രാജ്യം കാർന്നു തിന്നുന്നവരുടെ ജാതകം എത്ര മനോഹരമാണ്
അവയെഴുതിയവരും നിശ്ശബ്‌ദം നിലവിളിക്കാതിരിക്കില്ല.
നിഷ്‌കാസിതരായവരുടെ ശബ്‌ദം ജഢ പിടിച്ചുപോയി
അഞ്ചുവർഷം കഴിയാതെ മുണ്ഡനം ചെയ്യരുതത്രേ.
സർക്കാരാശുപത്രിയിൽ ചികിത്സകിട്ടാതെ മരിച്ച,
ഭാര്യയുടെ ഗർഭപാത്രം ഇനിയും അഴുകിയിട്ടുണ്ടാവില്ല.
ശാസ്‌ത്രപുസ്‌തകത്തിലെ അനീമിയ ബാധിച്ച ചെക്കൻ,
മകന്റെ പ്രതിരൂപമാണ്.
വോട്ടുതേടിയെത്തിയവരെ ആട്ടിത്തുപ്പിയ അച്ഛൻ,
തെക്കേ തൊടിയിലെ മാറാമ്പായി കാറ്റിലാടുന്നു.
മുറുക്കാൻ കറ ഇന്നും
വെടിപ്പുളള മുറ്റത്തെ വിപ്ലവക്കുറിയാണ്.
സായുധവിപ്ലവം സടകുടഞ്ഞു ഗർജ്ജിച്ചവർ,
ഇന്നു പുട്ടപർത്തികളിലെ അരിപെറുക്കിപ്രാവുകളാണ്.
അന്നതിന് ഓശാന പാടിയ നാവ് ഇന്നു മുറിക്കണമെന്നുണ്ട്
പക്ഷേ…വേദനയ്‌ക്ക് വിപ്ലവമറിയില്ലെന്ന്.
രാജ്യഭോജികളുടെ പുഷ്പചക്രത്തിൽ അരിശം ചൂണ്ടിട്ടോ,
അരിവെപ്പുകാരുടെ വസ്‌ത്രം വെളുത്തതാണന്നറിഞ്ഞിട്ടോ,
‘എനിക്കിനിയാരും ആണ്ടുബലിയിടേണ്ട’ എന്നെഴുതി വെച്ചിട്ട്,
രാജ്‌ഘട്ടിൽ നിന്നൊരാൾ പുറപ്പെട്ടു പോയത്രേ!
ചാച്ചാജിയുടെ കുഞ്ഞുപൂക്കൾക്ക്,
എച്ചിൽപ്പാത്രങ്ങൾക്കിടയിൽ എന്നും ശിശുദിനം.
പെൺപൂവുകൾക്ക് പുഴുക്കുത്തുകൾ മുടങ്ങാറില്ല
സത്യം മനസ്സിലാക്കുന്നവർ പലരും ഭ്രാന്തിൽച്ചാടി ആത്മഹത്യചെയ്യുന്നു.
ഒരാണവസീരിയൽ പ്ലാനുണ്ടെന്നറിഞ്ഞു.
വൈകുന്നതെന്തിന്…?
അവസാനത്തെ ആണികൂടി അടിക്കുക.
അവസാനത്തെ ആണികൂടി.
Generated from archived content: poem_avasanathe.html Author: binu_p