“മലരൊളിതിരളും മധുചന്ദ്രികയിൽ
മഴവിൽ കൊടിയുടെ മുനമുക്കി,
എഴുതാനുഴറീ കല്‌പന ദിവ്യമൊരഴകിനെ”
മധുരൊദാരം തുളുമ്പുന്ന ഭാവലോലമാം വരികളാണിവിടെ കവി ചാലിച്ചിട്ടിരിക്കുന്നത്.
കാവ്യലോലമാം വരികളിലൂടെ പ്രണയത്തെ പുഷ്‌പവർഷിയാക്കി തീർക്കുന്നു. കാല്‌പനികതയുടെ ലോകം കല്‌പനമൃതത്വം കൊണ്ട് സുന്ദരമാകുന്നു.
പ്രണയം തീവ്രമാണ് പ്രലേയബാഷ്‌പങ്ങളിലെ മൃതുലതയേറ്റുണരുന്ന ശികരങ്ങളിലെ വർണങ്ങളെപോലെ വികാരശബളാഭചാരുതകളാണ്.
പ്രണയഭാവതലങ്ങളിൽ തങ്കലിപികളാൽ എഴുതപ്പെട്ട സാർവ്വ ലൗകികമായ ഭാഷയാണ് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കണ്ടുള്ള ശുദ്ധമായ സ്‌നേഹം. സ്‌നേഹിക്കുന്നത് എല്ലാ അർത്ഥത്തിലും സ്വന്തമാണെന്ന അവകാശബോധം. കറകളഞ്ഞ് പരിശുദ്ധമാക്കിയെടുത്ത പ്രകൃതിയുടെ ഭാഷയാണത്.
സ്‌നേഹിക്കാൻ ഒരാളുണ്ടാകുമ്പോൾ സർവ്വതും അർത്ഥപൂർണ്ണമാകുന്നു. അപ്പോൾ അവർ ആശ്‌ചര്യകമാവിധം “കണ്ണിണകളിലൂടെ ചൂണ്ടിതളുകളിലൂടെ വാരുറ്റ മന്ദസ്‌മിദാതികളിലൂടെ” ആനന്ദ കുസുമങ്ങളാം ആശകളെ കൈമാറ്റം ചെയ്‌തിടുന്നു. യഥാർത്ഥ പ്രേമം പ്രതിയുണ്ടാകുന്നു.
അനന്തമാം കാലപ്രവാഹത്തിൽ പ്രേമത്തെക്കുറിച്ച് ഈ ലോകത്തിനു പ്രത്യേകിച്ചൊരു ന്യായീകരണം ആവശ്യമുണ്ടോ? ഉണ്ടെന്ന് തോന്നുന്നില്ല!
ആരും എവിടെയും എപ്പോഴും മനസ്സിലാകുന്ന മനസ്സിൽ മുളപൊട്ടുന്ന കാതലായ ഒരു ഭാഷയാണത്. അതിനു ചരിത്രശേഷിപ്പുകളെക്കാൾ പഴക്കമുണ്ട്.
മനുഷ്യപരിണാമഘട്ടതലങ്ങളിലേറ്റവും ആർജവമോടെ നിലനിന്ന മാനവന്റെ ഹൃദയത്തിലെ “ഏട്രിയത്തിലും – വെൺട്രിക്കളിലും” നിറഞ്ഞുതുളുമ്പി സിരകളിലൂടെ പ്രവഹിച്ച ഗഹനമേറിയ വീചിയതൊന്നു മാത്രമായിരിക്കും – പ്രേമം അതെ, ഇന്നും മാറ്റമൊന്നുമില്ലാതെ നിർഗളിക്കുന്ന ലിംഗഭേദമില്ലാത്ത ഒറ്റവികാരം.
ജീവിതത്തിൽ റീടേക്കുകളില്ല സ്‌മരണകളിൽ ഭൂഷിതയായി നില്‌ക്കുന്ന യഥാർത്ഥങ്ങൾ മാത്രമാണ് നമ്മളിൽ ശേഷിക്കുന്നത്. അത് മുറിപെടുത്തുന്നതാകാം മധുരം നിറയ്‌ക്കുന്നതാകാം ചിലപ്പോൾ രണ്ടും ചാലിക്കുന്നൊരു അനുഭൂതി. അനുഭവങ്ങളെ എരിയുന്നൊരു അടുപ്പായി സങ്കൽപ്പിച്ചാൽ അതിലെരിയുന്ന ഒരു വിറകാകുകയില്ലെ പ്രണയം? വികാരത്താലാളുന്ന വികാര പ്രപഞ്ചമാകുകയില്ലേ പ്രേമം.
പ്രണയം ചിലർക്കൂർജമാകും അതവരെ ഉദ്ദീപിപ്പിക്കും. സർഗശേഷികളെ തട്ടിയുണർത്തും തന്റെ കലാസൃഷ്‌ടി അല്ലെങ്കിൽ തന്നിലെ ഉയർച്ചയെ ലോകം അഭിനന്ദിക്കുന്നത് കണ്ട് “കാമിനി – കാമുകൻ” സന്തോഷിക്കട്ടെ എന്നു ചിന്തിക്കും. പക്ഷെ പ്രണയം ഒരിക്കലും “കീടനാശിയാകരുത് മറിച്ച് ജൈവവളമാകണം.” കണ്ടെത്തിയ സ്‌നേഹം സത്യവും ശുദ്ധവുമാണത്, അതിനു നാശമില്ലാന്നും എത്രകാലം കഴിഞ്ഞാലും അത് അതുപോലെ തന്നെ സുഗ്രഹമായി തന്നിൽ നിലകൊള്ളുമെന്നും വിശ്വസിക്കണം. എങ്കിലത് ആത്‌മാർത്ഥതയുടെ ആവിഷ്‌ക്കാരമായിരിക്കും.
സ്‌നേഹം ശക്തിയാണ്. പ്രേരണയാണ് ഒന്നിനെ കൂടുതൽ മെച്ചപ്പെട്ട മറ്റൊന്നായി അതു മാറ്റിയെടുക്കുന്നു. സ്‌നേഹത്തിനു നാനാർത്ഥങ്ങൾ ഒന്നുമില്ല അതിനു വേറെ കാര്യവും കാരണവുമില്ല. സ്‌നേഹമെന്നാൽ സ്‌നേഹമെന്നു തന്നെ. പ്രണയനികൾക്കു പരസ്‌പരം നോക്കിക്കാണാനാണു വിധിയെങ്കിൽ തമ്മിൽ ചേരാനുള്ള ഉത്‌ക്കടമായ ദാഹം ഉടലെടുക്കും എങ്കിലും ഒരാളും സ്‌നേഹത്തിന്റെ പേരിൽ താതാങ്ങളിലെ മാർഗ്ഗം വിട്ടുപോകാൻ പ്രേരിപ്പിക്കുകയില്ല. ഫലത്തിൽ പ്രേമം ലക്ഷ്യപ്രാപ്‌തിയിൽ ആർക്കും തടസ്സമായി നല്‌ക്കുകയില്ല. അഥവ അങ്ങിനെ സംഭവിച്ചാൽ ആ സ്‌നേഹം യഥാർത്ഥമല്ല. ഒരുവിധത്തിൽ പറഞ്ഞാൽ അതിൽ പ്രകൃതിയുടെ ചൈതന്യം സ്‌ഫുരിക്കുന്നില്ല എന്നു തന്നെ.
പ്രേമത്തിന്റെ സാഹസികതകൾ വേണ്ടാത്ത സൗഹൃദങ്ങൾ നമുക്കിടയിലുണ്ട്. ഇതൊരു തരം ആശ്വാസമാണ് ഒന്നുമല്ലെങ്കിലും അവൻ – അവൾ ഒരുകാലത്തെന്നെ ആ വിധം സ്‌നേഹിച്ചിരുന്നല്ലോ എന്ന ഓർമ്മപ്പെടുത്തൽ.
പ്രണയത്തിലേക്കു നീങ്ങണമെങ്കിൽ പല സൂത്രവാക്യങ്ങളും ഉപയോഗിക്കേണ്ടതായി വരുന്നു അവ കൃത്രിമവും ദുർബലവുമാണ് പെട്ടെന്ന് ഉടഞ്ഞുപോകുന്നവ. ആഴത്തിലുള്ള ഇഷ്‌ടം എന്ന നിലയ്‌ക്കു പ്രണയം നിമിഷനേരത്തേക്കുള്ള പ്രതിഭാസമല്ല വളരെ സോഫ്‌റ്റായ എളുപ്പമുള്ള ഇടപാടുമല്ല.
മനസ്സ് നിറയെ സ്‌നേഹമുള്ളവർക്കെ നഷ്‌ടപ്രണയം ആസ്വദിക്കാൻ പറ്റു നഷ്‌ടപ്രണയം തന്നെയാണ് യഥാർത്ഥ പ്രണയം. എങ്കിലും മനോഹരമായ നിലാവും നിലാവ് പരന്നൊഴുകുന്ന പിൻകാലജീവിതത്തിലെ ഏകാന്തരാവുകളും ഇവർക്കു നഷ്‌ടമാകുന്നില്ലേ?
ഓരോ പ്രേമത്തിന്റെയും ഉന്മാദവും നൈരാശ്യവും ആഴമേറിയ കാവ്യാവിഷ്‌ക്കാരമായി കാലത്തിനുമീതെ ഉയർന്നു പറക്കുന്നില്ലേ“?
കാവ്യഭംഗിയിൽ ഭക്തിയേയും പ്രേമത്തേയും വേർതിരിക്കുക എളുപ്പമല്ല. വാക്കുകളിലെ സ്വരവും വ്യനാസവും പദാനുപദം ഇമ്പമുള്ളതായി അതു തീരുന്നു. ഭക്തിയോടുള്ള മനോവൃതി തന്നെയാണ് പ്രേമലോലമാകുമ്പോൾ മനസ്സിൽ തന്നീഭവിക്കുന്നത്. ലോസാഹിത്യത്തിലെങ്ങും നഷ്‌ടപ്രണയമാണ് അനശ്വരമെന്ന് പറയുന്നത്. ചരിത്രത്തിലെ പ്രണയ ജോടികളിൽ നിഴലിക്കുന്നതും നഷ്‌ടപ്രണയത്തിന്റെ ഈരടികളാണ്.
കാലവിവർത്തികളായ എല്ലാപ്രേമകഥകളും ദുരന്തകഥകൾ ആണ്. മുത്തശികഥകളിലെ നായിക നായകൻമാർ മാത്രമാണ് ”അനന്തരം സസുഖം വാഴുന്നതും പെറ്റുപെരുകുന്നതും.“ സ്‌നേഹം തേടുന്ന വഴിയെ വരണമെന്നില്ല പിന്നയോ? നമുക്ക് പൂക്കളെ നോക്കി പഠിക്കാം അവ നമ്മെ സ്‌നേഹിക്കാൻ പഠിപ്പിക്കും. കാരണം സ്വയം ശോഭിക്കാൻ അവർക്കു കഴിയും ആകർഷണത പിടിച്ചുപറ്റാൻ സുഗന്ധം പരത്തും. അതുപോലെ എല്ലാവരും അവനവന്റെ മനോദർപ്പണം പോലെ സ്വയം പ്രകാശിക്കണം സ്‌നേഹമെന്ന സൗന്ദര്യം വിടർത്തണം എന്തെന്നാൽ നമ്മളിൽ അന്തർലീനമായികിടക്കുന്ന വിലമതിക്കാനാകാത്ത തീർത്തും സാധാരണമെന്നമട്ടിൽ തുറന്നു കാട്ടാൻ സാധിക്കുന്നതൊന്നുണ്ടെങ്കിൽ അത് സ്‌നേഹം മാത്രമാണ്. അതിലാകൃഷ്‌ടമായി വരുന്ന ഭ്രമരങ്ങൾ ആണ് ചുറ്റുമുള്ളവർ. ഇങ്ങനെ സ്വന്തം നില ഉയർത്താൻ ശ്രമിക്കുമ്പോൾ ഉയരുന്നത് നമ്മൾ മാത്രമല്ല നമ്മളാൽ ആകൃഷ്‌ടരാകുന്നവർ കൂടിയാണ്. ഇവിടെയാണ് പ്രകൃതി കനിഞ്ഞു നല്‌കിയ പ്രേമം എന്ന വരപ്രസാദം ഒളിഞ്ഞിരിക്കുന്നത്. കളങ്കമേശാത്ത നിർമ്മലതയുടെ മാസ്‌മരവലയം കളപുരാരവം ഉതിർക്കുന്നത്.
”ആ വിശുദ്ധമാം മുഗ്‌ധപുഷ്‌പത്തെ
കണ്ടില്ലങ്കിൽ!
ആവിധം പരസ്‌പരം സ്‌നേഹിക്കാതിരുന്നെങ്കിൽ“
പ്രണയത്തെ ഉദാത്തമാക്കി തീർത്തകവിഭാവന പ്രണയം കവിതകളിൽ മാധുര്യവും സത്തസൗന്ദര്യവും സൗഭാഗ്യങ്ങളും തേൻതുള്ളിപോലെ വർണ്ണ സൗരഭ്യമായി ഇതളുകളായി നിറക്കാൻ കഴിയുന്നവ ഒപ്പം സ്വയമെരിയുന്ന വികാരാഗ്‌നിക്കു പാത്രമായി അതു കാവ്യാവിഷ്‌ക്കരമാക്കാനും കഴിയുന്നു. മാഞ്ഞുപോകുന്ന ചന്ദ്രകലപോലെ ജീവിതത്തെ അപ്രത്യക്ഷമാക്കുന്ന വേദനകളെ ഇതിൽ നിറയ്‌ക്കാൻ സാധിക്കുന്നു. ഇവിടെ വീണുപോയവർക്ക് ആഴങ്ങളിലേക്കുള്ള വഴിയറിയാം കരയറിയില്ല.
ഇതിനെ ഒരു കാലഘട്ടമെന്ന് വിളിക്കാമോ?
കൊഴിഞ്ഞുപോയ ഏതൊ ഒരു പുലരിയെന്നു പറയാമോ?
അറിയില്ല!
സ്‌നേഹം തേടിയലഞ്ഞിട്ടും കാര്യമില്ല ഹൃദയത്തിലാഴത്തിലേക്കു പോകണം ഉള്ളിലെ ആനന്ദം കണ്ടെത്തണം. നിരർത്ഥകമായി തീർന്നെക്കാവുന്ന ജീവിതത്തെ അർത്ഥപൂർണതയിലേക്കു നയിക്കുകയാണ് പ്രേമം ചെയ്യുന്നത്. ദിനംപ്രതി ഒരാളോട് പരിചയം പുലർത്താൻ സാധിച്ചാലെ അത് പ്രണയമായി പരിണമിക്കു, ഇരുവരും ഏറ്റവും നന്നായി മനസ്സിലാക്കി ”അവനെ അവളെ പ്രതി പ്രേമം“ ഉണ്ടായിരിക്കുകയും വേണം.
Generated from archived content: essay1_apr5_10.html Author: binu_m_devasya
Click this button or press Ctrl+G to toggle between Malayalam and English