സൂപ്പർസ്‌റ്റാറുകൾ പഠിക്കപ്പെടുമ്പോൾ

കഴിഞ്ഞ മുപ്പതോളം വർഷമായി മലയാളസിനിമയുടെ നേതൃത്വം രണ്ടു നടന്മാരിലാണ്‌. മമ്മൂട്ടി, മോഹൻലാൽ. സിനിമയുടെ പ്രമേയത്തിലും ആഖ്യാനത്തിലും വരെ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ നടന്മാർക്കു സാധിക്കുന്നു. സിനിമയിൽ മാത്രമല്ല സാമൂഹിക ജീവിതത്തിന്റെ ഇതരമേഖലകളിലും മലയാളികൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തുവാൻ സൂപ്പർസ്‌റ്റാറുകൾക്കു കഴിഞ്ഞിട്ടുണ്ട്‌. കാൽനൂറ്റാണ്ടിന്റെ പുരുഷ പ്രതിനിധാനങ്ങൾ എന്ന നിലയിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും വിലയിരുത്തുന്ന പതിനഞ്ചുലേഖനങ്ങളുടെ സമാഹാരമാണ്‌ ‘പുരുഷവേഷങ്ങൾ’ എന്ന പുസ്തകം. പുതിയ താരോദയങ്ങൾക്ക്‌ ഇടം നൽകാതെ മലയാളിപുരുഷന്റെ രോഷവും കണ്ണീരും പുഞ്ചിരിയും പ്രണയവും ഇരുവരും അവരുടെ ശരീരഭാഷയിലേക്ക്‌ ഒതുക്കി നിർത്തുകയാണ്‌. വേഷഭാവരൂപവൈവിധ്യങ്ങളെ സൗമ്യമായി തിരസ്‌കരിക്കാനും മധ്യവയസ്സിലെത്തിയ ഈ അഭിനേതാക്കളെതന്നെ നെഞ്ചുചേർത്തി നിർത്താനും പ്രേക്ഷക സമൂഹത്തെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാവാം എന്ന സന്ദേഹത്തിൽ നിന്നാണ്‌ ഈ പുസ്തകത്തിന്റെ പിറവി. മാധ്യമം പത്രത്തിലെ സബ്‌ എഡിറ്ററായ എൻ.പി. സജീഷാണ്‌ പുസ്തകം എഡിറ്റു ചെയ്തിരിക്കുന്നത്‌.

‘പുരുഷവേഷങ്ങൾ’ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ‘താരദ്വയം – വിരുദ്ധദ്വന്ദ്വങ്ങൾ’ എന്ന ഒന്നാം ഭാഗത്തിൽ മൂന്ന്‌ ആമുഖലേഖനങ്ങൾ ഉൾക്കൊള്ളുന്നു. ഫിലിപ്പൊ ഒസെല്ല & കരോളിൻ ഒസെല്ല, വിജു വി. നായർ, ഇ.പി. രാജഗോപാലൻ എന്നിവരാണ്‌ ആമുഖലേഖനങ്ങൾ എഴുതിയിരിക്കുന്നത്‌. ഈ പൊതുപഠനങ്ങൾക്കുശേഷം ‘അഭിനയത്തിന്റെ അടക്കിപ്പിടിച്ച ഊഷ്മളത’ എന്ന ഭാഗത്ത്‌ മമ്മൂട്ടി പഠനങ്ങളും ‘ശരാശരി മലയാളിയുടെ ആൾട്ടർ ഈഗോ’ എന്ന തലക്കെട്ടിൽ മോഹൻലാൽ പഠനങ്ങളും ക്രമീകരിച്ചിരിക്കുന്നു.

ഫിലിപ്പൊ ഒസെല്ലയും കരോളിൻ ഒസെല്ലയും ചേർന്നെഴുതിയ ‘മലയാളിയുടെ പുരുഷപ്രതീകങ്ങൾ’ എന്ന ലേഖനം പ്രേക്ഷകരുടെ അഭിപ്രായങ്ങളും അഭിരുചികളും കൂടി പഠനവിധേയമാകുന്ന പഠനമാണ്‌. ആണത്തവും ജനപ്രിയ സംസ്‌കാരവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവർ താരപദവിയുടെ രാഷ്ര്ടീയം കണ്ടെത്തുന്നത്‌. ലേഖകൻ ആറുവർഷത്തോളം കേരളത്തിൽ താമസിച്ച്‌ വിവിധ ജില്ലകളിൽ സർവെ നടത്തി കണ്ടെത്തിയ വിവരങ്ങൾ ലേഖനത്തിലുണ്ട്‌. മമ്മൂട്ടി ബ്രാഹ്‌മണനായോ ഉന്നതജാതി നായരായോ അവതരിപ്പിക്കുമ്പോൾ വൈകാരികപ്രാധാന്യം കിട്ടുന്നതും, പ്രണയം, ഹാസ്യം, വയലൻസ്‌ എന്നിവ നന്നായി കൈകാര്യം ചെയ്യുന്നത്‌ മോഹൻലാലാണെന്നും ആവേദകർ പറഞ്ഞിട്ടുണ്ട്‌. യുവാക്കൾക്കും അവിവാഹിതരായ സ്ര്തീകൾക്കുമിടയിൽ മോഹൻലാലിനാണ്‌ കൂടുതൽ ജനപ്രീതി. മോഹൻലാൽ യുവാക്കൾക്കിടയിൽ കൂടുതൽ ജനപ്രിയനായിരുക്കുമ്പോൾ പ്രായം ചെന്നവർക്കാണ്‌ മമ്മൂട്ടിയോടു പ്രിയം. കല, സൗന്ദര്യം, സംസാരം എന്നിവയുടെ പേരിൽ മമ്മൂട്ടി ബഹുമാനിക്കപ്പെടുന്നുവെന്ന്‌ അദ്ദേഹത്തിന്റെ ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ജനപ്രിയമായ ആണത്തത്തിന്റെ രീതി സ്വാഭാവികമായുപയോഗിച്ചതും മറ്റ്‌ ദക്ഷിണേന്ത്യക്കാരിൽ നിന്നു സ്വയം വിഛേദിക്കാൻ മലയാളികൾ നടത്തിയ ശ്രമവുമാണ്‌ മമ്മൂട്ടി-മോഹൻലാൽ ദ്വന്ദ്വത്തെ നിലനിർത്തുന്നതെന്ന്‌ ഒസെല്ല എഴുതുന്നു.

മലയാള ജനപ്രിയ സിനിമയിൽ പൗരുഷത്തിന്റെ മുദ്രയുള്ള താരവ്യവസ്ഥിതി ഉണ്ടാക്കിയെടുത്ത നടന്മാരാണിവരെന്ന്‌ വിജു വി. നായർ വിലയിരുത്തുന്നു. അതുവരെ നിലനിന്നിരുന്ന താരപരിവേഷം സ്ര്തൈണതയുടേതായിരുന്നു. ഇതിനെ തകർക്കുന്നത്‌ കുടുംബസിനിമകളിലൂടെ മുന്നേറിയ മമ്മൂട്ടിയും ആന്റി ഹീറോ ആയി വന്ന്‌ ഹീറോ ആയി മാറിയ മോഹൻലാലുമാണ്‌. ഈ ശ്രമത്തെ മറ്റൊരു രീതിയിൽ പുതുക്കിയെഴുതാൻ ശ്രമിച്ച സുരേഷ്‌ഗോപി പക്ഷേ വേണ്ടത്ര വേരുപിടിക്കാതെ പോയി.

സ്വാഭാവികമായി അഭിനയിക്കുമ്പോഴും അഭിനയം എന്ന അംശം പ്രകടമാകുന്ന നടനാണ്‌ മമ്മൂട്ടിയെന്നും അയഥാർത്ഥചിത്രങ്ങളിൽ നിന്ന്‌ യാഥാർത്ഥ്യത്തിന്റെ മൂലകങ്ങൾ വേർതിരിച്ചെടുക്കുകയാണ്‌ മോഹൻലാൽ ചെയ്യുന്നതെന്നും ഇ.പി. രാജഗോപാലൻ നിരീക്ഷിക്കുന്നു.

സി.എസ്‌. വെങ്കിടേശ്വരൻ, കെ. ഗോപിനാഥൻ, എം.എ. റഹ്‌മാൻ, പി.എസ്‌. രാധാകൃഷ്ണൻ, മേതിൽ രാധാകൃഷ്ണൻ എന്നിവരാണ്‌ മമ്മൂട്ടിയെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതിയിരിക്കുന്നത്‌. കൽപ്പറ്റ നാരായണൻ, ടി. മുരളീധരൻ, എൻ.പി. സജീഷ്‌, ഗീത, ടി.പി. രാജീവൻ, മിനി പ്രസാദ്‌, എൻ.പി. വിജയകൃഷ്ണൻ എന്നിവർ മോഹൻലാലിനെക്കുറിച്ച്‌ എഴുതിയവരാണ്‌.

മമ്മൂട്ടിയുടെ താരപ്രഭാവത്തിന്റെ സവിശേഷതകളാണ്‌ സി.എസ്‌. വെങ്കിടേശ്വരൻ വിവരിക്കുന്നത്‌. മമ്മൂട്ടിയുടെ കലാപരത അവലോകനം ചെയ്യുമ്പോൾ തെളിയുന്ന സവിശേഷതകൾ, പുരുഷത്വസങ്കല്പങ്ങൾ, അവയുടെ വൈജാത്യങ്ങൾ, പാറ്റേണുകൾ, ആഭിമുഖ്യങ്ങൾ എന്നിവ വ്യക്തമാക്കുന്ന ലേഖനമാണിത്‌. ഒരു താരത്തെക്കുറിച്ച്‌ ആരാധകർക്കുള്ള പ്രതീക്ഷകളും താരസ്വരൂപത്തെക്കുറിച്ചുള്ള ഭാവനകളുമാണ്‌ ഒരു താരത്തിന്റെ വിപണനമൂല്യത്തേയും വ്യവഹാര സാധ്യതകളേയും നിർണയിക്കുന്നതെന്നും ആ അർത്ഥത്തിൽ മമ്മൂട്ടി മലയാളത്തിന്റെ യഥാർത്ഥ നടനാണെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ താരവ്യക്തിത്വത്തെ ദേശചരിത്രവുമായി കൂട്ടിവായിച്ചുകൊണ്ടാണ്‌ കെ. ഗോപിനാഥൻ ഇങ്ങനെ എഴുതുന്നത്‌ – ‘നൂതനമായ ശരീരഭാഷയിലൂടെ പരമ്പരാഗതവും ആധുനികവും നാടനും വൈദേശികവുമായ അംശങ്ങളെ തന്റെ പെർഫോർമൻസിൽ അലോസരമില്ലാതെ സമ്മേളിപ്പിക്കുവാൻ മമ്മൂട്ടിക്കു സാധിച്ചു“(പേജ്‌ 81)

ഏതൊരു താരവും അധീശത്വ പ്രത്യയശാസ്ര്തത്തിന്റെ അടിത്തൂൺകാരനാണ്‌. എന്നാൽ സാമൂഹിക പ്രത്യയശാസ്ര്ത ഉൽക്കണ്‌ഠകളെ അഭിമുഖീകരിക്കുമ്പോൾ വരേണ്യദൂരങ്ങളിൽ നിന്ന്‌ നടൻ തെന്നിമാറുകയും ജനപ്രിയതാരമായിത്തീരുകയും ചെയ്യുന്നു. ഇത്തരമൊരവസ്ഥയാണ്‌ മമ്മൂട്ടി എന്ന താരത്തെ നിർമ്മിച്ചതെന്ന്‌ പി.എസ്‌. രാധാകൃഷ്ണൻ എഴുതുന്നു. ദ്വിമാനതലത്തിൽ ഒതുക്കപ്പെട്ട പരമ്പരാഗത ലൈംഗിക ധാരണകളെ പൊളിച്ചെഴുതുന്ന ക്വീയർ തിയറിയുടെ വെളിച്ചത്തിൽ മോഹൻലാൽ സിനിമകളിലെ പുരുഷബന്ധങ്ങളെ ടി. മുരളീധരൻ ’ഇടറുന്ന തൃഷ്ണകൾ‘ എന്ന പഠനത്തിൽ വിശകലനം ചെയ്യുന്നത്‌ ശ്രദ്ധേയമാണ്‌.

മോഹൻലാൽ മലയാളി ജീവിതത്തിന്റെ ഭാഗമായതിനെക്കുറിച്ച്‌ എൻ.പി. സജീഷ്‌ രേഖപ്പെടുത്തുന്നു ”ഇടക്കാലത്തെപ്പോഴോ മലയാളി ചിരിച്ചതും കരഞ്ഞതും മോഹൻലാലിലൂടെയായിരുന്നു. നിത്യജീവിതത്തിൽ ചിലപ്പോഴെങ്കിലും മോഹൻലാലായിപ്പോവുകയെന്നത്‌ മലയാളിയുടെ ഒരു ശീലമായി, ശബ്ദത്തിലും സംസാരത്തിലും പെരുമാറ്റത്തിലും. പ്രണയിക്കുമ്പോൾ കാമുകിയുടെ മുന്നിൽ, സ്നേഹവാൽസല്യങ്ങളുടെ തിരയിളക്കത്തിൽ അമ്മയുടെ മടിയിൽ, കുറച്ച്‌ കുസൃതിയും ഏറെ നന്മകളുമായി കൂട്ടുകാരുടെ ഇടയിൽ. ചുരുക്കത്തിൽ ശരാശരി മലയാളി യുവാവിന്റെ ആർട്ടർ ഈഗോ ആയിരുന്നു മോഹൻലാൽ“ (പേജ്‌ 131)

മോഹൻലാലിന്റെ അഭിനയജീവിതം വിപണിയിൽ ആഘോഷിക്കപ്പെട്ടതിന്റെ പശ്ചാത്തലമാണ്‌ ഗീതയുടെ ലേഖനമെങ്കിൽ അതിന്റെ മറുകുറിപ്പാണ്‌ ടി.പി. രാജീവന്റെ ലേഖനം.

മമ്മൂട്ടി-മോഹൻലാൽ എന്നിവരെക്കുറിച്ച്‌ മലയാളത്തിലിറങ്ങിയ ആദ്യഗ്രന്ഥമാണ്‌ ’പുരുഷവേഷങ്ങൾ‘. തികച്ചും വ്യത്യസ്തതയാർന്ന ഒരു പുസ്തകം. നാളിതുവരെയായി സിനിമാമേഖലയിലിറങ്ങുന്ന ശരാശരി പുസ്തകങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു ഈ ഗ്രന്ഥം. അഞ്ഞൂറിൽപരം ചിത്രങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും പകർന്നാടിയ വേഷങ്ങളുടെ രാഷ്ര്ടീയവും വൈകാരികവും സാമൂഹികവുമായ ഉള്ളടക്കം പരിശോധിക്കുക എന്ന സാമാന്യലക്ഷ്യത്തിൽ ഈ കൃതി വിജയം നേടിയിരിക്കുന്നു. കൂടുതൽ ഗൗരവതരമായ പഠനങ്ങൾക്ക്‌ ഈ പുസ്തകം പ്രചോദനം നൽകും.

പുരുഷവേഷങ്ങൾ (എഡിറ്റർ ഃ എൻ.പി. സജീഷ്‌), പഠനം, പ്രസാ ഃ ഫേബിയൻ ബുക്സ്‌, വില ഃ 70രൂ.

Generated from archived content: book1_june30_07.html Author: c_ganesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഭൂമി ഒരു കാവ്യപ്രപഞ്ചം
Next articleകലാഭാഷ
1976-ൽ പാലക്കാട്‌ ജില്ലയിൽ മാത്തൂരിൽ ജനനം. ക്രിയാത്‌മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചെമ്പകം (കഥകൾ) ഇണ&ജീവതം (നോവൽ) പ്രസിദ്ധപ്പെടുത്തി. അങ്കണത്തിന്റെ കൊച്ചുബാവ പുരസ്‌കാരം, നെഹ്‌റുയുവകേന്ദ്ര യുവഎഴുത്തുകാർക്കു നൽകുന്ന അവാർഡ്‌, ആലോചന സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്‌ണൻകുട്ടി സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തി. ഭാര്യഃ സ്‌മിത ഗണേഷ്‌. മകൾഃ സ്‌നിഗ്‌ദ്ധ (തംബുരു). വിലാസംഃ ഭാമിനി നിലയം, മാത്തൂർ പി.ഒ, പാലക്കാട്‌ - 678 571. Address: Phone: 9847789337

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here