അറിയാത്തത്‌…

അമ്മിഞ്ഞയാവോളം കുടിച്ചു മുഖത്തു തുപ്പി,

മടിത്തട്ടിൽ ആഞ്ഞുചവിട്ടി,

ശൈശവത്തിന്റെ പടിയിറങ്ങിപ്പോകുമ്പോൾ,

അമ്മയറിഞ്ഞില്ല; ഞാനവരുടെ വയറ്റിൽ കുരുത്ത അർബുദമാണെന്ന്‌!

അത്താഴത്തിനച്ഛൻ ഉരുട്ടിത്തന്ന,

വാത്സല്യത്തിന്റെ ഉരുളകൾ തട്ടിത്തെറിപ്പിക്കുമ്പോൾ,

ഞാനറിഞ്ഞില്ല;

എനിക്കച്ഛന്‌ വായ്‌ക്കരിയിടാൻ കഴിയിലെന്ന്‌!

ആദ്യാക്ഷരം കുറിച്ച ചൂണ്ടാണിവിരൽ

ഗുരുവിന്റെ കണ്ണിൽ ചൂഴ്‌ത്തി,

കളിക്കൂട്ടുകാരിയുടെ പാൽപ്പല്ലുകളടിച്ചു കൊഴിക്കുമ്പോൾ,

ഞാനറിഞ്ഞില്ല; വിദ്യയെനിക്കു വിനയാകുമെന്ന്‌!

ശാഠ്യമെനിക്കാവേശമാകുമ്പോൾ, ക്രോധമെനിക്കു ലഹരിയാകുമ്പോൾ

ഞാനറിഞ്ഞില്ല;

കൂടപ്പിറപ്പുകൾ വിശപ്പിനെ വരവേറ്റത്‌,

പട്ടിണിക്കോലങ്ങളായിട്ടാണെന്ന്‌!

കാമുകിയുടെ വ്രതശുദ്ധിയിൽ കിനാവള്ളിയായ്‌,

ചുറ്റിപ്പടരുമ്പോൾ ഞാനറിഞ്ഞില്ല;

ഒരു മുഴം കയറിൽ ജീവനളന്ന അവൾ,

അഭിമാനിയായിരുന്നെന്ന്‌!

കൃത്യങ്ങളിൽ തൃപ്തികൊള്ളുമ്പോൾ

ഞാനറിഞ്ഞില്ല,

മരണത്തിനു മുൻപും,

ഞാൻ ഗതികിട്ടാതലയുമെന്ന്‌!

Generated from archived content: poem2_mar22_07.html Author: binu_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here