മുത്തശ്ശിഃ
ഇത്,
കാട്, കാട്, കൊടുങ്കാട്
തേവീടെ മേനിപോൽ കറുത്തോരു
കരിവീരൻ മേയും പെരുങ്കാട്
ചെകുത്താങ്കുടി പോലിരുണ്ടോരു
മരക്കൂട്ടം മുറ്റീടും കരിങ്കാട്
തേവർപ്രതിമേടെയുച്ചിപോലെ
പൊങ്ങും മുടിയുള്ള മലങ്കാട്.
കുട്ടികൾഃ
ഇതു നല്ല കഥ, പുതിയ കഥ.
മുത്തച്ഛൻഃ
അവിടെ,
രണ്ടുപേരിരിപ്പുണ്ടേ,
കരിങ്കൈകൾ നീട്ടിക്കുറവനും,
കരിമിഴി തുടച്ചു കുറവത്തീം,
പാറയായിട്ടാണിരിപ്പവര്,
പെരിയാറിന്നിരുകരയിലാണിരിപ്പ്.
കുട്ടികൾഃ
അവരെങ്ങനെ പാറയായി?
മുത്തശ്ശിഃ
പണ്ടു പണ്ടൊരുപാടുപണ്ട്
ചുതു വെച്ചു രാജ്യം പോയി,
കാടിറങ്ങി, മല കേറി,
പുഴ കട, ന്നൊരുപാടു
കാലടികൾ താണ്ടി, യഞ്ചു
രാശാക്കന്മാർ വന്നിവിടെ,
കണ്ടവരീശുദ്ധക്കുടിനീര്,
കണ്ണീരുപോൽ തെളിനീര്,
കരിക്കുപോൽ തുള്ളും മധുനീര്,
കോരിയൊന്നു കുടിക്കുന്നോർ,
ചാടിയതിൽ മറിയുന്നോർ,
അപ്പോഴതാ വരുന്നല്ലോ
ഓളങ്ങളിൽ നാറും മീനിൻതോൽ,
ഓക്കാനിപ്പിക്കും മീനിൻചൂര്.
തെരഞ്ഞുനടന്നവർ രാശാക്കന്മാർ,
ആറ്റിങ്കര പറ്റി തപ്പിയോർ,
തെളിയാറ്റിൽ മത്സ്യഗന്ധമേറ്റും
ദുർന്നടപടിക്കാരെത്തേടി.
കണ്ടേനവർ മീനറക്കും
കുറവനേം കുറോത്തിയേം.
കോപം മുറ്റി, ക്കണ്ണുകത്തി,
മേൽ വിറച്ചു, നാവു ശപിച്ചു,
ശാപം നൽകീ, യായീടട്ടേ
ശിലപോലെയിരുവരും
എന്നുമെന്നുമിരുകരേൽ.
താണുവീണു മാപ്പിരന്നേർ
കണ്ണീർകൊണ്ടാറു നിരച്ചേർ
ഓതി വര, മെന്നെങ്കിലും
ഒരു ബന്ധമാരെങ്കിലും
കെട്ടിപ്പൊക്കുന്നു, മന്നു നിങ്ങൾ
കോർക്കുവെന്നും വിരലുകൾ.
കുട്ടികൾഃ പാവങ്ങൾ!!! എന്നിട്ടോ? അവർക്കു ശാപമോക്ഷം കിട്ടിയോ?
മുത്തച്ഛൻഃ
മലയൊന്നിതിൽ പാർത്തിതല്ലോ
മലമകനാം കൊലുമ്പനൊരുവൻ,
മലയറിവോൻ, കാടറിവോൻ,
ആറ്ററിവോൻ, ഒഴുക്കറിവോൻ,
മണ്ണറിവോൻ, കല്ലറിവോൻ,
കഥയറിവോൻ, കഥയുള്ളോൻ,
നാടറിവോൻ, നാട്ടാരറിവോൻ,
ബംഗ്ലാവിലെ സായിപ്പറിവോൻ.
കുട്ടികൾഃ സായിപ്പിനെ അവനെങ്ങനെ അറിയാം?
മുത്തച്ഛൻഃ സായിപ്പിന്റെ ജോലിക്കാരനായിരുന്നല്ലോ…
മുത്തശ്ശിഃ
കണ്ടേനവനൊരു കാനനദുഃഖം,
കാലങ്ങൾ കാത്ത വിരഹദുഃഖം,
ശിലകളലിയും മിഴിനീർച്ചൂട്,
ശാപങ്ങളൊടുങ്ങും നെഞ്ചിൻതീയും.
കണ്ടേനവനൊരു അണയുടെ ചിത്രം,
കരിമ്പാറകളുടെ സംഗമചിത്രം,
ഇരമ്പിയെത്തും പെരിയാറിൻ ഹുങ്ക്
തടഞ്ഞുനിർത്തും മനുജശക്തി,
പറഞ്ഞേനവനെല്ലാം സായ്‌പ്പിനോട്,
അവനല്ലോ ഭരിപ്പൂവെല്ലാരേയും.
കുട്ടികൾഃ എന്നിട്ട് സായിപ്പ് എന്തു ചെയ്തു?
മുത്തച്ഛൻഃ
കാടുകേറി സായിപ്പ്,
ഒപ്പം കൂട്ടി കൊലുമ്പനേം,
മുളയൊടിച്ചു,
മരം വെട്ടി,
ഇല വിരിച്ചു,
നീർ കൊടുത്തു,
കുട താങ്ങി,
അന്നമേകി,
കഥ പറഞ്ഞു,
വെട്ടം തെളിച്ചു,
കിടക്ക വിരിച്ചു,
കൈ പിടിച്ചു,
വഴി നടത്തി,
നടന്നവൻ സായിപ്പിനൊപ്പം.
കണ്ടു സായിപ്പവന്റെ സ്വപ്നം,
അളന്നു സായി,പ്പാറിന്റെ വീതി,
നടന്നു സായി,പ്പാക്കല്ലിടുക്കിൽ,
തോളത്തു സായിപ്പു തട്ടിപ്പറഞ്ഞേൻ,
കൊള്ളാം, കൊള്ളാം, ബുദ്ധി കൊള്ളാം.
കുട്ടികൾഃ
അങ്ങനെ, സായിപ്പ് ഈ വലിയ ആർച്ച് ഡാം ഉണ്ടാക്കി.
കൊലുമ്പന് ഒരുപാടു സമ്മാനങ്ങൾ കിട്ടിക്കാണും, അല്ലേ?
മുത്തശ്ശിഃ
സായിപ്പൊരുനാൾ സദ്യ വിളിച്ചൂ,
സന്തോഷത്താൽ കൊലുമ്പൻ ചെന്നൂ,
കാട്ടുവഴി, ഇടവഴിയിൽ,
ഘോരവഴി, മുള്ളുവഴിയിൽ,
പാതിവഴിയിലാരോ പിടിച്ചു,
കയർ കൊണ്ടാഞ്ഞുവരിഞ്ഞൂ.
അലറിവിളിച്ചൂ കൊലുമ്പൻ
കൈതാങ്ങാനാരും വന്നീലാ.
മനമുരുകി പ്രാർത്ഥിച്ചൂ കൊലുമ്പൻ
മനം വാഴും തേവി കനിഞ്ഞീല.
തല ചുറ്റി, മുടി ചിന്നി,
മിഴി കൂമ്പി, കവിൾ വാടി,
ചുണ്ടു പൊട്ടി, നെഞ്ചിടിച്ചു,
മേൽ വിറച്ചു, കൈയ്യുരസ്സി,
തോലുപൊട്ടി, കാൽ തളർന്നു
ചങ്കിടിഞ്ഞു നിൽപ്പൂ കൊലുമ്പൻ.
കുട്ടികൾഃ അയ്യോ, കഷ്ടം!!! ആരാണീ ക്രൂരൻ?
മുത്തച്ഛൻഃ
നീയൊന്നു ജീവിച്ചാലെനിക്കാണു ചേതം,
നീയൊന്നു മിണ്ടിയാലെൻ പണം പോകും.
അതിനാലീ പാതകം ചെയ്യുന്നൂ ഞാൻ,
എൻ രക്ഷ ഞാൻ തന്നെ നോക്കേണ്ടേ?
കേട്ടൊന്നു ഞെട്ടീ കൊലുമ്പൻ
മിഴിയൊന്നു പൊക്കിയപ്പാവം
കണ്ടുപോയ് വെളുത്തോരു മുഖവും
കൈയ്യിലെക്കറുത്തോരു തോക്കും
മനസ്സിലെക്കരിക്കട്ടച്ചിത്രങ്ങളും.
കണ്ണു നനഞ്ഞു,
കണ്‌ഠം പതറി,
നാവു തളർന്നു,
നാസിക ചുരുങ്ങി.
ദീനമായ് നോക്കീ,
സ്വാർത്ഥത തടഞ്ഞാ രശ്മി.
താഴ്മയാൽ കരഞ്ഞൂ,
അഹന്തയിൽ മുങ്ങിയാ പ്രാർത്ഥന.
ജീവന്റെ കൊതിയാൽ പുലമ്പീ,
ക്രൂരതയിൽ ലയിച്ചുപോയാ ശബ്ദം.
മുത്തശ്ശിഃ
വെടിയൊച്ച,
ചോര,
നിലവിളി…
മുത്തശ്ശിയ്‌ക്ക് ഗദ്‌ഗദം, മൗനം, മിഴിനീര്.
മുത്തച്ഛൻഃ
മലകളിൽ നിന്നൊരു മാറ്റൊലി,
കരിവീരന്മാരുടെ ചിന്നംവിളി,
മാനുകളുടെ ദ്രുതപദനാദം.
അന്ത്യശ്വാസം ദീർഘം.
തേവീ, തേവീ, തേ…
മുത്തച്ഛന് ഗദ്‌ഗദം, മൗനം,
കുട്ടികൾക്ക് ഗദ്‌ഗദമില്ല, മൗനം മാത്രം.
കാലംഃ
പ്രതിമയിന്നവൻ കൊലുമ്പൻ,
വഴിവക്കിൽ കറുത്തൊരോർമ്മ പോലെ.
സായിപ്പോ, അറിവീല, കിടക്കയാവാം
ശവപ്പെട്ടീൽ പണം കൂട്ടി മുത്തമിട്ട്
കുറവനും കുറവത്തീമിന്നുമെന്നും
കേഴുന്നു കൊലുമ്പന്റെ ചോരയോർത്ത്.
മുത്തശ്ശി (ആത്മഗദം)ഃ
പാവം
കൊലുമ്പൻ,
കുറവൻ
കുറവത്തി.
മുത്തച്ഛൻ (ആത്മഗദം)ഃ
മുടിയട്ടെ സായിപ്പിന്റെ പണം,
തുലയട്ടെയവന്റെ ശവകുടീരം,
പോകട്ടെയാത്മാവു നരകത്തിൽ.
കുട്ടികൾ (ആത്മഗദം)ഃ
കൊലുമ്പൻ മരിച്ചു, മോശം.
സായിപ്പു രക്ഷപ്പെട്ടു, സാരമില്ല.
ഞങ്ങൾ നല്ലൊരു കഥ കേട്ടു, കൊള്ളാം.
ഞങ്ങൾക്കു കിട്ടി വൈദ്യുതി, വളരെ കൊള്ളാം.
ഇനിയൊന്നു സുഖമായിട്ടുറങ്ങേണം.
Generated from archived content: poem1_nov2_07.html Author: binu_thomas