രണ്ട് നൂറ്റാണ്ട് മുമ്പ് യൂറോപ്പിന്റെ സവിശേഷമായ ഒരു ചരിത്രഘട്ടത്തില്‍ പിറവികൊണ്ട മാര്‍ക്സിസം അസമത്വത്തിനും ചൂഷണണത്തിനുമെതിരെ മൗലികമായ ചില കാഴ്ചപ്പാടുകള്‍ മുന്നോട്ടു വച്ചുകൊണ്ടു തന്നെ സമൂഹമാറ്റത്തിന്റെ ഒരു നൂതന ധാരയായി പൊതുവെ പരിഗണിക്കപ്പെടുകയുണ്ടായി. പിന്‍ കാലത്ത് യൂറോപ്പിലും ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് ഈ ആശയ ധാര നേതൃത്വം കൊടുക്കുകയും ചെയ്തു. ഇപ്പോഴും മാര്‍ക്സിസം സമൂഹവിശകലനോപാധിയായി പരിഗണിക്കപ്പെടുന്നുണ്ട്. അക്കാദമിക രംഗത്ത് മാര്‍ക്സിയന്‍ ചരിത്രവിശകലനരീതി ഏറെ പ്രചാരത്തിലുമുണ്ട്. പക്ഷെ നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ സൈദ്ധാന്തിക പ്രായോഗികതലങ്ങള്‍ രണ്ട് വ്യത്യസ്ത കോണുകളിലേക്ക് തെന്നിമാറി നില്‍ക്കുന്ന ആശയധാരയാണ് ഇപ്പോള്‍ മാര്‍ക്സിസം അനുഭവവേദ്യമാവുന്നത് . ഇത്തരമൊരു ഘട്ടത്തില്‍ മാര്‍ക്സിയന്‍ സൈദ്ധാന്തിക പ്രായോഗിക തലങ്ങളുടെ പ്രയോഗവത്കരണത്തെ ഇന്ത്യന്‍ അവസ്ഥയില്‍ വിമര്‍ശനാത്മകമായ ഒരു വായനയ്ക്ക് വിധേയമാക്കുകയാണ് എസ്. കെ ബിശ്വാസ് ഈ പുസ്തകത്തിലൂടെ.
യൂറോപ്പിന്റെയും മറ്റ് ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളുടേയും സാമൂഹികാവസ്ഥകളില്‍ നിന്നും തികച്ചും വ്യതിരിക്തമായ ഒരു സമൂഹക്രമം ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ‘ ജാതി’ എന്ന ഒരേയൊരു സമൂഹസ്ഥാപനം ഈ സവിശേഷ ഇന്ത്യന്‍ സാമൂഹ്യക്രമത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ ജാതിയെ ഫ്യൂഡല്‍ കാലഘട്ടത്തിലെ ഉപരിഘടനയായാണ് പരിഗണിച്ചത്. അടിത്തറ- ഉപരിഘടന എന്ന മാര്‍ക്സിയന്‍ ‘ മെറ്റഫറിന്റെ’ അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകളായി ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതത്തെ പൂര്‍ണ്ണമായി നിശ്ചയിച്ച് നിയന്ത്രിച്ചുപോന്ന ഒരു സമൂഹഘടനയേയും അതിന്റെ രാഷ്ട്രീയ സാമ്പത്തിക അടിത്തറകളേയും വെറും ഉപരിഘടനായി മാത്രം പൂര്‍ണ്ണമായി നിശ്ചയിച്ച് നിയന്ത്രിച്ചു പോന്ന ഒരു സമൂഹഘനയേയും അതിന്റെ രാഷ്ട്രീയ സാമ്പത്തിക അടിത്തറകളേയും വെറും ഉപരിഘടനയായി മാത്രം ചുരുക്കിക്കളയുന്ന വീക്ഷണമാണ് മുന്നോട്ട് വെക്കപ്പെട്ടത് . സാംസ്ക്കാരിക ഉപാധികളിലൂടെ പുനര്‍ സൃഷ്ടിക്കപ്പെടുന്ന ജാതിയുടെ ഘടനയും ബോധരൂപങ്ങളും കേവലം ‘ സാമ്പത്തിക നിര്‍ണ്ണയവാദ’ ത്തിനു വിശദീകരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് ഒരു യാന്ത്രിക ഇന്‍ഡ്യന്‍ ഫ്യൂഡല്‍ തിസീസ്സില്‍ നിന്ന് മുന്നോട്ട് പോവാന്‍ കഴിയാതെ സാമ്പത്തിക നിര്‍ണ്ണായവാദത്തില്‍ കുടുങ്ങിക്കിടന്നു. അതുപോലെ ജാതിയാണോ വര്‍ഗമാണോ ഒരു ചൂഷണരൂപമെന്ന നിലയില്‍ പ്രധാനം എന്ന പ്രശ്നം ഇന്ത്യന്‍മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ക്ക് മുന്നില്‍ ഒരു സമസ്യയാണ്. അതുകൊണ്ടു തന്നെ ജാതിയെ വിശകകലനം ചെയ്യുവാന്‍ ഒരു രീതിശാസ്ത്രമോ വിശകലനോപാധിയോ വികസിപ്പിച്ചെടുക്കാന്‍ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ക്കും സാമൂഹികശാസ്ത്രജ്ഞര്‍ക്കും കഴിയാതെ പോയി. ബിശ്വാസ് നിരീക്ഷിക്കുന്നതു പോലെ പ്രമുഖ ഇന്ത്യന്‍ മാര്‍കിസ്റ്റ് ബുദ്ധിജീവികളും സൈദ്ധാന്തികരും ജാതീയമായി പീഢനം അനുഭവിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നു വന്നവരായിരുന്നില്ല. അതുകൊണ്ടു തന്നെ ജാതിവ്യവസ്ഥയെ ഒരു ഫ്യൂഡല്‍ കൊള്ളരുതായ്മ എന്നതിലപ്പുറത്ത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യവുമായി ജാതി എങ്ങിനെ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്ന് അന്വേഷിക്കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല.
ബ്രാഹ്മണ മാര്‍ക്സിസം
എസ്. കെ ബിശ്വാസ്
അദര്‍ ബുക്സ്
വില -175/-
Generated from archived content: book1_june14_13.html