കൂൺകൃഷിക്ക്‌ വേണ്ടതെല്ലാം

തീൻമേശയിൽ രുചികരമായ വിശിഷ്‌ടഭോജ്യമായി മാറുന്ന കൂണിന്റെ കാർഷികവിശേഷങ്ങളും വ്യവസായസാധ്യതകളും മലയാളിക്ക്‌ അത്ര പരിചിതമല്ല. എന്നാൽ കൂൺ ഉപഭോഗത്തിന്റെ അനുദിനമുളള വർദ്ധന ഈ രംഗത്ത്‌ മേൽക്കൈ നേടാനുളള കേരളത്തിന്റെ സാദ്ധ്യതയാണ്‌ ചൂണ്ടിക്കാട്ടുന്നത്‌.

സസ്യലോകത്തിലെ മാംസം എന്നറിയപ്പെടുന്ന കൂണിന്‌ സ്വാദിഷ്‌ഠഭോജ്യമെന്നതിലുപരി ഔഷധ അസംസ്‌കൃതവസ്‌തുവെന്ന നിലയിലും പ്രിയമേറിവരികയാണ്‌. വിപുലമായ വിപണനസാദ്ധ്യതകളുളള കൃഷിയെന്ന നിലയിൽ തികച്ചും ശാസ്‌ത്രീയമായും അതീവശ്രദ്ധയോടെയും പരിപാലിക്കേണ്ട ഒന്നാണ്‌ കൂൺകൃഷിയെന്ന പൊതുധാരണ ഉണ്ടാക്കിയെടുക്കേണ്ടത്‌ ആവശ്യവുമായിരിക്കുന്നു.

ഇത്തരമൊരു പൊതുബോധവത്‌കരണസന്ദേശവും പ്രായോഗികജ്ഞാനവും പകർന്നുനല്‌കുകയെന്ന കർത്തവ്യമാണ്‌ കാർഷിക പത്രപ്രവർത്തകനായ ജി.എസ്‌. ഉണ്ണിക്കൃഷ്‌ണൻനായർ തന്റെ ‘കൂൺ-സുവർണവിള’ എന്ന പുസ്‌തകത്തിലൂടെ നിർവഹിക്കുന്നത്‌. കൂൺകൃഷിയെയും വ്യവസായത്തെയും സംബന്ധിച്ച്‌ സമഗ്രവും പ്രായോഗികപരിജ്ഞാനം നല്‌കുന്നതുമായ ശാസ്‌ത്രീയഗ്രന്ഥമെന്ന്‌ ആമുഖത്തിൽ പറയുന്നത്‌ സാർഥകമാക്കിയ കാർഷിക കൈപ്പുസ്‌തകമെന്ന്‌ ഈ പുസ്‌തകത്തെ വിശേഷിപ്പിച്ചാൽ തെറ്റില്ല.

കൂൺകൃഷിയുടെ ചരിത്രം, കൂൺ ഉത്‌പാദകരാജ്യങ്ങളുടെ പട്ടിക, വ്യത്യസ്‌ത കൂണുകൾ, അവയുടെ കൃഷിരീതികൾ, കൃഷി ചെയ്യാനുളള മാധ്യമങ്ങൾ, കാർഷിക പരിതസ്ഥിതിയൊരുക്കൽ, കൂൺകൃഷിയെ ബാധിക്കുന്ന രോഗങ്ങൾ, നിവാരണമാർഗ്ഗങ്ങൾ, വിളവെടുപ്പ്‌, പായ്‌ക്കിങ്ങ്‌, സംഭരണം, വിപണനം, വ്യത്യസ്‌ത കൂൺ വിഭവങ്ങൾ, അവയുടെ വിശദമായ പാചകക്കുറിപ്പുകൾ, ഔഷധനിർമ്മാണം എന്നിങ്ങനെ കൂണിനെക്കുറിച്ചുളള വിശദവിവരങ്ങളാണ്‌ ഉണ്ണിക്കൃഷ്‌ണൻനായർ 73 പേജുളള പുസ്‌തകത്തിൽ പ്രതിപാദിക്കുന്നത്‌. ബനാറസ്‌ ഹിന്ദു സർവകലാശാലയിൽനിന്ന്‌ കാർഷികബിരുദം നേടിയ ഉണ്ണിക്കൃഷ്‌ണൻനായർ കേരളത്തിലെ അറിയപ്പെടുന്ന കാർഷികലേഖകനാണ്‌.

കൂൺ-സുവർണവിള, ജി.എസ്‌.ഉണ്ണിക്കൃഷ്‌ണൻനായർ, കറന്റ്‌ ബുക്‌സ്‌, വിലഃ 38.00

Generated from archived content: book1_july20_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English