“എന്നും ശത്രുക്കളുടെ മധ്യത്തിൽ ജീവിയ്‌ക്കാൻ വിധിക്കപ്പെട്ടവരായിരുന്നു റോമാക്കാർ. അറിയുമോ നിനക്ക്?”
പാർക്കിൽവച്ച് അവൻ പറഞ്ഞപ്പോൾ ഇപ്പോൾ എന്തേ ഇങ്ങനെയൊരു ചോദ്യമെന്ന് അവൾക്ക് അത്ഭുതമായി. സാധാരണ പാർക്കിൽ വച്ച് അവളുടെ സാരിയെപ്പറ്റിയോ ഇനി എന്നു കാണുമെന്നുത്തരം വരുന്ന എന്തെങ്കിലുമാവും പറയുക. അത് എന്നും പിടിക്കാത്ത ഒന്നായിരിക്കും. പ്രണയിക്കുമ്പോൾ പ്രണയത്തെപ്പറ്റി സംസാരിക്കുന്നതാണ് ഏറ്റവും ബോറടിപ്പിക്കുന്ന സന്ദർഭമെന്നു പറയാറുളള അവൾക്ക് സിനിമയിൽ കാണാറുളള സംഭാഷണങ്ങളോട് തീർത്താൽ തീരാത്ത വെറുപ്പായിരുന്നു. അവനാകട്ടെ മിക്കപ്പോഴും പുതിയതായി കണ്ട സിനിമയിലെ ഡയലോഗുകൾ സ്ഥാനത്തും അസ്‌ഥാനത്തും ഇറക്കിവിട്ടു.
അതിനാൽ ഇപ്പോൾ അവന്റെ ചോദ്യത്തിൽ അവൾ പ്രണയത്തിന്റെ യഥാർത്ഥ ദിശ കണ്ടു.
ബുദ്ധിപരമായ സംവാദത്തിലൂടെയുളള പ്രണയം ആഗ്രഹിച്ചിരുന്ന അവൾ ലൈബ്രറിയിൽ നിന്നാണ് അവനെ പരിചയപ്പെടുന്നത്. ആദ്യമൊക്കെ അവൾക്ക് ആഗ്രഹം സാധിക്കുമെന്നു തോന്നിക്കുന്നവിധത്തിൽ അവൻ ചില കലാഭംഗിയാർന്ന ആശയപ്രകടനങ്ങൾ നടത്തിയിരുന്നു. സംഭാഷണത്തിനിടയിൽ അവ വീണുകിട്ടുമ്പോൾ അതെടുത്ത് അന്നു രാത്രിയും പിന്നീട് കാണുന്നതുവരേയും അവൾ താലോലിച്ചിരുന്നു.
കൂട്ടുകാരന്റെ കൂടെ അന്ന് അബദ്ധത്തിൽ ചെന്നുപെട്ടതാണ് ലൈബ്രറിയിലെന്ന് അവൻ വെളിപ്പെടുത്തി. അവൾ അത് വിശ്വസിച്ചില്ല.
ഒരുമിച്ചു നടക്കുമ്പോൾ അവൾ അവനെ നോക്കിയിരുന്നില്ല എന്നതും സാധാരണ ഭൂമിമനുഷ്യർക്കും അപ്പുറത്ത് എന്തൊക്കെയോ കാര്യങ്ങൾ അവനു പറയാനുണ്ടെന്നു കരുതിയിരുന്നു എന്നതും ശരിയാണ്.
ആകാശപാതയിലൂടെ നക്ഷത്രങ്ങളെ തൊട്ടുരുമ്മിയുളള യാത്ര അവളുടെ എക്കാലത്തേയും സങ്കൽപമായിരുന്നു. അതിനിടയിൽ അവൻ ചോദിക്കണം.
-തത്വചിന്ത, ജൻമാന്തരങ്ങളുടെ അർത്ഥം.
-സൗന്ദര്യം, കാലത്തിന്റെ വന്യഭംഗികൾ.
-ലക്ഷ്യം, എന്താണ്? എന്നാണ്?
എന്നാൽ ഏതൊരു വാരികയിലും കണ്ടേക്കാവുന്ന വാചകങ്ങളല്ലാതെ മറ്റൊന്നും അവർക്കിടയിൽ പറയാനായി നിന്നുകൊടുത്തില്ല.
ഏറെനാളായി അനുഭവിച്ച ഖേദം തെല്ലു കുറഞ്ഞതു പുറത്തുകാട്ടി അവൾ തലപൊക്കി നോക്കി.
അവൾ തുടർന്നുഃ “അതിനാൽ എന്നും സമരോന്മുഖരായ ജനതയായിരുന്നു റോമിലേത്.”
അവളുടെ പൊതുവിജ്ഞാനത്തിൽ ഇത്തരമൊരു കണ്ടെത്തലില്ലായിരുന്നു. ശത്രുക്കളുടെ മധ്യത്തിൽ ജീവിച്ച് സമരം രക്‌തത്തിൽ കലരുക. പുതുമയുളെളാരു ആശയം അതിനകത്തു കിടപ്പുണ്ടെന്ന് അവൾ മനസ്സിലാക്കി.
“പ്യൂണിക് യുദ്ധങ്ങൾ ഓർമയില്ലേ?” അവൻ അവളോടു ചേർന്നിരുന്ന് തോളിൽ കൈവച്ചുകൊണ്ട് ചോദിച്ചു. അവൾ ഉത്തരമില്ലായ്‌മയിൽ മിഴിച്ചിരുന്നു എന്നു മാത്രമല്ല അവളുടെ ചുമലിനു മുകളിൽ ഒരു കൈ അലസമായി കിടപ്പുണ്ടെന്ന് അറിഞ്ഞതുമില്ല.
“മൂന്നാം പ്യൂണിക് യുദ്ധത്തിൽ റോം കാർത്തേജിനെ ചുട്ടുചാമ്പലാക്കി. വലിയ നഗരം എരിഞ്ഞടങ്ങുമ്പോൾ കറുത്ത പുക ആകാശത്തേക്കു കുതിക്കുന്ന ചിത്രം സിറ്റി ഗാലറിയിലുണ്ട്. അതിന് ചിത്രകാരൻ കൊടുത്തിരിക്കുന്ന പേരെന്താന്നറിയാമോ-റോമിന്റെ വിജയകാഹളം”.
“റോമെന്നു പറയുമ്പോൾ എനിക്ക് ജൂലിയനെ ഓർമ്മ വരും.” അവൾ അതിയായ ഉത്സാഹത്തോടെ പറഞ്ഞു.
ബാക്കി അവൻ വച്ചടിച്ചു. “ ജൂലിയസ് സീസർ. റിപ്പബ്ലിക്കൻ ഭരണം പട്ടാളത്തിലേക്കു നീങ്ങിക്കൊണ്ടിരുന്ന അവസരത്തിൽ റോം ഭരിച്ച മൂന്നു ഭരണാധികാരികളിലൊരാൾ. ത്രിനായകത്വത്തിലെ പ്രധാന കണ്ണി.”
“അതൊന്നുമറീല്ല. ജൂലൈ വന്നത് ജൂലിയസിൽ നിന്നാണ്. ഒരുകാലത്ത് റോമിന്റെ മുഴുവൻ ആധിപത്യവും ഇദ്ദേഹത്തിനു കീഴിലായിരുന്നു.”
പാർക്കിലെ പൂന്തോട്ടത്തിനിടയിലൂടെ അവർ നടന്നു.
“ജൂലിയൻ, ക്രാസസ്സ്, പോംപി, ഇവരായിരുന്നു ആ മൂന്നുപേർ”
“എന്നിട്ട്.”
“റോമിനെ മൂന്നായി മുറിച്ച് അവർ ഭരണം നടത്തി.”
“എന്നിട്ടോ.”
“വൈകാതെ ക്രാസസ്സ് മരണപ്പെട്ടു. ജൂലിയസിന്റെ ജനസ്വാധീനം തകർക്കാൻ പോംപി ശ്രമിച്ചപ്പോൾ ജൂലിയസ് അവനെ വീഴ്‌ത്തി.”
കുട്ടിക്കഥ കേട്ടതുപോലെ അവൾ ജിജ്ഞാസയുടെ പൂത്തിരി കത്തിച്ചു ചിരിച്ചു.
“കലണ്ടർ ജൂലായിലേക്കു മറിയുമ്പോൾ എന്താണു സംഭവിക്കുന്നത്?”
“നമ്മൾ പരസ്പരം കണ്ണു നോക്കിയിരിക്കുന്നു!”
ആളൊഴിയുന്ന പാർക്ക്, സായാഹ്നം കടന്നു വരികയാണ്.
“സീസർ ആരെയെങ്കിലും പ്രണയിച്ചതായി പറയുന്നുണ്ടോ എവിടെയെങ്കിലും?”
അവൾ അങ്ങനെ ചോദിച്ചപ്പോൾ ഉളളിൽ സൂര്യകാന്തിപ്പൂക്കൾ ഇളകുന്നു.
“366 ദിവസമുളള വർഷം നിർമ്മിച്ചവൻ”
“അതേയോ”
“അതെന്തിനായിരുന്നു?”
“നമുക്കിങ്ങനെ നോക്കിയിരിയ്‌ക്കാൻ!” അവൻ നിർത്തിയില്ല.
“ജൂലൈയിലെ മഴ നനഞ്ഞപ്പോൾ നിന്റെ സാരിയ്‌ക്ക് എന്തു ഭംഗി.”
അവന്റെ കണ്ണുകൾ അവളുടെ വസ്ര്തത്തിനിടയിലൂടെ നുഴഞ്ഞുകേറി പരതുമ്പോൾ നാളേയ്‌ക്കായി അവളൊരു ഗുണപാഠം മനസ്സിൽ കുറിച്ചിട്ടു.
“ജൂലായിനെ സ്‌നേഹിക്കുക അരുത്.”
Generated from archived content: july.html Author: c_ganesh