എം.എ.ബൈജു എന്ന യുവകഥാകൃത്തിന്റെ പതിനേഴു ചെറുകഥകളുടെ സമാഹാരമാണിത്. ആദ്യസംരംഭം എന്ന നിലയിൽ പ്രോത്സാഹനം അർഹിക്കുന്ന രചനാപാടവം പല കഥകളിലും കാണാം എന്നത് ഈ കഥകൾ വായിക്കുന്ന സഹൃദയന് സന്തോഷം ഉണ്ടാക്കുന്നതാണ്.
കഴിഞ്ഞ നൂറ്റാണ്ടിൽ വളരെയേറെ പ്രസ്ഥാനങ്ങൾ അതിശക്തമായി ഗതിവിഗതികളെ നിയന്ത്രിച്ച സാഹിത്യരൂപമാണ് ലോക ചെറുകഥ. മലയാളഭാഷയിലും അതിന്റെ പ്രതിഫലനങ്ങൾ പല രൂപത്തിലും ഉണ്ടായിട്ടുണ്ട്. ഈ കഥാസമാഹാരത്തിലെ കഥകളിൽ ഇത്തരം മാറ്റങ്ങളുടെ ഒളിമിന്നലുകൾ അങ്ങിങ്ങു ദർശിക്കാം. ഒരു പ്രത്യേകശൈലിയുടേയോ രൂപഭാവങ്ങളുടേയോ പാതകൾ മാത്രം അവലംബിക്കാതെ തന്റേതായ രീതിയിൽ കഥയെഴുതാൻ കഥാകൃത്ത് ഈ കഥകളിൽ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്.
എല്ലാ നല്ല കഥകൾക്കും ഒരു പൊതുസ്വഭാവമുണ്ട്. അത് വായനക്കാരനെ സംബന്ധിച്ചിടത്തോളം ഒരു കെട്ടുകഥയല്ല. പ്രത്യുത, അത് തനിക്ക് നേരിട്ട് ഉൾക്കൊളളാവുന്ന സത്യമായ സംഭവമായിരിക്കും. കഥ വായിച്ചു കഴിയുമ്പോഴേക്കും ഇത് താൻ സ്വയം അനുഭവിച്ച, ഇപ്പോൾ തന്റെ സ്വന്തമായിക്കഴിഞ്ഞ അനുഭവത്തിന്റെ ഭാഗമാണ് എന്ന തോന്നൽ സംജാതമാകും. ഇതിനെ നന്മയും, തിന്മയും, നിർവൃതിയും, ഹർഷോന്മാദവും, പശ്ചാത്താപവും, ദുഃഖവും, ക്രൂരതയും, ദയയും എല്ലാം താൻ അനുഭവിക്കുന്നതാണ്. ഇതിലെ മനുഷ്യരും, സ്ഥലകാലങ്ങളും, കാറ്റും മഴയും, ചൂടും തണുപ്പും എല്ലാം തനിക്കു പരിചിതമെന്നു മാത്രമല്ല, തന്റെ അസ്‌തിത്വത്തിന്റെ ഭാഗവുമാണ്.
ഈ രീതിയിലുളള അനുഭവം വായനക്കാരന് പകർന്നു കൊടുക്കാൻ കഥാകൃത്ത് നടത്തുന്ന ശ്രമങ്ങൾ ഒരു പരിധിവരെ വിജയിക്കുന്നുണ്ട് എന്നത് ശുഭോദർക്കമായി ഞാൻ കണക്കാക്കുന്നു.
സിദ്ധിയും സാധനയും, അഥവാ ദൈവദത്തമായ കഴിവും നിരന്തരമായ പരിശ്രമവും ഏതൊരു രംഗത്തും വിജയത്തിന് അത്യന്താപേക്ഷിതമാണ്. സർഗ്ഗാത്മകരചനയിൽ ഇത് പ്രത്യേകിച്ചും പ്രസക്തമാണ്. ഈ കഥാസമാഹാരത്തിലെ മിക്ക കഥകളിലും സിദ്ധിയുടെയും സാധനയുടെയും തിളക്കങ്ങൾ ഏറിയും കുറഞ്ഞും ദർശിക്കാൻ കഴിഞ്ഞു എന്നത് എന്നെ സന്തോഷപ്പെടുത്തുന്നു.
ഹൃദയത്തിന്റെ ഭാഷ അറിയുന്നവനാണ് യഥാർത്ഥ എഴുത്തുകാരൻ. സംസ്‌കൃതിയുടെയും മാനവികതയുടെയും യാഥാർത്ഥ്യങ്ങൾ തന്റെ രചനയുടെ ജീവനായി, അതിന്റെ ഭാഗമായി മാറ്റുന്നവൻ. ആത്മാവിലേക്കുളള അന്വേഷണത്തിന്റെ അഭാവത്തിൽ തന്റെ സൃഷ്‌ടി ക്ഷണികവും നാശഭരിതവുമാണെന്ന് അറിവുളളവൻ. അവന്റെ ദൗത്യം അവൻ സ്വയം ഏറ്റെടുത്തതാണ്. രക്ഷപ്പെടാൻ പഴുതില്ലാത്ത ചക്രവ്യൂഹത്തിൽ അവൻ ജീവിതകാലം മുഴുവൻ സത്യാന്വേഷണം നടത്തിക്കൊണ്ടിരിക്കും.
കേരളീയരിലെ പ്രതിഭാധനരായ ചെറുപ്പക്കാരിൽ വലിയ ഒരു വിഭാഗം മലയാള ഭാഷ കൈകാര്യം ചെയ്യാത്ത ഒരു കാലഘട്ടമാണിത്. ഓരോ വർഷവും ആ വിഭാഗം വർദ്ധിച്ചു വരികയുമാണ്. ഈ പരിതസ്ഥിതിയിൽ കഥാരചനയുടെ സിദ്ധി തെളിഞ്ഞു കാണപ്പെടുന്ന പുതിയ എഴുത്തുകാർ നമ്മുടെ ഭാഷാസാഹിത്യത്തിന് ലഭിക്കുന്ന വരദാനങ്ങളാണ്. അവർക്ക് മുന്നോട്ട് പോകാനുളള, നിരന്തരമായ സാധനയിലൂടെ തങ്ങളുടെ കഴിവുകൾ സമൂഹനന്മയ്‌ക്കുവേണ്ടി ഉപയോഗപ്പെടുത്താൻ മലയാളത്തിലെ വായനക്കാരുടെ ആശംസകൾ ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.
ഈ പ്രതിഭാധനനായ എഴുത്തുകാരന്റെ ആദ്യത്തെ സൃഷ്‌ടികളായ പതിനേഴു കഥകളടങ്ങിയ “പുതിയ പുതിയ പുലരികളും, ഇരുൾ മറഞ്ഞ ആകാശവും” സന്തോഷത്തോടുകൂടി ഞാൻ മലയാളത്തിലെ വായനക്കാരുടെ സമക്ഷം അവതരിപ്പിക്കുകയാണ്.
(അവതാരികയിൽ കെ.എൽ.മോഹനവർമ്മ)
പുതിയ പുതിയ പുലരികളും ഇരുൾ മറഞ്ഞ ആകാശവും (കഥകൾ)
എം.എ. ബൈജു
പെൻ ബുക്‌സ്
വില – 50.00
Generated from archived content: book_july10.html