.
ചുമപ്പും മഞ്ഞയും നിറങ്ങളിൽ ജമന്തിയും, ഡാലിയയും, റോസപ്പൂക്കളും മുറ്റത്ത് വിടർന്നു നിൽക്കുന്നു. അവയെ നോക്കി ചന്തു ചോദിച്ചു.
ഹായ് എന്തു രസമാണമ്മേ പൂക്കൾ കാണാൻ; എനിക്കൊരെണ്ണം തരുമോ?
ഒന്നല്ല ഇതു മുഴുവൻ മോനു തരാം.
അവന്റെ കൈവെള്ളയിൽ അമ്മ ഒരു റോസപ്പൂ വച്ചുകൊടുത്തു. ആഹ്ലാദത്തോടെ അതിന്റെ ഇതളുകളിൽ അവൻ തഴുകി.
അയ്യോ… കഷ്ടം….
രണ്ടിതളുകൾ അടർന്നു വീണു. ചന്തുവിനു വിഷമം തോന്നി. എത്ര സുന്ദരമായിരുന്നു ആ പൂവിനെ കാണാൻ. പറിക്കേണ്ടായിരുന്നു.
അമ്മ എവിടെ… ഓ പോയി കാണും. ഒത്തിരി പണിയുള്ളതല്ലേ, എപ്പോഴും എന്റെ അടുത്തിരുന്നാൽ മതിയോ? താമസിക്കാതെ അച്ഛനും ഇങ്ങു വരും. അച്ഛനും, അമ്മയും, ഞാനും ചേർന്ന വീട്… തമാശയും നാട്ടു വർത്തമാനവും പറഞ്ഞും ചിരിച്ചുമങ്ങനെ… ചിലപ്പോൾ തോന്നും ഒരേട്ടനുണ്ടായിരുന്നെങ്കിലെന്ന്. അല്ലെങ്കിൽ ചേച്ചി. എന്തു രസമായിരുന്നേനെ… കളിച്ചും ചിരിച്ചും… അപ്പുറത്തെ വീട്ടിലെ രാധയും രാമനും, മുറ്റത്തതാ ഓടിക്കളിക്കുന്നു. അതു കാണുമ്പോൾ കൊതിയുണ്ട് അവർക്കൊപ്പം കളിക്കാൻ. പക്ഷേ…
കടയിൽ നിന്നും അച്ഛൻ വരുന്നുണ്ട്.
ങേ നേരത്തേ പോന്നോ..
അമ്മയുടെ ചോദ്യം.
ഉം… കുടിക്കാൻ എന്തെങ്കിലും
ചന്തു മെല്ലെ അവിടേയ്‌ക്കു ചെന്നു.
ക്ലീം…
അവന്റെ കാൽ തട്ടി ചില്ലു ഗ്ലാസു ചിതറി. വെള്ളം നിലത്തേക്ക്
കണ്ണു കണ്ടൂടേ കുട്ടീ….
അമ്മയും ശബ്ദം ഉച്ചത്തിലായിരുന്നു.
പോ… അവിടെങ്ങാനും പോയിരുന്നോ ഇവിടെ മുഴുവൻ ചില്ലാ നിന്റെ മേലു മുറിയും.
അവന്റെ കണ്ണു നിറഞ്ഞു.
താനെവിടെ തിരിഞ്ഞാലും കാലുകൾ മുൻപേ പോകും. നീണ്ട് പുറകേയാണ് ഉടലിന്റെ യാത്ര. കൈ കുത്തി നിരങ്ങുന്ന ജീവിതം!
മഴ… രാത്രിയുടെ നിശബ്ദതയെ മുറിവേല്പിച്ചു ചിന്നഭിന്നം പെയ്യുന്നു. മിന്നലുണ്ട്, ഇടിയും ഈ ജനലിലൂടെ നോക്കിയാൽ ഇടവഴിയിലൂടെ വെള്ളമൊഴുകുന്നതു കാണാം.
ഞാനൊരു പുഴ കാണുകയാണോ?
ഇതെന്റെ മാത്രം പുഴ, മുങ്ങാൻ കുഴിയിടാൻ, നീന്തി തുടിക്കാൻ…
അവന്റെ മുഖത്തേക്കു ചിതറി വീണ മഴത്തുള്ളികൾ പൂമ്പാറ്റകളായ് മഴയിലേക്ക്…
ഠൂം… അയ്യോ….
വീഴ്‌ചയിൽ കിനാവിന്റെ ചിറകൊടിഞ്ഞു.
അച്ഛനുമമ്മയും നല്ല ഉറക്കത്തിലാണ്.
ഭാഗ്യം… അവരറിഞ്ഞിട്ടില്ല…
മെല്ലെ ഇഴഞ്ഞു നടന്നു. അച്ഛനോടു ചേർന്നു കിടന്നു.
നല്ല തണുപ്പുണ്ട്. അവൻ നെഞ്ചിന്റെ ചൂടിലേക്ക് പറ്റിച്ചേർന്നു.
ഒന്നുമറിയാതുറങ്ങണം
ഉണരുമ്പോൾ, കിളികൾ ചിലക്കും തൊടിയിലാ പൂക്കൾ നുള്ളണം. അരുവിയിൽ മുങ്ങണം. കൂട്ടരൊത്തൊന്നു നീന്തണം…
അതിനായ് അവനുറങ്ങുകയാണ്… ഏതോ നിശ്ശബ്ദതയിലേക്ക് വഴുതി വീണു കൊണ്ട്…
Generated from archived content: story1_may24_07.html Author: binu_m_devasya