അഞ്ച്‌ കവിതകൾ

1. വയനാട്‌

ഈറനണിഞ്ഞ പ്രഭാതത്തിൽ
മന്ദസ്‌മിതത്താൽ ഉയർന്നു സൂര്യൻ
ഇടനെഞ്ചിലൊരുൾക്കുളിരായ്‌
നിളപോലൊഴുകീ
എൻ ‘കബനി’
കായൽപ്പരപ്പുകളെയും
സമുദ്രറാണികളെയും
നോക്കി
തേയിലത്തൊടിയാമൻ മലനിരകൾ
നിൽപ്പു ഗമയാർന്ന്‌
അടിവാരമതു ചുറ്റി
ഹിമാറാണി ചുംബിച്ച ചുരമതുകടന്ന്‌
കറുത്ത പൊന്നിൽ സാമ്രാജ്യമാം
വയനാട്ടിലേക്കു സ്വാഗതം
നിത്യയൗവ്വനമാം കറുവാദ്വീപും
സുന്ദരമായൊരീ കാന്തൻപാറയും
ഭക്തിസാന്ദ്രമാം വള്ളിയൂർക്കാവും
കൺകുളിർക്കെ കാണാനായ്‌
വയനാട്ടിലേക്കു സ്വാഗതം
സുസ്വാഗതം.

2. മോഹം

എനിക്കതൊരു മോഹം
കണ്ണെത്താദൂരം പരന്നു കിടക്കുമീ
ജലസംഭരണിയാം കടലുകാണാൻ
തുടിക്കുമെൻ ഹൃത്തടം
തിരയോരോന്നും ഉയരുമ്പോഴും
കരയിലതു പതയുമ്പോഴും
അതിലെൻ പാദം നനയുന്നതുമെല്ലാം
കാണാൻ തുടിപ്പൂ ഉള്ളിടമെപ്പൊഴും
മനസ്സിലായ്‌ ഉയരുന്ന തിരകളും
കണ്ണിലായ്‌ നിറയുന്ന നനവും
മാത്രമാ മോഹത്തിനു
കൂട്ടെന്നറിവൂ ഞാൻ.

3. വിശപ്പ്‌

തീകൊണ്ടു കുത്തിയപോലൊരാളിച്ച
അടിവയറ്റിൽ നിന്നും നെഞ്ചിലേക്ക്‌
വിശപ്പെന്ന വിവേകമില്ലാത്തോരവസ്‌ഥയിൽ
എന്തും കാട്ടുവാനെന്നോണമാളിച്ച
ശിരസിലേക്കതാ പടർന്നുകേറി
പതിവുള്ള നൊമ്പരം അകക്കണ്ണില
ഭിമാന നിറവിനാൽ
സൂക്ഷിപ്പു രഹസ്യമായി.

4. അച്ഛന്റെ പാട്ട്‌

മനക്ലേശമാണുണ്ണീയച്ഛന്നു
കടമെടുത്തതേറെയുണ്ട്‌,
കൊടുക്കുവാനോ ഇല്ലൊരു ചില്ലിക്കാശുപോലും
പകലന്തി പണിയെടുത്താലതു
നിന്നെ നോക്കുവാനുള്ളതുള്ളു.
സഖീ, നീ ക്ഷമിക്ക,
ദേഹി മനദുഃഖമേതുമൊന്നായ്‌
സർവ്വം സഹിക്കും നിൻകൃപ
സാന്ത്വനം എനിക്കെന്നും.
ചുറ്റിനും കൂരിരുൾ മാത്രം
വെളിച്ചമതു നിന്നിൽ മാത്രമുണ്ണീ.

5. ഇഷ്‌ടം

തനിച്ചിരിക്കാനെനിക്കിഷ്‌ടം
തഴുകും കാറ്റിൻ സുഖം നുകരാം
തളിരിട്ട ചെടിയൊന്നിൽ
വിരിഞ്ഞ പൂവൊന്നിൻ
സുഗന്ധം നുകർന്നിടാനേറെയിഷ്‌ടം
താമരപ്പൂപോലെ
മുങ്ങി നിവരുവാൻ
നിനവിലായിരം വർണ്ണമുള്ളൊരു
തീരത്തിലെത്തിടാനേറെയിഷ്‌ടം.

Generated from archived content: poem1_aug2_10.html Author: binu_m_devasya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here