നാടിനെ അറിയാൻ-നാരായം സാഹിത്യമാസിക

മലയാള സാഹിത്യരംഗത്ത്‌ പുതിയൊരു കാഴ്‌ചവട്ടവുമായാണ്‌ നാരായം സാഹിത്യമാസിക പുറത്തിറങ്ങുന്നത്‌. നല്ല മലയാളം പ്രവാസിയുടെ ഹൃദയത്തിലാണ്‌ എന്ന തിരിച്ചറിവും ഈ പ്രസിദ്ധീകരണം നമുക്ക്‌ നല്‌കുന്നുണ്ട്‌. ആകാശം നോക്കി നടക്കുന്ന മലയാളികൾ മാതൃഭാഷയെ വെറുതെ എരിച്ചുകളയുന്ന ഇക്കാലത്ത്‌ നാരായം ചെറുതെങ്കിലും ഒരു പുണ്യമായി തീരുന്നു.

വിജയനും മുകുന്ദനും വി.കെ.എന്നും ആനന്ദുമൊക്കെ ആധുനികതയുടെ തീക്ഷ്ണതയിൽ എഴുതിത്തിമിർത്ത ദില്ലിയുടെ മണ്ണിൽനിന്നുമാണ്‌ പുതിയൊരു മലയാളിക്കൂട്ടായ്‌മയായി ‘നാരായം’ പുറത്തിറങ്ങുന്നത്‌. ഗൗരവപൂർണ്ണമായ സാഹിത്യചർച്ചകളും അഭിമുഖങ്ങളും ഉൾപ്പെടുത്തി പുറത്തിറക്കുന്ന ഈ മാസിക ഭാഷാസ്നേഹികളായ മലയാളികൾക്ക്‌ ഏറെ ഹൃദ്യമാകുമെന്നത്‌ തീർച്ച.

ആദ്യലക്കത്തിൽ മുകുന്ദനുമായുളള അഭിമുഖവും രണ്ടാം ലക്കത്തിൽ ആനന്ദുമായുളള അഭിമുഖവും ഏറെ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്‌. സച്ചിദാനന്ദൻ അടക്കമുളള മലയാളത്തിലെ പ്രിയകവികളുടെ രചനകളും നാരായത്തിൽ നമുക്ക്‌ കാണാവുന്നതാണ്‌. കൂടാതെ എഴുത്തിന്റെ ലോകത്ത്‌ ഏറെ പരിചിതമല്ലാത്ത ഒട്ടേറെപ്പേരുടെ ആഴവും പരപ്പുമുളള രചനകളാലും നാരായം സമൃദ്ധമാണ്‌. പുസ്തകവിചാരവും കുട്ടികളുടെ ലോകവും ശ്രദ്ധയമാണ്‌.

നഗരത്തിരക്കുകൾക്കിടയിലും ഭാഷയെ മറക്കാതെ കേരളമെന്ന നമ്മുടെ നല്ല സ്വാർത്ഥത കൈവിടാതെ നാരായമൊരുക്കിയവർ ഏറെ നല്ലവർ. ഈ മാസിക ഏറെ വളരുമെന്ന്‌ നമുക്കാഗ്രഹിക്കാം.

ദിനേശ്‌ നടുവല്ലൂർ (പത്രാധിപർ), വി.വി.ജോൺ, നസീർ സീനാലയം, ടി.പി.ശശീധരൻ, പി.ആർ.വിജയലാൽ, ജനാർദ്ദനൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ നാരായം പുറത്തിറങ്ങുന്നത്‌.

രചനകൾ അയയ്‌ക്കുക

എഡിറ്റർ,

നാരായം സാഹിത്യമാസിക,

സി.ബി&41-ബി, ഡി.ഡി.എ ഫ്ലാറ്റ്‌സ്‌,

ഹരിനഗർ,

ന്യൂഡൽഹി – 64.

Generated from archived content: book-mar5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here