ബൈക്ക് വാങ്ങിയ ദിവസം എനിക്ക് നല്ല ഓർമയുണ്ട്. അന്ന് ഞാൻ ഉറങ്ങിയിരുന്നില്ല. കാട്ടുമൃഗത്തെ മെരുക്കി, ചൊൽപടിക്കു നിർത്തിയ ഒരാളുടെ ആത്മഹർഷത്താലും പ്രായംകൊണ്ട് രണ്ടു പതിറ്റാണ്ടിന്റെ അപ്പുറം നിൽക്കുന്ന വിദ്യാധരനുമായുളള വാദപ്രതിവാദത്താലുമാണ് എനിക്കുറങ്ങാൻ കഴിയാതിരുന്നത്. വാദപ്രതിവാദം കഴിഞ്ഞ് പുലർച്ചയോടെയാണ് ഞാനും വിദ്യാധരനും പിരിഞ്ഞത്. വിദ്യാധരൻ ഞങ്ങളുടെ തൊട്ടടുത്ത ഹൗസിംഗ് കോളനിയിലെ താമസക്കാരനും എസ്.ബി.ഐയിലെ ക്ലർക്കുമായിരുന്നു.
ബൈക്ക് വാങ്ങിയ ദിവസം അപ്രതീക്ഷിതമായി വിദ്യാധരൻ വന്നു. അയാൾ കോളനിയിലെ ചില പ്രശ്‌നങ്ങൾ ഞങ്ങളുടെ കോളനിയുടേതുമായി താരതമ്യം ചെയ്യാൻ വന്നതായിരുന്നു.
ഞാൻ അതുവരെ ഉപയോഗിച്ചിരുന്നത് മുത്തച്ഛൻ വാങ്ങിയതും പിന്നീട് അച്‌ഛൻ ഉപയോഗിച്ചിരുന്നതുമായ സ്‌കൂട്ടർ ആയിരുന്നു. സാരിയണിഞ്ഞു നിൽക്കുന്ന ഒരു സ്‌ത്രീയുടെ പരിമിതികൾ സ്‌കൂട്ടറിനുണ്ടെന്നു ഞാൻ പറഞ്ഞപ്പോൾ വിദ്യാധരൻ ചിരിച്ചു. കടുത്ത വേഗതയിൽ പോകാനോ ഉടൻ തിരിക്കാനോ ചെറിയ കുഴികളേയും ഹമ്പുകളേയും അതിജീവിക്കാനോ സ്‌കൂട്ടറിനു കഴിവു പോരാ. ബൈക്ക് പുരുഷന്റെ ചിഹ്‌നമാണ്. അതിന് ചീറ്റപ്പുലിയുടെ വേഗവും സിംഹത്തിന്റെ കരുത്തും ആകർഷകമായ രൂപാത്മകതയും ഉണ്ട്. അനേകം കമ്പനികളിൽ കയറിയിറങ്ങി ബ്രോഷറും മറ്റും വാങ്ങിയും പരസ്യങ്ങൾ ചൂടോടെ വായിച്ചും ടൗണിലൂടെ നടക്കുമ്പോൾ നല്ലപോലെ നിരീക്ഷിച്ചുമാണ് ഞാൻ എന്റെ ബൈക്കിനരികിൽ എത്തിയത്. ഞാൻ അതേപ്പറ്റി എത്രയൊക്കെ പറഞ്ഞിട്ടും വിദ്യാധരൻ യാതൊന്നാം പറയാതെ കേട്ടു നിൽക്കുകയായിരുന്നു. അയാളുടെ മുഖത്ത് വിയോജിപ്പിന്റേതായ ഒരു ഭാവവും ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ ഓരോ വാചകം പറഞ്ഞു നിർത്തുമ്പോഴും അയാൾ ഒരറ്റത്തേക്കു മാറ്റിനിർത്തിയിരിക്കുന്ന സ്‌കൂട്ടറിന്റെ ഭാഗത്തേക്ക്് നടന്ന് അതിൽ ഒന്നു തട്ടി “ഇവൻ ആളു മോശക്കാരനല്ല” എന്നു പതിഞ്ഞ മട്ടിൽ പറയുകയായിരുന്നു.
ഇടക്കിടെ പഴയ സ്‌കൂട്ടറിനെപ്പറ്റി നല്ലതു പറയുന്നതു കേട്ടപ്പോൾ ഒരുവേള, വിദ്യാധരന് ഈ സ്‌കൂട്ടർ വാങ്ങാനുളള പരിപാടിയുണ്ടോ എന്നും തോന്നിപ്പോയി.
അയാൾ അന്നുവരെ ഉപയോഗിച്ചിരുന്നത് ഒന്നാന്തരമൊരു ബൈക്ക് ആയിരുന്നു. കാലിബർ എന്നായിരുന്നു അതിന്റെ പേര്. വൻകരുത്തുളളവർ എന്നർത്ഥം വരുന്ന ആ ബൈക്ക് വിറ്റുവെന്ന് വിദ്യാധരൻ പറഞ്ഞപ്പോൾ ഞാൻ അത് കഷ്‌ടമായെന്നു പറഞ്ഞു.
ഞങ്ങളുടെ വാദപ്രതിവാദം അതോടെ തുടങ്ങി.
സ്‌കൂട്ടറിന്റെ സ്ര്തൈണതയെപ്പറ്റിയും അതിന്റെ കുഴപ്പങ്ങളെപ്പറ്റിയും വാചാലനായപ്പോൾ വിദ്യാധരൻ ബൈക്ക് മനുഷ്യർക്കു യോജിക്കാത്ത വാഹനമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. വളരെ നേരത്തെ തർക്കത്തിനു ശേഷവും ഞാൻ എന്റെ വാദത്തിലും അയാൾ അയാളുടെ വാദത്തിലും ഉറച്ചു നിന്നു. അത്താഴത്തിനിരിക്കുമ്പോഴും അതിനുശേഷവും ഞങ്ങൾ തർക്കിക്കുന്നതു കണ്ട് അമ്മ ഞങ്ങൾക്കിടയിൽ ഉടമ്പടിയുമായി വന്നു. എന്നാൽ ഒത്തുതീർപ്പിന് ഞങ്ങൾ രണ്ടുപേരും തയ്യാറായിരുന്നില്ല.
ചൂടേറിയ സംവാദത്തിനുശേഷം ഞാൻ തന്നെ ബൈക്കിൽ വിദ്യാധരനെ അയാളുടെ കോളനിയിൽ കൊണ്ടുവിട്ടു.
ബൈക്കു വാങ്ങിയതിന്റെ ആഹ്ലാദം പങ്കിടാനായി ഞാൻ കുറെ കറങ്ങി. ചീറ്റിപ്പായുന്ന ബൈക്കു കണ്ട് പലർക്കും അതൊരു സംസാരവിഷയമായി. ഏറ്റവും പുതിയ ഇനയും അസാധാരണമായ ശൈലിയുമാണ് ബൈക്കിന് ഉണ്ടായിരുന്നത്. ബൈക്കിൽ ചീറിപ്പായുമ്പോൾ എന്തുകൊണ്ട് വിദ്യാധരൻ ബൈക്കിനെപ്പറ്റി മോശമായ കാഴ്‌ചപ്പാടുളളവനായി മാറിയതെന്ന് ഞാനോർത്തു.
പഴയ സ്‌കൂട്ടറിന്റെ മുഷിപ്പുളള നിറവും മുറുമുറുപ്പുളള ശബ്‌ദവുമായി ഇന്നും അയാൾ ബാങ്കിൽ പോയിരിക്കില്ലേ എന്നു ഞാൻ വിചാരിച്ചു. അഭിരുചികളുടെ മാറ്റം എന്നൊക്കെ വിലയിരുത്താൻ മാത്രം എനിക്ക് പക്വത ആയിരുന്നില്ല എന്ന് തോന്നുന്നു.
ഞാൻ ബൈക്കിന്റെ പുത്തനുണർവിലും ഊർജ്ജത്തിലും പുതുമണത്തോടെ യാത്ര ചെയ്‌തുകൊണ്ടിരുന്നു. വിദ്യാധരൻ പഴമണത്തോടെ അയാളുടെ പഴയ സ്‌കൂട്ടറിൽ ജോലിക്കു പൊയ്‌ക്കൊണ്ടിരുന്നു.
ഇതിനിടെയാണ് ബൈക്കിന്റെ പളപളപ്പ് എന്റെ ജീവിതത്തിലേക്ക് പ്രണയം കൊണ്ടുവന്നത്. എം.സി.എയ്‌ക്കു പഠിക്കുന്ന ഒരു പെൺകുട്ടി എന്നെ പ്രണയിക്കാൻ തുടങ്ങി. അല്ല, ഞങ്ങൾ പ്രണയിക്കാനാരംഭിച്ചു. അവളെ പുറകിലിരുത്തി ജീവിതത്തിന്റെ യൗവനവേഗത്തിന് ഞാൻ ചിറകുമുളപ്പിച്ചു. ബൈക്കിൽ അവളേയുമിരുത്തി യാത്ര പോകുമ്പോൾ പലപ്പോഴും ഞങ്ങൾ പറക്കുന്നതായാണ് അനുഭവപ്പെട്ടത്.
വിവാഹം കഴിഞ്ഞ് ഒരു ദിവസം അവൾ വലിയ രഹസ്യംപോലെ പറഞ്ഞു. “ചീറിപ്പായുന്ന ബൈക്കിലാ ഞാൻ വീണുപോയത്”. അതെനിക്കറിയാമായിരുന്നതിനാൽ വലിയ അത്ഭുതം തോന്നിയില്ല.
അമ്മ മരിക്കുമ്പോൾ ഞാൻ കൊച്ചുകുഞ്ഞിന്റെ അച്‌ഛനായിരുന്നു. അമ്മയുടെ മരണം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. അടുക്കളയിലെ പണിക്കിടയിൽ അമ്മ അവിടെത്തന്നെ മരിച്ചു കിടന്നു. സവാളയുടേയും കാരറ്റിന്റേയും കൂർക്കയുടെയും പച്ചമുളകിന്റേയുമിടയിൽ അമ്മ മരിച്ചു കിടന്നു. എല്ലാറ്റിനും ഓടി നടക്കാൻ ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്. അപ്പോഴാണ് ബൈക്കിന്റെ വില ഞാൻ ശരിക്കുമറിഞ്ഞത്. ബൈക്കു കൊടുത്തുവിട്ടാൽ പല ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കുമെന്ന് അന്നാണു മനസ്സിലാക്കിയത്. സംസ്‌കാരം കഴിഞ്ഞ് ആളുകളെല്ലാം പോയൊഴിഞ്ഞപ്പോൾ ഒരു വയസ്സുമാത്രം പ്രായമായ മകന്റെ കരച്ചിൽ നിർത്താൻ ആരോ പറയുന്നതു കേട്ടു. “കരയല്ലേ മോനേ… മോന് ബൈക്കു കാണിച്ചുതരാം. ബൈക്കിൽ കേറണോ?”
കുഞ്ഞ് ബൈക്കിന്റെ കണ്ണാടിയിലേക്ക് കൈയെത്തിച്ച് സ്വന്തം മുഖം അതിൽ കണ്ട് കരച്ചിൽ നിർത്തി.
അമ്മയുടെ വേർപാടിന്റെ ദുഃഖത്തിൽ പങ്കുചേരാൻ വന്നപ്പോഴാണ് തിരക്കിനിടയിലും ഒരുകാര്യം ഞാനറിയുന്നത്. വിദ്യാധരൻ തന്റെ സ്‌കൂട്ടറും വിറ്റിരിക്കുന്നു. അയാൾ ഒരു സൈക്കിൾ വാങ്ങിയിരിക്കുകയാണ്. ബാംഗ്ലൂരിൽ നിന്നുളള ബന്ധുക്കൾ വരാനായി ശവസംസ്‌കാരം വൈകിയപ്പോൾ സൈക്കിൾ സഞ്ചാരത്തിന്റെ ഗുണഗണങ്ങളെപ്പറ്റി അവിടെ ചർച്ച നടക്കുന്നത് ശ്രദ്ധയിലെത്തിയിരുന്നു.
ഞങ്ങളുടെ ഹൗസിംഗ്‌കോളനിപോലെ ആയിരുന്നില്ല അയാളുടേത്. അത് സമ്പന്നരുടെ കോളനിയായിരുന്നു. അവിടെ സൈക്കിളിൽ യാത്ര ചെയ്യുന്നത് ഒരു കുറച്ചിൽ തന്നെയായിരുന്നു. എന്നാൽ വിദ്യാധരൻ അത് കാര്യമാക്കിയില്ല. ഇരുചക്രത്തിന്റെ ശബ്‌ദമില്ലായാത്ര അയാൾ ആസ്വദിക്കുകയായിരുന്നു. നഗരത്തിലെ വാഹനവ്യൂഹങ്ങൾക്കിടയിലൂടെ വിദ്യാധരൻ തന്റെ സൈക്കിളിൽ പോവുന്നത് കടലിൽ തുറമുഖമടുക്കുന്ന പായക്കപ്പൽ പോലെയാണെന്ന് ഞാൻ വീട്ടിൽ വന്നു പറഞ്ഞു.
ബാങ്കുകൾ ലാഭകേന്ദ്രിത വ്യവസായമായതോടെ പലരേയും സ്ഥലം മാറ്റുകയും നിർബന്ധ റിട്ടയർമെന്റിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന കാലം വന്നപ്പോൾ അതിലൊന്നും വിദ്യാധരൻ പെട്ടില്ല. അയാൾ നന്നായി പണിയെടുക്കുന്ന ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ അയാൾ ഒരു ദിവസം വളന്ററി തന്നെ എടുത്തു. അതിനോടടുത്ത ദിവസങ്ങളിൽ തന്നെ അയാൾ സൈക്കിൾ ഉപേക്ഷിച്ച് കാൽനടക്കാരനായി മാറിയിരുന്നു.
വിദ്യാധരൻ ഒരു തിരക്കുമില്ലാതെ ഒറ്റക്കു നടന്നു.
വലിയ വാഹനങ്ങൾക്കും തിരക്കുളളവർക്കും ശ്രദ്ധിക്കാൻ ഒരു ബിന്ദുപോലുമാവാതെ അയാൾ നടക്കുന്നത് ആലോചിക്കുമ്പോഴൊക്കെ നേരിയ വിഷമം എന്നെ വന്ന് മൂടുമായിരുന്നു. വിഷമത്തിന്റെ യഥാർത്ഥ കാരണമൊന്നും അറിയില്ലായിരുന്നു. സാമ്പത്തികമായി ഒരു പ്രശ്‌നവും അയാൾക്കില്ലായിരുന്നു.
വിദ്യാധരൻ ഇങ്ങനെ നടക്കാൻ വേണ്ടിയാണ് ജീവിക്കുന്നതെന്ന മട്ടിൽ നടക്കുകയായിരുന്നു.
വിദ്യാധരനും ഞാനുമായുളള ബന്ധം പെട്ടെന്നു മുറിഞ്ഞുപോയി. ഞങ്ങൾ തമ്മിൽ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. ഞാൻ അയാളുടെ വീട്ടിലും അയാൾ എന്റെ വീട്ടിലും പോകാതായി എന്നുമാത്രം. ഇടക്ക് വഴിയിൽ വച്ചു കാണുമ്പോൾ ഞാൻ ബൈക്കിലും അയാൾ നടക്കുകയുമായതിനാൽ സംസാരിക്കാൻ അവസരം കിട്ടിയിട്ട് കുറച്ചായി.
ഞങ്ങളുടെ സൗഹൃദം മങ്ങി മങ്ങി ഇല്ലാതാവുന്നതിനെപ്പറ്റി എനിക്കുളള സങ്കടം ഞാൻ ഭാര്യയുമായി പങ്കുവക്കാൻ ശ്രമിച്ചു.
ഇന്ന് വിദ്യാധരന്റെ വീട്ടിൽ കുറെ മണിക്കൂറുകൾ ഞാൻ ചിലവഴിച്ചു. പരിചിതരും അപരിചിതരുമായി ചിലർ അവിടെ ഉണ്ടായിരുന്നു. കാത്തു നിൽക്കുന്നവരായിരുന്നു ഞങ്ങളെല്ലാം. ഞങ്ങളിലൊരാൾ പറഞ്ഞുഃ “വിദ്യാധരന് ഇത് സംഭവിച്ചത് കഷ്‌ടമായി.”
അപ്പോൾ മറ്റൊരാൾ തിരുത്തു വരുത്തി.
“അല്ല, ഇത്രയും തിരക്കുളള റോഡിലൂടെ നടന്നുപോകാമോ? അതും ഒറ്റയ്‌ക്ക്?”
“ബൈക്കുകാരനെ കുറ്റം പറയാൻ പറ്റില്ലെന്നാ കേട്ടത്.”
വിദ്യാധരന്റെ ബോഡിക്കായി കാത്തു നിന്ന ഞങ്ങളിൽ തിരക്കുളളവർ ഓരോ കാരണം ബോധിപ്പിച്ച് പിരിയാൻ തുടങ്ങി. ബോഡി പോസ്‌റ്റ്‌മോർട്ടം കഴിഞ്ഞുമാത്രമേ എത്തൂ.
ഭാര്യയും കുഞ്ഞും വീട്ടിൽ തനിച്ചാണെന്നു പറഞ്ഞ് കോളനിയിൽ നിന്നു ഞാനും പുറത്തു കടന്നു.
വീടെത്തിയപ്പോൾ പോർച്ചിലെ ബൈക്ക് അതിന്റെ കറുത്തകൊമ്പുകൾ വളച്ച് മുരണ്ടു.
“ഇന്നും ഞാൻ ഉറങ്ങാൻ പോകുന്നില്ല.”
Generated from archived content: story1_.html Author: c_ganesh