പുസ്‌തകച്ചന്ത എന്ന സംജ്ഞ മലയാളത്തിൽ കൊണ്ടുവന്നത് ഡിസി കിഴക്കെമുറിയാണ്. പുസ്‌തകച്ചന്ത എന്നു പറയുമ്പോൾ അതിന് ഒരു നീചത്വം സംഭവിക്കുന്നില്ലേ എന്ന് അന്ന് പലരും ഡിസിയോട് ചോദിച്ചതെനിക്കറിയാം. അപ്പോൾ ഡി.സി പറഞ്ഞു, ഡി സി ഒരിക്കൽ ഒരു പരസ്യം കൊടുത്തിരുന്നു-നിങ്ങളുടെ കുട്ടികൾക്ക് മുട്ടയോടൊപ്പം, റൊട്ടിയോടൊപ്പം ഒരു പുസ്‌തകം കൂടി കൊടുക്കുക. അങ്ങനെ മുട്ട, റൊട്ടി, പുസ്‌തകം ഏകീകരിച്ചു. അതും ഡി സി ഉണ്ടാക്കിയ ഒരു പരസ്യം. ഇതെല്ലാം ചന്തയിൽ നിന്നാണ് വാങ്ങുന്നത്. ആത്മാവിന്റെ വിശപ്പടക്കുക, മനസ്സിന്റെ ആരോഗ്യം- ഇതു രണ്ടിനും പുസ്‌തകം ആവശ്യമാണ്. പുസ്‌തകച്ചന്ത ഇപ്പോഴും നടത്തുന്നുണ്ടെങ്കിലും നോവലിനെ സംബന്ധിച്ചിടത്തോളം കാർണിവൽ എന്ന പേരു നല്‌കി. ഒരു വ്യത്യസ്‌തത മാത്രമല്ല, കാർണിവൽ ഒരു ഉത്സവമാണ്. ഇവിടെ നോവലുകളുടേതായ ഒരു കാർണിവൽ ആണ്. പുസ്‌തകം എന്നു പറയുന്നതിനെ ഒരു ഉത്സവം ആക്കി മാറ്റുക എന്നതാണ്. ഫിക്‌ഷൻ എന്നു നമ്മൾ വിളിക്കുന്ന ഈ പ്രത്യേക സാഹിത്യശാഖയെ പുരസ്‌കരിച്ചുളള ഈ ആഘോഷം അതിന്റെ ഏറ്റവും ശരിയായ അർത്ഥത്തിൽ ജീവിതത്തിന്റെ ഉത്സവമാണ്, ജീവിതാഘോഷമാണ്.
നോവലിന്റെ അവസാനവാക്കായി നാം ഒരു കാലത്ത് ഡിക്കൻസിന്റെയോ എമിലി ബ്രോണ്ടി സഹോദരിമാരുടെയോ കൃതികൾ വലിയ നോവലായി കരുതിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതുമാറി ടോൾസ്‌റ്റോയി, ദസ്‌തയേവ്‌സ്‌കി, ഹ്യൂഗോ എന്നിവരുടേതും ഫ്രഞ്ചും റഷ്യനും നോവലിസ്‌റ്റുകളുടെ കഥകളും വന്നു. കുറച്ചുകൂടി കഴിഞ്ഞപ്പോൾ നോർവീജിയൻ, ഇറ്റാലിയൻ നോവലിസ്‌റ്റുകൾ വന്നു. അങ്ങനെ നൂറ്റാണ്ടുകൾക്ക് മുമ്പ് ഗെയ്‌ഥേ സങ്കല്പിച്ചതുപോലെ വേൾഡ് ലിറ്ററേച്ചർ ഒരു ഭാഷയിൽ എഴുതുന്നതുമാത്രമല്ല ലോകത്തെമ്പാടും ഭാഷയ്‌ക്കതീതമായിട്ട് സാഹിത്യം ഉണ്ടാകുന്നു എന്ന മനോഹരമായ, അർത്ഥപൂർണമായ ഒരു സങ്കല്പനത്തെ ന്യായീകരിച്ചുകൊണ്ടാണ് നോവലെഴുതപ്പെടുന്നത്.
ജീവിതം സൃഷ്‌ടിക്കുന്ന ഋതുഭേദങ്ങളിൽ വ്യത്യസ്‌തമായി പ്രതികരിക്കുന്ന മനുഷ്യപ്രകൃത ഭാവപകർച്ചകൾ നമ്മുടെ നോവലുകളിൽ കാണാം. അങ്ങനെ കാണുമ്പോഴാണ് അവ രസിക്കുന്നത്. ആത്യന്തികമായി ഒരു നോവൽ എന്താണെന്നു ചോദിച്ചാൽ മനുഷ്യകഥാഗായികൾ ആണ്. ഇവിടെ പ്രകാശിപിച്ച നോവലുകൾ മലയാള നോവലിന്റെ വ്യത്യസ്‌ത ഘട്ടങ്ങളിലുളളതാണ്. വ്യത്യസ്‌ത കാലഘട്ടങ്ങളിലുളളതാണെങ്കിലും മനുഷ്യകഥാഗായികളാണ് ഇവ. ആധുനികകാലത്തിന്റെ മഹാകാവ്യങ്ങളോ ഇതിഹാസങ്ങളോ എന്നു വേണമെങ്കിൽ പറയാം.
(നോവൽ കാർണിവൽ ഉദ്‌ഘാടനചടങ്ങിൽ ഏഴു നോവലുകൾ പ്രകാശിപ്പിച്ചുകൊണ്ട് പ്രൊഫ.ഒ.എൻ.വി കുറുപ്പ് നടത്തിയ പ്രസംഗത്തിൽനിന്ന്.)
Generated from archived content: book-feb12.html