കലിയുഗത്തിന്റെ കരാളത കാര്‍ന്നെടുത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ഋഷിവര്യനായ മഹാത്മാഗാന്ധിയുടെ ശ്വാസനാളങ്ങളില്‍ കൂടി അവസാന സമയങ്ങളില്‍ ഫീനിക്സിന്റെ അഗ്നിനാളങ്ങള്‍ പോലെ പുറത്തേക്കൊഴുകിയ പ്രഭാഷണങ്ങളാണ് ‘ ഡല്‍ഹി ഡയറി’. ഇതിലെ പല വാചകങ്ങളും ദൈവവചനങ്ങളാണ്. പറയേണ്ടതായ സമയത്തു മാത്രം പറയപ്പെട്ട ഗീതാവചനങ്ങള്‍.
സ്വാതന്ത്ര്യത്തിന്റെ അര്‍ദ്ധരാത്രി കഴിഞ്ഞ് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വ്യാപകമായി അരങ്ങേറിയ കൂട്ടക്കുരുതിയില്‍ മനം നൊന്ത ഗാന്ധിജി അഗ്നിക്കൂമ്പാരങ്ങള്‍ക്കു മീതെ ഒരു മെതിയടിത്തെയ്യമായി നടന്നു നീങ്ങി. സ്വന്തം നെഞ്ചിലെ ശ്വാസം കൊണ്ട് ആളിപ്പടര്‍ന്ന അഗ്നി ഊതിക്കെടുത്തി സ്വന്തം കണ്ണീരുകൊണ്ട് ചിതകള്‍ തണുപ്പിച്ചു. ഇന്ത്യയ്ക്കു വേണ്ടി ഇത്രയേറെ ദു:ഖിച്ച് പ്രാര്‍ത്ഥിച്ച വ്യക്തി വേറെയില്ല. ഈ പ്രാര്‍ത്ഥനാ വചനങ്ങള്‍ ലോകം ശ്രദ്ധയോടെ കേട്ടു കൊണ്ടിരുന്നു എന്നുള്ളത് ഏറെ ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്.
ചരിത്ര പുരാതമായ ഇന്ദ്രപ്രസ്ഥത്തില്‍ ഒരു രണ്ടാം കുരുക്ഷേത്ര യുദ്ധം നടക്കുകയായിരുന്നു. വളരെ നൂറ്റാണ്ടു നീണ്ടു നിന്ന പോരാട്ടങ്ങളുടെ ഫലമായി കൈവന്ന സ്വാതന്ത്ര്യത്തിന്റെ ആദ്യരാത്രി മുതല്‍ പാക്കിസ്ഥാനിലും ഇന്ത്യയിലും വര്‍ഗീയതയുടെ വിഷപ്പാമ്പുകള്‍ പത്തി പൊക്കി നൃത്തം തുടങ്ങി. മതമൗലികതയില്‍ വേരൂന്നിയ പാക്കിസ്ഥാനുംജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയും രണ്ടായ സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍ തുടങ്ങി വച്ച ന്യൂനപക്ഷ വംശനാശം ഇന്ത്യയിലെ സിക്കുകാരെയും ഹിന്ദുക്കളെയും പ്രകോപിച്ചു. ഒരു വിരേചന പ്രക്രിയയെന്നോണം ഇവിടെ നിന്ന് മുസ്ലീംങ്ങള്‍ പാക്കിസ്ഥാനിലേക്ക് ആട്ടിയോടിക്കപ്പെട്ടു. ഏറ്റവും മൃഗീയമായി കൊലപാതകങ്ങളും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും അരങ്ങേറി. തെരുവുകളില്‍ ശവങ്ങള്‍ കുന്നു കൂടി.
പരിശുദ്ധ ഖുറാനും ഭഗവത് ഗീതയും ഗുരഗ്രന്ഥ സാഹേബും തൊട്ട് ആണയിട്ടുകൊണ്ടുള്ള ഈ മനുഷ്യക്കുരുതി ആര്‍ എന്തിനു വേണ്ടി ചെയ്തു എന്നതിന്റെ ഉത്തരം കണ്ടെത്താന്‍ പ്രവാചകന്മാര്‍ക്കും അവതാര പുരുഷന്മാര്‍ക്കും കഴിയുന്നില്ല.
അവിടെ ഗാന്ധിജി സമാധാനത്തിന്റെ ദൈവദൂതനായി സ്വന്തം മെതിയടികള്‍ക്കു മേലേകൂടി നടന്നെത്തുകയായിരുന്നു. അര്‍ദ്ധനഗ്നയായ ആ ആധുനിക സന്യാസി ഈ ഭൂമിയുടെ മനസാക്ഷി മുഴുവന്‍ സ്വന്തം നെഞ്ചില്‍ സ്വരുക്കൂട്ടി മനുഷ്യ ശക്തിയാല്‍ ചെയ്യേണ്ടതു ചെയ്യുകയായിരുന്നു.
1948 ജനുവരി 13 മുതല്‍ 18 വരെ നീണ്ടു നിന്ന നിരാഹാരത്തിന്റെ അന്ത്യത്തില്‍ ഡോക്ടര്‍ രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ വന്ന പ്രതിനിധി സംഘം കൊടുത്ത ഉറപ്പിന്മേല്‍ ഗാന്ധിജി തന്റെ അവസാനത്തേതും ഐതിഹാസികവുമായ നിരാഹാരം അവസാനിപ്പിക്കുകയുണ്ടായി. അതോടു കൂടി ഇന്ത്യയിലെ വര്‍ഗീയതാണ്ടവത്തിന്റെ അഗ്നി ബാഹികമായി കെട്ടു.
എങ്കിലും പ്രതികാരത്തിനു വേണ്ടി ദാഹിക്കുന്ന ഒരു സമൂഹം അവരുടെ നെരിപ്പോടില്‍ പഴയ തീപ്പൊരി ഒളിച്ചു വച്ചു. ഗന്ധിജിയുടെ ഭൗതിക സാന്നിധ്യം അവര്‍ക്ക് പ്രതികരിക്കാന്‍ തടസമായിരുന്നു. കുറ്റവാളിയായ ഒരു മകനോട് നല്ലവനായ പിതാവ് പറയുന്ന സാരോപദേശമായി ഗാന്ധിജിയുടെ വാക്കുകളെ അവര്‍ കണക്കാക്കിയില്ല.
സ്വതന്ത്ര ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആ മുന്നണിപ്പടയാളിക്ക് 169 ദിവസം മാത്രം ജീവിക്കാനുള്ള അവകാശമേ നമ്മള്‍ നല്‍കിയുള്ളു. ഇംഗ്ലണ്ടില്‍ ദീര്‍ഘകാലം ജീവിച്ചു. സംഘര്‍ഷങ്ങള്‍ക്കിടയീല്‍ നീണ്ട ഇരുപതു വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ജീവിച്ചു. അവിടെയെങ്ങും ആര്‍ക്കും നശിപ്പിക്കാന്‍ കഴിയാത്ത ആ ജീവന്‍ സ്വന്തം മണ്ണില്‍ എത്ര വേഗം പെട്ടു പോയി. ഇന്ത്യക്കു വേണ്ടി മുഴങ്ങിയ ആ പ്രാര്‍ത്ഥന ഇന്ത്യക്കു വേണ്ടി പ്രതിധ്വനിച്ച ആ ഗാനം എന്നെന്നേക്കുമായി അവസാനിച്ചു. പക്ഷെ ആ മരണത്തിനൊരു തിളക്കമുണ്ട്. അതോരു അപകടമരണമോ കിടന്നു നരകിച്ചുള്ള മൃത്യുവോ ആയിരുന്നില്ല. സര്‍വമത സാഹോദര്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനാവേളയിലെ തിളക്കമാര്‍ന്ന ബലിദാനമായിരുന്നു.
ഒടുവിലെ 139 ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടത്തിയ പ്രാര്‍ത്ഥനാ പ്രസംഗങ്ങളുടെ ഡയറിയില്‍ അദ്ദേഹത്തിന്റെ അന്ത്യ വാചകങ്ങളുടെ ചൂട് തൊട്ടറിയാന്‍ കഴിയുന്നുണ്ട്. ഒരു വ്യക്തി ഏറ്റവും ഉചിതമായ സമയത്തു മറ്റൊരു മറയും കൂടാതെ പറഞ്ഞ ഹൃദയത്തിന്റെ ഭാഷയാണ് ഈ മന്ത്രവാചകങ്ങള്‍. സ്വതന്ത്ര ഇന്ത്യ എങ്ങിനെ ആയിരിക്കണമെന്ന ഒരു കുടുംബകാരണവരുടെ ഒസ്യത്താണ് ഈ ‘ഡല്‍ഹി ഡയറി’. ഇതില്‍ ഇന്ത്യയുടെ ആത്മാവ് കണ്ടെത്താം. ഇതില്‍ കൂടുതലൊന്നും ഈ മഹാത്മാവിനു അല്ലെങ്കില്‍ ഒരു മഹാത്മാവിനും ഒരു രാഷ്ട്രത്തോടു പറയാനില്ല. ഇത് സ്വതന്ത്ര ഇന്ത്യയുടെ ഗീതയാണ് എന്നു പറയാം.
ഓരോ ഗാന്ധിയനും ഇത് വായിച്ചിരിക്കണം. എങ്ങിനെ ഇന്ത്യക്കു വേണ്ടി ജീവിക്കണമെന്ന് ഈ പ്രഭാഷണങ്ങളിലെ അക്ഷരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു മഹാമനുഷ്യന്റെ ദൈവചനങ്ങളായി ഇതിലെ വാക്യങ്ങള്‍ എങ്ങും മുഴങ്ങുന്നു.
ഗാന്ധിജിയുടെ ഡയറി
പരിഭാഷ – ശൂരനാട് രവി
ഒലിവ് പബ്ലിക്കേഷന്‍സ്
വില 325 രൂപ
Generated from archived content: book1_agu29_13.html