ഞാൻ തപം ചെയ്യുകയായിരുന്നു,
വളർച്ചയെന്നോ നിലച്ചുപോയ ഇലകളാൽ
ഉരുകുന്ന സൂര്യന്റെ താപം മറയ്‌ക്കുന്ന
ഒരു ബോധിയുടെ ചുവട്ടിൽ.
എനിക്കു ചുറ്റുമേകാന്തത
നിർവാണം തേടുമൊരു ജീവന്റെ ഗദ്‌ഗദം പോലെ
നിശ്ശബ്ദമായെന്നെ വരിഞ്ഞുമുറുക്കി.
പടുവൃക്ഷത്തിന്റെ ചോട്ടിൽ
തന്നസ്തിത്വത്തിനർത്ഥം തിര-
ഞ്ഞൊടുവിലസ്തിത്വമൊക്കെയുമീ പടു-
മണ്ണിലൊടുക്കും വിഡ്‌ഢിയെന്നാരോ മൊഴിയുന്നു.
ഇല്ല, ആരുമില്ല, കേൾക്കുവാനെൻ സന്ദേശം,
ചലമൊലിക്കും ഭിക്ഷുവിന്നു
വേണ്ടെൻ വാക്കുകളുടെ സാന്ത്വനം,
സുഖം തേടും പരിക്ഷീണഗാത്രങ്ങൾ-
ക്കയിത്തമെൻ മൃദുസ്പർശം,
അർത്ഥം തിരക്കും ജ്ഞാനിക്കു
പുച്ഛമെൻ പ്രജ്ഞയുടെ പൊരുൾ,
ശാന്തി തേടും നര-
നരോചകമെൻ പാതയുടെ പുണ്യം.
എന്റെ മുൻപിൽ
ഞാൻ ഉപേക്ഷിച്ച കിരീടമണിഞ്ഞ്
ഒരു രാജാവെനിക്കു നൽകുന്നു കൽപ്പന.
എന്റെ പിന്നിൽ
ഞാൻ എറിഞ്ഞുകളഞ്ഞ പട്ടുചേലയുടുത്ത്
ഏതോ നഗരസുന്ദരൻ കന്യകളെ തേടുന്നു.
എന്റെ തലക്കുമുകളിൽ
ഞാൻ എയ്തുവീഴ്‌ത്തിയ പറവകൾ
എന്റെ ഉച്ചിയിലേക്കു കാഷ്‌ഠിക്കുന്നു.
എന്റെ കണ്ണുകൾ പാറുന്നിടത്തൊക്കെ
കാലത്തിന്റെ കോമാളിവേഷം പണിതുയർത്തുന്ന
കോട്ടകൾക്കുളളിൽനിന്നു
തടവുകാർ പരിഹസിച്ചാർക്കുന്നു,
ഈ ബോധിയുടെ തടവിലായ എന്നെ നോക്കി.
തീയുടെ മുമ്പിൽ മെഴുകുപോലെൻ മനം,
ഊഷരഭൂവിൽ തളിർപുഷ്‌പം പോലെൻ ധിഷണ,
സാഗരത്തിന്നതിരു തേടുമ്പോലെൻ ചിന്തകൾ,
ഭൂവിന്നു വലംവച്ച പോലെൻ തനു.
അപ്പോഴാണു പ്രിയേ, യശോധരേ, നീ
ശൂന്യമായ മെത്തയിൽ നിന്റെ പ്രിയതമനെയറിയാതെ,
അന്തപുരങ്ങളുടെ വിശാലതകളിലെൻ കാലൊച്ച കേൾക്കാതെ,
കപിലവസ്‌തുവിലെൻ തേർപ്പാടുകൾ കാണാതെ,
പ്രതീക്ഷകളുടെ ഭാണ്ഡം മുറുക്കി,
സ്‌നേഹത്തിൻ നാളം തെളിച്ച്,
വിശ്വാസത്തിന്റെ പാദരക്ഷകളണിഞ്ഞ്,
എന്നെത്തേടിയിറങ്ങിയത്.
അജ്ഞതയുടെ ഇരുണ്ട പാതകൾ നീ ചവിട്ടി,
സാഹസങ്ങളുടെ ഹിമശൃംഗങ്ങൾ നീ കയറി,
സ്വാർത്ഥതയുടെ അഗാധ ഗർത്തങ്ങൾ നീ കടന്ന്,
വിരൂപജന്തുക്കൾ പതിയിരിക്കും കാടുകൾ നീ താണ്ടി.
ഇന്നു നിന്റെ
സുഖമെഴും മടിയിൽ,
കേശഭാരത്തിൻ തണലിൽ,
തുടിക്കും നെഞ്ചിൽ
തലചായ്‌ച്ചു ഞാനുറങ്ങുന്നു.
നഷ്‌ടപ്പെട്ട ചെങ്കോലിന്റെ തിളക്കം
എന്റെ കണ്ണുകളെയിപ്പോൾ മഞ്ഞളിപ്പിക്കുന്നില്ല.
ഏതോ വേശ്യയുടെ വിയർപ്പുനാറുന്ന ദേഹത്തു
പറ്റിക്കിടക്കുമാഭരണങ്ങളെൻ ചിന്തയിലില്ല.
വിധിയെനിക്കു പ്രവേശനം നിഷേധിച്ച
കൊട്ടാരങ്ങളിലെ അട്ടഹാസങ്ങൾ
എൻ ചെവികളിലിപ്പോൾ മുഴങ്ങാറില്ല.
ഞാനൊന്നുറങ്ങട്ടെ,
മൂകതയൊരു സംരക്ഷണവലയമാകുന്ന
നിന്റെ സാന്നിധ്യത്തിൽ,
വാക്കുകൾ ഞരമ്പുകളെ ത്രസിപ്പിക്കുന്ന
നിന്റെ ചുണ്ടുകളുടെ സ്പർശത്തിൽ.
ചിരികളൊരു പട്ടുമെത്ത തീർക്കും
നിന്റെ നിഷ്‌കളങ്കചൈതന്യത്തിൽ.
കണ്ണീർമുത്തുകൾ ഹൃദയം നനക്കുന്ന
നിൻ മനസ്സിന്റെ പുണ്യതീർത്ഥങ്ങളിൽ.
ഇനിയില്ലൊരൊളിച്ചോട്ടം,
പോകാം നമുക്കൊരുമിച്ച്,
കൈകളിൽ കൈകോർത്തു
നെഞ്ചിൻവീർപ്പുകൾ പങ്കുവെച്ച്,
നടക്കാം,
പുതിയൊരു ബോധിമരത്തിന്റെ ചുവടു പൂകാം,
ഇരിക്കാമവിടെ സമാധിയിൽ,
കാലങ്ങളോളം,
നിന്നൊപ്പം,
പൊരുളുകൾ തേടി,
ഗുണങ്ങളും മാർഗ്ഗങ്ങളും തിരഞ്ഞു,
പരിത്യാഗിയായി,
ബുദ്ധനായ്,
ഈ സിദ്ധാർത്ഥൻ.
Generated from archived content: poem1_aug9_06.html Author: binu_thomas