“പ്രജാപതിക്ക് തൂറാൻ മുട്ടി”യപ്പോഴാണ് ധർമ്മപുരാണത്തിന്റെ ചരിത്രസന്ധി കടലാസ്സുതാളുകളിൽ കുറിക്കപ്പെട്ടത്. ദുർഗന്ധം വമിപ്പിക്കുന്ന വിസ്സർജ്ജനവർണ്ണനകളിലൂടേയും മനം മടുപ്പിക്കുന്ന ലൈംഗിക കേളീവിവരണങ്ങളിലൂടെയും ഒ.വി വിജയൻ അടിയന്തിരാവസ്ഥയുടെ പ്രതീകമായ ആ ചരിത്രത്തെ വലിച്ചിഴയ്‌ക്കുമ്പോൾ, ആ നോവലിന്റെ ഭാഷയോട് ഇഴുകിച്ചേർന്ന്, “അശ്ലീലം” എന്ന പദത്തിന്റെ അർത്ഥവും അതിന്റെ മാനങ്ങളും ആസ്വാദകന് പുനർനിർവ്വചിക്കാതെ തരമില്ല.
മിറർസ്‌കാൻ വായിക്കുമ്പോഴും അങ്ങനെയൊരു പുനർനിർവ്വചനം പാടില്ലേ എന്നാണ് ചോദ്യം. ഭാഷയുടെ അതിരുകളിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവകാശം വിജയന്മാർക്കു മാത്രം ആരും തീറെഴുതിക്കൊടുത്തിട്ടില്ലല്ലോ. ശശിധരനുമായിക്കൂടേ?
ഭാഷാവിമർശനം എങ്ങനെ?
ഈ ചർച്ച ആരംഭിച്ച സുബിൻ, ഭാഷയെപ്പറ്റി ഒരു അനുമാനം നടത്തി. ഒരു തരത്തിൽ പറഞ്ഞാൽ, ശശിധരന്റെ ഭാഷയേക്കാൾ പ്രധാനപ്പെട്ടതാണ് ആ അനുമാനം. സുബിൻ പറയുന്നു, “ഭാഷയെപ്പറ്റിയുള്ള വിമർശനങ്ങൾ കൃതിയുടെ മൂല്യത്തിന് പുറത്തും ചർച്ച ചെയ്യാവുന്നതാണ്”.
ധർമ്മപുരാണത്തിന്റെ ഭാഷയെ ആ കൃതിയുടെ വെളിയിൽ നിന്നുകൊണ്ട് നമുക്ക് വിമർശിക്കാനാവുമോ? ഇല്ല എന്നുതന്നെ മറുപടി നൽകേണ്ടിവരും. കാരണം, അങ്ങനെ വിമർശിക്കുമ്പോഴാണ് ഭാഷയെ നാം ഓരോരോ തട്ടിൽപ്പെടുത്തുന്നതും വിവിധവർണ്ണങ്ങളിലാക്കി പ്രയോഗത്തിൽ ചിട്ടകൾ ഏർപ്പെടുത്താൻ തുടങ്ങുന്നതും, “ഇതു പാടില്ല” എന്നും “ഇതു സാരമില്ല” എന്നും വിധിനിർണ്ണയം ചെയ്യാൻ തുടങ്ങുന്നതും. അടിയന്തിരാവസ്ഥയുടേയോ ഏകാധിപത്യത്തിന്റെയോ നിഴലിൽനിന്നു മാറ്റിനിർത്തി, നമ്മുടെ അയൽവക്കത്തെ പാലുകാരൻ ദിവാകരനേയോ, ഇറച്ചിവെട്ടുകാരൻ ഔസേപ്പുചേട്ടനേയോ കഥാപാത്രങ്ങളാക്കി കുടിയിരുത്തി, ഓരോ സംഭവങ്ങളേയും സാധാരണ ജീവിതത്തിന്റെ ഭാഗമായി സങ്കല്പിച്ച് ധർമ്മപുരാണം വായിച്ചുനോക്കാൻ ആർക്കെങ്കിലും കഴിയുമോ? ഇല്ല. കാരണം, ആ കൃതിയുടെ ഭാഷയെ രൂപപ്പെടുത്തിയതും ഭാഷയുടെ ശക്തിയെ ഉത്തേജിപ്പിച്ചതും അതിന്റെ പ്രമേയവും അന്തഃസത്തയുമാണ്. കൃതിയിൽ നിന്ന് മാറ്റിനിർത്തി ഭാഷയെ അളക്കാനാവില്ല. അത്തരം ഭാഷാപഠനം ശാസ്ര്തമാണ്, സാഹിത്യമല്ല.
സുബിൻ പറഞ്ഞതുപോലെ നിരൂപണപരമായ മൂല്യത്തേയും കനത്തേയും ഒഴിവാക്കിനിർത്തിയാലും, ശശിധരൻ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ പ്രയോഗം, അദ്ദേഹത്തിന്റെ എഴുത്തിന്റെ ഉദ്ദേശ്യത്തിലും ദിശയിലും എത്രത്തോളം ഇഴുകിച്ചേർന്നിരിക്കുന്നു എന്നത് വിശകലം ചെയ്യപ്പെടുക തന്നെ ചെയ്യണം. അദ്ദേഹത്തിന്റെ ഭാഷാപ്രയോഗത്തിലൂടെ വായനക്കാരന്റെ മനസ്സിൽ ഉരുവം കൊള്ളുന്ന ആശയങ്ങൾ, സങ്കല്പനങ്ങൾ എന്തൊക്കെയെന്ന് ചർച്ച ചെയ്യപ്പെടണം.
ശശിധരന്റെ ഭാഷയുടെ ന്യൂനത, ചിലർ കരുതുന്നതുപോല ചില “സുഖകരമല്ലാത്ത” വാക്കുകൾ ഉപയോഗിച്ചതല്ല. വാക്കുകളും പ്രയോഗങ്ങളും ഇഷ്ടംപോലെ പ്രയോഗിക്കാനുള്ള അവകാശം എഴുത്തുകാരനുണ്ട്. എഴുത്തുകാരന്റെ ജന്മാവകാശം. പക്ഷേ, ചില നിർദ്ദോഷമെന്നു തോന്നുന്ന പ്രയോഗങ്ങളിലൂടെ, തന്റെ കൃതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളേയും അതിന്റെ നിലനിൽപ്പിനെത്തന്നെയും തകിടം മറിക്കുകയാണ് ശശിധരൻ ചെയ്യുന്നത്. ഒരു സാഹിത്യകൃതിയെ വിമർശിക്കുമ്പോൾ, കൃതിയേയാണ് വിമർശിക്കേണ്ടത്, എഴുതിയ ആളെയല്ല. ഒരുപക്ഷെ, ആ കൃതിയുടെ സാമൂഹിക-സാംസ്‌കാരിക-രാഷ്ര്ടീയ പശ്ചാത്തലത്തേയാണ് വിമർശിക്കുന്നതെങ്കിൽ, എഴുത്തുകാരനെക്കുറിച്ചും പറയേണ്ടതായിവരും. പക്ഷെ, അങ്ങനെ പറയുമ്പോൾ, താൻ പറയുന്ന വാക്കുകളെ ന്യായീകരിക്കാനുള്ള വിവേകം കാണിക്കണം. നടുറോഡിലൂടെ നടന്നുപോകുന്നവനെ “തന്തയില്ലാത്തവനേ” എന്നു ഞാൻ വിളിച്ചാൽ, എന്തിനാണ് അതു വിളിക്കുന്നതെന്നെങ്കിലും പറഞ്ഞുകൊടുക്കണം. അതു ചെയ്തില്ലെങ്കിൽ, എന്റെ ഭാഷ അശ്ലീലമാണ്. ഞാൻ പറയുന്നതിൽ ആധികാരികതയില്ല. കവിക്ക് ഭാവനയെന്നതുപൊലെയാണ് വിമർശകന് ആധികാരികത.
സാഹിത്യത്തിൽ വിമർശകന്റെ അനന്യത്വം
സാഹിത്യത്തിൽ വിമർശകൻ അനന്യനാണ്. കവിയാകട്ടെ, കഥാകൃത്താകട്ടെ, സാമൂഹികവിമർശനം നടത്താൻ അവർക്ക് പ്രതീകങ്ങൾ ഉപയോഗിക്കാം. പ്രതീകങ്ങൾവഴി ഒരാളേയോ, അല്ലെങ്കിൽ ഒരേ സ്വഭാവമുള്ള ഒരു കൂട്ടം ആളുകളേയോ പ്രതിനിധീകരിക്കാനും, മനസ്സിന്റെ ഉള്ളറകളിലെ രൂക്ഷമായ വികാരങ്ങൾ ആ പ്രതീകങ്ങളുടെ മീതേ ഛർദ്ദിക്കാനും സാഹിത്യരൂപത്തിന്റെ പ്രത്യേകത അവരെ അനുവദിക്കുന്നു. പക്ഷെ, ഈ സ്വാതന്ത്ര്യം ഒരു വിമർശകനില്ല. കാരണം, വിമർശകൻ അഭിപ്രായം പറയേണ്ടത് ചോരയും നീരുമുള്ള ജീവിക്കുന്ന മനുഷ്യരെക്കുറിച്ചാണ്. നേരിട്ട്. പ്രതീകങ്ങളുടെ മുഖപടമില്ലാതെ. വിമർശനത്തിനിറങ്ങിത്തിരിക്കുന്നവർ മനസ്സിലാക്കേണ്ട മൗലികസത്യമാണിത്.
ശശിധരൻ, തെൻ സാഹിത്യരൂപത്തിന്റെ മൗലികതത്വം മറന്നാണ് ഭാഷ ഉപയോഗിച്ചിരിക്കുന്നത്. വിമർശനം അദ്ദേഹത്തിന് വ്യക്തിഹത്യയാണ്, ക്രിയാത്മകമായ ഉന്നമനത്തിനുള്ള മാധ്യമമല്ല. ഉദാഹരണങ്ങൾ പലതുണ്ട്.
“ചരിത്രരാഷ്ര്ടീയബോധമില്ലാത്ത ഒരു കോമാളി സംവിധായകൻ”
“ലത്തീഫ് പറമ്പിലിനെപ്പോലൊരാൾക്ക് ഇന്റർവ്യൂ ചെയ്യാമെങ്കിൽ ഏതു വിഡ്‌ഢിക്കും ഇന്റർവ്യൂ ചെയ്യാവുന്നവിധം….”
“അപ്രതീക്ഷിത ആയുസ്സുള്ള ശരീരം മാത്രം സമ്പത്താക്കിയ മമ്മൂട്ടി എന്ന സുന്ദരവിഡ്‌ഢിയുടെ മുൻപിലിരിക്കുന്ന എം.ടി വൃദ്ധൻ മാത്രമല്ല കോമാളി കൂടിയാകുന്നു.”
വ്യക്തിപരമായ അനിഷ്ടം ഘനീഭവിച്ചുള്ള വെറുപ്പുകൊണ്ടോ, പ്രത്യയശാസ്ര്തപരമായ വിയോജിപ്പിന്റെ ജ്വര കൊണ്ടോ അല്ലെങ്കിൽ ആരെയെങ്കിലും ഇടിച്ചിരുത്തിയാൽ ലഭിക്കുന്ന മനോസുഖം കൊണ്ടോ മനുഷ്യർ ജൽപ്പിക്കുന്ന വീടുവാക്കുകൾ മാത്രമാണ് ഇവയെല്ലാം. ഇത്തരം കടുവാക്കുകൾ ഉപയോഗിക്കാൻ മാത്രം എന്തുപാതകമാണ് ഈ ഇരകൾ ചെയ്തിരിക്കുന്നതെന്ന് ഒരിടത്തും തൃപ്തികരമായി വിശദമാക്കപ്പെടുന്നുമില്ല. ഇത് വെറും വ്യക്തിഹത്യ മാത്രമാണ്. വ്യക്തിഹത്യയുടെ ഈ ഭാഷയാണ് ശശിധരന്റെ തെറ്റ്. അകാരണമായ വ്യക്തഹത്യയേക്കാൾ വലിയ അശ്ലീലമില്ല.
ശശിധരന്റെ ഭാഷ പിന്തുടരപ്പെടേണ്ട ഒരു മാതൃകയല്ല. ഇത്തരം അർത്ഥശൂന്യമായ കടുവാക്കുകൾ വിമർശനം എന്ന സാഹിത്യരൂപത്തിന് ക്ഷീണം മാത്രമേ വരുത്തൂ. എല്ലാ വിമർശകരും ശശിധരന്റെ ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയാൽ? വിമർശനം വിലകുറഞ്ഞ വ്യക്തിഹത്യയിലേക്കു തരം താണാൽ അതിന്റെ പ്രസക്തിയും വിലയും നഷ്ടപ്പെടുന്നു. അവസാനം മിച്ചമുണ്ടാകുക വ്യക്തിദ്വേഷം മാത്രമായിരിക്കും. സാഹിത്യം നഷ്ടപ്പെട്ടുപോകും. ശശിധരന്റെ ലേഖനങ്ങളുടെ സത്യം എത്രയൊക്കെയായാലും, ഇത്തരം വിലകുറഞ്ഞ സമീപനം മൂലം അവയുടെ പാരായണമൂല്യം നശിക്കുന്നു.
ഭാഷയുടെ പരിധി
എഴുത്തുകാരന്റെ ഭാഷയ്‌ക്ക് അതിർവരമ്പുകളില്ല. സുബിൻ പറഞ്ഞതുപോലെ, ഭാഷയ്‌ക്ക് നമ്മൾ കളങ്ങൾ വരയ്‌ക്കേണ്ട ആവശ്യമില്ല. പക്ഷെ, പത്രക്കാരന്റേയും എഴുത്തുകാരന്റേയുമൊക്കെ കളങ്ങൾക്കു പുറത്ത് മനുഷ്യനെന്ന ജീവി പുലരുന്നത് വലിയ ചില കളങ്ങളിലാണെന്നും മറന്നുകൂടാ. ബുദ്ധന്റെ കാലത്തും ശങ്കരാചാര്യരുടെ കാലത്തും ഗാന്ധിയുടെ കാലത്തും ശശിധരന്റെ കാലത്തും വിഡ്‌ഢി എന്ന വാക്കിന് ഒരർത്ഥമേയുള്ളൂ എന്നാണെന്റെ അനുമാനം. ആ വിളി കേട്ടാൽ തോന്നുന്ന വികാരവും ഒന്നുതന്നെയായിരിക്കണം. സാമാന്യമര്യാദ, അതെത്ര വിശാലവും അമൂർത്തവുമായി നിർവ്വചിച്ചാലും, നമുക്കു ചുറ്റുമുള്ള ഒരു കളം തന്നെയാണ്. ആ കളത്തിന്റെ അതിരുകൾ ആരും വരച്ചിട്ടില്ല. പക്ഷേ, ആരും പറയാതെ എല്ലാവർക്കും അറിയാവുന്ന കാര്യമാണു താനും. ശശിധരൻ സാമാന്യമര്യാദ ലംഘിച്ചിട്ടില്ലെന്നു പറയുന്നത് പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതുപോലെയാണ്.
ഒരെഴുത്തുകാരന്റെ അടിസ്ഥാനപരമായ ഭാഷ അയാളുടെ മനോഗതികളാണ്. അയാളുടെ ഭാഷയുടെ പരിധി മനോഗതിയുടെ പരിധിയുമാണ്. പക്ഷേ, ഒരിടത്ത് എഴുതപ്പെടുന്ന മനോഗതി എവിടേയും അവതരിപ്പിക്കാനുള്ള രൂപം ആ ഭാഷയ്‌ക്കു വേണം. അയാൾ എഴുതുന്ന ഓരോ അക്ഷരവും ആരുടേയും മുൻപിൽ, എവിടെയും വെച്ച് മനസ്സാക്ഷിക്കുത്തില്ലാതെ ആവർത്തിക്കാൻ സാധിക്കണം. ബസ് സ്റ്റാൻഡിലെ കക്കൂസുകളിൽ പുലഭ്യങ്ങൾ കൂടുതലായി കാണപ്പെടുന്നത് എന്തുകൊണ്ടാണ്? കാണപ്പെടാത്തവരെ അധിക്ഷേപിക്കാൻ എളുപ്പമാണ് എന്നതുതന്നെ. തൊട്ടടുത്തുള്ള യാത്രക്കാരനേക്കാൾ എനിക്ക് അരിശം എന്റെ പിതാവിനോടായിരിക്കാം. പക്ഷേ, ഞാൻ വീട്ടിലെ കക്കൂസ്സിൽ പുലഭ്യം എഴുതുമോ? ഇല്ല.
ഒ.വി വിജയൻ, ധർമ്മപുരാണം എവിടെവെച്ചും വായിക്കും എന്ന് എനിക്കൂഹിക്കാൻ കഴിയും. കഥയില്ലാത്ത ഒരു ഇന്റർവ്യൂ ചെയ്തു എന്ന ഒറ്റക്കുറ്റത്തിന് കോമാളി എന്നു വിളിക്കപ്പെട്ട എം.ടിയുടെ മുൻപിൽ വച്ച് മിറർ സ്‌കാൻ വായിക്കാൻ ശശിധരനു കഴിയുമോ? അതല്ലെങ്കിൽ, പുഴയിലെ ഒരു എഡിറ്റോറിയലിന്റെ പേരിൽ എഡിറ്ററെ ഇതുപോലെ പേരു വിളിക്കാൻ ആ ഭാഷ ഉയരുമോ? ശശിധരന് അതു കഴിയുന്നില്ലെങ്കിൽ, അത് ചിന്തയുടെ കുഴപ്പമല്ല, ഭാഷയുടെ കുഴപ്പമാണ്. ശശിധരൻ തീരുമാനിക്കട്ടെ.
Generated from archived content: mirror1_binu_oct9_07.html Author: binu_thomas