ജീവിതം ചുട്ടുപൊളളുമ്പോൾ രാത്രിഭംഗി നുകരാനാവുമോ?

‘ആരണ്യകം’ എന്ന പേരിൽ കോഴിക്കോട്ടു നിന്നും പുറത്തിറങ്ങുന്ന മാസികയിൽ ലേഖനമോ ഫീച്ചറോ പരസ്യമോ എന്ന വ്യക്തമാവാത്ത ഒരു രചന പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (ആരണ്യകം ഓണപ്പതിപ്പ്‌ 2004 സെപ്‌തം. പു.1 ലക്കം 53) വായിച്ചു തുടങ്ങുമ്പോൾ ഫീച്ചറായും വായിച്ചു നീങ്ങിയാൽ അഭിമുഖമെന്നു പറയാവുന്ന ഇതിന്റെ തലക്കെട്ട്‌ അസ്സൽ ഫീച്ചറിസത്തിന്റെ അപ്പൊസ്‌തലൻമാർ ആരുടെയോ “കൈ അനുഗ്രഹം” പുറകിലുണ്ടെന്നു തെളിയിക്കുന്നതാണ്‌. തലക്കെട്ട്‌ ഇങ്ങനെ “രാത്രിഭംഗികളെ കീഴടക്കാൻ ഷിംന.”

“രാത്രിഭംഗികളെ കീഴടക്കാൻ ഷിംന‘ വായിക്കുമ്പോൾ ഫെമിനിസം, എഴുത്തിന്റേയും ജീവിതത്തിന്റെയും രാഷ്‌ട്രീയം, വ്യക്തി സ്വാതന്ത്ര്യം, സമൂഹപഠനം, കേരളത്തിന്റെ സവിശേഷമായ ആത്മഹത്യാപ്രശ്‌നങ്ങൾ, ആൺകോയ്‌മ എന്നിവയിൽ ഒരുകൂട്ടം വികലധാരണകൾ പങ്കുവെക്കുന്നത്‌ അറിയാൻ കഴിയും. എന്നുമാത്രമല്ല; അത്യുക്തിയുടെ ഹിമാലയം വരെ കീഴടക്കാനാണ്‌ ഇതിന്റെ രചയിതാവ്‌ ശ്രമിക്കുന്നതെന്നും തോന്നിപ്പോകും. (ഇതിൽ ഏറ്റവും കൂടുതലുളളത്‌ ഷിംനയുടെ വാക്കുകൾ തന്നെയായതിനാൽ തൽക്കാലം ഈ രചനയെ ഇനിയങ്ങോട്ട്‌ അഭിമുഖമെന്നു വിളിക്കുകയാണ്‌.)

അതിശയോക്തിക്ക്‌ ചെറിയ ഉദാഹരണം കൊണ്ടു തുടങ്ങാം. ”ചിത്രകാരി, കവി എന്നീ നിലകളിൽ മലയാളത്തിനു പരിചിതയാണ്‌ ഷിംന. ദേ, ഇപ്പോ ഇവൾ ലോകത്തെ തന്നെ തന്നിലേക്കു തിരിച്ചു വച്ചു.“

ലോകത്തെ മുഴുവൻ തന്നിലേക്കു തിരിച്ച്‌, കീഴടക്കി, ലോകത്തിന്റെ അധിപതിയാവുന്ന എഴുത്തുകാർ&ആവിഷ്‌കർത്താക്കൾ ഉണ്ടാവുന്നത്‌ മലയാളത്തിനു ഗുണം ചെയ്യും. തുഞ്ചനും നമ്പ്യാർക്കും ബഷീറിനും ഒക്കെ ചെയ്യാൻ കഴിയാത്ത പലതും ഇവിടെയുണ്ടെന്നും അവരൊക്കെ ലോകത്തെ പരിചയപ്പെടാൻ ശ്രമിച്ചപ്പോൾ പുതിയ എഴുത്തുകാർ ലോകം കീഴടക്കുന്നവരാണെന്നും ഇതിൽ നിന്നും മനസ്സിലാവുമെന്നതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല. എങ്കിലും ”ദേ, ഇപ്പൊ“ തുടങ്ങിയ വാമൊഴി രൂപങ്ങൾ ഭംഗ്യന്തരേണ തിരുകിക്കയറ്റി അത്യുക്തിപോളിഷ്‌ ചെയ്‌തതിനു പിന്നിലെ ചങ്കൂറ്റം സമ്മതിക്കാതെ വയ്യ.

തീർന്നില്ല, കവയിത്രി മുംബൈ വരെ ഒറ്റയ്‌ക്കുപോയി എന്നും അഭിമുഖകാരൻ എഴുതുന്നു. (നടന്നു പോയെന്നൊന്നും സൂചിപ്പിക്കാത്തതുകൊണ്ട്‌ തീവണ്ടിയിൽ ബുക്കു ചെയ്‌തു പോയതാവുമെന്ന്‌ ഊഹിക്കാം. എങ്കിലും ഒറ്റയ്‌ക്കു പോയി. അതാണ്‌ കാര്യം.)

ആരണ്യകം മാസികയിലെ ഈ അഭിമുഖം വായിക്കാത്തവർക്കായി ചുരുക്കി വിവരിക്കാം. കവയിത്രി കൂടിയായ (കവി എന്നാണ്‌ അഭിമുഖകാരൻ എഴുതിയിരിക്കുന്നത്‌. പക്ഷെ, മര്യാദയ്‌ക്ക്‌ ചിത്രകാരി എന്ന്‌ പറഞ്ഞിരിക്കുന്നു. ചിത്രകാരൻ എന്നു തന്നെ കൊടുക്കാമായിരുന്നു. പുരുഷാധിപത്യ പ്രവണത തുലയട്ടെ) ഷിംന സംവിധാനം ചെയ്‌ത ”സർവൈവേഴ്‌സ്‌“ എന്ന ഡോക്യുമെന്ററി അന്തർദേശീയ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുളള അവാർഡ്‌ നേടിയിരിക്കുന്ന സന്ദർഭത്തിൽ സംവിധായികയെ പരിചയപ്പെടുത്തുകയും അവരുടെ സ്‌ത്രീപക്ഷ നിലപാടുകൾ അവതരിപ്പിക്കുകയുമാണ്‌ അഭിമുഖത്തിലൂടെ ചെയ്യുന്നതെന്നു പറയാം. എന്നാൽ ഇതിലൂടെ ഫെമിനിസത്തിന്റെ അന്തഃസത്ത തകർക്കുന്ന രീതിയിൽ അഭിപ്രായങ്ങൾ തട്ടിവിട്ട്‌ പെൺചിന്തയുടെ ആദർശാത്മക തീവ്രവാദം കേൾക്കേണ്ടതായി വരികയും ചെയ്യുന്നു.

”ഈ പുരാതന നഗരത്തിന്റെ രാത്രിഭംഗിയിലേക്ക്‌ ഇറങ്ങി നടക്കാൻ പുരുഷനു മാത്രമേ സ്വാതന്ത്ര്യമുളേളാ?“ എന്നു ചോദിച്ചുകൊണ്ട്‌ കേരളത്തിൽ പൊതുവെ സ്‌ത്രീകൾക്ക്‌ രാത്രിയിൽ പുറത്തിറങ്ങാൻ സാദ്ധ്യമല്ല എന്ന്‌ ഷിംന പറയുമ്പോൾ ഒരു സാമൂഹിക പ്രശ്‌നത്തിന്റെ അടിപ്പടവുകൾ മനസ്സിലാക്കിയുളള വിശകലനത്തിന്‌ മുതിരുന്നതെന്നു വിചാരിച്ചാൽ തെറ്റി. സ്‌ത്രീക്ക്‌ രാത്രിയിൽ പുറത്തിറങ്ങേണ്ട ആവശ്യമായ ജീവിത സന്ദർഭത്തെയല്ല, പുരാതന നഗരത്തിലൂടെ സ്വപ്‌നം കണ്ടു നടക്കാനുളള അവകാശമാണ്‌ സ്‌ത്രീക്കില്ലാതെപോയതെന്ന്‌ എഴുതുമ്പോൾ ഇവർ താലോലിക്കുന്ന കാൽപനികമായ പൊളളത്തരങ്ങൾ ഒന്നൊന്നായി വെളിവാകാൻ തുടങ്ങുകയാണ്‌. ”തിരുവനന്തപുരത്ത്‌ മാത്രമല്ല, കേരളത്തിലെവിടെയും രാത്രിയുടെ ഭംഗി കാണാനും ആസ്വദിക്കാനും സ്‌ത്രീക്ക്‌ അവകാശമില്ല. രാത്രിയുടെ ഭംഗി കാണാനായി സ്‌ത്രീകളെല്ലാം ചേർന്ന്‌ പുറത്തിറങ്ങുന്ന പുതിയ വിമോചന സങ്കൽപ്പത്തെക്കുറിച്ച്‌ ഒന്നോർത്തു നോക്കൂ. തിരിച്ച്‌ ഒരു ചോദ്യം ചോദിക്കാം. നഗരത്തിന്റെ രാത്രിയിലേക്ക്‌ സ്വപ്‌നാടനത്തിനായി എത്ര കുടുംബങ്ങളിൽനിന്ന്‌ എത്ര പുരുഷൻമാർ സിഗരറ്റും കത്തിച്ച്‌ ഇറങ്ങിപ്പോകുന്നുണ്ട്‌? അതേ നാണയത്തിലുളള ചോദ്യമാവുമെന്നതിനാൽ അത്‌ ചോദിക്കുന്നില്ല-ജീവിതത്തിന്റെ പൊളളലേറ്റെടുത്തുകൊണ്ടാണ്‌ സ്‌ത്രീക്കും പുരുഷനും രാത്രി യാത്രകൾ അനിവാര്യമാകുന്നത്‌. തീവണ്ടിയിൽ, ബസ്സിൽ, ഓട്ടോയിൽ, പരിചിത നഗരത്തിൽ, പരിചിത ടൗണിൽ ഒക്കെ. സ്വപ്‌നങ്ങളല്ല, സ്വപ്‌നമില്ലായ്‌മയാണ്‌ രാത്രിയാത്രയിലേക്ക്‌ നമ്മെ കൊണ്ടെത്തിക്കുന്നതെന്നു മനസ്സിലാക്കാൻ കാര്യഗൗരവം മാത്രം മതി.

എന്നാൽ കാര്യഗൗരവം പലർക്കും ഇല്ലെന്നു മനസ്സിലാക്കേണ്ടി വരും. അടുത്ത വാചകം വായിച്ചാൽ “രാത്രികൾ പുരുഷൻമാരുടെ മാത്രം സ്വകാര്യാവകാശമല്ലെന്നും സ്‌ത്രീകൾക്കും രാത്രി ഭംഗി ആസ്വദിക്കണമെന്നും ബോധ്യപ്പെടുത്തിക്കൊണ്ടാണ്‌ തിരുവനന്തപുരത്ത്‌ ഡോ.ജയശ്രീ, ഷാഹിന, ഇന്ദിര, കവിത ബാലകൃഷ്‌ണൻ, ലസിത, അനിത തമ്പി, ജ്യോതി, സൂധി, ഷിംന എന്നിവർ നേതൃത്വം കൊടുത്ത രാത്രി പിടിച്ചടക്കൽ പരിപാടി നടന്നത്‌. കേരളം കണ്ട ജനകീയ സമരങ്ങളുടെ പരിഹാസ്യമായ മിമിക്രിയായിപ്പോയി അത്‌. ഇത്‌ അല്ല, അല്ലേയല്ല കേരളീയ പരിസരത്തിലെ ഫെമിനിസ്‌റ്റ്‌ സമരമാതൃകയെന്ന്‌ കുട്ടികൾപോലും പറയും. ജനതയുടെ പൊതുബോധം പരിഷ്‌കരിക്കാൻ ശ്രമിക്കേണ്ടവർ വിദ്യാസമ്പന്നർ ചമഞ്ഞ്‌ ജനങ്ങളെ കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ്‌ അതിലൂടെ ചെയ്‌തത്‌. മാധ്യമങ്ങളുടെ പിൻതുണയോടെ ഒഴിവുകാലവിനോദം പോലെ ഒരു പറ്റം സ്‌ത്രീകൾ രാത്രി പിടിക്കുമ്പോഴും ഒരു രാത്രി കടന്നു കിട്ടുവാൻ എന്തുചെയ്യണമെന്നറിയാതെ നെഞ്ചിടിപ്പുകൾ ഏറ്റുവാങ്ങിയ ജൻമങ്ങളോട്‌ ആർക്കും ഒന്നും പറയുവാനില്ല എന്നതാണു സത്യം. അവരെ ഏറ്റെടുത്തില്ലെങ്കിലും അവരോടു പക്ഷം ചേരേണ്ടവർ മിമിക്രി കളിക്കുകയായിരുന്നു. ലളിതമായ സംശയങ്ങൾ ബാക്കിയാണ്‌. രാത്രി പിടിച്ചടക്കിയവർ എന്തുനേടി? രാത്രി നമ്മെ പിടിച്ചടക്കുന്ന ദുരന്തത്തോട്‌ ഇവരെങ്ങനെ പ്രതികരിക്കും. ഉറക്കക്ഷീണം തീർക്കുവാൻ പിറ്റേന്നു പകൽ ധാരാളമാണ്‌. തീ കത്തുന്ന പകലുകളിൽ ഉറങ്ങുവാൻ സാധിക്കാത്തവരുടെ കൂടെ ആരാണുളളത്‌? രാത്രിഭംഗി ആസ്വദിച്ച്‌ പിറ്റേന്ന്‌ കവിതയെഴുതാമെന്നല്ലാതെ എന്തു പ്രസക്തിയാണുളളത്‌? രാത്രി പിടിച്ചടക്കിക്കൊണ്ട്‌ ഫെമിനിസത്തിന്റെ കൊടിക്കൂറ പാറിക്കാമെന്നത്‌ വ്യക്തിതാൽപര്യങ്ങൾ നിലപാടുകളെ മറികടന്നതിന്‌ നല്ല ഉദാഹരണമാണ്‌. ഇത്തരമൊരു സമരം യൂറോപ്പിലോ ഏഷ്യയിലോ ഫെമിനിസത്തിന്റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? സ്‌ത്രൈണാദർശപരവും ഉപരിപ്ലവുമായ നിശാസ്വാദനം ലിബറൽ-റാഡിക്കൽ-മാർക്കിസ്‌റ്റ്‌-സോഷ്യലിസ്‌റ്റ്‌ ഫെമിനിസങ്ങളിലൊന്നും കാണുവാൻ കഴിയുന്ന ഒന്നല്ല. പൂർവ്വരൂപമാതൃകയും ഇല്ല. അതിന്‌ പിൻതുടർച്ചയും ഉണ്ടായിട്ടില്ല. സ്‌ത്രീ മുന്നേറ്റങ്ങളുടെ രാഷ്‌ട്രീയ നിലപാടിൽ വെളളം ചേർക്കലാണ്‌ രാത്രിയാസ്വാദനത്തിലൂടെ നടന്നത്‌. നിലപാടുതറയിലെ വിളളലുകൾ ഷിംനയുടെ അഭിപ്രായങ്ങളിൽ പിന്നീട്‌ പലപ്പോഴായി തലപൊക്കുന്നുണ്ട്‌. ഫെമിനിസത്തിന്റെ കാറിൽ യാത്ര ചെയ്‌തുകൊണ്ട്‌ താൻ റോഡിലൂടെയാണു യാത്ര ചെയ്‌തതെന്നു പറയുന്നപോലെയാണ്‌ ഈ കലാകാരി ഫെമിനിസ്‌റ്റാണോ എന്ന ചോദ്യത്തിനു പ്രതികരിക്കുന്നത്‌. ”ബ്രാ കത്തിച്ചു കളഞ്ഞാൽ, പെണ്ണ്‌ ആണിനെ തല്ലിയാൽ ഫെമിനിസ്‌റ്റാകുമെങ്കിൽ ഞാൻ ഫെമിനിസ്‌റ്റല്ല.’ അറിയാഞ്ഞിട്ടു ചോദിക്കുകയാണ്‌ എന്താണ്‌… എന്താണ്‌ ഇതിന്റെ അർത്ഥം?

ഫെമിനിസത്തിന്റെ രാഷ്‌ട്രീയദാർഢ്യം മനസ്സിലാക്കാതെ ഷിംന പറയുന്ന അഭിപ്രായങ്ങൾ പലതും കടുത്ത അരാഷ്‌ട്രീയതയാണ്‌ പങ്കുവെയ്‌ക്കുന്നത്‌. കേരളത്തിലെ ആത്മഹത്യകൾക്ക്‌ അടിസ്ഥാനകാരണം പുരുഷാധിപത്യവൽക്കരിക്കപ്പെട്ട കുടുംബവും സമൂഹവുമാണെന്ന്‌ ഒരിടത്തു പറയുന്ന ഇവർ അഭിമുഖത്തിന്റെ അവസാന ഭാഗത്തെത്തുമ്പോൾ കുടുംബബന്ധങ്ങളിലെ ആശയവിനിമയമില്ലായ്‌മയും സംശയരോഗവുമാണ്‌ ആത്മഹത്യക്കു കാരണമെന്ന്‌ തിരുത്തി പറയുന്നു. അമിതമായി വ്യക്തിശുദ്ധി പാലിക്കാൻ അഭിപ്രായപ്രകടനത്തിൽ ശ്രമിക്കുന്നത്‌ അരാഷ്‌ട്രീയതയുടെ മറ്റൊരു മുഖമാണ്‌. സ്വവർഗ്ഗപ്രേമത്തെക്കുറിച്ച്‌ സിനിമയെടുത്ത താങ്കൾ ലെസ്‌ബിയനാണോ എന്ന ചോദ്യത്തിനുളള മറുപടി “ഞാൻ ലെസ്‌ബിയനാണെങ്കിൽ എനിക്കതു തുറന്നു പറയുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല” എന്നാണ്‌. താൻ അത്തരക്കാരിയല്ല എന്ന്‌ പ്രതികരണകാരിയെക്കൊണ്ട്‌ തന്റെ കുറച്ചിൽബോധം പറയിക്കുന്നത്‌ നാം കാണുന്നു. ലെസ്‌ബിയനുകളെ ഒരു പ്രത്യേക വിഭാഗമായി (കീഴാള എന്നുതന്നെ പറയാം) കണ്ടുകൊണ്ട്‌ നടത്തുന്ന പുറംകാഴ്‌ചയാണ്‌ തന്റെ ഡോക്യുമെന്ററിയെന്ന്‌ സമ്മതിക്കുകയാണ്‌ ഷിംന ഇവിടെ ചെയ്യുന്നത്‌. ഒരുതരം സവർണ ശുദ്ധിബോധത്തിനടിമയാണു താനെന്നു പ്രഖ്യാപിച്ചുകൊണ്ട്‌ ഇങ്ങനെ പറയുന്നു. “ഞാനെന്റെ ചാരിത്ര്യം സൂക്ഷിക്കുന്നത്‌ എന്റെ വ്യക്തിത്വത്തിന്റെ ഭാഗമായാണ്‌. ചാരിത്ര്യം സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണ്‌ എന്ന്‌ വിശ്വസിക്കുകയാണ്‌ വിപ്ലവ സിനിമയുടെ വക്താവായ ഷിംന. ”സംരക്ഷിക്കപ്പെടേണ്ട ചാരിത്ര്യം“ എന്ന പ്രയോഗം ഫെമിനിസ്‌റ്റ്‌ ആക്‌റ്റിവിസത്തിന്റെ പശ്ചാത്തലത്തിൽ ചിന്തിച്ചുനോക്കുന്നത്‌ രസകരമായിരിക്കും. സ്‌ത്രീവാദം ഒരിക്കലും ആശയശാസ്‌ത്രം മാത്രമല്ല, പ്രയോഗതലത്തിലെ ചെറുമുന്നേറ്റങ്ങളുടെ ആകെത്തുകകൂടിയാണ്‌. എന്നാൽ നമ്മുടെ സൗകര്യത്തിനനുസരിച്ച്‌ അതിനെ വളച്ചൊടിക്കുമ്പോൾ മറ്റെന്തുംപോലെ ഫെമിനിസവും കമ്മോഡിറ്റി ആവുകയാണ്‌. ഫെമിനിസവും ഒന്നാന്തരം ഉൽപ്പന്നമാണെന്ന്‌ യുവ എഴുത്തുകാർ ചിലരൊക്കെ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.

പാരമ്പര്യശുദ്ധിബോധം ഷിംനയെ നിയന്ത്രിക്കുന്നത്‌ അവർ അറിയാതെ പോകുന്നുണ്ട്‌. അതു തെളിയിക്കുന്ന പ്രസ്‌താവന സൂചനകൾ താഴെ.

1. സ്‌ത്രീകളോട്‌ കുലീനമായി പെരുമാറാൻ പുരുഷൻമാർ എന്നാണു പഠിക്കുക? എന്ന്‌ ചോദിക്കുന്നുണ്ട്‌. (കുലീനമായ പെരുമാറ്റം വ്യവസ്ഥാപിതചിന്തയുടേതാണ്‌. പാരമ്പര്യാത്മകവുമാണ്‌.)

2. വ്യക്തിത്വത്തിന്റെ ഭാഗമായാണെങ്കിലും സൂക്ഷിക്കപ്പെടേണ്ട ഒന്നാണ്‌ ചാരിത്ര്യമെന്ന പ്രസ്താവന.

3. ലെസ്‌ബിയൻ മനോഭാവം തനിക്കില്ലെന്ന്‌ സ്ഥാപിക്കുന്നത്‌.

ലെസ്‌ബിയനുകളുമായും ഗേകളുമായും സെക്‌സ്‌ വർക്കേഴ്‌സുമായൊക്കെ അടുത്തിടപഴകുന്നത്‌ തനിക്ക്‌ ചിത്രം വരക്കാനും കവിതയെഴുതുവാനും സിനിമ പിടിക്കാനുമാണെന്ന്‌ (സിനിമ പിടിക്കുക….എത്ര സുന്ദരമായ പദപ്രയോഗം!) അന്തർദേശീയ പുരസ്‌കാരം നേടിയ കലാകാരി പറയുമ്പോൾ അതിനു പിന്നിലെ അരാഷ്‌ട്രീയവാദത്തേയും അസംബന്ധത്തേയും അരാജകത്വമെന്നല്ലാതെ പിന്നെന്തു വിളിക്കാൻ? കലാകാരി എന്ന നിലയിലുളള അങ്ങേയറ്റത്തെ ധാർഷ്‌ട്യം. ‘പൊളിറ്റിക്കൽ സെൻസി’നെ കരിച്ചുകളയുന്നത്‌ ദുഃഖത്തോടെ കാണേണ്ടിവരുന്നു. ഏറ്റവും പൊളിറ്റിക്കലാവേണ്ട ഒരു കാലത്തു ജീവിച്ചുകൊണ്ട്‌ പ്രാന്തവൽക്കരിക്കപ്പെട്ട ജനതയിൽ നിന്ന്‌ എനിക്കു ചിലത്‌ ഊറ്റിയെടുക്കാനുണ്ട്‌ എന്ന വില കുറഞ്ഞ സ്വാർത്ഥത, ചരിത്രത്തിലെ ദംഷ്‌ട്ര മറച്ച കോമാളിച്ചിരിയായി മാറുന്നു. ഇത്‌ പക്ഷേ ഷിംന മാത്രമല്ല മറ്റു പല പുതിയ എഴുത്തുകാരും എഴുത്തുകാരികളും അടുത്തകാലത്തായി നിരന്തരം ചെയ്‌തു കൊണ്ടിരിക്കുന്നു എന്നതാണ്‌ ഈ കുറിപ്പിനു പ്രാധാന്യം നൽകുന്ന ഘടകം. അരാഷ്‌ട്രീയതയുടെ സന്തതികളായ ഇത്തരക്കാരെ കൂട്ടത്തോടെ തോല്‌പിക്കേണ്ട ബാധ്യത വായനക്കാർ&പ്രേക്ഷകർ ഏറ്റെടുക്കേണ്ടതുണ്ട്‌. ഇത്തരം അഭിപ്രായപ്രകടനങ്ങളെ തന്നെയാണ്‌ ‘യെല്ലൊ ജേർണലിസം’ എന്നു വിളിക്കേണ്ടത്‌. നിലപാടുകളിലെ ജീർണതയാണ്‌ പ്രശ്‌നം. നിലപാടുകൾ കാലഘട്ടത്തെ അഭിമുഖീകരിക്കുന്നുണ്ട്‌ എന്ന വ്യാജേന രക്ഷപ്പെടാൻ ശ്രമിക്കുന്നത്‌ എവിടേക്ക്‌?

ഷിംനയുടെ മാധ്യമബോധം നമ്മെ ആശങ്കാകുലമാക്കേണ്ടതാണ്‌. ഡോക്യുമെന്ററികൾ എടുത്താൽ സാമൂഹ്യപ്രതിബദ്ധത താനേ വന്നുകൊളളുമെന്ന്‌ സംവിധായിക തെറ്റിദ്ധരിച്ചതായി തോന്നുന്നു. സാമൂഹ്യ പ്രതിബന്ധതയുളള ഡോക്യുമെന്ററികൾ ചെയ്യാനാണ്‌ ആഗ്രഹമെന്നു പറയുന്നുണ്ട്‌. അവ സാമൂഹ്യപ്രതിബദ്ധമാണെന്ന്‌ അവകാശപ്പെടുകയും ചെയ്യാം. പക്ഷേ മറ്റു സിനിമകളോടൊപ്പം തിയേറ്ററുകളിൽ ഡോക്യുമെന്ററിയും കളിക്കണമെന്നൊക്കെ സ്വപ്‌നം കണ്ടുകൊണ്ട്‌ ഒരു സൂപ്പർ-ഡ്യൂപ്പർ ഉട്ടോപ്പിയയിലെ ദന്തഗോപുരത്തിൽ സ്ഥാനം പിടിക്കുന്ന ഷിംന ഗൗരവപ്പെട്ട കേരളീയ പ്രേക്ഷകാവബോധത്തെ ജനപ്രിയതയുമായി കൂട്ടുകെട്ടി സ്വയം ചോദ്യം ചെയ്യുകയാണ്‌. ”സർവൈവേർസ്‌“ കണ്ട ആനന്ദ്‌ പട്‌വർദ്ധന്റെ തോളിൽ തട്ടിയുളള അഭിനന്ദനം ഒരിക്കലും മറക്കാൻ പറ്റില്ലെന്ന്‌ അഭിപ്രായപ്പെടുന്നുമുണ്ട്‌.

ഷിംന എന്ന സിനിമാപ്രവർത്തകയുടെ സമൂഹവുമായുളള ബന്ധം അഭിമുഖത്തിൽ ഇങ്ങനെ വായിക്കാം. ”സ്വതന്ത്രയായി ജീവിക്കുന്ന ഒരു സ്‌ത്രീയാണു ഞാൻ. ആരെയും ഡിപ്പെന്റ്‌ ചെയ്യാതെ, സ്വാതന്ത്ര്യം മിസ്‌യൂസ്‌ ചെയ്യാതെ. അവനവനെ&അവളവളെക്കുറിച്ചുളള ഒരുപാടു സന്ദേഹങ്ങൾ അവതരിപ്പിക്കുന്ന പ്രസ്‌താവനയെന്നതുപോലെ, സമൂഹപ്രക്രിയയിൽ ഒരു മാധ്യമപ്രവർത്തകയുടെ സ്ഥാനമെവിടെയെന്നുപോലും തിരിച്ചറിയാതെ, ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിയുന്നത്‌ വലിയ ഭാഗ്യമെന്നു മാത്രം കരുതുക.

ആകെ എട്ടു ചോദ്യങ്ങളാണ്‌ അഭിമുഖകാരൻ ചോദിച്ചതെങ്കിലും മറുപടിക്കിടയിൽ അതിലധികം ചോദ്യങ്ങൾ കലാകാരി തിരിച്ച്‌ ചോദിക്കുന്നു. അതിലൊരെണ്ണം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. “സ്വന്തം മകൾക്കുപോലും കൂടെ കിടന്നുറങ്ങാൻ കഴിയാത്തത്ര വൃത്തികേടിനെ സദാചാരപ്രസംഗത്തിന്റെ പട്ടുതൂവാലകൊണ്ട്‌ മൂടുകയല്ലേ നാം ചെയ്യുന്നത്‌? അവിശ്വാസികൾപോലും ദൈവമേ എന്നു വിളിച്ചുപോയില്ലെങ്കിലല്ലേ അത്ഭുതമുളളൂ. പ്രായപൂർത്തിയായ പെൺകുട്ടികളടങ്ങുന്ന നമ്മുടെ കുടുംബങ്ങൾ ഡോർമെന്ററിയിലല്ലല്ലോ കഴിച്ചുകൂടുന്നത്‌. ഇത്തരത്തിൽ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന വാദങ്ങൾ താൻപോരിമയുടെ ലക്ഷണങ്ങളാണ്‌.

എനിക്കു തോന്നിയതുപോലെ ഞാൻ പറയും, എനിക്കു തോന്നിയതുപോലെ ഞാൻ പ്രവർത്തിക്കും (രാഷ്‌ട്രീയബോധം ഞാൻ വിഴുങ്ങുകയും വ്യക്തി നിഷ്‌ഠതയിൽ അഭിരമിക്കുകയും ചെയ്യും.) എന്ന ഒരുതരം സ്വപ്‌നാടനത്തിന്റെ (അ)പ്രായോഗിക ചിഹ്നങ്ങളാണ്‌ ഈ അഭിമുഖത്തിന്റെ മുഖച്ഛായ നിർണയിച്ചിരിക്കുന്നത്‌. ഫെമിനിസത്തിന്റെ രാഷ്‌ട്രീയ ജാഗ്രതക്കു മുകളിൽ കയറിയിരുന്ന്‌ നിരുത്തരവാദപരമായി മയങ്ങുന്നത്‌ സർഗ്ഗാത്മകമായ വഞ്ചനയാണ്‌.

വാൽക്കഷ്‌ണംഃ

അഭിമുഖം വായിച്ചു തീർന്ന്‌ ആരാണ്‌ അഭിമുഖകാരനെന്നറിയാമെന്നു വച്ചാൽ ആ കഞ്ഞി വേവില്ല. അഭിമുഖകാരൻ ഒളിവിലാണ്‌. പകരം എല്ലാം ഓരോരോ കേളിവിലാസങ്ങളല്ലേ എന്നു സമാധാനിക്കുകയെ നിവൃത്തിയുളളൂ.

(കടപ്പാട്‌ ഃ വിശകലനം മാസിക)

Generated from archived content: essay3_jan6.html Author: c_ganesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English