേം എന്ന ഏമ്പക്കം കേട്ടപ്പോൾ ജലീൽ പറഞ്ഞു. “ബാപ്പയാണ്‌. അത്താഴം കഴിഞ്ഞു.”

ജലീൽ തന്റെ ജീവിതകഥ വളരെ വേഗത്തിൽ മൂന്നിലൊന്നായി സംഗ്രഹിച്ച്‌ പറഞ്ഞു. ജലീലിന്‌ സ്വന്തമായി ഒന്നുമറിയില്ലെന്നാണു പറയുന്നത്‌. എല്ലാം ബാപ്പയാണ്‌. ഉമ്മയാണെങ്കിൽ ഒന്നും മിണ്ടാത്ത ഉമ്മ. അതുകൊണ്ട്‌ ഇനിയെല്ലാം ബീവി വേണം ചെയ്‌തുകൊടുക്കാൻ. ഇതായിരുന്നു ചുരുക്കം. ദുബൈയിലെ എണ്ണക്കമ്പനിയിലെ കണക്കെഴുത്തോ? അവൾ ഹാസ്യാത്മകമായി ചോദിച്ചു.

ജലീൽ ബാപ്പയെപ്പറ്റി പറയാനാരംഭിച്ചു.

ബേവുക്കയെന്നു കേട്ടാൽ നാടിന്‌ എന്തൊരു ബഹുമാനമാണെന്നോ. ബാപ്പ എല്ലാവരേയും സഹായിക്കും. ബേവുക്കയെന്നു കേട്ടാൽ ഗ്രാമം തലകുനിച്ചു നിൽക്കും. ജലീലിന്റെ സംസാരം കുറച്ചു കൂടിപ്പോകുന്നുണ്ടെന്നു തോന്നിയെങ്കിലും മറുത്തൊന്നും പറയാതെ അവൾ കേട്ടു. ബാപ്പയുടെ ചരിത്രം പൊടുന്നനെ നിർത്തി അവൻ, നമുക്കു മധുവിധുവിന്‌ രണ്ടു മാസമേയുളളൂ എന്നു പറഞ്ഞപ്പോൾ അവൾക്ക്‌ നാണിക്കാതെ നിവൃത്തിയില്ലെന്നായി.

അവൾ അവളുടെ കഥ പറയാനാരംഭിച്ചപ്പോഴേക്കും നേരം ഏറെ പിന്നിട്ടിരുന്നു. വലിയ വീടിന്റെ നിശ്ശബ്‌ദതയിൽ അവളുടെ കഥയിലെ ക്രിയാംശങ്ങൾ സ്വതന്ത്രമായി പുറത്തിറങ്ങി. ജലീൽ നല്ലൊരു കേൾവിക്കാരൻ കൂടിയാണെന്ന്‌ അവൾ മനസ്സിലാക്കി.

“ജലീലേ യ്യ്‌ങ്ക്‌ട്‌ ബന്നേ” പുറത്തുനിന്ന്‌ വയസ്സായ വിളി.

ജലീൽ ലുങ്കി വൃത്തിയായുടുത്ത്‌ വാതിൽ തുറന്ന്‌ പുറത്തുപോയി. മഴയുടെ ഇരമ്പം പോലെ നേരിയ ഒച്ച കേൾക്കുന്നുണ്ട്‌. പെട്ടെന്നത്‌ കൂട്ടനിലവിളിയായി മാറി.

അവൾ അമ്പരന്നു. ജലീൽ അഴിച്ചുവച്ച സിൽക്ക്‌ ഷർട്ടുമായി അവൾ നിലവിളിഭാഗത്തേക്ക്‌ പതുക്കെ നടന്നു. ബേവുക്ക പുരാതനമായ കട്ടിലിൽ ഒരു കാൽ താഴോട്ടാക്കി ഏങ്കോണിച്ച്‌ കിടക്കുന്നു. ജലീൽ ബേവുക്കയുടെ കവിളത്ത്‌ തടവി നോക്കിയശേഷം നിസ്സംഗമായി കൂടി നിന്ന സ്‌ത്രീകളുടെ ആൾക്കൂട്ടത്തെ നോക്കി.

സൈനബ കൈയിലുളള സിൽക്‌ ഷർട്ട്‌ അവനുനേരെ നീട്ടി. അതുമുഖത്തേക്കു പൊത്തിവച്ച്‌ അവൻ പൊട്ടി. അവിടന്നും ഇവിടന്നുമായി കുറച്ച്‌ ആണുങ്ങൾ വന്നു. പതർച്ചകൾ, സംസാരങ്ങൾ, ബദ്ധപ്പാട്‌. ഉറക്കം മുറിഞ്ഞുപോയ മുഖങ്ങൾ. ബേവുക്കയുടെ ശരീരം കുറെപ്പേർ താങ്ങിപ്പിടിച്ച്‌ ഇടനാഴിയിൽ കിടത്തി. ജലീൽ കരഞ്ഞുകരഞ്ഞ്‌ അവശനായതവൾ കണ്ടു. ഉമ്മയ്‌ക്ക്‌ ബോധമില്ല. ഒരുപിടി മുഖങ്ങൾക്കു നടുവിൽ ബേവുക്ക കിടന്നു.

അഭിനയിക്കാനറിയാമെങ്കിൽ നന്നായൊന്നു കരയാമായിരുന്നെന്ന്‌ അവൾ ചിന്തിച്ചു. ജലീലിന്റെ ബാപ്പ, തന്റെ മറുപാതിയുടെ ബാപ്പ. എന്നിട്ടും അതൊരു പേരു മാത്രം. മരണത്തിനു നമ്മെ സ്‌പർശിക്കുവാൻ ഒരുപാടു തടസ്സങ്ങളുണ്ട്‌. സ്‌ത്രീകളും കുട്ടികളും എന്തിനാണിത്രമാത്രം കരയുന്നതെന്നും ജലീൽപോലും ആവശ്യത്തിലധികം വിഷമിക്കുകയാണെന്നും അവൾക്കു തോന്നി. നോക്കിയാൽ തന്നെ മരിച്ചുവെന്നറിയാവുന്ന കാര്യം പുലർച്ചെ ഡോക്‌ടർ വന്ന്‌ സ്ഥിരീകരിച്ചു. ത്വാരിക്വൂൽ അഖ്‌യാറിൽ ബേവുക്ക ലക്ഷ്യം കണ്ടെത്തിയിരിക്കുന്നു.

പളളിയിൽ നിന്നും അധികൃതർ വന്ന ബേവുക്കയുടെ കാലിലെ തളളവിരലുകൾ പരസ്‌പരം ചേർത്തും മൂക്കിൽ പഞ്ഞി തിരുകിയും മേലേ വെളളവസ്‌തം ധരിപ്പിച്ചും അത്തറ്‌ തേച്ചും ബേവുക്കയെ ഒന്നാന്തരമൊരു മയ്യത്താക്കി മാറ്റിയപ്പോൾ യഥാർത്ഥമരണമുറിയായി അവളവിടം ഉൾക്കൊണ്ടു. അതിനിടയിലേക്ക്‌ സുബഹ്‌ബാങ്കിന്റെ ശബ്‌ദവും കടന്നുവന്നു.

ഇപ്പോൾ കരച്ചിലില്ല. വിതുമ്പലുകൾ മാത്രമേയുളളു. ധാരാളമാളുകൾ വന്നുപോകുന്നു. ജലീലിന്റെ ഭാഷയിൽ ഗ്രാമം തലകുനിക്കുന്നതവൾ കണ്ടു. നിക്കാഹുവേളയിൽ ഗൗരവം നടിച്ച ജലീലിന്റെ സഹോദരിമാർ, നാത്തൂന്മാർ, ചീർത്ത്‌ വിരസമായ ഭാവവുമായി ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു. സങ്കടം വരുന്ന വഴി നിശ്ചയമില്ലാതെ സൈനബ വൃദ്ധന്റെ പത്തി തിരുകിയ മൂക്കിന്റെ രൂപം നോക്കുന്നു. ഒരു ഈച്ച ചന്ദനത്തിരിയുടെ പുകച്ചുരുളുകൾക്കിടയിലൂടെ സൂക്ഷിച്ച്‌ ബേവുക്കയുടെ മൂക്കിൻതുമ്പത്തിരിക്കാൻ ശ്രമിക്കുകയാണ്‌.

ചന്ദനത്തിരികളുടെ മണമറിഞ്ഞുകൊണ്ട്‌ അവൾ ബേവുക്കയുമായി ഇതുവരെ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ലെന്നതു മറന്നു. അറിയാം ബേവുക്കയെ. കണ്ടിട്ടുണ്ട്‌, അറിഞ്ഞിട്ടുണ്ട്‌, ഈ വൃദ്ധകാരുണ്യം.

ഒരു മിന്നൽ, സുരേഷ്‌ പറഞ്ഞതാണത്‌. പത്തിൽ ആദ്യവട്ടം തോറ്റപ്പോൾ അവൻ ആകെ ഇല്ലാതായി. മാഷിന്റെ മകനായിട്ടും തോറ്റതിന്‌ ശിവശങ്കരൻമാഷ്‌ അവനെ പൊതിരെ തല്ലി. ബെൽറ്റിന്റെ ബക്കിൾസ്‌ ദേഹത്തുകൊണ്ട്‌ ചോര പൊടിഞ്ഞിട്ടും മാഷ്‌ തല്ല്‌ നിർത്തിയില്ല. അവൻ ഇറങ്ങിയോടി. ഇനി ചോറു തരില്ലെന്നും കടന്നുപൊയ്‌ക്കൊളളാനും പറഞ്ഞ്‌ സുരേഷിന്റെ അച്‌ഛൻ അലറി. പളളി ശ്‌മശാനത്തിലെ മീസാൻകല്ലുകളിൽ ആരുമറിയാതെ നെറ്റിവച്ച്‌ മൂന്നുതവണ ആഞ്ഞടിച്ചാൽ വേദനയില്ലാതെ മരിക്കുമെന്ന്‌ അവനോട്‌ മദ്രസയിലെ കുട്ടികൾ പറഞ്ഞിരുന്നത്‌ അവനോർത്തു. ഉച്ചനേരമായി. അവനിൽ നിരാശ മാത്രമായി. അവൻ ശ്‌മശാനത്തിനകത്തു കടന്ന്‌ കൂനിക്കൂടിയിരുന്ന്‌ കരഞ്ഞു. കണ്ണിറുക്കി കല്ലിലേക്ക്‌ നെറ്റികൊണ്ട്‌ ആഞ്ഞടിച്ചപ്പോൾ ചോര ചീറ്റി. സുരേഷ്‌ വേദനയാൽ പിടഞ്ഞു. ഒരടി കൂടി കൊടുത്താൽ മരിച്ചുകൊളളുമെന്നു കരുതി വീണ്ടും നെറ്റി കല്ലിൽ ചേർത്തു. അപ്പോൾ എവിടെനിന്നോ തുളകളുളള തൊപ്പിയിട്ട ഒരു വൃദ്ധൻ “എന്റെ മോനേ” എന്നു വിളിച്ച്‌ വന്നുവെന്നാണ്‌ സുരേഷ്‌ പറഞ്ഞത്‌. അയാൾ അവനെ എടുത്ത്‌ ചോര കഴുകിക്കളഞ്ഞ്‌ പളളിയിലെ മുറിയിൽ കിടത്തി. ഭക്ഷണം വാങ്ങിക്കൊടുത്തു. നെറ്റിയിൽ മരുന്നു വച്ചുകെട്ടി. വീട്ടിൽ വന്ന്‌ സംഗതിയൊക്കെ പറഞ്ഞ്‌ അച്‌ഛന്റെ ദേഷ്യമൊക്കെ ആറിത്തണുപ്പിച്ചു.

സുരേഷ്‌ നെറ്റിയിലെ മുറിവടയാളം കാണിച്ച്‌ നിർത്തുമ്പോൾ കണ്ണുനിറഞ്ഞത്‌ സൈനബയുടേതായിരുന്നു.

ചന്ദനത്തിരിയുടെ മണത്തിലേക്കു മടങ്ങിയെത്തി, സൈനബയ്‌ക്കത്‌ മിന്നലായി. ആ മനുഷ്യൻ.

പളളിയിൽനിന്നും ചിലർ എത്തിയിട്ടുണ്ട്‌. മയ്യത്തുകട്ടിൽ ഉടനെ കൊണ്ടുവരും. അതോടെ ബേവുക്ക യാത്രയാവും. എങ്കിലും ചുരുങ്ങിയത്‌ രണ്ടുമണിക്കൂറെങ്കിലുമാവാതിരിക്കില്ല. ജലീലിനോട്‌ ആരോ ഷർട്ടിടുവാൻ പറഞ്ഞു. കരഞ്ഞുതീർത്ത ഷർട്ടുതന്നെ ജലീൽ ധരിച്ചു. അവൻ സൈനബയെ മറന്നതുപോലെ കാൽമുട്ടിൽ തലചേർത്ത്‌ കുനിഞ്ഞിരുന്നു.

കബറടക്കം നടക്കുമെന്നു പറഞ്ഞതോടെ ഒരു സ്‌ത്രീ അവളോട്‌ ആചാരപ്രകാരമുളള വസ്‌ത്രം ധരിക്കാൻ പറഞ്ഞു. ബേവുക്കയിൽ നിന്ന്‌ കണ്ണെടുക്കാൻ തോന്നാതെ അവളിരിക്കുകയായിരുന്നു. അവൾ ദീർഘദൂരം ഓടിയതുമാതിരി കിതക്കുകയായിരുന്നു.

അതൊരു ഭയം, ഭയം സങ്കൽപ്പിക്കുന്ന ചിത്രം. മണവാട്ടി ഒന്നും ഭയക്കാതിരുന്നു കൂടാ. മുഞ്ഞൻവരമ്പുകളിലൂടെയായിരുന്നു അവൾ ഓടിയിരുന്നത്‌. ഒന്നുതെന്നിയാൽ പാടത്ത്‌ വീഴും. തിരിഞ്ഞു നോക്കിക്കൊണ്ടാണവൾ ഓടിയത്‌. പിന്നിൽ കഷണ്ടിയുളള ഒരുവൻ ആർത്തിയോടെ വരുന്നുണ്ടായിരുന്നു. എവിടെ നിന്നാണവൻ പിൻതുടർന്നതെന്നറിയില്ല. കശുമാങ്ങ പെറുക്കാൻ നിന്നപ്പോഴായിരിക്കണം. അല്ലെങ്കിൽ നോട്ടുപുസ്‌തകങ്ങൾ വാങ്ങിക്കാൻ കടയിൽ കയറിയപ്പോഴായിരിക്കണം. അതുമല്ലെങ്കിൽ പപ്പടം വാങ്ങിച്ച പണ്ടാരന്മാരുടെ തൊടിയിൽ നിന്നുമായിരിക്കാം. ഏതായാലും അവൻ ഓടി വരികയാണ്‌. മണത്തുംകാളി പടർന്ന മുൾവേലി ചാടിക്കടന്ന്‌ ഓടിയപ്പോൾ അവൻ സ്വൽപം പുറകിലായി. ഓടി വരുന്നുണ്ടവൻ. തളർന്നു വീഴുന്നതുവരെ ഓടിക്കുമായിരിക്കും. തല പിളരുന്നു. ശ്വാസം കിട്ടുന്നില്ല. തെങ്ങിൻതോട്ടത്തിനടുത്തുളള കുളത്തിനരികെയെത്തിയപ്പോഴേക്കും പുല്ലിൽ വീണുപോയി. അതിനുമുമ്പെ കൈയിലുളള നോട്ടുപുസ്‌തകങ്ങൾ നഷ്‌ടപ്പെട്ടിരുന്നു. അയാൾ അടുത്തെത്തി. മലർന്നു കിടക്കവെ, അവന്റെ കൈ രണ്ടും ചീറിയെത്തി. മുഖത്ത്‌ ഒരുപറ്റം കടന്നലുകൾ….

പെട്ടെന്ന്‌ അയാൾ മാറി. ഇപ്പോൾ ഓടുന്നത്‌ അയാളാണ്‌.

“എന്താ മോളേ വഴ്‌തി വീണ്‌ക്ക്‌ണോ?” തെങ്ങിൽനിന്നും കളളുചെത്തി ഇറങ്ങുന്ന ഒരുവൻ ചോദിച്ചു. തെങ്ങുചെത്തുകാരനെ കണ്ട്‌ രക്ഷപ്പെട്ടതായിരിക്കും അയാൾ. അവൾ ഊഹിച്ചു.

അനുഭാവപൂർവ്വം ചെത്തുകാരൻ അടുത്തുവന്നു.

“ആരെയും വീഴിക്കും കളളിപ്പുല്ലുകൾ” ഒരുവിധത്തിൽ എഴുന്നേറ്റ്‌ അവൾ പറഞ്ഞു.

“ആ കുളത്തിമ്മേ കൈകാൽ കഴുകി പൊയ്‌ക്കോ.” ചെത്തുകാരൻ നിർദ്ദേശിച്ചു. അതിനൊന്നും നിന്നില്ല. വീണ്ടും ഓട്ടം വച്ചുകൊടുത്തു. കിതപ്പ്‌ ശ്വാസം തിന്നുതീർക്കുവോളം അവിടെ നിന്നും ഓടുകയായിരുന്നു.

സൈനബ അപസ്‌മാരരോഗിയായി കിതച്ചു. ചുറ്റുമുളളവർ രൂക്ഷമായി നോക്കുന്നതു കണ്ടപ്പോൾ കിതപ്പ്‌ അടങ്ങി.

സമയമിനിയും ബാക്കിയാണ്‌. അന്നേരം പുരുഷൻ കൈവെക്കാത്ത ഇരുണ്ടതും പേടി നിറഞ്ഞതുമായ ചതുപ്പുനിലമായി മണവാട്ടിയെ അവൾ സ്വയം നിർവചിച്ചു.

എങ്കിലും അനാവശ്യമായ ഓർമ്മകളെ, മണവാട്ടിയായ്‌ക്കഴിഞ്ഞവളെ സംബന്ധിച്ച്‌ അപ്രധാനമായ ഓർമ്മകളെ താൻ ഇണക്കിച്ചേർത്തവിധം അവളെ മുറിവേൽപ്പിച്ചു. തന്റെ പേടിയുടേയും നന്മയുടേയും തുറമുഖത്തേക്ക്‌ മയ്യിത്തുകപ്പലിനെ അടുപ്പിക്കാമോ? തെറ്റ്‌ തെറ്റ്‌. മണവാട്ടിക്ക്‌ എന്തിനേയും ഭയക്കാനുളള അവകാശമുണ്ട്‌. അവൾ നാവു കടിച്ചു. അവൾക്ക്‌ അവളോട്‌ വെറുപ്പ്‌ പുകഞ്ഞു.

യാ ഇലാഹാ, ഇല്ലളളാ…യാ ഇലാഹാ… മയ്യത്തുപെട്ടി യാത്ര ആരംഭിച്ചിരുന്നു.

മയ്യത്തുകട്ടിൽ നീങ്ങിത്തുടങ്ങുമ്പോൾ സൈനബ ഉറക്കെ കരഞ്ഞു. എല്ലാവരും പുതുമണവാട്ടിയുടെ ദുഃഖം കണ്ടു. അവളുടെ കരച്ചിൽ നിന്നില്ല. അവൾ ഇഴഞ്ഞുചെന്ന്‌ ജലീലിന്റെ ദേഹത്തേയ്‌ക്ക്‌ കുഴഞ്ഞുവീണു പുലമ്പി, “നമ്മുടെ ബാപ്പ….

Generated from archived content: story1_apr27.html Author: c_ganesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപുരുഷന്റെ വാരിയെല്ല്‌
Next articleആബേലച്ചൻ നല്ലവനാകുന്ന വിധം
1976-ൽ പാലക്കാട്‌ ജില്ലയിൽ മാത്തൂരിൽ ജനനം. ക്രിയാത്‌മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചെമ്പകം (കഥകൾ) ഇണ&ജീവതം (നോവൽ) പ്രസിദ്ധപ്പെടുത്തി. അങ്കണത്തിന്റെ കൊച്ചുബാവ പുരസ്‌കാരം, നെഹ്‌റുയുവകേന്ദ്ര യുവഎഴുത്തുകാർക്കു നൽകുന്ന അവാർഡ്‌, ആലോചന സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്‌ണൻകുട്ടി സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തി. ഭാര്യഃ സ്‌മിത ഗണേഷ്‌. മകൾഃ സ്‌നിഗ്‌ദ്ധ (തംബുരു). വിലാസംഃ ഭാമിനി നിലയം, മാത്തൂർ പി.ഒ, പാലക്കാട്‌ - 678 571. Address: Phone: 9847789337

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here