ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്‌ത്രീകൾ ഞങ്ങളെ വിസ്‌മയിപ്പിക്കുന്നു (ലൂക്കോസ് 24ഃ22).
ലോകത്തെയല്ലാ, ഒരു കുടുസുമുറിയെപ്പോലും അവനും അവളും കാണുന്ന രീതിയെത്ര വിഭിന്നമാണ്. അവൻ ഒന്നോ രണ്ടോ കാര്യങ്ങൾ ശ്രദ്ധാപൂർവം കാണുന്നു. അവളാവട്ടെ ഒന്നും കാണാതിരിക്കുന്നില്ല. അതുകൊണ്ടാണ് ക്രിസ്‌തുവിന്റെ ഉപമകളിലെ സ്‌ത്രീയേപ്പോലെ കാണാതെപോയ നാണയങ്ങൾ അവളാണ് തപ്പിയെടുക്കുന്നത.് അതിനുള്ള സ്ഥൈര്യവും സ്വാസ്ഥ്യവും, ക്ഷമയും അവൾക്കുണ്ട്. വൈക്കോൽ കൂനയ്‌ക്കിടയിൽ നിന്ന് ഒുരു സൂചിപോലും അവൾ കണ്ടെത്തിയെന്നരിക്കും. വേദത്തിന്റെ ഈ പുനർവായനയിൽ ഡോ. റോസി തമ്പി ചെയ്യുന്നത് അലസവായനയിൽ നാം കാണാതെപോയ പൊൻനാണയങ്ങളെ കണ്ടെത്തുകയെന്ന സുകൃതമാണ്.
ഒന്നോർത്താൽ ക്രിസ്‌തുവനുഷ്‌ഠിച്ചത് ഒരനുതാപശുശ്രൂഷയായിരുന്നു. അത്രമേൽ അവൾ അവഹേളിക്കപ്പെട്ടിരുന്നു. അവന്റെ സംസ്‌കൃതിയിൽ മൃഗമായിട്ടോ, സ്‌ത്രീയായിട്ടോ ഞങ്ങളെ സൃഷ്‌ടിക്കാത്തതിൽ നിനക്ക് സ്‌തോത്രമെന്നായിരുന്നു അവന്റെ കാലത്തെ പ്രഭാതപ്രാർത്ഥന. ക്രിസ്‌തു ശമര്യാക്കാരി സ്‌ത്രിയുമായി സംസാരിക്കുമ്പോൾ എന്തുകൊണ്ടാണ് അവൾ ഒരു സ്‌ത്രീയോട് സംസാരിക്കുന്നതെന്ന പ്രതികരണത്തിൽ നിന്നറിയണം അവൾ എവിടെയായിരുന്നുവെന്ന്….. അവനാവട്ടെ ഒരുപമ പറയുമ്പോൾപോലും അവളുടെ അനുപാതങ്ങൾ കൃത്യമായി സൂക്ഷിച്ചിരുന്നു. ഇടയൻ ആടിനെ കണ്ടെത്തിയാലുടനെ സ്‌ത്രീ നാണയം തിരഞ്ഞു തുടങ്ങും!
ക്രിസ്‌തുവിനും സ്‌ത്രിക്കുമിടയിൽ സംഭവിച്ച മിക്കവാറും കാര്യങ്ങൾ എടുത്തുപരിശോധിക്കുമ്പോൾ ടീച്ചർ പറയാതെ പോയ ഒരു കാര്യം സൂചിപ്പിക്കുന്നത് നല്ലതെന്ന് തോന്നുന്നു. അത് സ്‌ത്രീയുടെ ആകാശവുമായി ബന്ധപ്പെട്ട അവന്റെ ഒരു ഇടപെടലാണ്. ആരും ആവശ്യപ്പെടാതെ കൂനുപിടിച്ച ഒരു സ്‌ത്രീയെ അവൻ സൗഖ്യപ്പെടുത്തുകയാണ്.
അങ്ങനെയാണ് കാര്യങ്ങൾ, നമുക്ക് ചുറ്റിലെപ്പോഴും. തൊട്ടുമുമ്പുള്ള ഒരു തലമുറയെ നിരീക്ഷിക്കുക. മിക്കവാറും എല്ലാ സ്‌ത്രീകളും തന്നെ കൂനുപിടിച്ചാണ് നടക്കുന്നത്. കാരണം ജീവിതത്തിലുടനീളം കുനിഞ്ഞു നില്‌ക്കേണ്ട വ്യക്തികളാണവർ. അനുദിന വ്യാപാരങ്ങൾപ്പോലും കൂനിപ്പിടിച്ചാണവൾക്ക് അനുഷ്‌ഠിക്കേണ്ടി വരുന്നതെന്നോർക്കണം. അടുപ്പുകളെ നമ്മൾ തോളോടൊപ്പമുയർത്തിയിട്ട് അധികകാലമായില്ല. അവളുടെ നട്ടെല്ലിനെ അവൻ വീണ്ടെടുക്കുകയാണ്.
സ്‌ത്രീയുടെ കൂനെന്ന് പറയുമ്പോൾ ആരും കരുതരുത്, നമുക്ക് മുമ്പത്തെ കാലത്തിന്റെ ശിരോവരയാണതെന്ന്. നഗരത്തിലെ ഒരു വീട്ടമ്മ പറഞ്ഞുഃ “എന്റെ ശരീരത്തിൽ കൂനില്ല കാരണം, എനിക്ക് കുളിക്കാനായിട്ട് ഷവറുണ്ട്. ഉയർത്തിവച്ച മൈക്രോ ഓവൻ ഉണ്ട്. എന്നിട്ടും എന്റെ ഉള്ളിലൊരു കൂനെങ്ങനെയുണ്ടായി? എന്റെ മകളെ നോക്കുമ്പോൾ എനിക്കറിയാം അവളുടെ ഉള്ളിലും ഉണ്ടാവണമത്…..” സ്‌ത്രീ അമ്മയാണ്. ദേവിയാണ് എന്നൊക്കെയുള്ള നിറം പിടിപ്പിച്ച നുണകൾക്കിടയിലും നമുക്കും അവൾക്കും അറിയാം, അവൾ അതൊന്നുമല്ലെന്ന്. ഏതൊരു തിന്മയുടെയും അവസാനത്തെ ഇര അവളാണ്. കുറ്റബോധംകൊണ്ട് നെഞ്ചിലിടിച്ച് പറയണംഃ “മിയാ കുൾപ്പാ – മിയാകുൾപ്പാ ഞങ്ങളുടെ തെറ്റെന്ന്.
ഏഴു പുരുഷന്മാരെ വിവാഹം കഴിച്ച സ്‌ത്രീ നിത്യതയിൽ ആരുടേതായിരിക്കുമെന്നാണ് പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ പ്രധാന പ്രശ്‌നം. ഭൂമിയിലെന്നപോലെ നിത്യതയിലും അവളുടെ നിലനില്‌പ് ആരെങ്കിലുമായി ബന്ധപ്പെട്ടാവണമെന്ന് അവർക്ക് നിർബന്ധമുണ്ട്! അവിടെ ആരും വിവാഹം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യിന്നില്ലയെന്നൊക്കെ പറഞ്ഞ് ക്രിസ്‌തു അവളുടെ തനിമയും സ്വത്വബോധവുമൊക്കെ വീണ്ടെടുത്ത് കൊടുക്കുന്നുണ്ട്. അവൾ ആരുടെയും ഭാര്യയല്ല – അവൾ അവളാണ്; ഇതളുകളല്ല പൂവ്!
സിനഗോഗ് അധികാരികൾ അവളുടെ നട്ടെല്ലിനെ വീണ്ടെടുത്തതിന്റെ പേരിലവനോട് കലഹിക്കുന്നുണ്ട്. സ്‌ത്രീ നേരെ നില്‌ക്കുന്നതിൽ പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹം എന്തിനാണ് ഇത്ര അസഹിഷ്‌ണുത പുലർത്തുന്നത്. ഒരാൾ കൂനു പിടിച്ച് നടക്കുന്നിടത്തോളം കാലം അവളുടെ കാഴ്‌ച പരിമിതമാകുന്നു എന്നതാണ് പ്രധാന ദുരന്തം. പുരുഷന്മാരായ പുരുഷന്മാരൊക്കെ സ്‌ത്രീകളെക്കുറിച്ചു പരാതിപ്പെടുന്നത് അവർ കാൽച്ചുവട്ടിൽ മാത്രം നോക്കി നടക്കുന്നവരെന്നാണ്. അവളുടെ ആകാശത്തെ കാണാനുതകുന്നവിധത്തിൽ അവളുടെ നട്ടെല്ലിന്റെ വീണ്ടെടുപ്പ് നടന്നില്ലെങ്കിൽ പിന്നെയെന്തു സുവിശേഷപ്രഘോഷണം.?
സ്‌ത്രീയുടെ കൂനിനെക്കുറിച്ചും അവളുടെ ആകാശത്തെക്കുറിച്ചും വ്യക്തമായ പ്രകാശം നൽകുന്ന ഒരു പുസ്‌തകമാണിത്. അങ്ങനെ റോസി ടീച്ചർ സ്‌ത്രിയോടല്ല. ക്രിസ്‌തുവിനോടാണ് പക്ഷം ചേരുന്നത്. ഏതോ ഗുരുകൃപയാൽ അവർക്ക് കൂനില്ലായെന്നുള്ളതും ഒരു സുവാർത്തയല്ലേ?
സ്‌ത്രൈണ കല്‌പനകളും സ്‌മൃതികളുംകൊണ്ട് സമൃദ്ധമാണീ പുസ്‌തകം. മൂന്നു ഭാഗങ്ങളായി തിരിച്ച ഒരു പുസ്‌തകത്തെ ഇഴപിടിഞ്ഞ് മുടിമെടയുംപോലെ ഒന്നായി തീർത്ത പുസ്‌തകമെന്നൊക്കെ പറഞ്ഞു തുടങ്ങുന്നിടം മുതൽ അതിന്റെ മധുരധാരാളിത്തം നാം അറിയുന്നു. ഒരു സ്‌ത്രീ അവളോടു തന്നെ സംസാരിക്കുകയാണ്. ആരെയും തിരുത്താനോ ആരെയും ശകാരിക്കുവാനോ അല്ല. എന്തിന് കരുണ യാചിച്ചുപോലുമല്ല. അല്ലെങ്കിൽത്തന്നെ കരുണ ആർക്കുവേണം. അവൾക്ക് ആദരവാണാവശ്യം. സ്‌ത്രീ പക്ഷത്തുനിലകൊള്ളുന്ന ഒരു പുസ്‌തകം പോലുമല്ലത്. അത്തരം പുസ്‌തകങ്ങൾ വാക്കിന്റെ ദുപ്പട്ടയ്‌ക്ക് പിന്നിലൊളിപ്പിച്ചുവച്ച ബോഗനുകളാണെന്ന് ആർക്കാണറിയാത്തത്? ഇത് സ്‌ത്രീ കേന്ദ്രീകൃതമായ പുസ്‌തകമാണെന്ന് പോലും പറയാൻ എനിക്ക് ധൈര്യമില്ല ദീപ്‌തമായ ഒരു ക്രിസ്‌തു സാന്നിദ്ധ്യത്തിനു ചുറ്റും ഒരു സ്‌ത്രീയുടെ സൗമ്യപ്രദക്ഷിണങ്ങൾ…
അതുകൊണ്ടുതന്നെ വാക്കുകൾക്കിടയിൽ മേരിയുടച്ചഭിഷേകം ചെയ്‌ത നാർദീൻ തൈലത്തിന്റെ പരിമളമുണ്ട്. പ്രണയത്തിന്റെ പരാഗങ്ങൾ പാറുന്നുണ്ട്. ഭക്തിക്കും പ്രണയത്തിനുമിടയിലെ വര താമരനൂൽപോലെ ദുർബലമാണെന്ന് മീരയും മേരിയും പറഞ്ഞുതരും. അതുകൊണ്ട് അവർക്ക് ജീവിതം രാസമായി – നിഗൂഢ ആനന്ദം (secret celebration) – എന്നാണ് ആ പറഞ്ഞതിന്റെ സൂചന. അപൂർണ്ണ സൗഹൃദയങ്ങളിലൂടെ പാളിപ്പോകുന്ന നമ്മുടെ ജീവിതത്തിൽ ഇന്ദ്രിയങ്ങളുടെ തൊട്ടിയോ ചരടോ ഇല്ലാതെ ഒരാൾ കൂടെ വരുന്നു. ആ ഒരാൾ ടീച്ചറിന്റെ ജീവിതത്തിൽ ഉടനീളമുണ്ടായിരുന്നുവെന്ന് എനിക്കറിയാം. ബത്‌ലഹേമിലും കാൽവരിയിലുമൊക്കെ അയാൾ അവരെ അനുധാവനം ചെയ്യുന്നുണ്ട്. ഓരോ മാസവും അവളും കാൽവരികയറുന്നുണ്ടല്ലോ….. ഒളിച്ചോ പാത്തോ കളിയിലെ കുട്ടികളെപ്പോലെ ചിലപ്പോളൊക്കെ അവർ അങ്ങോട്ടും ഇങ്ങോട്ടും പിടികൂടുന്നുണ്ട്. അവരവരുടെ വിചാരങ്ങളെയും ഭാവനകളെയു പ്രകാശത്തിൽ സ്‌നാനപ്പെടുത്തുന്നുണ്ട്. ഒരു കൗതുകത്തിന് ശരീരത്തെക്കുറിച്ചുള്ള കുറച്ചധികം കുറിപ്പുകൾ ഞാൻ വായിച്ചിട്ടുണ്ട്. ചിലതെന്നെ പ്രലോഭിപ്പിച്ചു. ചിലതെന്നെ ഭാരപ്പെടുത്തി. എന്നാൽ ഉടലിനെക്കുറിച്ച് ടീച്ചർ പറയുമ്പോൾ ജ്യോതിർഗോളങ്ങളെ വസ്‌ത്രമായി അണിയുകയെന്ന ബൈബിൾ സൂചനയുടെ പൊരുൾ പിടികിട്ടുന്നു. എനിക്കറിയാം. ഒടുവിൽ അവരുടെ ഈ കൂട്ടുകാരൻ ഗൂഢപ്രണയത്തിൽ നിന്ന് അഗാധ ധ്യാനത്തിന്റെ ആഴക്കടലിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോകും.!
ഇതാ, മറ്റൊരു കാല്‌പനിക ഗ്രന്ഥമെന്നല്ല പറഞ്ഞു വരുന്നത്. ബുദ്ധിപരമായ അപഗ്രഥനങ്ങളും, അക്കാഡമിക് നിരീക്ഷണങ്ങളും നട്ടെല്ലുള്ള ഇടപെടലുകളും ഇഴചേർത്തിട്ടാണ് അവരീ പട്ടുറുമാൽ നെയ്‌തത്. എന്നിട്ടും ഒടുവിൽ അതിൽ തെളിയുന്നത് സ്‌ത്രീകളുടെ ഒരേയൊരു സ്‌നേഹിതന്റെ മുഖമാണ് – ക്രിസ്‌തുവിന്റെ വെറോനിക്കായുടെ ലെജൻഡിലെന്നപോലെ! തിരുവത്താഴമേശയിലെ യോഹന്നാനെപ്പോലെ ശിരസ്സ് അവന്റെ ഹൃദയത്തിൽ ചേർത്ത് വച്ചിട്ടാണ് ടീച്ചർ ഈ പുസ്‌തകത്തിന്റെ രചനയിൽ ഏർപ്പെട്ടതെന്ന് എനിക്കിപ്പോൾ നിശ്ചയമുണ്ട്.
ക്രിസ്‌തിവിലേക്കൊരു കിളിവാതിൽ തുറന്നുകിട്ടിയവരൊക്കെ എന്നെ വിസ്‌മയിപ്പിക്കുകയും തെല്ല് അസൂയപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നും. വർഷങ്ങൾക്ക് മുമ്പ് ഒരു കുറിപ്പ് മാതൃഭൂമിയിൽ വായിച്ച് ഞാൻ ഹർഷംകൊണ്ട് നനഞ്ഞ മിഴികൾ അടച്ച് പ്രാർത്ഥനാപൂർവമിരുന്നു. ‘മുലപ്പാലിൽ കുതിർന്ന ക്രിസ്‌മസ് രാത്രിയിൽ’ എന്നായിരുന്നു ശിർഷകം. സ്‌ത്രൈണ ആത്മീയതയിൽ മലയാളത്തിൽ വന്ന ആദ്യത്തെ കുറിപ്പുകളിലൊന്നായിരുന്നു അത് എന്നാണെന്റെ വിചാരം. റോസി ടീച്ചറിന്റേതായിരുന്നുവത്. സ്വന്തം ആന്തരികതകൊണ്ട് എന്നെ ചിലപ്പോൾ വിറങ്ങലിപ്പിച്ച മറ്റൊരാൾ ഉണ്ടായിരുന്നു, കവിതയിൽ. എഴുത്തിന്റെ തെല്ല് അസ്‌കിതയുള്ള ഒരാളെന്ന നിലയിൽ എന്നെങ്കിലും ഒരിക്കൽ ഒരു പുസ്‌തകം എഴുതുമ്പോൾ ഒരാശീർവാദം പോലെ എന്തെങ്കിലും എഴുതി വാങ്ങുമെന്ന് നിശ്ചയിച്ചിരുന്നു. സഞ്ചാരിയുടെ ദൈവത്തിന് അദ്ദേഹം അവതാരിക എഴുതി. അദ്ദേഹത്തിന്റെ ഒരു ചെറിയ കവിത പ്രാർത്ഥനാപൂർവം ഉരുവിട്ട് ഈ പ്രവേശിക അവസാനിപ്പിക്കട്ടെ.
‘മൃദുചർമ്മത്തിൻ
നെഞ്ചിലല്‌പം മാംസവുമായി
കുളിർ ഗന്ധത്തിൽ
ദൈവമേ, നീ ഒരു പെണ്ണായിരുന്നുവെങ്കിൽ’
കവി ശ്രീ.വിജി.തമ്പി റോസി ടീച്ചറിന്റെ സഹയാത്രികൻ, കുറിപ്പുകളിലൂടെ ടീച്ചർ ചെയ്യുന്ന സുകൃതം തന്നെയാണ് കവിതയിൽ അദ്ദേഹവും അനുഷ്‌ഠിക്കുന്നത്. ഹവ്വാ മുലപ്പാൽ കുടിക്കുന്നുവെന്ന പുസ്‌തകം ഇതിനോട് ചേർത്ത് വായിക്കണം.
അതെ, ചില സ്‌ത്രീകൾ ഇപ്പോഴും നമ്മളെ വിസ്‌മയിപ്പിക്കുന്നു.
(പ്രസാധകർ – സി. എസ്. എസ് ബുക്‌സ്)
Generated from archived content: book1_jun19_10.html Author: boby.jose_kappuchin