ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോവലിന്റെ ഭാഷയെപ്പറ്റി നോവലിസ്‌റ്റ് സക്കറിയ പ്രതികരിക്കുന്നു.
ഈ ചെറുനോവലിന്റെ (അയ്യപ്പത്തിന്തകത്തോം) ഭാഷാരൂപീകരണത്തിൽ, വ്യത്യസ്‌ത ധ്രുവങ്ങളിൽ നില്‌ക്കുന്ന രണ്ട് കൃതികളെയാണ്, ചിലപ്പോൾ നർമ്മാനുകരണത്തിലൂടെയും മറ്റു ചിലപ്പോൾ നേരിട്ടുളള ഉദ്ധരണികളിലൂടെയും ഞാൻ ആശ്രയിച്ചിട്ടുളളത്.
എന്റെ വന്ദ്യവയോധിക സുഹൃത്ത് ഡോ.വി.സി. ക്ലീൻക്ലസ്സ് അവർകളുടെ ‘സ്വതന്ത്രഭാരതത്തിന്റെ സ്വർഗ്ഗത്തിന്റെ താക്കോൽ’ എന്ന ലഘുഗ്രന്ഥവും, താൻ വിശ്രമജീവിതമാരംഭിക്കുന്നതു സംബന്ധിച്ച് അദ്ദേഹം പുറപ്പെടുവിച്ച ലഘുലേഖയുമാണ് ഈ കഥയിൽ ഞാൻ അവലംബിച്ചിരിക്കുന്ന ഭാഷാസമീപനത്തിന്റെ അടിസ്ഥാനം. ലഘുലേഖ പേരുകൾ മാത്രം മാറ്റി ഈ കഥയിൽ പൂർണ്ണമായി ഉപയോഗിച്ചിട്ടുണ്ട്.
ഭാഷ, അതുപയോഗിക്കുന്നയാളിന്റെ സ്വകാര്യ വ്യാകരണത്തിനും, വാക്കുകൾ സ്വകാര്യ അർത്ഥങ്ങൾക്കും വഴങ്ങിക്കൊണ്ട്, വായനക്കാരനും കേൾവിക്കാരനും സുപരിചിതമല്ലാത്തതും ചിലപ്പോൾ അസംബന്ധം എന്ന് തോന്നിപ്പിക്കുന്നതുമായ ഒരു വിചിത്രതലത്തിൽ ആശയവിനിമയം നടത്തുന്നതിന്റെ ഉദാഹരണമാണ് ഡോ.ക്ലീൻക്ലസ്സിന്റെ മേൽപ്പറഞ്ഞ രചനകൾ. തത്തമ്പളളിക്കാരൻ ജോസഫുചേട്ടൻ എന്ന ഡോ.ക്ലീൻക്ലസ്സ് തന്റെ സ്വകാര്യ മലയാളം സൃഷ്‌ടിക്കുന്നത് നിയമലംഘനങ്ങളിലൂടെയാണ്. നമുക്ക് പരിചിതമായ പരമ്പരാഗത സാഹിത്യഭാഷ മാഞ്ഞുപോകുന്നു. ചില ആധ്യാത്മികകേന്ദ്രങ്ങൾ ഈ വിധത്തിലുളള സ്വകാര്യഭാഷ ഉപയോഗിക്കുന്നതായി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ശ്രീ പി.ഗോപകുമാർ ‘സമകാലിക മലയാളം’ വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച ഗോവ യാത്രാവിവരണമാണ് സ്വകാര്യഭാഷയുടെ മറ്റൊരു മാതൃകയായി ഞാൻ സ്വീകരിച്ചത്. ഡോ.ക്ലീൻക്ലസ്സിന്റെ ഭാഷയെ അദ്ദേഹത്തിന്റെ നിയമലംഘനങ്ങളെന്നപോലെ, ഈ യാത്രാവിവരണത്തിന്റെ ഭാഷയെ അതിന്റെ സംസ്‌കൃത പദപദ്ധതി അപനിർമ്മാണം ചെയ്യുന്നു. ആശയവിനിമയം വിഭ്രാന്തി കലർന്ന ഒരു പ്രത്യേക ലോകത്തിലാണ് സംഭവിക്കുന്നത്. എന്റെ കഥയുടെ 28-ാം പുറത്തെ അവസാന ഖണ്ഡിക മുതൽ ഏതാണ്ട് 34-ാം പുറത്തെ മൂന്നാം ഖണ്ഡിക വരെയുളള ഭാഷാനിർമ്മാണത്തിന് ഞാൻ ആശ്രയിച്ചിരിക്കുന്നത് ശ്രീ ഗോപകുമാറിന്റെ യാത്രാവിവരണത്തിലെ ചില അധ്യായങ്ങളെയാണ്.
അജ്ഞാതനാമാവായ ഒരു ടി.വി.പരമ്പരക്കഥാകൃത്തിന്റെ ഭാഷാപ്രചോദനം ഈ നോവലിൽ ഉൾക്കൊളളിച്ചിരിക്കുന്ന തിരക്കഥയിലുണ്ട്.
ഭാഷ കൊണ്ടാണ് സത്യം വ്യവഹരിക്കപ്പെടുന്നത്. ഭാഷകൊണ്ടുതന്നെ അസത്യവും. ഭാഷയാണ് രാമകഥ സംവേദിപ്പിക്കുന്നത്. ഭാഷതന്നെ ഫാഷിസവും സംവേദിപ്പിക്കുന്നു. ബാബ്‌റി മസ്‌ജിദ് തകർക്കാനുപയോഗിച്ച ഭാഷയും നമ്മുടേതുതന്നെ. ഗുജറാത്തിൽ ഭ്രൂണങ്ങളെ വേവിച്ചതും ഭാഷയാൽതന്നെ.
അയ്യപ്പത്തിന്തകത്തോം (നോവൽ)
സക്കറിയ
ഡിസി ബുക്‌സ്
വില – 30.00
Generated from archived content: book_may19.html
Click this button or press Ctrl+G to toggle between Malayalam and English