നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം
പഴഞ്ചൊല്ലിന്റെ അഴകും ഭാവരുചിയുമുള്ള ഈ ഈരടി പിറന്നു വീണിട്ട് അധിക കാലമായിട്ടില്ല. അപ്പോഴേക്കും നമ്മുടെ നാടുകളാകെ മാറി നാട്ടിന്‍ പുറത്തെ നന്മകള്‍ ദരിദ്രമാകാന്‍ തുടങ്ങി. ദാരിദ്ര്യം സ്വയം വിരുന്നെത്തിയതല്ല നാമെല്ലാം സമ്പന്നത തേടി പോയപ്പോള്‍ നന്മകള്‍ പടിയിറങ്ങി – നാട് ദരിദ്രമായി. നാട്ടറിവുകളുടെ , നാട്ടു സമൃദ്ധിയുടെ, നാട്ടു ജീവിതത്തിന്റെ, നാട്ടു രുചിയുടെ, നാട്ടു വൈദ്യത്തിന്റെ, നാട്ടു വിശുദ്ധിയുടെ കലവറകള്‍ ശൂന്യമായി. ഈ നഷ്ടങ്ങള്‍ എത്രത്തോളമുണ്ടെന്ന് ഇപ്പോഴും നമുക്ക് തിട്ടപ്പെടുത്താനായിട്ടില്ല. കാരണം ജീവിതത്തിന്റെ തിക്കും തിരക്കും കഴിഞ്ഞിട്ടു വേണ്ടേ നമുക്ക് കണക്കെടുപ്പ് നടത്താന്‍. എന്നാല്‍ ചില സുമനസ്സുകള്‍ ഇവീടെ ഉണര്‍ന്നിരിക്കുന്നുണ്ട്. സത്യരേണുക്കക്കളെ അവര്‍ തൊട്ടറിയുന്നുണ്ട്. അത്തരമൊരു ശ്രമമാണ് പ്രൊഫ. ജേക്കബ്ബ് വര്‍ഗ്ഗീസ്സ് കുന്തറയും ഡോ. മിനി പി. മത്തായിയും ചേര്‍ന്ന് നടത്തിയിട്ടുള്ളത്.
ഇരുവരും ചേര്‍ന്നു നിര്‍വഹിച്ചിട്ടുള്ള ഔഷധ സസ്യങ്ങള്‍ അറിവും പ്രയോഗവും എന്ന ഗ്രന്ഥം ഈ യൊരു ദിശയിലുള്ള കാല്‍വയ്പ്പാണ്. പ്രയോജനവാദത്തിന്റെ വക്താക്കളായി മാറിയ നമുക്ക്, പ്രയോജനമില്ലെന്ന് കണ്ട് ഉപേക്ഷിച്ചവയുടെ പ്രയോജനത്തെ വെളിപ്പെടുത്തി തരുന്നതാണ് ഈ ഗ്രന്ഥം. ആശുപത്രികളുടെ എണ്ണം പെരുകലല്ല ആരോഗ്യ സംരക്ഷണത്തിന്റെ മാനദണ്ടം എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് എങ്ങനെ നമുക്ക് നിത്യ ജീവിതത്തില്‍ നിത്യ പ്രതിരോധത്തിന്റെ വക്താക്കളാകാം എന്ന് ഈ കൃതി കാണിച്ചു തരുന്നു. അമ്പതോളം ഔഷധസസ്യങ്ങളെയാണ് ഇതില്‍ പരിചയപ്പെടുത്തുന്നത്. അഞ്ച് ഭാഗങ്ങളിലായി ലഘുസസ്യങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍, വൃക്ഷങ്ങള്‍, നീര്‍ച്ചെടികള്‍ എന്നിങ്ങനെ വര്‍ഗീകരിച്ച് അവയുടെ വിവരണം, രാസഘടന, ഔഷധപ്രാധാന്യം, ഇംഗ്ലീഷ് സംസ്കൃതഭാഷകളില്‍ അവയ്ക്കുള്ള പേരുകള്‍, മനോഹരമായ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ എന്നിവയ്ക്കൊപ്പം അനുബന്ധമായി നാടന്‍ ഔഷധ കൂട്ടുകള്‍ എന്നിവയെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന നല്ലൊരു ഗ്രന്ഥമാണിത്. അറിവും അന്വേഷണവും പ്രയത്നവും ഉള്‍ക്കാഴ്ചയും പ്രതിബദ്ധതയും ഇതിന്റെ ഓരോ താളിലുമുണ്ട്.
എല്ലാം വില്‍പ്പനച്ചരക്കാക്കുന്ന കുത്ത വ്യാപാരത്തിന്റെ ആധുനിക കാലത്ത് യഥാര്‍ത്ഥ ആവശ്യമെന്തെന്ന് തിരിച്ചറിഞ്ഞ് ആ വഴിയിലേക്കൊന്ന് കണ്ണോടിക്കാന്‍ ആര്‍ജവമുള്ള ഹൃദയങ്ങള്‍ക്കേ നമ്മേ പ്രേരിപ്പിക്കാനാവൂ. നം തൊട്ടറിയുന്ന കണ്ടറിയുന്ന സാധാരണ സസ്യങ്ങളുടെ മൂല്യമാണ് ഇതിലവതരിപ്പിക്കപ്പെടുന്നത്. എത്ര സമ്പന്നമായ കരുതിവയ്പ്പാണ് ഈ പ്രകൃതി നമുക്കായ് ഒരുക്കിയിട്ടുള്ളതെന്നും എത്ര അന്ധതയാല്‍ നാമിവയെ തൃണവത്ക്കരിക്കുന്നുവെന്നും ഈ ഗ്രന്ഥം നമ്മെ ബോധ്യപ്പെടുത്തും. ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഔഷധ സസ്യങ്ങളെ കുറിച്ചുണ്ട് എന്നാല്‍ ഇതൊന്നും നമ്മുടെ മേഖലയല്ലെന്നു കണ്ടു മുഖം തിരിക്കുന്നവര്‍ ഈ ഗ്രന്ഥം ഒരാവര്‍ത്തി വായിച്ചാല്‍ ആ ധാരണ തകരും. നാം കുറെകൂടി നാട്ടിന്‍ പുറത്തിന്റെ നനമകളൊടടുക്കും. നമ്മുടെ ജീവിതത്തില്‍ പുതു നാമ്പു കിളിര്‍ക്കും.
എച്ച് & സി പബ്ലിഷിംഗ് ഹൗസാണ് ഈ ഗ്രന്ഥത്തെ മനോഹരമായി അണിയിച്ചൊരൊക്കി വായനക്കാരിലേക്ക് എത്തിക്കുന്നത്. നല്ല അച്ചടി, നല്ല കടലാസ്, നല്ല ലേ ഔട്ട്, നല്ല കാതല്‍ അങ്ങനെ നന്മകളനവധി ഈ പുസ്തകത്തിന്റെ സവിശേഷതകളാണ്.
ഔഷധ സസ്യങ്ങള്‍ – അറിവും പ്രയോഗവും
പ്രൊഫ. ജേക്കബ്ബ് വര്‍ഗീസ് കൂന്തറ
ഡോ. മിനി പി. മത്തായി
പേജ് – 1152 , വില – 150 രൂപ
Generated from archived content: book1_aug6_13.html