പ്രതിമ

“ധിഷണാശക്തിയും സഹനശക്തിയും കൂടുതലായതു കൊണ്ടു ഞാൻ ഒരു പ്രതിമ ആയി”, സിദ്ധാർത്ഥ്‌ പറഞ്ഞു.

“എന്നെക്കാൾ ധിഷണാശക്തിയും സഹനശക്തിയും?” സഖി ചോദിച്ചു.

“നിന്നെക്കാൾ”.

“നിന്നെപ്പോലൊരു പ്രതിമയിൽ ഒരു മനുഷ്യനുണ്ടെന്നു തിരിച്ചറിഞ്ഞ എന്നെക്കാൾ ബുദ്ധിയും, നിന്റെ ചലനമറ്റ സായാഹ്നങ്ങൾ പങ്കുവെക്കാൻ തയ്യാറായ എന്നെക്കാൾ സഹനശക്തിയും നിനക്കുണ്ടെന്നോ?”

“നീ ഒരു ദുർബല ആണെന്നു തെളിയുന്നതും ഈ കാരണങ്ങൾ കൊണ്ടു തന്നെ”.

ഒരു തെരുവുചെറുക്കൻ ഏതോ ഒരു ചലച്ചിത്രഗാനവും മൂളിക്കൊണ്ട്‌ അവരുടെ അടുത്തുകൂടി നടന്നു പോകുന്നതിനിടെ സഖിയെ അലക്ഷ്യമായി ഒന്നു നോക്കി. പ്രതിമയെ അവൻ ഗൗനിച്ചില്ലെന്നു തോന്നി. രണ്ടടി പിന്നിട്ടു കഴിഞ്ഞു, പെട്ടെന്നെന്തോ തോന്നിയതു പോലെ അവൻ തിരിഞ്ഞു നോക്കി, ആദ്യം സഖിയേയും പിന്നെ അവളിരിക്കുന്ന ബെഞ്ചിനു പിന്നിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന, ആറടി ഉയരമുള്ള ശിൽപ്പത്തേയും. ഒരു നിമിഷം നെറ്റിചുളിച്ചു സഖിയെ വീണ്ടും ഒന്നു നോക്കിയശേഷം അവൻ ചുണ്ടുകളിൽ കുരുങ്ങിക്കിടന്ന ഗാനം പെറുക്കിയെടുത്തു മൂളിക്കൊണ്ടു തന്റെ നടത്തം പുനരാരംഭിച്ചു.

“ഞാൻ സംസാരിക്കുന്നത്‌ അവൻ കേട്ടു. ഭാഗ്യം, നിന്റെ ചുണ്ടുകൾ അനങ്ങുന്നത്‌ അവൻ ശ്രദ്ധിച്ചില്ല”, സഖി ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.

“എനിക്കു പോകാൻ സമയമായി”. അവൾ പതിയെ എഴുന്നേറ്റു. അവന്റെ വിരലുകളിൽ സ്പർശിച്ചുകൊണ്ടു അവൾ തുടർന്നു. “നാളെ ഞാൻ വരില്ല. അമ്മയെ ആസ്പത്രിയിൽ കൊണ്ടുപോകണം”.

അവന്റെ വിരലുകൾ മെല്ലെ അനങ്ങി അവളുടെ കൈത്തലം അമർത്തി. കല്ലുകൊണ്ടുള്ളതായതിനാൽ പരുക്കനായിരുന്നെങ്കിലും, ആ സ്പർശനം അവൾക്ക്‌ ഒരു മഞ്ഞിന്റെ കുളിരു നൽകി. ഈ കൂട്ടുകാരൻ അവൾക്കു വേണ്ടി കാത്തിരിക്കുമെന്ന്‌ അവൻ മൊഴിഞ്ഞു.

ഏകാന്തതയിൽ നടന്നു നീങ്ങുമ്പോൾ, ആ മൊഴി അവളുടെ കർണ്ണങ്ങളിൽ നിന്ന്‌ ബുദ്ധിയിലേക്കും, അവിടെനിന്ന്‌ മനസ്സിലേക്കും പിന്നെ ഹൃദയത്തിലേക്കും കിനിഞ്ഞിറങ്ങി.

സഖി സിദ്ധാർത്ഥിനെ ആദ്യമായി കണ്ടത്‌ ആ പാർക്കിൽ വെച്ചാണ്‌, അവിടെ വരുന്ന മറ്റെല്ലാവരേയും പോലെ തന്നെ. അവനിൽ ശ്രദ്ധേയമായ പ്രത്യേകതയൊന്നും തന്നെ ഇല്ലാതതുകൊണ്ടായിരിക്കാം, നഗരത്തിലെ ഒഴിഞ്ഞ കോണിലെ ഉപേക്ഷിക്കപ്പെട്ട ഒരു ഉദ്യാനത്തിൽ മാത്രമാണ്‌ അവന്‌ അധികാരികൾ അഭയം നൽകിയത്‌. നഗരത്തിലെ പ്രശസ്തനായ ശിൽപ്പി മദ്ധ്യവയസ്സിൽ തന്നെ ആത്മാഹൂതി ചെയ്ത്‌ നാഗരിക ബന്ധനങ്ങളിൽ നിന്നു വിട വാങ്ങിയപ്പോൾ, അയാളെ അനുസ്മരിക്കാൻ അയാളുടെ ശിൽപ്പശാലയിൽ നിന്നു തന്നെ, ഏറെക്കുറെ പണിതീർന്ന ഒരു ശിൽപ്പം മുനിസിപ്പൽ അധികാരികൾ കണ്ടെടുക്കുകയായിരുന്നു. ആ ശിൽപ്പം കൊണ്ടു ശിൽപി എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ ആർക്കും തന്നെ വ്യക്തമായിരുന്നില്ല. സൃഷ്‌ടിക്കും സൃഷ്‌ടാവിനും തമ്മിൽ വലിയ രൂപസാദൃശ്യമൊന്നും ഇല്ലയിരുന്നെങ്കിലും, ചിലർ പറഞ്ഞു, ശിൽപ്പിയുടെ ചെറുപ്പകാലത്തിന്റെ ആവിഷ്‌കരണമാണ്‌ ആ ശിൽപ്പമെന്ന്‌. മറ്റു ചിലർക്ക്‌ ആ ശിൽപ്പം നഗരത്തിലെ ഒരു സാധാരണക്കാരന്റെ ദൈന്യതയുടെ ഒരു മുഖചിത്രമായിരുന്നു. ഏതാനും ചില അസഹൃദയർക്ക്‌, ആ ശിൽപ്പം പണി തീരാത്ത ഒരു കല്ലുകഷണം മാത്രമായിരുന്നു. സുവ്യക്തമായ ഒരു വ്യാഖ്യാനം നൽകുവാൻ കഴിയാത്തതുകൊണ്ടാവും, അല്ലെങ്കിൽ മരിച്ചുപോയ ഒരു മനുഷ്യൻ നീതി തേടി വരില്ല എന്ന ഉറപ്പുള്ളതു കൊണ്ടാവും, ആ ശിൽപ്പം ഞായറാഴ്‌ചകളിൽ പോലും നൂറു പേർ മാത്രം സന്ദർശിക്കുന്ന, രാത്രികളിൽ തെരുവുമനുഷ്യർ ഉറങ്ങുന്ന, ആ ഉദ്യാനത്തിൽ തന്നെ സ്ഥാപിക്കാൻ അധികാരികൾ തീരുമാനിച്ചത്‌.

ജോലി ലഭിച്ച്‌ സഖി നഗരത്തിൽ വന്നപ്പോൾ, ആ ഉദ്യാനത്തിനു സമീപം വീടു വാടകയ്‌ക്കെടുക്കാൻ രണ്ട്‌ കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന്‌, അവൾ ജോലി ചെയ്യുന്ന പത്രമോഫീസ്‌ അവിടെ അടുത്തായിരുന്നു. രണ്ട്‌, ഓഫിസിനു കുറച്ചു കൂടി അടുത്ത സ്ഥലങ്ങളെല്ലാം അവളുടെ ശമ്പളത്തിന്‌ താങ്ങാൻ സാധിക്കുന്നതിന്‌ അതീതമായിരുന്നു. അച്ഛന്റെ മരണവും, കടബാദ്ധ്യതകളും, അമ്മയുടെ അസുഖവും, അനുജന്റെ കാറ്റത്തു പറന്നുള്ള ജീവിത രീതിയും എല്ലാം കൂടി ഒരു വലിയ ഭാരമാണ്‌ അവളുടെ ചുമലുകളിൽ സ്ഥാപിച്ചത്‌. താങ്ങുവാനുള്ള കരുത്തുണ്ടോ എന്ന്‌ ഇടക്കിടെ ആശങ്കപ്പെട്ടിരുന്നെങ്കിലും, ആ ഭാരം ചുമക്കാതിരിക്കാൻ അവൾക്കു സാധിക്കില്ലായിരുന്നു. ആ ഭാരത്തിന്റെ കാഠിന്യം അറിയുന്ന ഒരാളെ അവൾ പ്രതീക്ഷിച്ചു. ഒരു ദ്വീപിൽ തനിച്ചായ ഒരു നാവികൻ, തനിക്കു ചുറ്റുമുള്ള വലിയ സാഗരത്തിന്റെ ചക്രവാളസീമയിൽ ഒരു കപ്പലിന്റെ ആഗമനം പ്രതീക്ഷിച്ച്‌, ഏകാന്തതയോടു സല്ലപിച്ച്‌ ദിനരാത്രങ്ങൾ തള്ളിനീക്കുന്നതുപോലെ അവൾ കാത്തിരുന്നു.

വീടു കിട്ടുന്നതിനു മുൻപുള്ള ഒരു ഞായറാഴ്‌ച, വിമെൻസ്‌ ഹോസ്റ്റലിൽ നിന്നു രണ്ടു കൂട്ടുകാരികളോടൊപ്പം വെറുതെ നടക്കാനിറങ്ങിയപ്പോൾ ഒന്നു വിശ്രമിക്കാൻ വേണ്ടിയാണ്‌ അവൾ ആദ്യമായി ആ ഉദ്യാനത്തിൽ വന്നത്‌. പ്രതിമയെ ഒരു നോക്കുമാത്രം ശ്രദ്ധിച്ച്‌, അനിഷ്‌ടം പ്രകടിപ്പിച്ച്‌ ചുണ്ടുകോട്ടി അവൾ ആ പ്രതിമയുടെ സമീപമുള്ള ബെഞ്ചിൽ ഇരുന്നു. അവളുടെ കൂട്ടുകാരികൾ സംസാരിച്ചുകൊണ്ടേയിരുന്നു, ഒരാൾ പഠിപ്പിക്കുന്ന കോളേജിൽ പുതുതായി വന്ന ഒരു സുന്ദരനായ ലക്‌ചററെക്കുറിച്ച്‌, മുരടനായ പ്രിൻസിപ്പാളിനെ കുറിച്ച്‌. മറ്റെയാൾ തന്റെ ഓഫിസിലെ മേലുദ്യോഗസ്ഥനു തന്നോടുള്ള അസഹനീയമായ താൽപ്പര്യത്തെ കുറിച്ച്‌. സഖിക്കു മാത്രം പറയാൻ കഥകൾ കുറവായിരുന്നു, ഒരുപക്ഷെ അവൾ പുതിയ സ്ഥലത്തു പരിചയമായി വരുന്നതുകൊണ്ടായിരിക്കും. അവൾ തന്റെ ചുറ്റും നടക്കുന്ന സംഭാഷണത്തിന്‌ അലക്ഷ്യം സാക്ഷിയായിരിക്കവേ, കോളേജ്‌ ജീവനക്കാരിയാണ്‌ അവളുടെ ശ്രദ്ധ ആ പ്രതിമയിലേക്കു തിരിച്ചത്‌. “ഈ പ്രതിമയെ നോക്കൂ. പ്രത്യേകത ഒന്നുമില്ല. ഒരു സാധാരണ മനുഷ്യൻ. ഒരു നോക്കുകുത്തിയായിരുന്നു ഇതിലും ഭേദം”. തന്റെ അഭിപ്രായം സാഭിമാനം ഉൾക്കൊണ്ട്‌ അവൾ ഉറക്കെച്ചിരിക്കുകയും ചെയ്തു.

ഒരു കുട്ടിയുടെ കൗതുകത്തോടെ അവൾ പ്രതിമയെ നിരീക്ഷിച്ചു. തലമുടി അലക്ഷ്യമായി നെറ്റിയിലേക്കു ചെരിഞ്ഞിരിക്കുന്നു. കണ്ണുകൾ ചക്രവാളങ്ങളിലേക്കാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌, പക്ഷെ മുഖം അൽപ്പം താഴേക്കു കുനിഞ്ഞിരിക്കുന്നുണ്ട്‌. ഒരു കൈ എളിയിൽക്കുത്തി, മറുകൈ തന്റെ നെറ്റിയിൽത്തൊട്ട്‌ ചിന്താമഗ്നനായി നിൽക്കുന്ന ഒരു മനുഷ്യൻ. സ്ര്തീ രൂപങ്ങളിൽ മാത്രം സൗന്ദര്യം കണ്ടെത്താൻ വെമ്പുന്ന ശിൽപ്പികൾക്കിടയിലെ ഒരു ഒറ്റയാനായിരിക്കാം ഈ ശിൽപ്പം മെനഞ്ഞത്‌ എന്ന്‌ അവൾ ചിന്തിച്ചു. എങ്കിലും ഒരു വിലയേറിയ കലാസൃഷിയെന്ന്‌ ആ ശിൽപ്പിപോലും അവകാശപ്പെടില്ലെന്ന്‌ അവൾ ഊഹിക്കുകയും ചെയ്തു. തന്റെ കൂട്ടുകാരിയോടു യോജിക്കുവാൻ മാത്രമേ അന്നു സഖിക്കു കഴിഞ്ഞുള്ളു. ശിൽപ്പത്തിന്റേയൊ ശിൽപ്പിയുടെയോ ചരിത്രം അറിയാത്ത സഖിയുടെചിന്തയിൽ, ഒരു പൊതു ഉദ്യാനത്തിൽ എന്തിനാണ്‌ ഈ ശിൽപ്പം സ്ഥാപിച്ചിരിക്കുന്നതെന്നൊരു ചോദ്യവും ഉയർന്നുവന്നു. പ്രതിമയുടെ തലയിൽ സയാഹ്നകാക്കകളിലൊന്ന്‌ വന്നിരുന്നു വർജ്ജിക്കുന്നതുവരെ അവർ അവിടെയിരുന്നു കുശലം പറഞ്ഞു. സഖി, ഒരു വഴിക്കച്ചവടക്കാരനിൽ നിന്നു വാങ്ങിയ പഴത്തിന്റെ തൊലി അലക്ഷ്യമായി ശിൽപ്പത്തിന്റെ പിന്നിലേക്കു ഒരിക്കൽ എറിഞ്ഞപ്പോൾ, ആ ശിൽപ്പം അഴുക്കിന്റെ ഒരു വലിയ ലോകത്തിന്റെ കരയിലാണിരിക്കുന്നതെന്നു മാത്രം അവൾ തിരിച്ചറിഞ്ഞതൊഴിച്ചാൽ ഒരിക്കൽ പോലും ആ ശിൽപ്പം അവളുടെ അസ്ഥിത്വത്തിന്റെ മണ്ഡലങ്ങളിലേക്ക്‌ ആ ദിവസം കടന്നു ചെന്നില്ല.

കുറെ നാളുകൾക്കു ശേഷമാണു സഖി വീണ്ടും ആ ഉദ്യാനത്തിൽ വന്നത്‌. അന്ന്‌ അവളുടെ കൂടെ അവളുടെ അമ്മയും അനുജനുമുണ്ടായിരുന്നു. അവളുടെ അമ്മ തീരെ ദുർബ്ബല ആയിട്ടാണു കാണപ്പെട്ടത്‌. ഇടയ്‌ക്കിടെ അവർ ചുമച്ചു, ചുമയ്‌ക്കുമ്പോഴൊക്കെ അവർ തന്റെ നെഞ്ചിൽ ഒരു കൈ ചേർത്തുപിടിച്ചു, സഖി അപ്പോഴൊക്കെ അവരുടെ പിന്നിൽ ചെറുതായി തലോടി. അവളുടെ കൗമാര പ്രായക്കാരനായിരുന്ന അനുജന്റെ മുഖത്തു ഒരു

അലക്ഷ്യഭാവം പ്രകടമായിരുന്നു. അവന്റെ അമ്മ കഫം തുപ്പുമ്പോൾ, നിരാശയിൽ നിന്നും നിസ്സഹായതയിൽ നിന്നും പിറന്ന ഒരുതരം അറപ്പോടെ അവൻ അവരെ തറപ്പിച്ചു നോക്കി. അവൻ അവരിൽ നിന്നു അൽപ്പം അകന്നാണു നിന്നിരുന്നത്‌, ആ രണ്ട്‌ സ്ര്തീകളുമായി തനിക്കു വലിയ ബന്ധമൊന്നുമില്ല എന്ന മട്ടിൽ. അവർ അന്നു ഇരുന്നത്‌ പ്രതിമയുടെ ചുവട്ടിൽ അല്ലായിരുന്നെങ്കിലും, സഖിയുടെ ദൃഷ്‌ടി ഇടയ്‌ക്കിടെ അലക്ഷ്യമായി ആ പ്രതിമയിൽ തട്ടി.

അന്നു വാചാലമായത്‌ അമ്മയുടെ വിചാരങ്ങളായിരുന്നു. അനുജന്റെ താൽപ്പര്യമില്ലായ്മയും, സഖിയുടെ മൗനവും

അനർഗളമായ ആ വിചാരധാരക്കു തടസ്സമായില്ല. ദുർബലമായ ശരീരത്തിന്റെ അസ്വസ്ഥതകൾക്കിടയിലും, വർഷങ്ങൾ നീണ്ട പ്രയത്നങ്ങൾ തന്റെ മകൾക്കു ഒരു ജീവിതമാർഗം സമ്മാനിച്ചതിന്റെ സന്തോഷം അവരുടെ വാക്കുകളിൽ പ്രകടമായി. പക്ഷെ, സഖിയാവട്ടെ, അമ്മയുടെ അകാലവാർദ്ധക്യവും, അനുജന്റെ ഉത്തരവാദിത്വമില്ലായ്മയും, നഗരത്തിലെ ഉയർന്ന ചിലവുകളും തന്റെ എളിയ ജോലി കൊണ്ടു കൈകാര്യം ചെയ്യുവാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു. ആ ആശങ്കയിൽ നിന്നുടലെടുത്ത അരക്ഷിതാവസ്ഥയാണ്‌, ഇടക്കിടെ തോന്നുന്ന ഒറ്റപ്പെടലിന്റെ സൂചിമുനകളാണ്‌, അവളെ ആദ്യമായി ആ ശിൽപ്പത്തിലെ മനുഷ്യനെ സ്പർശിക്കുവാൻ ഇടയാക്കിയത്‌.

അമ്മയുടെ ഓർമ്മകൾ അന്തരീക്ഷത്തിലൂടെ ഒഴുകിനടക്കവേ, അനുജന്റെ ലക്കില്ലാത്ത നോട്ടം നഗരവീഥികളിലൂടെ

ഉഴറിവീഴവേ, സഖി പെട്ടെന്ന്‌ ആ പ്രതിമയിൽ കണ്ടത്‌ അർത്ഥമില്ലാത്ത ഒരു കല്ലുകഷണത്തിന്റെ മരവിപ്പല്ല,

വികൃതമായ ഒരു കലാരൂപവുമല്ല, മറിച്ചു നഗരത്തിന്റെ അറപ്പുകൾക്കിടയിൽ ബന്ധനസ്ഥമാക്കപ്പെട്ട ഒരു

ദയനീയ ജീവിതത്തെയാണ്‌, എന്തൊക്കെയോ ആരോടൊക്കെയോ പറയുവാൻ കൊതിക്കുന്ന ദീനനായ ഒരു മനുഷ്യന്റെ അവഗണിക്കപ്പെടുന്ന ആത്മരോദനങ്ങളുടെ ശിലാഭാവം. ആ തിരിച്ചറിവിന്റെ ക്ഷണികമായ കരുത്തിൽ, അവൾ മെല്ലെ നടന്നു ആ പ്രതിമയുടെ അടുക്കലെത്തി അതിന്റെ കല്ലുവിരലുകളിൽ സ്പർശിച്ചു. ഒരു നിമിഷം മാത്രം. പിന്നെ, തല കുലുക്കി അവൾ തന്റെ അമ്മയുടെ അടുക്കലേക്കു മടങ്ങി.

അന്ന്‌ ഉദ്യാനത്തിൽ നിന്നു തിരിച്ചു നടക്കവേ, വഴിയുടെ തിരിവിൽ നിന്ന്‌ ആ ശിൽപ്പത്തെ ഒന്നു തിരിഞ്ഞു നോക്കാതിരിക്കാൻ അവൾക്കു സാധിച്ചില്ല.

പിന്നീടുള്ള ദിനങ്ങളിൽ, സൗഹൃദം അനിവാര്യമാണെന്നു തോന്നുന്ന സമയങ്ങളിൽ, അജ്ഞാതമായ ഒരു ആകർഷണശക്തി സഖിയെ ആ പ്രതിമയുടെ അടുക്കൽ എത്തിക്കുമായിരുന്നു. വിഴുപ്പുകൾക്കിടയിലെ വീർപ്പുമുട്ടലുകൾ പങ്കുവെക്കുന്ന അതീന്ദ്രിയ വികാരങ്ങളാവാം, അതല്ലെങ്കിൽ ഒറ്റപ്പെട്ട ജീവനുകളുടെ ആത്മസംവേദനമാകാം അതിനുള്ള കാരണം, സഖിക്ക്‌ അറിവുണ്ടായിരുന്നില്ല. പക്ഷെ, ആ ദിനങ്ങളിൽ അവൾ വളരെ വൈകുന്നതുവരെ, പ്രതിമയുടെ മിനുക്കു പണി ചെയ്യാത്ത പാദങ്ങൾക്കരികെ വെറുതെ ഇരുന്നു, പലപ്പോഴും ആകാശത്തിൽ ഇരുട്ടു കൂടുകൂട്ടുന്നതു വരെ.

അത്തരമൊരു സായഹ്നത്തിലാണ്‌ സഖി ആ പ്രതിമയുടെ വലതു കാൽപ്പാദത്തിൽ ഒരു പേരു കൊത്തിയിരിക്കുന്നതു കാണുന്നത്‌. വളരെ അവ്യക്തമായിരുന്നു ആ പേര്‌ എന്നതിനാൽ ആരും തന്നെ അതു ശ്രദ്ധിച്ചിരുന്നില്ല. ശിൽപ്പി കോറിയിട്ട അടയാളങ്ങളിൽ നിന്നു അക്ഷരങ്ങളും, അക്ഷരങ്ങളിൽ നിന്ന്‌ പേരും വായിച്ചെടുക്കുവാൻ സഖി നന്നേ പണിപ്പെട്ടു. ആ പ്രയത്നത്തിന്റെയൊടുവിൽ ആ പേര്‌ ഒരു വെളിപാടായി അവളുടെ മുൻപിൽ തെളിഞ്ഞു, “സിദ്ധാർത്ഥ്‌”

സിദ്ധാർത്ഥ്‌? കപിലവസ്തുവിലെ സിദ്ധാർത്ഥ്‌?

ആ മനുഷ്യന്റെ രൂപത്തിനു സിദ്ധാർത്ഥുമായി സാദൃശ്യം തോന്നുവാൻ പ്രയാസമായിരുന്നു. അവൾ ആരോടെന്നില്ലാതെ ചോദിച്ചു, “സിദ്ധാർത്ഥ്‌?”

“അതെ, ഞാൻ സിദ്ധാർത്ഥ്‌”

സഖി തലയുയർത്തി നോക്കി. താൻ എന്തെങ്കിലും കേട്ടുവോ? വീഥികളിലൂടെ വാഹനങ്ങൾ മുക്രയിട്ടു പായുന്നു. ഏതാനും വയസ്സന്മാർ ഒരു കോണിലിരുന്നു രാഷ്‌ട്രീയം ചർച്ച ചെയ്യുന്നു. കടല വിറ്റുനടക്കുന്ന ഒരുവന്റെ മണിയടിനാദവും വിളിച്ചുപറയലും. നിരത്തിലൂടെ നടന്നു നീങ്ങുന്ന ജനങ്ങളുടെ ഇരമ്പൽ. സഖി വീണ്ടും ആ ശിൽപ്പത്തെ നോക്കി. ആ ചുണ്ടുകൾ വിറക്കുന്നുണ്ടോ? അവളുടെ ഹൃദയത്തുടിപ്പിന്റെ കരുത്ത്‌ ധമനികളിൽ അവൾ തിരിച്ചറിഞ്ഞു. തൊണ്ടയിലെ വെള്ളം എരിഞ്ഞുതീർന്നു. രണ്ടാമതൊന്ന്‌ ആ ശിൽപ്പത്തെ നോക്കാൻ അവൾക്കു ഭയമായി. അവൾ ആ ശിൽപ്പത്തിൽ നിന്ന്‌ ഓടിയകന്നു.

തുടർന്നുള്ള കുറെ ദിവസങ്ങളിൽ അവൾ ആ ഉദ്യാനത്തിൽ നിന്നു അകന്നു നിന്നു. ഭയന്നിട്ടായിരുന്നില്ല, മറിച്ചു ജീവിതത്തിന്റെ പുതിയൊരേട്‌ അവൾക്കു തുറന്നു കിട്ടിയതിനാലാണ്‌. ആളൊഴിഞ്ഞ , ഉപേക്ഷിക്കപ്പെട്ട ഉദ്യാനങ്ങളിൽ നിന്നും അവൾ തിരക്കേറിയ, മനോഹരമായ വലിയ ഉദ്യാനങ്ങളിലേക്കു ചേക്കേറി, അവൾ തനിച്ചായിരുന്നില്ല, കൂടെ മറ്റൊരാളും.

ഒരിക്കൽ, ഒരിക്കൽ മാത്രം, അവൾ അയ്യാളുടെ കൂടെ ആ ശിൽപ്പത്തിന്റെ ചുവട്ടിൽ വന്നു. പക്ഷെ, ആ സമയം ശിൽപ്പത്തെ നോക്കുമ്പോൾ ഒരു പ്രത്യേകതയും അവൾക്കു തോന്നിയില്ല, ആഴ്‌ചകൾക്കു മുൻപു സംഭവിച്ചതൊക്കെ ഒരു സ്വപ്നം പോലെ അവൾ മറന്നിരുന്നു. തന്റെ കൂട്ടുകാരന്റെ ചുമലിൽ തല ചായ്‌ച്ച്‌, ആ സാമീപ്യത്തിന്റെ സംരക്ഷണയിൽ, ഏകാന്തതയുടെ വേദനയറ്റുപോയ മനസ്സുമായി, അവൾ തല ചെരിച്ചു ആ പ്രതിമയെ നോക്കി. പക്ഷികളുടെ വിസ്സർജ്യം അന്നും അതിന്റെ തലയിൽ ഉണ്ടായിരുന്നു. ചപ്പുചവറുകൾ അതിന്റെ പിന്നിൽ അന്നും ചെറിയൊരു ദുർഗന്ധം വമിപ്പിച്ചു. പ്രതിമയുടെ കണ്ണുകൾ അന്നും അനന്തതയിൽ സന്ധിച്ചു.

അന്നു അവൾ ഒരുപാടു സംസാരിച്ചു, വർഷകാലം പെയ്തിറങ്ങുന്നതു പോലെ, ശീതകാല പുലർകാലത്തിന്റെ മഞ്ഞുപാളി പുൽത്തകിടികളിൽ കിനിഞ്ഞിറങ്ങുന്നതു പോലെ അവളുടെ ഹൃദയം ആ ശിൽപ്പത്തിന്റെ കാൽക്കൽ, തന്റെ കൂട്ടുകാരന്റെ മുൻപിൽ തുറന്നു. അവളുടെ കൂട്ടുകാരൻ അവളെ ശ്രദ്ധയോടെ ശ്രവിച്ചു. അന്നു തിരിച്ചു പോകുമ്പോൾ അവളുടെ പാദങ്ങൾക്കു ഭയത്തിന്റെ വേഗം ഉണ്ടായിരുന്നില്ല, നിസ്സഹായതയുടെ തളർച്ചയും, ആശങ്കകളുടെ വിറയലും ഒന്നും. മറിച്ചു, പ്രതീക്ഷകളുടെ കുതിപ്പു മാത്രം.

വളരെ നാളുകൾക്കു ശേഷമാണു പിന്നീട്‌ അവൾ ആ ഉദ്യാനത്തിൽ വീണ്ടും വന്നത്‌. തനിച്ച്‌. അവളുടെ കണ്ണുകളിലെ നക്ഷത്രങ്ങൾ കെട്ടുപോയിരുന്നു. ചുണ്ടുകൾ വരണ്ടിരുന്നു. തലമുടി അലസമായി ഒഴുകിനടന്നു. ശിൽപ്പതിന്റെ മുൻപിൽ തല കുനിച്ച്‌ അവൾ ഇരുന്നു. തേങ്ങലുകൾ അവളുടെ നെഞ്ചിൻകൂടിൽ ചിറകറ്റ ഒരു പക്ഷിയേപ്പോലെ പിടഞ്ഞൊതുങ്ങി. കണ്ണുനീരിന്റെ നാളുകൾ കഴിഞ്ഞുപോയിരുന്നു. ഇനിയുള്ളതു മൗനദുഖത്തിന്റെ വരണ്ട ദിനങ്ങളാണ്‌, ചുട്ടുപൊള്ളുന്ന ഗ്രീഷ്മത്തിന്റെ ചൂടാണ്‌.

“ഞാൻ എന്റെ ഹൃദയം ആരുടെ മുൻപിൽ തുറക്കും? എന്നെ കേൾക്കാൻ ആരുണ്ട്‌?” സഖി ചോദിച്ചു.

“ഞാൻ”. ശിൽപ്പം പറഞ്ഞു.

സഖി ഇക്കുറി പരിഭ്രമിച്ചില്ല. അവൾക്കറിയാമായിരുന്നു അവളുടെ വിഷമങ്ങൾ പങ്കുവെക്കാൻ ഈ ഭൂമിയിൽ ആരെങ്കിലും കാണുമെന്ന്‌.

“കപിലവസ്തുവിലെ സിദ്ധാർത്ഥ്‌ അല്ല. ഈ കാലത്തിന്റെ സിദ്ധാർത്ഥ്‌. എനിക്കു ഉപേക്ഷിച്ചു പോകാൻ ഭാര്യയില്ല, മക്കളില്ല. എനിക്കു അന്വേഷിക്കാൻ അർത്ഥങ്ങൾ ബാക്കിയില്ല. എനിക്കു എന്നെപ്പോലും ഉപേക്ഷിക്കാൻ സാധിക്കുന്നില്ല. അതിനു കഴിയുമായിരുന്നെങ്കിൽ ഞാൻ ഒരു ബുദ്ധനായി മാറിയേനെ. അതുകൊണ്ട്‌, എന്നെത്തന്നെ ഈ കൽത്തടവറയിലാക്കി ഞാൻ ഇവിടെ കഴിയുന്നു”.

“നീ ഒരു മനുഷ്യനാണോ?”

“പച്ച മനുഷ്യൻ. എനിക്കു നിന്നെ അറിയാം. ഇവിടെ വരുന്ന എല്ലാവരേയും. പക്ഷെ അവർക്കാർക്കും എന്നെ അറിയില്ല. അറിയാൻ ഞാൻ സമ്മതിച്ചിട്ടില്ല”.

“പിന്നെ നീ എനിക്കെന്തിനു നിന്നെത്തന്നെ വെളിപ്പെടുത്തി?”

“സഖി, ഞാൻ മറ്റാരെക്കാളും നിന്നെ കണ്ടതുകൊണ്ട്‌. ഇടക്കാലത്തു നിന്റെ കൂടെ വന്ന ആ കൂട്ടുകാരനേക്കാൾ, നിന്റെ അനുജനേക്കാൾ, എന്തിന്‌, നിന്റെ അമ്മയേക്കാൾ നിന്നെ ഞാൻ മനസ്സിലാകുന്നു. നിന്റെ നെടുവീർപ്പുകൾ അവരെ പൊള്ളിക്കുന്നില്ല, പക്ഷെ അതു എന്നെ ഉരുക്കുന്നുണ്ട്‌. നിന്റെ കണ്ണീരിന്റെ ചാലുകൾ അവരെ നനക്കുന്നില്ല. പക്ഷെ അത്‌ എന്നെ ഒരു ചുഴലി പോലെ വട്ടം ചുറ്റിച്ചു മലർത്തിയടിക്കുന്നു. എനിക്കൊന്നേ ഇനി നിന്നെക്കുറിച്ചറിയേണ്ടൂ. എന്തേ അയാൾ നിന്നെ വിട്ടുപോയി?”

“എനിക്കറിയില്ല.”

“അയാൾ നിന്നെ വെറുത്തുവോ?”

“ഇല്ല. അവന്‌ ഇന്നും എന്നോടു സ്നേഹമായിരിക്കും”

“പിന്നെ, നിന്റെ സാഹചര്യങ്ങൾ പങ്കുവെക്കാൻ തനിക്കു സാധിക്കില്ല എന്ന്‌ അവനു തോന്നിയോ?”

സഖി മൗനം പാലിച്ചു.

“സഖി, ഒറ്റപ്പെട്ടവന്റെ ആർത്തനാദമാണു മൗനം. അതു അനുഭവിച്ചവനാണു ഞാൻ. ജന്മം കൊണ്ട്‌ ഈ ലോകത്തിന്റെ ഏതോ ഒരു തുരുത്തിൽ വളർന്നു, മറുകര ഉണ്ടെന്നു സ്വപ്നം കണ്ടു സ്വന്തം തുരുത്ത്‌ ഉപേക്ഷിക്കുമ്പോൾ നമ്മിലുണ്ടാകുന്നു ഒരു വിലാപം. അല്ലെങ്കിൽ, വളർന്നുവന്ന തുരുത്ത്‌ നമ്മെ കണ്ണുകെട്ടി തീരങ്ങളിൽ നിന്നു തള്ളിവിടുമ്പോൾ നമ്മളിലുണ്ടാകുന്നു ഒരു വിലാപം. ചക്രവാളം മുതൽ ചക്രവാളം വരെ പരന്നു കിടക്കുന്ന മഹാസമുദ്രത്തിൽ ദിക്കറിയാതെ തുഴഞ്ഞു നീങ്ങുമ്പോൾ, ആ വിലാപം ആർത്തനാദമായി മാറുന്നു. ആ ആർത്തനാദം നമ്മിൽ വളർന്നു നമ്മെ നടുക്കടലിലേക്കു വലിച്ചു താഴ്‌ത്തുമ്പോൾ നമ്മുടെ സ്വരം ജലത്തിൽ മുങ്ങുന്നു, നമ്മൾ നിശബ്‌ദരാകുന്നു.”

അന്നു മുതൽ ഓരോ ദിനവും സഖി ആ ഉദ്യാനത്തിൽ വരും, കഥകൾ പറയാൻ. അവർ ഒരുപാടു പങ്കുവെച്ചു. പത്രമോഫീസിലെ എഡിറ്ററുടെ മുൻകോപവും, റിട്ടയർ ചെയ്തു പിരിഞ്ഞു പോയ മനുഷ്യന്റെ ഹൃദയം നിറഞ്ഞ നന്ദിപ്രസംഗവും, അനുജന്റെ പേടിപ്പിക്കുന്ന രീതിയിൽ വളരുന്ന പുതിയ കൂട്ടുകെട്ടുകളും, രാത്രികളിൽ വളരെ വൈകിയുള്ള അവന്റെ വരവുകളും അവൾ അവനെ വിശദമായി പറഞ്ഞുകേൾപ്പിച്ചു. അനുജൻ ഒരുദിവസം മദ്യപിച്ചു വന്നു തന്നോടു കാശു ചോദിച്ചതു പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. സിദ്ധാർത്ഥിന്റെ പരുക്കൻ കൈകളിൽ അവൾ തന്റെ മുഖം അമർത്തിയപ്പോൾ അവൻ ആ കണ്ണുനീർ മെല്ലെ തുടച്ചു. പിന്നീടുള്ള ദിവസങ്ങളിൽ അനുജന്റെ കഥകൾ അവരുടെ സംഭാഷണങ്ങളിൽ നിറഞ്ഞുനിന്നു. അവനെ ഏതോ മോഷണക്കുറ്റത്തിനു അറസ്റ്റ്‌ ചെയ്തതും, അവന്റെ കൂട്ടുകാരിലൊരാൾ അവനെതിരേ പോലീസിൽ മൊഴി നൽകിയതും, അവളുടെ ഓഫീസിലെ മറ്റു ജീവനക്കാർ സഹതാപം കലർന്ന ഒരു പുച്ഛഭാവത്തിൽ അവളെ ഇടംകണ്ണിട്ടു നോക്കാൻ തുടങ്ങിയതും, അവളുടെ അമ്മ അസുഖം മൂർച്ഛിച്ചു ആസ്പത്രിയിൽ ആയതും, അനുജനെ കാണാൻ പോലീസ്‌ സ്റ്റേഷനിൽ ചെന്ന അവളോട്‌, താൻ ചോദിച്ച കാശു തന്നിരുന്നെങ്കിൽ ഇപ്പോൾ താൻ അറസ്റ്റ്‌ ചെയ്യപ്പെടില്ലായിരുന്നുവെന്നു പറഞ്ഞു അനുജൻ ശകാരിച്ചതും എല്ലാം.

സിദ്ധാർത്ഥ്‌ വളരെ കുറച്ചു മാത്രം സംസാരിച്ചു. ഒരുപക്ഷെ, സഖിക്കു ചെവി കൊടുക്കുക എന്നതാണു താൻ ചെയ്യേണ്ടതെന്നു കരുതിയാവാം അവൻ മൗനം പാലിച്ചത്‌. പക്ഷെ, അവന്റെ വല്ലപ്പോഴുമുള്ള, വളരെ ചുരുങ്ങിയ, ഭൂതകാല സ്മരണകളിൽ നിന്നു സഖി ഒരു ഏകദേശചിത്രം വരച്ചെടുത്തു. അവന്റെ കുടുംബത്തെ പറ്റിയോ, ജീവിച്ച സാഹചര്യങ്ങളെ പറ്റിയോ അവൾക്കു കാര്യമായി ഗ്രഹിക്കാൻ സധിച്ചില്ല. പക്ഷെ, തന്റെ കഴിവുകൾ കൊണ്ടു വളർന്നു വന്നു, ഏതോ സാഹചര്യങ്ങളിൽ പെട്ട്‌ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട്‌, ജീവിതത്തിൽ പ്രതികാരമല്ലാതെ മറ്റൊന്നും ചെയ്യുവാൻ ഇല്ലെന്ന ഘട്ടത്തിൽ ഒരു വിചിത്രമായ പ്രവൃത്തിപഥം തിരഞ്ഞെടുത്ത ആളാണ്‌ അവനെന്നു സഖിക്കു മനസ്സിലായി. പ്രതികാരത്തിനോ രോഷപ്രകടനത്തിനോ പോലും തന്റെ ജീവിതത്തിന്‌ അർത്ഥം നൽകുവാൻ സാധിക്കില്ലെന്നു വന്നപ്പോൾ, ഒരു പ്രതിമയായി ഒടുങ്ങാൻ അവൻ സ്വയം തീരുമാനിച്ചുവത്രെ. അതിന്റെ ബാക്കിപത്രമാണ്‌, ഒരു ശിൽപ്പിയുടെ പണിപ്പുരയിൽ അനേകം കല്ലുകളുടെയൊപ്പം അവനും ആരംഭിച്ച ഈ ചലനമറ്റ ജീവിതം. ജീവിതത്തിൽ ഒരിക്കലും ഒന്നിനും തന്നെ ഇളക്കാൻ സാധിക്കില്ല എന്നു അവൻ തീരുമാനിച്ചു. ശ്വാസത്തിനോ, വിശപ്പിനോ, ദാഹത്തിനോ, മറ്റു ശാരീരികാവശ്യങ്ങൾക്കോ ഒന്നും. ഇന്നുവരെ ആ പ്രതിജ്ഞ ലംഘിക്കപ്പെട്ടിട്ടില്ല, സഖിയുടെ മുൻപിലൊഴികെ. സഖിക്കു തന്നെക്കുറിച്ച്‌ ഒരു വല്ലാത്ത അഭിമാനം തോന്നി. വളരെ നാളുകളായി അവൾ മറന്നുപോയിരുന്ന ഒരു വിജയിയുടെ വികാരം.

എല്ലാ ലോകപീഠകളിൽനിന്നും മുക്തിയാണ്‌ തന്റെ ചലനമറ്റ ജീവിതമെന്നു സ്വയം വിശ്വസിപ്പിച്ച സിദ്ധാർത്ഥിനെക്കുറിച്ച്‌ സഖിക്ക്‌ ഇടക്കിടെ അമ്പരപ്പു തോന്നാതിരുന്നില്ല. അങ്ങനെയൊരു ജന്മം ഒരു മനുഷ്യനു സാധിക്കുമോ? എന്താണതിനുള്ള അർത്ഥം? മരണവുമായി അതിനെന്തു വ്യത്യാസം? സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും, അങ്ങനെയൊരു ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്ന്‌ അവൾ മെല്ലെ തിരിച്ചറിഞ്ഞു.

തന്റെ സംശയങ്ങൾക്കുള്ള മറുപടികൾ അവൾ സിദ്ധാർത്ഥിൽ നിന്നു ശ്രവിക്കുകയും ചെയ്തു.

“വ്യത്യാസമുണ്ട്‌. അർത്ഥഗംഭീരമായ അന്തരം. ഇവിടെ, ഈ ചപ്പുചവറുകൾക്കു മുൻപിൽ, വിഹംഗങ്ങളുടെ വിസ്സർജ്യവുമേന്തി, ഈ പ്രകൃതിയേയും എന്റെ ചുറ്റിനും നടക്കുന്ന മാനുഷികവ്യാപാരങ്ങളേയും കാണുമ്പോൾ, മനസ്സിലാക്കുമ്പോൾ, എന്നാൽ അതിലൊന്നും മുഴുകാതെ ജീവിക്കുമ്പോൾ ഞാൻ ഈ മൃതമായ ജീവിതചര്യകളിൽ നിന്നു വിമുക്തനാണ്‌ എന്നൊരു തിരിച്ചറിവ്‌ എന്നിലുളവാകുന്നു. ആ തിരിച്ചറിവ്‌ എന്റെ തൃഷ്ണയെ ശമിപ്പിക്കുന്നു. ഞാൻ സന്തോഷവാനാകുന്നു, എന്റെ ജീവിതം അർത്ഥഗംഭീരമാകുന്നു.”

“പക്ഷെ, എല്ലാമുപേക്ഷിക്കാനുള്ള ഈ തീരുമാനം ഒരു യാത്രയല്ലേ? അതികഠിനമായ ഒരു തപസ്യ? അതെങ്ങനെ തുടങ്ങും, എങ്ങനെ പൂർത്തിയാക്കും?”

“സാഹചര്യങ്ങൾ എന്നെ അതിനു പ്രാപ്തനാക്കി. എന്റെ മുൻപിൽ അധികം വഴികളുണ്ടായിരുന്നില്ല. ഒന്ന്‌ ഭ്രാന്തനാകുക. രണ്ട്‌, ആത്മാഹൂതി. മൂന്ന്‌, ഏകാന്തതയുടെ ഈ വഴി. ആത്മാഹൂതി ഒരുതരം ഭ്രാന്താണ്‌, നൈമിഷികമായ ഒരു മനോചാഞ്ചല്യം. ഭ്രാന്ത്‌ ഒരു തിരഞ്ഞെടുപ്പല്ല, അടിച്ചേൽപ്പിക്കലാണ്‌. ഞാൻ തിരഞ്ഞെടുക്കുവാനുള്ള എന്റെ ശക്തിയിൽ വിശ്വസിക്കുന്നു. അതുകൊണ്ടു ഞാൻ മൂന്നാമത്തെ വഴി തിരഞ്ഞെടുത്തു.”

ആ ഉത്തരത്തിനൊപ്പമാണ്‌ സിദ്ധാർത്ഥ്‌ പറഞ്ഞത്‌, “ധിഷണാശക്തിയും സഹനശക്തിയും കൂടുതലായതു കൊണ്ടു ഞാൻ ഒരു പ്രതിമ ആയി.”

സഖി അന്നു പതിയെയാണ്‌ വീട്ടിലേക്കു നടന്നത്‌. അകലെനിന്നേ അവൾ കണ്ടു, അവളുടെ വാടകവീട്ടിൽ ഒരു ചെറിയ ആൾക്കൂട്ടം. അവളുടെ നെഞ്ച്‌ ഒന്നു പിടച്ചു. പിന്നെ അവൾ സ്വയം ആശ്വസിപ്പിച്ചു. ഭയപ്പെടുന്ന തന്റെ മനസ്സിന്റെ തോന്നലുകളെ ഗൗനിക്കാൻ പാടില്ലെന്ന്‌ അവൾ തീരുമാനിച്ചു. ചിന്തകൾക്ക്‌, പക്ഷെ, അവളുടെ കാലുകളെ നിയന്ത്രിക്കാൻ കെൽപ്പില്ലായിരുന്നു. അവൾ ഓടി. എതിരേ വന്ന ഒരു സൈക്കിളുകാരൻ അവളെ ഒഴിവാക്കി സൈക്കിൾ വെട്ടിച്ച്‌ ഓടയിലേക്കു തെന്നിവീണു. അയ്യാളുടെ അലർച്ചയും ആക്രോശങ്ങളും അവൾ കേട്ടില്ല.

കൂട്ടം കൂടിനിന്നിരുന്ന ജനം, സഖിക്കുവേണ്ടി ഒരു നടപ്പാത തുറന്നു. സഹതാപത്തിന്റെ കൂരമ്പുകൾ പ്രവഹിക്കുന്ന നയനങ്ങൾ അവളുടെ പരിഭ്രമം വർദ്ധിപ്പിച്ചതേയുള്ളു. തന്റെ മുൻപിൽ അവൾ കണ്ടു, നിലത്തു കിടത്തിയിരിക്കുന്ന ഒരു ശരീരം…

അമ്മയുടെ ശരീരം പഞ്ചഭൂതങ്ങളിൽ ഒടുങ്ങിക്കഴിഞ്ഞ്‌ അവൾ സിദ്ധാർത്ഥിനെ തേടി ചെന്നു.

“അമ്മ ഒരിക്കൽ പോലും പരാതി പറഞ്ഞിട്ടില്ല, ജീവിതം ഒരു മരുഭൂമിയുടെ നടുവിലാണെന്നു അറിയാമായിരുന്നിട്ടും. അമ്മയുടെ ഒരേയൊരു വിഷമം എന്റെ അനുജനായിരുന്നു. അവൻ സന്തോഷത്തോടെ ഒന്നു പുഞ്ചിരിക്കുന്നതു കാണുവാനാണ്‌ കഴിഞ്ഞ കുറെ നാളുകളായി അമ്മ കൊതിച്ചിരുന്നത്‌”. സഖി പിറുപിറുത്തുകൊണ്ടേയിരുന്നു, സിദ്ധാർത്ഥിന്റെ കാൽച്ചുവട്ടിൽ.

“അവനെക്കുറിച്ചോർത്ത്‌ ഉരുകിയാണ്‌ അമ്മ മരിച്ചത്‌. അവൻ ചോദിച്ച പണം ഞാൻ കൊടുത്തിരുന്നെങ്കിൽ, ഒരുപക്ഷെ അമ്മ ഇന്നും എന്റെയൊപ്പം ഈ ഉദ്യാനത്തിൽ ഉണ്ടാകുമായിരുന്നു”.

സഖി വിതുമ്പിക്കൊണ്ടിരുന്നു. തന്റെ വ്രതം അവസാനിപ്പിച്ച്‌ സിദ്ധാർത്ഥ്‌ ഇളകുമെന്നും തന്റെ ശിരസ്സിൽ തലോടുമെന്നും അവൾ വിചാരിച്ചു, അതിനു വേണ്ടി അവൾ കൊതിച്ചു, ഒരു ചുടുനിശ്വാസത്തിന്റെ അടുപ്പം, നെറ്റിയിൽ ഒരു ചുംബനത്തിന്റെ ചൂട്‌. മനുഷ്യന്റെ അതിരുകൾ കടക്കുന്ന സാമീപ്യസ്പർശം അവൾ സിദ്ധാർത്ഥിൽ നിന്നു പ്രതീക്ഷിച്ചു. പക്ഷെ, ഒന്നും സംഭവിച്ചില്ല.

“എന്നെ ഒന്നാശ്വസിപ്പിക്കാൻ നിനക്കു തോന്നുന്നില്ലേ?” സഖി ചോദിച്ചു.

സിദ്ധാർത്ഥിന്റെ കണ്ണുകൾ ചക്രവാളത്തിലേക്കു തന്നെ നീണ്ടുപോയി. സഖി അവന്റെ കാലുകളിൽ കെട്ടിപ്പിടിച്ച്‌ കരഞ്ഞുകൊണ്ടു പറഞ്ഞു, “ഈ ഒളിച്ചോട്ടം നിർത്തൂ. എനിക്കാരുമില്ല, നീയല്ലാതെ. എന്നെ ഒന്നു സ്പർശിക്കൂ”.

ചലച്ചിത്രഗാനവും മൂളി നടന്നുപോയ ചെറുക്കൻ പെട്ടെന്നു നിന്നു. അഴുക്കു പിടിച്ച ഒരു പ്രതിമയുടെ കാലുകളിൽ കെട്ടിപ്പിടിച്ചു പിറുപിറുക്കുന്ന, മെല്ലെ വിതുമ്പുന്ന, ഇടക്കിടെ ആ പ്രതിമയുടെ മുഖത്തു നോക്കി കണ്ണീർ വാർക്കുന്ന ആ ചെറുപ്പക്കാരിയെ അവൻ കൗതുകത്തോടെ കുറെ സമയം നോക്കി നിന്നു. അവൻ പിറുപിറുത്തു, “പാവം”. പിന്നെ, അവൻ തലകുലുക്കി മെല്ലെ നടന്നു നീങ്ങി, സഹതാപത്തിന്റെ ഒരു ചെറിയ ംലാനതയോടെ, ഒരു ഭ്രാന്തിയോടുള്ള സഹതാപത്തിന്റെ.

സഖി അവിടെ കരഞ്ഞുകൊണ്ടേ ഇരുന്നു, ആശ്വാസത്തിന്റെ ഒരു വാക്കിനുവേണ്ടി, ഒരു സ്പർശത്തിനു വേണ്ടി. പ്രതിമയാകട്ടെ, അനന്തതയിലേക്കു കണ്ണുംനട്ടു നിന്നു, ഒരു വെറും ശിലയായി.

Generated from archived content: story1_apr05_06.html Author: binu_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here