പെണ്‍കുഞ്ഞ് …

ഈറ്റ് ചോരയുടെ നനവ്‌ ഉണങ്ങാത്ത ആ പിഞ്ചു ശരീരത്തിൽ നിന്നും പൊക്കിൾക്കൊടി മുറിച്ചു മാറ്റിയ ശേഷം കുഞ്ഞിനെ അവൾക്കരികിലേക്ക് കിടത്തിക്കൊണ്ട് അവർ പറഞ്ഞു –

“കുഞ്ഞ് പെണ്ണാണ്‌ …..”

അർദ്ധബോധാവസ്ഥയിലും ആ വാക്കുകൾ അവളുടെ ഉള്ളിൽ പ്രകമ്പനം സൃഷ്ടിച്ചു.

“രാത്രി ഏറെ വൈകിയിരിക്കുന്നു. ഞാൻ പോകുന്നു കുഞ്ഞേ.. നിങ്ങളെ ഈശ്വരൻ രക്ഷിക്കട്ടേ…..”-അതും പറഞ്ഞു ഒരു വട്ടം കൂടി കുഞ്ഞിനെ നോക്കിയ ശേഷം ആ വൃദ്ധ ഇരുളിലേക്ക്‌ മറഞ്ഞു.

കട്ട പിടിച്ച ഇരുട്ടും , അരികിൽ കിടക്കുന്ന കുഞ്ഞും ,അടിവയറ്റിലെ കത്തുന്ന വേദനയും ആ രാത്രിയിൽ അവൾക്കു കൂട്ടായി .

ഉള്ളിലെ വേദനകൾക്കു കാരണം ശരീരത്തിന്റെ അസ്വസ്തഥകൾ മാത്രമല്ലെന്നും അത് മനസ്സിന്റെ സംഭാവനയാണെന്നും അവൾക്കറിയാമായിരുന്നു. അവൾ ഒരു വശത്തെക്കൊന്നു ചരിഞ്ഞു കിടക്കാൻ ശ്രമിച്ചുവെങ്കിലും അത് വിഫലമായി. അരികിൽ കിടക്കുന്ന കുഞ്ഞിനെ ഒന്ന് കാണാനുള്ള ആഗ്രഹം അവൾ തല്കാലം ഉപേക്ഷിച്ചു. അല്ലെങ്കിലും കാണാതിരിക്കുന്നതാണ് നല്ലത്…. ഇവൾക്കു വേണ്ടി ഒരു മൃദുല വികാരങ്ങളും തന്റെ ഹൃദയത്തിൽ ഉടലെടുത്തു കൂടാ, എങ്കിൽ താൻ എന്നെന്നേക്കുമായി തോറ്റു പോകും എന്നവൾക്ക് അറിയാമായിരുന്നു.. പരിണിത ഫലങ്ങൾ മുൻകൂട്ടി കാണാൻ കഴിഞ്ഞാൽ തെറ്റുകൾ സംഭാവിക്കതിരിക്കുക സാധ്യമാണല്ലോ……ഒരു തവണ ഇവളുടെ മുഖം കണ്ടു കഴിഞ്ഞാൽ പിന്നെ താൻ ലോകത്തിലേക്ക്‌ വച്ച് ഏറ്റവും പാപിയായ അമ്മയാകേണ്ടി വരും…. കാണാതിരുന്നാൽ ക്രൂരയായ അമ്മയും.. പാപത്തിനെക്കാൾ നല്ലത് ക്രൂരതയാണെങ്കിൽ അതിനെ തന്നെയാണ് സ്വീകരിക്കേണ്ടതെന്ന് അവൾ അവളെ തന്നെ പറഞ്ഞു പഠിപ്പിച്ചു. എന്നിട്ടും എന്തിനെന്നറിയാതെ അവളുടെ കൈകൾ ആ പിഞ്ചു നെറ്റിയെ തലോടിക്കൊണ്ടിരുന്നു ………

”ഉറങ്ങു മകളേ ഉറങ്ങു ………ഈയൊരു രാത്രി മാത്രമേ നിനക്ക് ഉറക്കമെന്തെന്നു അറിയാനുള്ള ഭാഗ്യമുള്ളൂ…അതുകൊണ്ട് ഇരുട്ടി വെളുക്കുന്നതിനു മുൻപേ അതിന്റെ സുഖം നീ നന്നായി ആസ്വദിക്കു………..”

ആ വേദനയ്ക്കിടയിലും അവൾ പലതും ഓർത്തെടുക്കാൻ ശ്രമിച്ചു. കണ്മുന്നിൽ തെളിഞ്ഞു നിന്നത് ഏതോ പാണ്ടിലോറി ഡ്രൈവറുടെ മുഖമായിരുന്നു. ഇരുട്ടിനു കൂട്ടായി വിളക്കു പോലുമില്ലാത്ത അവളുടെ കൂടാരത്തിന്റെ കാറ്റത്തിളകുന്ന തുണി വാതിലുകൾക്കിടയിലൂടെ ഒരു പെരുമ്പാമ്പിനെ പോലെ അയാൾ അവളിലേക്ക്‌ ഇഴഞ്ഞു കയറി പാകിയ വിത്താണ് അവൾക്കരികിൽ ഒന്നുമറിയാതെ കിടക്കുന്നത്….ഒരു പക്ഷെ ആ ലോറി ഡ്രൈവറും ഓർത്തു കാണില്ല, തന്റെ പാപത്തിന്റെ ഫലം എന്നെങ്കിലുമൊരിക്കൽ ആ കൂടാരത്തിൽ പിറക്കുമെന്ന സത്യം……..

അച്ഛനെന്നും, അമ്മയെന്നും വിളിക്കാനാരുമില്ലാതെ തെരുവിന്റെ പുത്രിയായിട്ടായിരുന്നു അവളും പിറന്നത്‌. എങ്കിലും അവൾക്ക് കൂട്ടായി തോളിലൊരു ഭാണ്ഡവും ചുമന്നു നടക്കുന്ന കിഴവനുണ്ടായിരുന്നു. അവൾ അയാളെ മുത്തശ്ശൻ എന്ന് വിളിക്കുമായിരുന്നു…… ഇരുട്ടുന്നതു വരെ പിച്ചയെടുത്തു കിട്ടുന്ന നാണയത്തുട്ടുകൾ ചേർത്ത് അവളുടെ വിശപ്പിനു അറുതി വരുത്താൻ ഒരു ഭക്ഷണപ്പൊതിയുമായി ആ കൂടാരത്തിലേക്ക് എന്നും അയാൾ എത്തുമായിരുന്നു. ഒരു ദിവസം ഇരുട്ടിയിട്ടും മുത്തശ്ശനെ കാണാഞ്ഞു അവളാ കൂടാരത്തിന് പുറത്തേക്കിറങ്ങി. അന്നായിരുന്നു ആദ്യമായി അവളറിഞ്ഞത്, ആ കൂടാരത്തിന് പുറത്തും ഒരു ലോകമുണ്ടെന്ന്……..

അന്നവൾക്ക് പതിന്നാലു വയസ്സായിരുന്നു. ചേർത്തടയ്ക്കാൻ വാതിലുകളില്ലാത്ത ആ കൂടാരത്തിൽ നിന്നും പുറത്തേക്കിറങ്ങരുതെന്നു മുത്തശ്ശൻ അവളോട്‌ പറഞ്ഞതിന്റെ പൊരുൾ അവൾക്കു മനസ്സിലായത്‌ ആ ദിവസത്തിനു ശേഷമായിരുന്നു. അവിടെ നിന്നും എങ്ങോട്ടെക്കാണ് മുത്തശ്ശനെ അന്വേഷിച്ചു പോകേണ്ടതെന്ന് അവൾക്കറിയില്ലയിരുന്നു. കുറച്ചകലെ ഒരാൾക്കുട്ടം കണ്ടപ്പോൾ ബാല്യസഹജമായ ആകാംക്ഷയോടെ അവൾ അവിടേക്ക് നടന്നു. ആ ആൾക്കൂട്ടതിനുള്ളിലേക്ക് കയറിച്ചെന്ന അവൾ മരണം എന്തെന്ന് തിരിച്ചറിഞ്ഞു….ഒപ്പം എന്നെന്നേക്കുമായി താൻ ഒറ്റപ്പെട്ടുവെന്ന സത്യവും……

പിന്നീടുള്ള രാത്രികളിൽ അവൾ ആ കൂടാരത്തിൽ തനിച്ചായിരുന്നു. ഇരുട്ടിൽ ഒരു വിളക്ക് പോലും കത്തിക്കരുതെന്ന മുത്തശ്ശന്റെ വാക്കുകളെ അവൾ എന്നും അനുസരിച്ചു. വിശപ്പടക്കാൻ ഒരു മാർഗവുമില്ലാതായപ്പോൾ വീണ്ടും അവൾക്കു കൂടാരത്തിന് പുറത്തെ ലോകത്തേക്കിറങ്ങേണ്ടി വന്നു.

എന്തു ചെയ്യണമെന്നവൾക്കറിയില്ലായിരുന്നു. എങ്കിലും അവൾ എന്തൊക്കെയോ ചെയ്തു. മണൽക്കുട്ടകൾ നിറയ്ക്കാനും, കരിങ്കൽച്ചീളുകൾ അടുക്കാനും അവൾ പഠിച്ചു. അതിനു പ്രതിഭലമായി കിട്ടുന്ന നാണയത്തുട്ടുകൾ പീടികയിൽ കൊടുത്തു അവൾ വിശപ്പടക്കി. മുത്തശ്ശന്റെ സ്നേഹം പിന്നീടവൾക്ക് കിട്ടിയത് കരിങ്കൽ ക്വാറി മുതലാളിയിൽ നിന്നായിരുന്നു.

മുത്തശ്ശന്റെ തലോടലുകളുടെയും മുതലാളിയുടെ തലോടലുകളുടെയും അർഥം വേർതിരിച്ചറിയാൻ അവൾക്കു കാലങ്ങൾ വേണ്ടി വന്നു. ഒടുവിൽ അവൾ ആ തിരിച്ചറിവിലേക്ക് എത്തുമ്പോഴേക്കും ലോറി ഡ്രൈവർ കാതങ്ങൾക്കപ്പുറമെത്തിയിരുന്നു ….

അടിവയറ്റിലെ കാളൽ അല്പം കുറഞ്ഞിരിക്കുന്നു. ഇപ്പോൾ എഴുന്നേറ്റിരിക്കാമെന്ന അവസ്ഥയായി. അരികിൽ കിടക്കുന്ന കുഞ്ഞ് കരയുന്നുണ്ട് ………വിശന്നിട്ടാകുമോ ………? അറിയില്ല ……മുലപ്പാലൂട്ടുക എന്ന മാതൃധർമം ബാക്കിയുണ്ട്. അത് വെറും ധർമമായിത്തന്നെ അവശേഷിക്കുന്നതാണ് നല്ലത്. തന്റെ സ്നേഹത്തിന്റെ ഒരു തുള്ളിയെങ്കിലും ഇവൾ നുണഞ്ഞാൽ നാളെ ഇവൾക്കും തന്നെപ്പോലെ വേദനയുടെ കാണാക്കയങ്ങളിലേക്ക് ഇറങ്ങേണ്ടി വരും. അവിടെ അവൾക്കു കൂട്ടായി അമ്മ എന്നു പറയപ്പെടുന്ന താനോ, കാവലാളാകുന്ന മുത്തശ്ശനോ കാണില്ല. ഒരു കൂട്ടം മുതലാളിമാരും, ലോറി ഡ്രൈവർമാരുമേ കാണു…അത് വേണ്ട …ആ പാപത്തിന്റെ ശമ്പളം തനിക്കു വേണ്ട …….

പഴകിയ തുണിക്കെട്ടുകൾക്കിടയിൽ നിന്നും ഒരു കീറത്തുണി പുറത്തേക്കെടുത്തു അവളാ കുഞ്ഞിനെ പൊതിഞ്ഞു. ഇരുന്നിടത്ത് നിന്നും എണീറ്റു കുഞ്ഞിനേയും നെഞ്ചോടമർത്തി ഇരുട്ടിലൂടെ അവൾ നടന്നു.

ഇരുട്ടിന്റെ നിശ്ശബ്ദതയെ കീറിമുറിച്ച് കുഞ്ഞിന്റെ കരച്ചിൽ അവിടെ അലയടിച്ചു… ഒടുവിലവൾ ഉടുത്തിരുന്ന സാരി തുമ്പിൽ നിന്നും തുണി വലിച്ചു കീറി കരയുന്ന കുഞ്ഞിന്റെ വായിലേക്കു തിരുകി.

നിമിഷങ്ങൾ അല്പമധികം കടന്നു പോയി…… കുഞ്ഞിന്റെ കരച്ചിൽ

നിലച്ചിരിക്കുന്നു ………, പിടച്ചിലും ..!

ഇത്തവണ അവളാ പിഞ്ചു മുഖത്തേക്കൊന്നു നോക്കി. പക്ഷേ ഇരുട്ടായത് കൊണ്ട് മുഖം കാണാൻ കഴിഞ്ഞില്ല. ആ കുഞ്ഞു മൂർധാവിൽ കണ്ണീരോടെ ഒരു ചുംബനം കൊടുത്തു. ആദ്യമായും ……., അവസാനമായും………

എത്ര നേരം അങ്ങനെ നടന്നുവെന്ന് അവൾക്കു യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല. കാലിലൂടെ പുഴ വെള്ളത്തിന്റെ തണുപ്പ് അവളുടെ ശരീരത്തിൽ പടർന്നു കയറി. നെഞ്ഞൊപ്പം വെള്ളത്തിൽ നില്ക്കവേ, അവസാന ശ്വാസവും നിലച്ച ആ പിഞ്ചോമനയുടെ കാതിൽ അവൾ മൊഴിഞ്ഞു..

“കുഞ്ഞേ ….പൊറുക്കുക, മാപ്പ് ….”ഇരുട്ടിന്റെ മറവിൽ പുഴ അമ്മയെപ്പോലെ അവളെയും കുഞ്ഞിനേയും സ്വീകരിച്ചു. ഇരുളലിഞ്ഞു വെളിച്ചമാകുമ്പോഴേക്കും ആ പഴയ കൂടാരത്തിൽ ആരോരുമില്ലാത്ത പുതിയോരുവൾ തന്റെ പാർപ്പു തുടങ്ങിക്കഴിഞ്ഞിരുന്നു………..

Generated from archived content: story1_june5_15.html Author: bismitha_b

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English