കവിതകളെഴുതി ജീവിതം പുലർത്താൻപറ്റുമായിരുന്നെങ്കിൽ കൂനമ്മാവു പഞ്ചായത്താഫീസിലെ യു.ഡി.ക്ലാർക്കുദ്യോഗം നിശ്ചയമായും ഞാൻ രാജിവയ്‌ക്കുമായിരുന്നു. നൂറുകിലോമീറ്ററുകൾക്കപ്പുറത്ത് ഒരു പഴയ വീടിന്റെ കരിപുരണ്ട അടുക്കളയിൽ മുഷിഞ്ഞു കീറിയ സാരിയിൽ ദേഹം പൊതിഞ്ഞ്, പുകയൂതി വിയർത്ത്, സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഭാനുമതിയെന്ന ഭാര്യയേയും; ആറാം ക്ലാസ്സിലും ഒന്നാം ക്ലാസ്സിലും പഠിക്കുന്ന അഭിരാം, അനുറാം എന്നീ കുഞ്ഞുങ്ങളേയും ഓർത്ത് കവിതയെഴുത്തു നിർത്തി കണക്കെഴുത്തു തുടങ്ങിയിട്ട് വർഷം ഏഴു കഴിഞ്ഞിരിക്കുന്നു.
ആഴ്‌ചയിൽ ആറു പകലുകളും അഞ്ചു രാത്രികളും കൂനമ്മാവ് പഞ്ചായത്താഫീസിനും ഓഫീസിൽ നിന്നും കഷ്‌ടി ഒരു കിലോമീറ്റർ അകലത്തുള്ള ഇബ്രാഹീമിന്റെ ലൈൻ മുറിയ്‌ക്കും സമർപ്പിച്ച് ജീവിതം ഉരുട്ടി നീക്കിക്കൊണ്ടിരിക്കെ, രാത്രികളിലെ ഏകാന്തതയും വിരസതയും എന്നെ തീർത്തും ഉത്സാഹഹീനനാക്കിക്കഴിഞ്ഞിരുന്നു.
ചാൾസ് ഡിക്കൻസിെൻ ‘ഡേവിഡ് കോപ്പർ ഫീൽഡ് മൂന്നാം വട്ടം വായിക്കാനെടുത്ത രാത്രിയിലാണ് ലൈൻമുറിയുടെ തൊട്ടടുത്ത വീട്ടിൽ ആൾത്താമസത്തിന്റെ അനക്കങ്ങൾ കേട്ടു തുടങ്ങിയത്. പിറ്റേന്നുണർന്നെണീറ്റ് മുറിയുടെ വാതിൽ തുറന്നു നോക്കുമ്പോൾ ആ വീടിനു മുന്നിൽ പുതുതായി തൂക്കിയ ഒരു ബോർഡും ഉണ്ടായിരുന്നു. ’സെന്റ് പീറ്റേഴ്‌സ് ഓർഫനേജ്, എന്ന് വെള്ളയിൽ നീലയക്ഷരത്തിൽ എഴുതിയിരിക്കുന്നു. ഓരോ അക്ഷരത്തിനും ചുവട്ടിൽ നീല പെയിന്റ് ഒലിച്ചിറങ്ങിയ വരകളും കാണാം.
ലൈൻ മുറിയുടെ മുറ്റത്ത് രാവിലെ പല്ലും തേച്ചുകൊണ്ട് നില്‌ക്കുകയായിരുന്നു ഞാൻ. അനാഥാലയത്തിന്റെ മുറ്റത്ത് അതിന്റെ നടത്തിപ്പുകാരൻ എന്നു തോന്നിക്കുന്ന ഒരു നാല്‌പത്തണയഞ്ചുകാരൻ പ്രത്യക്ഷപ്പെട്ടു. കൃത്യമായി ക്ഷൗരം ചെയ്യാത്തതിനാൽ നരച്ചു തുടങ്ങിയ കുറ്റിത്താടി നിറഞ്ഞ മുഖം. പ്രായത്തെക്കവിഞ്ഞ ചുളിവുകൾ നെറ്റിയിലും. ഏറെ മുഷിഞ്ഞ വെള്ളമുണ്ട്. ഒരു നീല ടീഷർട്ടിനുള്ളിൽ വീർപ്പുമുട്ടി നിലകൊള്ളുന്ന കുടവയർ. മുഖത്ത് നിഴലിട്ടു നില്‌ക്കുന്ന ഒരുതരം ക്രൂരഭാവം.
അയാളെ കണ്ടപ്പോൾ ഡേവിഡിന്റെ രണ്ടാനച്ഛനായ മിസ്‌റ്റർ മിഡ്‌സ്‌റ്റണിനെയാണ് പെട്ടെന്നെനിയ്‌ക്കോർമ്മ വന്നത്.
അന്ന് ഷേവു ചെയ്യുമ്പോഴും കുളിയ്‌ക്കുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴുമെല്ലാം ആ അനാഥാലയത്തിലെ അന്തേവാസികളെക്കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സിൽ നിറയെ. രാവിലെ ആരെയും പുറത്തുകണ്ടില്ല. അകത്ത് ആളനക്കം ഉള്ളതുപോലെ തോന്നിയിരുന്നു. ഒരു പക്ഷേ അന്തേവാസികൾ കുറവായിരിക്കും. അല്ലെങ്കിൽ ആ ക്രൂരനായ നടത്തിപ്പുകാരനെ ഭയന്ന് ഒച്ചയിടാതിരിയ്‌ക്കുന്നതാവും.
അഭിയേയും അനുവിനേയും ഓർമവന്നു. ശനിയാഴ്‌ചയായതിനാൽ നാളെയവർക്ക് സ്‌കൂളില്ല രണ്ടുപേരും വീട്ടിലുണ്ടാവും. ഒരു ലീവെടുത്താലോ. വൈകിട്ടത്തെ ട്രെയിനിന് പുറപ്പെട്ടാൽ രണ്ടു ദിവസം കുട്ടികളോടും ഭാര്യയോടുമൊത്ത് വീട്ടിൽ കഴിയാം.
കുളി കഴിച്ച്, ഉണ്ടാക്കി വച്ചിരുന്ന ഉപ്പുമാവ് വാരത്തിന്നു തുടങ്ങിയപ്പോഴാണ് അതിൽ ഉപ്പുചേർക്കാൻ മറന്ന കാര്യം ബോധ്യപ്പെട്ടത്. രാവിലെ ആ ദുഷ്‌ടനെ കണികണ്ടതേ തുടങ്ങിയോ ഗ്രഹപ്പിഴ. ഒരു ടംബ്ലറിൽ സ്വല്‌പം വെള്ളമെടുത്ത് അതിൽ ഉപ്പുകലക്കി. അതു തളിച്ചതോടെ ആ പ്രഭാതഭക്ഷണം കഷ്‌ടിച്ചിറക്കാമെന്ന നില കൈവരിച്ചു.
ഭക്ഷണം കഴിച്ച് ഓഫീസിലേയ്‌ക്കു നടക്കുമ്പോൾ, ഓർഫനേജിനു പുറത്തെവിടെയെങ്കിലും അന്തേവാസികളുടെ സാന്നിദ്ധ്യമുണ്ടോ എന്നറിയാൻ ഒളികണ്ണിട്ട് ഒന്നു നോക്കി. നിറം മങ്ങിയ സ്‌കൂൾ യൂണിഫോമിനുള്ളിൽ കയറിയ മൂന്നു കുട്ടികൾ വരാന്തയിലുണ്ട്. മേശപ്പറത്തു വച്ചിരിക്കുന്ന പഴകിയ ബാഗുകളിലേയ്‌ക്ക് കീറിപ്പറിഞ്ഞ പുസ്‌തകങ്ങൾ കടത്തിവയ്‌ക്കുന്ന തിരക്കിലാണവർ
“ഡാ….. രാമൂ…..”
വീടിന്റെ പടിഞ്ഞാറു ഭാഗത്തുനിന്നും രൂപമില്ലാത്ത ഒരു ശബ്‌ദമുയർന്നു. ആ പരുക്കൻ ശബ്‌ദത്തിൽ ഉടമയാരെന്ന് ഊഹിക്കാൻ എനിക്കു ബുദ്ധിമുട്ടേണ്ടി വന്നില്ല. എന്തിനാണയാൾ രാമുവിനെ വിളിച്ചത് ഞാൻ നടത്തത്തിന്റെ വേഗത പരമാവധി കുറച്ചു.
മിസ്‌റ്റർ മിഡ്‌സ്‌റ്റണിന്റെ വിറയ്‌ക്കുന്ന ചൂരലാണ് എനിക്കോർമ്മവന്നത്. അതിനു മുന്നിൽ കൊച്ചു ഡേവിഡ് ചുണ്ടെലിയെപ്പോലെ വിറകൊള്ളുന്നതും.
മൊബൈൽ ഫോണിൽ ആരുടേയോ വിളി വന്നിരിക്കുന്നു എന്ന നാട്യത്തോടെ ഞാനവിടെ ഉറച്ചു നിന്നു. പടിഞ്ഞാറു വശത്തു നിന്നും വീണ്ടുമാ ശബ്‌ദമുയർന്നു,
“നീയിന്നു സ്‌കൂളിൽ പോകണ്ട. ഈ വിറകെല്ലാം വൈകുന്നേരത്തിനകം കീറിയടുക്കണം. അവറ്റകൾ പൊക്കോട്ടെ.”
ശബ്‌ദം കേട്ട ദിക്കിൽ നിന്നും കുനിഞ്ഞ മുഖത്തോടെ ഒരു പൊക്കക്കാരൻ പയ്യൻ നടന്നു വരുന്നുണ്ട്. അവൻ ഒന്നും മിണ്ടാതെ ആ കെട്ടിടത്തിനകത്തേയ്‌ക്കു കയറിപ്പോയി. മറ്റു രണ്ടുകുട്ടികളും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പുസ്‌തകങ്ങൾ ബാഗിലാക്കുകയാണ്.
ഞാൻ നടന്നു നീങ്ങി. ഓഫീസിൽ കൃത്യസമയത്തെത്തി സീറ്റിലിരുന്നു. കൂനമ്മാവു പഞ്ചായത്താഫീസിൽ ഞാനൊഴികെ ബാക്കി ജീവനക്കാരെത്തണമെങ്കിൽ പിന്നെയും ഒരു മണിക്കൂർ കഴിയണം ഏതാണ്ട് ആ സമയമായാലേ ജനങ്ങളും ഓരോരോ ആവശ്യങ്ങളുമായി എത്തുകയുള്ളു. കസേരയിൽ ചാരയിരുന്ന് പത്രം നിവർത്തി വാർത്തകളിലൂടെ കണ്ണോടിച്ചു.
പെട്ടെന്ന് രാമുവിനെ ഓർമ്മ വന്നു. അവനിപ്പോൾ വിറകു കീറുകയാവണം. രാവിലെ എന്തെങ്കിലും അവൻ കഴിച്ചിട്ടുണ്ടാകുമോ? മൂവരും കൂനമ്മാവ് ഗവൺമെന്റ് യു.പി. സ്‌കൂളിലെ യൂണിഫോമാണ് ധരിച്ചിരുന്നതെന്ന് ഓർത്തു. സ്‌കൂളിൽ പോകുന്നതുകൊണ്ട് ഉച്ചഭക്ഷണം ഉണ്ടാവും. ഒരുപക്ഷേ ആ ചെലവ് ലാഭിക്കാനായിരിക്കും ആ ദുഷ്‌ടൻ അവരെ സ്‌കൂളിൽ വിടുന്നത്. അതെന്തായാലും ആ കുഞ്ഞുങ്ങളുടെ ഭാഗ്യം
താനെന്തിനാണ് ആ അനാഥക്കുട്ടികളെക്കുറിച്ചോർത്ത് ഇങ്ങനെ വേവലാതിപ്പെടുന്നത്? അവരെ ജനിപ്പിച്ച പുരുഷനും സ്‌ത്രീക്കുമില്ലാത്ത വേദന എനിക്കെന്തിന്? ഞാൻ പത്രം മടക്കി, പൊടിപിടിച്ച ഫയലുകളിലേയ്‌ക്കിറങ്ങി. ഓഫിസിൽ അന്നു പതിവിലുമധികം തിരക്കുണ്ടായിരുന്നു. എന്തുകൊണ്ടോ; മുന്നിൽ വന്ന കൂനമ്മാവുകാരോട്, ഒരു ദയവുമില്ലാതെയാണ് സംസാരിച്ചത്. അപേക്ഷകളിലെ നിസ്സാരക്കുറവുകൾ പോലും ചൂണ്ടിക്കാട്ടി പലരേയും മടക്കിയയച്ചു.
ഉച്ചയായതോടെ ശക്തമായ തലവേദന കൂട്ടിനെത്തി. മനസ്സാകെ അസ്വസ്‌ഥമാണ്. വീട്ടിൽ പോകണമെന്ന തോന്നൽ ശക്തിപ്പെട്ടു. അഭിയേയും അനുവിനേയും കാണാൻ മനസ്സു കൊതിക്കുന്നു. പിറ്റേന്നത്തെ ലീവ് എഴുതി വച്ച് മൂന്നു മണിയോടെ ഓഫിസിൽ നിന്നിറങ്ങി.
നാലു മണിയുടെ ട്രെയിനിന് അന്നെന്തോ പതിവുതിരക്കുണ്ടായിരുന്നില്ല. താൻ സ്‌ഥലം കണ്ടെത്തിയ കമ്പാർട്ടുമെന്റിൽ ഒരു അച്ഛനും മകളും മാത്രമേ വേറെ യാത്രക്കാരായി ഉണ്ടായിരുന്നുള്ളു. മകൾ ജാലകത്തിലൂടെ പുറത്തേയ്‌ക്കു നോക്കി ഇരിയ്‌ക്കുകയാണ്. അച്ഛനാകട്ടെ നല്ല ഉറക്കത്തിലും. ഇനിയൊരു പക്ഷേ ഇവർ അച്ഛനും മകളും അല്ലെന്നു വരുമോ? താനെന്തിനാണിങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചുകൂട്ടുന്നത് എന്നു തോന്നിത്തുടങ്ങിയപ്പോൾ ആ ചിന്തകളെ പിൻവലിച്ചു.
ഇടയ്‌ക്കെപ്പോഴേ, ഒന്നു കണ്ണടച്ചപ്പോൾ നീല ടീഷർട്ടുകാരന്റെ ചുവന്ന കണ്ണുകളും കുടവയറും ഓർമ്മയിൽ നിറഞ്ഞു.
രാമു വിറകു കീറി തളർന്നു വീഴുന്നു……
“ഡേവിഡ്….. ഡേവിഡ്, എഴുന്നേല്‌ക്കൂ ഡേവിഡ്” മഡ്‌സ്‌റ്റണിന്റെ സഹോദരിയുടെ ചൂരൽ പ്രഹരമേറ്റുവീണ ഡേവിഡിനെ ക്ലാര താങ്ങിയെടുക്കുകയാണ്…..
“കാപ്പി…….. കാപ്പി…..കാപ്പീ…….. ചായേ…….” ചെവിയിൽ തുളഞ്ഞുകയറുന്ന കാപ്പി വില്‌പനക്കാരന്റെ ശബ്‌ദം സ്വപ്‌നങ്ങളിൽ നിന്നുണർത്തി. നാടെത്തിക്കഴിഞ്ഞിരിക്കുന്നു.
രാത്രിയിൽ അഭിയേയും അനുവിനേയും തന്നോടു ചേർത്തു കിടത്തി ഉറങ്ങാനൊരുങ്ങുമ്പോൾ ഭാര്യ തിരക്കി.
“ഇന്നെന്താ മക്കളോട് ഒരു പ്രത്യേക വാത്സല്യം? വന്നപ്പോൾ തൊട്ടുഞ്ഞാൻ ശ്രദ്ധിക്കുകയാണ്.”
“എന്താടീ…. എനിക്കെന്റെ മക്കളെ സ്‌നേഹിക്കാൻ പാടില്ലേ? നീ വെറുതെ അസൂയപ്പെടേണ്ട കേട്ടോ.”
“സ്‌നേഹിച്ചോ സ്‌നേഹിച്ചോ…. ഞാനിടയിൽ കയറുന്നില്ലേ…. മക്കളേ ഒന്നോർത്തോ, നാളെയീ അച്ഛനങ്ങ് പോകും പിന്നെ എന്റെ പുറകേ തന്നെ വരേണ്ടിവരും കേട്ടോ.”
“ഞങ്ങളെങ്ങും വരുന്നില്ല അമ്മേടെ പുറകേ”. അനുവാണതു പറഞ്ഞത്.
“ഓ….. അച്ഛൻ വന്നാപ്പിന്നെ മക്കക്ക് അമ്മയെ വേണ്ടല്ലോ. ശരി ശരി, അച്ഛനും മക്കളും സ്‌നേഹിച്ചോണ്ട് കിടന്നോ. എനിക്കുറക്കം വരുന്നുണ്ട്. ഞാനുറങ്ങാൻ പോകുന്നു.”.
രണ്ടു ദിവസങ്ങൾ രണ്ടു നിമിഷം പോലെ കടന്നുപോയി. തിങ്കളാഴ്‌ച ഓഫീസ് ക്ലോക്കിൽ അഞ്ചടിച്ചതോടെ എനിക്ക് കാലുകൾ തളരുന്നതുപോലെ തോന്നി. കസേരയിലേയ്‌ക്കു ചാരി അല്‌പനേരം കിടന്നു.
ഡേവിഡിപ്പോൾ ഹോസ്‌റ്റലിലാണ്. അവന്റെ പുറത്ത് ‘ഇവൻ കടിക്കും, സൂക്ഷിക്കുക’ എന്ന ബോർഡ് തൂങ്ങുന്നുണ്ട്.
“എന്താ സാറേ വല്ലായ്‌ക വല്ലതുമുണ്ടോ?” പ്യൂൺ കുട്ടപ്പനാണ്.
ഒന്നുമില്ല കുട്ടപ്പാ. രാവിലത്തെ യാത്രയുടെ ക്ഷീണം കൊണ്ടൊന്നിരുന്നു പോയതാ. ഓഫീസുപൂട്ടി കുട്ടപ്പനും പോകണമായിരിക്കും അല്ലേ? ഞാനിപ്പോൾ തന്നെ ഇറങ്ങിത്തരാം“.
ബാഗും കുടയുമെടുത്ത് നടന്നു. സെന്റ് പീറ്റേഴ്‌സ് ഓർഫനേജ്‘ എന്ന ബോർഡിനടുത്തെത്തിയപ്പോൾ നെഞ്ചിലാകെ ഒരു പെടപെടപ്പ് അനുഭവപ്പെട്ടു. ആ കുട്ടികളെവിടെ? കണ്ണുകൾ അവിടമാകെ അരിച്ചു നടന്നു.
വക്കുകെട്ടാത്ത കിണറ്റുകരയിൽ നിന്ന് തുണിയലക്കുകയാണ് അവരിലെ പെൺകുട്ടി. തുണികളുടെ കൂട്ടത്തിൽ കണ്ട നീല ടീഷർട്ട് എന്നിൽ കടുത്ത അസ്വസ്‌ഥത ഉണ്ടാക്കി. കഷ്‌ടിച്ച് തന്റെ മകന്റെ പ്രായമേ കാണൂ, ഈ പെൺകുട്ടിയ്‌ക്ക്. ഇരുമ്പുബക്കറ്റുനിറയെ വെള്ളം കിണറ്റിൽ നിന്നും വലിച്ചു കയറ്റാൻ അവൾ തന്നേ പണിപ്പെടുന്നുണ്ട്. അവളേയും അവളുടെ മുന്നിൽ കൂമ്പാരമായിക്കിടക്കുന്ന പഴന്തുണികളേയും കണ്ടില്ലെന്നു നടിച്ച് ഞാൻ നടന്നു.
ഡേവിഡ്, തന്റെ വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ തടവിലാണ്. മഡ്‌സ്‌റ്റണിന്റെ ചൂരൽത്തുമ്പുണ്ടാക്കിയ വൃണം വലതു തുടയിൽ പഴുത്തു പൊട്ടിയിരിക്കുന്നു.
ഞെട്ടിയുണർന്ന് ലൈറ്റിടുമ്പോൾ സമയം പതിനൊന്നരയായിരിക്കുന്നു. സന്ധ്യയ്‌ക്കു വന്നു കിടന്നതാണ്. വല്ലാത്തൊരുറക്കമായിരുന്നു.
പുറത്ത് നേരിയ വെളിച്ചം മാത്രം. ലൈൻ മുറികളിലെ അവസാനത്തെ മുറിയിൽ മാത്രമേ ലൈറ്റുള്ളൂ. ഞാൻ ലൈറ്റണച്ച് മെല്ലെ പുറത്തിറങ്ങി. മുന്നിൽ നീലപ്പനയുടെ നിഴൽ പോലെ ഓർഫനേജ്. ഞാൻ ശബ്‌ദമുണ്ടാക്കാതെ അതിന്റെ മുറ്റത്തെത്തി. വാതിലില്ലാത്ത ജനാലയിലൂടെ അകത്തെ മുറിയിൽ കട്ടിലിൽ കിടന്നുറങ്ങുന്ന കുടവയറനെ കണ്ടു.
മിസ്‌റ്റർ മഡ്‌സ്‌റ്റൺ….. ഉറങ്ങിക്കോളൂ. ഇനിയൊരു ഡേവിഡിന്റേയും കണ്ണീർ ഈ മണ്ണിൽ ഒഴുകരുത്. ഓർഫനേജിലെ കുട്ടികളുടെ അലറിക്കരച്ചിൽ കേട്ടാണ് പിറ്റേന്ന് ഞാൻ ഉണർന്നത്. നേരം പരപരാ വെളുത്തു വരുന്നതേയുള്ളൂ. ഓർഫനേജിന്റെ മുറ്റത്ത് ആളുകൾ കൂട്ടംകൂടി നില്‌പുണ്ട്. ഞാനും അങ്ങോട്ടു നടന്നു വരാന്തയിൽ വാപിളർന്ന്, കണ്ണുതുറിച്ച്, നിശ്ചലനായികിടക്കുകയാണ്. ആ മധ്യവയസ്‌കൻ! ചുറ്റും രക്തം കട്ടപിടിച്ചു കിടക്കുന്നു.
”രാത്രിയിലെപ്പോഴോ, ആകണം…. ഒറ്റക്കുത്തിനു തീർന്നിട്ടുണ്ടാകണം…. ഒച്ചയും ബഹളവുമൊന്നും കേട്ടില്ലല്ലോ….“ മുറ്റത്ത് അഭിപ്രായങ്ങൾ പലതും ഉയർന്നു കേട്ടു.
തിരിച്ച് റൂമിലെത്തി വേഗത്തിൽ കുളിച്ചൊരുങ്ങി ഓഫീസിലേയ്‌ക്കു പുറപ്പെട്ടു. ഉച്ചയ്‌ക്ക് ചോറൂണിനിടയിൽ കുട്ടപ്പേട്ടൻ പറഞ്ഞു, ”സാറിന്റെടുത്ത് ഓർഫനേജു നടത്തിയിരുന്ന ഔസേപ്പിനെ ആരോ ഇന്നലെ രാത്രി കുത്തിക്കൊന്നു. പോലീസൊക്കെ വന്നിരുന്നു. അയാളും ഒരനഥനാ. ആരാ ഇതിന്റെയൊക്കെ പുറകേ പോകാൻ. പോലീസുകാർക്കൊന്നും ഒരു കിട്ടപ്പോരുമില്ലാത്ത കേസായോണ്ട് അവരോരോന്ന് എഴുതിക്കുത്തിപ്പോയി. കുത്തിപ്പൊക്കാനൊന്നും ആരുമില്ലാത്ത കൂട്ടരല്ലേ, എന്തിനാന്നും മറ്റും ആരു കണ്ടുപിടിക്കാൻ?“
കുട്ടപ്പേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ ഞാനൊരു നെടുവീർപ്പിട്ടു. പിന്നെപ്പറഞ്ഞു,
”കുട്ടപ്പേട്ടാ…… എനിക്കാ ലൈൻ മുറി ഒന്നു മാറണമല്ലോ…. കുത്തും കൊലേം ഒക്കെ നടക്കുന്നിടത്ത് നമ്മൾക്കൊക്കെയെങ്ങനെയാ……“
”സാറു വിഷമിക്കേണ്ട രണ്ടു ദിവസത്തിനകം സാറിന് ഞാനൊരു പുതിയ മുറി തപ്പിത്തരാം. അതു പോരേ?“
”മതി കുട്ടപ്പേട്ടാ………“ ഞാൻ ആശ്വാസം കൊണ്ടു.
കുട്ടപ്പേട്ടൻ വാക്കു പാലിച്ചു. ഓഫീസിനോടു കൂടുതൽ അടുത്ത് മറ്റൊരു മുറി പിറ്റേന്നു തന്നെ കുട്ടപ്പേട്ടൻ തരപ്പെടുത്തിത്തന്നു. വാടക ഒരല്‌പം കൂടുതലാണെന്നു മാത്രം. ആ പുതിയ മുറിയിലിരുന്നു ഡേവിഡ് കോപ്പർ ഫീൽഡിന്റെ അവസാന അധ്യായവും വായിച്ചു തീർത്തപ്പോൾ വലിയൊരു പേമാരിയിൽ നിന്നും രക്ഷനേടിയതുപോലെ മനസ്സ് ആശ്വാസം കൊണ്ടു.
നിരവധി ഞായറാഴ്‌ചകൾ കൺമുന്നിലൂടെ കടന്നുപോയി. അഭിയേയും അനുവിനേയും സിനിമാ കാണാൻ കൊണ്ടുപോകാം എന്നു വാക്കു നല്‌കിയിരുന്ന മറ്റൊരു ഞായറാഴ്‌ചയിലേയ്‌ക്കുള്ള ശനിയാഴ്‌ചയിലെ ട്രെയിൻ യാത്രയ്‌ക്കിടയിൽ കീറിപ്പറിഞ്ഞ ഉടയാടയും അഴുക്കുപുരണ്ട മുടിയും ക്ഷീണിച്ച മുഖവുമായി ഒരു പെൺകുട്ടി എന്റെ മുന്നിൽ വന്നു കൈ നീട്ടി. അവളുടെ കീറത്തുണിയുടെ വിടവിലൂടെ പുറത്തുകണ്ട പിഞ്ചു ശരീരത്തെ, എനിക്ക് എതിർ വശത്തിരുന്ന ഒരു ചെറുപ്പക്കാരൻ ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്തേയ്‌ക്ക് ഒന്നേ എനിക്കു നോക്കാൻ കഴിഞ്ഞുള്ളു. സെന്റ് പീറ്റേഴ്‌സ് ഓർഫനേജിലെ പെൺകുട്ടിയല്ലേ അത്?.
കിട്ടിയ നാണയത്തുട്ടുകളും കൊണ്ട് അവൾ അടുത്ത കമ്പാർട്ടുമെന്റിലേയ്‌ക്ക് നടക്കുമ്പോൾ എന്റെ എതിർവശത്തെ സീറ്റിലിരുന്ന ആ ചെറുപ്പക്കാരൻ അവൾക്കു പിറകേ എഴുനേറ്റു പോകുന്നത്, ഒരു ഞെട്ടലോടെ ഞാൻ കണ്ടു.
ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. അടിയേറ്റു നീരുവീണ കാൽമുട്ടുകളിൽ മുഖമമർത്തി കൊച്ചു ഡേവിഡ് തേങ്ങിത്തേങ്ങിക്കരയുകയായിരുന്നു അപ്പോൾ.
Generated from archived content: story_competition10_sep30_10.html Author: c.sreekumar
Click this button or press Ctrl+G to toggle between Malayalam and English