സംരക്ഷിത സ്മാരകങ്ങൾ

ഏതോ ഒരു വലിയ ദുരന്തത്തിന്റെ സ്‌മാരകമെന്നപോലെ സദാ സജലങ്ങളായിരുന്നു അവളുടെ കണ്ണുകൾ. ആ കണ്ണുകളിൽ ഊറിക്കൂടുന്ന കാർമേഘങ്ങളെ നോക്കി അവനിരുന്നു. ആ കണ്ണുകളിൽനിന്ന്‌ എങ്ങനെ ഒരു പുതിയ കഥ വികസിപ്പിച്ചെടുക്കാമെന്നാണ്‌ അവൻ ചിന്തിച്ചത്‌. അവളാകട്ടെ, വരണ്ട പാടത്തിന്റെ വിളളലുകളിൽ നോക്കി നെടുവീർപ്പിട്ടു.

“എന്തേ നീയാലോചിക്കുന്നത്‌?” മടുപ്പോടെ അവൻ ചോദിച്ചു.

“ഒരു കുരുക്ക്‌…. കഴുത്തിനു ചുറ്റും മുറുകിമുറുകി വരുന്ന ഒരു കുരുക്ക്‌. അതെനിയ്‌ക്കു കാണാൻ പറ്റണ്‌ണ്ട്‌.” ദൈന്യത കലർന്ന ഭയപ്പാടോടെയായിരുന്നു അവളുടെയുത്തരം.

“വിഡ്‌ഢിത്തം പറയാതെ.” അവനു ദേഷ്യം വന്നുതുടങ്ങിയിരുന്നു. ഈ ഭ്രാന്തിപ്പെണ്ണിനോടു സംസാരിച്ചാൽ ദേഷ്യം വന്നില്ലെങ്കിലെ അത്ഭുതമുളളൂ. സിൽവീന പക്ഷെ നിസ്സഹായയായിരുന്നു. അവളുടെ മനസ്സിൽ ഒരു കുരുക്കായിരുന്നു. ഇടയ്‌ക്കിടെ വലുതാവുകയും ചെറുതാവുകയും ചെയ്യുന്ന ഒരു കുരുക്ക്‌. ആ കുരുക്കിൽ നിന്നിറ്റുവീഴുന്ന ചോര നിലത്ത്‌ കെട്ടിക്കിടക്കുന്നു. പിന്നെ ചാലുകളായി നീളുന്ന ചുവപ്പ്‌ അവളുടെ സ്വപ്‌നങ്ങളിലേയ്‌ക്കും ജീവിതത്തിലേയ്‌ക്കും പകരുന്നു. ആ ചുവപ്പ്‌ അതിരുകൾ ലംഘിച്ചു തുടങ്ങിയപ്പോൾ അവളെഴുന്നേറ്റു.

“എനിക്കു വയ്യ, ജെയിംസ്‌… ഞാൻ പോണു. ഫാദറിനെ കാണണം.” നിസ്സഹായമായ മടുപ്പിൽനിന്ന്‌ ഒറ്റപ്പെടലിലേക്ക്‌ ജെയിംസിനെ തളളിയിട്ട്‌ സിൽവീന നടന്നു.

അൾത്താരയ്‌ക്കുമുന്നിൽ, ക്രൂശിതരൂപത്തിനു മുമ്പിൽ മുട്ടുകുത്തിനിൽക്കുമ്പോൾ സിൽവീനയ്‌ക്ക്‌ വെറുതെ കരയണമെന്നു തോന്നി. വെറുതെ ചിരിക്കണമെന്നും. കുരിശുമരണങ്ങൾ മനസ്സിലേറ്റു വാങ്ങുമ്പോൾ സിൽവീന അപ്പനെയോർത്തു.

“എന്തിനായിരുന്നു, അപ്പൻ…?” കട്ടിക്കണ്ണടയ്‌ക്കുളളിലെ തറച്ച നോട്ടവും പരുഷശബ്‌ദത്തിനുളളിലെ കനത്ത ആജ്ഞകളും കറുത്ത ചുണ്ടുകൾക്കിടയിലെ ബീഡിപ്പുകയുമാണ്‌ ആ ജന്മം സിൽവീനയുടെ ഓർമ്മകളിലവശേഷിപ്പിക്കുന്നത്‌. മമ്മ കരഞ്ഞു, അപ്പനുളള കാലം മുഴുവൻ; “എന്റെ തലേവര..!” മമ്മ കരയുന്നു, ഇപ്പഴും ‘എന്റെ തലേവര… മായ്‌ച്ചാ മാറില്ല്യാലോ..!’ ഒരു തുണ്ടു കയറിനടിയിൽക്കിടന്ന്‌ അപ്പൻ പിടഞ്ഞപ്പോഴും മമ്മ പഴിച്ചത്‌ തലേവരയെത്തന്നെയായിരുന്നു. പക്ഷെ… എന്തിനായിരുന്നു, അപ്പൻ? സിൽവീനയുടെ മനസ്സിലുണർന്നത്‌ പിന്നെയും ചോദ്യചിഹ്‌നങ്ങളാണ്‌. ഉത്തരങ്ങൾക്കായി അവളുഴറി. ഒരുപക്ഷെ, തന്റെ അറിവുകൾക്കു മുകളിൽ പുതിയ തിരിച്ചറിവുകളുണ്ടായപ്പോഴായിരിക്കണം, സ്‌നേഹവും സഹതാപവും താങ്ങാവുന്നതിനുമപ്പുറമായപ്പോഴായിരിക്കണം അപ്പനും പോയത്‌. താൻ തന്നെ കണ്ടെത്തിയ ഉത്തരങ്ങളിലെ ശരിയറിയാതെ കുഴങ്ങി, സിൽവീന. പെട്ടെന്നെന്തുകൊണ്ടോ സിൽവീന ഗായത്രി വരച്ച ചിത്രത്തെക്കുറിച്ചോർത്തു.

മുൾക്കാടുകൾക്കിടയിൽ കുരുങ്ങി, നെറുകയിൽ മുൾക്കിരീടം ചൂടി ചോരവാർന്നു കിടക്കുന്ന കന്യാമറിയം! പാതി നഗ്നയായ മറിയത്തിന്റെ മുലഞ്ഞെട്ടുകളിൽനിന്ന്‌ രക്തമൊഴുകുന്നു. ആ ഓർമ്മയിൽ സിൽവീന ഞെട്ടിവിറച്ചു. ഗായത്രിക്കുവേണ്ടി പ്രാർത്ഥിച്ചു. ‘ഗായത്രി… നീ സ്‌നേഹിക്കുന്നവൻ, നിന്റെ ശിവൻ നിന്നെയും സ്‌നേഹിക്കട്ടെ. നിന്നെമാത്രം സ്‌നേഹിക്കട്ടെ. സലിം…. എന്നോടു ക്ഷമിക്കൂ…നിങ്ങളെക്കാൾ ഞാൻ ഗായത്രിയെ സ്‌നേഹിക്കുന്നു. നിങ്ങളവളെ സ്‌നേഹിക്കുന്നെങ്കിൽ അവളുടെ സ്‌നേഹം അവൾക്കു തിരികെ കിട്ടാൻ പ്രാർത്ഥിക്കൂ..’ പ്രാർത്ഥനകളെ ക്രൂശിയ്‌ക്കപ്പെടുന്നവനെറിഞ്ഞു കൊടുത്ത്‌ സിൽവീന എണീറ്റു. ഫാദറിനെ കാണണം. വെറുതെ പുകയുന്ന ധൂപക്കൂട്ടുകൾക്കിടയിലും നിർത്താതെ കത്തുന്നൊരു മെഴുകുതിരിയായി, ഫാദർ! ഒരാശ്രയത്തിനെന്നോണം സിൽവീന ഫാദറിനെ തിരഞ്ഞു. ആരുടെയോ കുമ്പസാര രഹസ്യങ്ങൾക്കായി കാതോർക്കുകയാണ്‌ ഫാദർ.

‘ഫാദർ…. അങ്ങെങ്ങിനെ ഈ കുമ്പസാര രഹസ്യങ്ങളുടെ ചുമടും പേറി നടക്കുന്നു? പ്രിയപ്പെട്ടവരുടെ കൊച്ചുകൊച്ചു കുമ്പസാരങ്ങൾപോലും താങ്ങാനെനിയ്‌ക്കു കഴിയുന്നില്ലല്ലോ…!’

“ഞാൻ ചെയ്യുന്നതു തെറ്റാണോ, സിൽവീന? അമ്മ, അനിയത്തിമാർ… ഒക്കെയോർമ്മേണ്ട്‌. ന്നാലും, ശിവനെ ഞാൻ…”

“എന്നും സ്‌നേഹിച്ചവരെല്ലാം എന്നെ വിട്ടുപോയി. ഇപ്പഴിതാ…ഇനി ഞാൻ..?”

“സിൽവീന, എളേപ്പനെന്നെ…! നിയ്‌ക്കു വയ്യ.. എന്തു തെറ്റുചെയ്‌തിട്ടാ ഞാൻ? പാവം എന്റമ്മ.”

“അച്ഛനിപ്പഴും ഒരു മാറ്റോല്ല്യ. ഇങ്ങനെപോയാൽ ഞങ്ങളെങ്ങനെ ജീവിക്കും സിൽവീന?”

“സിൽവീ… ഒരുപക്ഷെ തെറ്റായിരിക്കാം ഞാൻ ചെയ്യുന്നത്‌. പക്ഷെ ആഗ്രഹിക്കുന്ന പുരുഷന്റെ സ്‌നേഹം പലപ്പോഴും നമ്മളെ വിധേയരാക്കില്ലേടീ…”

“വാപ്പ ന്റെ നിക്കാഹു നടത്താമ്പോണു. സിൽവീനാ, ഒരു വാക്കുപോലും ചോദിച്ചില്ല,ന്നോട്‌. ഞായെന്താ ചിയ്യാ?”

“മതി.. മതി.. നിർത്തൂ.” സിൽവീന അലറി. ‘ഇതിൽ കൂടുതൽ താങ്ങാൻ വയ്യ. നിങ്ങളാരും തെറ്റല്ല. എല്ലാം ശരി.. എല്ലാവരും ശരി… എല്ലാ ശരികൾക്കുമിടയിലെ ഒരു വലിയ തെറ്റ്‌, ഈ സിൽവീന.“

തെറ്റും ശരിയും തമ്മിലുളള ബന്ധമോർത്തുകൊണ്ട്‌ ഫാദറിനെ കാണാൻ നിൽക്കാതെ സിൽവീന പുറത്തേയ്‌ക്കിറങ്ങി. മുൻകൂട്ടി തീരുമാനിച്ചിരുന്നില്ലെങ്കിലും വഴിയിലെ പുസ്‌തകശാലയിലേക്കു കയറി അവൾ. ചില്ലുവാതിൽക്കൽ രജനീഷിന്റെ മുഖം. ’പുതിയ പുസ്‌തകത്തിന്റെ പരസ്യമായിരിക്കണം. നരച്ചുനീണ്ട താടി.. തിളങ്ങുന്ന കണ്ണുകൾ…ആ ചിത്രങ്ങൾ സിൽവീനയെ ഋഷിയെ ഓർമ്മിപ്പിച്ചു. രജനീഷിന്റെ പുസ്‌തകങ്ങൾ സിൽവീനയ്‌ക്കു പരിചയപ്പെടുത്തിയത്‌ ഋഷിയായിരുന്നല്ലോ. പിന്നെന്തോ അവൾ ‘ശൂന്യതയുടെ പുസ്‌തക’ത്താളിൽ ‘ഇരുൾ പൂണ്ട വഴികളിലെവിടെയോ വച്ചു വീണുകിട്ടിയ കുഞ്ഞനിയത്തിയ്‌ക്ക്‌ …” എന്നു സൗഹൃദം വച്ചുനീട്ടിയ പാർത്ഥേട്ടനെയോർത്തു. എല്ലാ നന്മകളും ഒരിക്കലസ്തമിക്കുമെന്ന്‌ അവളെ പഠിപ്പിച്ച പാർത്ഥേട്ടൻ! അസ്തമനങ്ങളെ സ്‌നേഹിച്ച പാർത്ഥേട്ടനു പിറകെ “മരണം ഒരു കലയാണു സിൽവീനാ…”യെന്നു പ്ലാത്തിനെ ഉദ്ധരിച്ചു കടന്നുപോയ യദുവിനെയോർത്തു. “ഏറ്റവും വലിയ നുണയാണു സിൽവീനാ, സ്‌നേഹം!’ എന്നു മുന്നറിയിപ്പു തരാറുളള നിഷിജയെയോർത്തു. പിന്നെ, ”കണക്കിൽ കവിതയുണ്ടെന്നും കവിതയിൽ കണക്കുണ്ടെ‘ന്നും പറയുന്ന മാഷിനെയും! ഓർമ്മകളെ യഥേഷ്‌ടം മേയാനനുവദിച്ചുകൊണ്ട്‌ സിൽവീന ബുക്ക്‌സ്‌റ്റാളിന്റെ പടികളിറങ്ങി.

“ഒന്നും വാങ്ങുന്നില്ലേ, സിൽവീനാ..?” പിറകിൽ, കാമം കത്തുന്ന കണ്ണുകളുമായി അയാൾ….നരൻ! എന്തുകൊണ്ടോ സിൽവീനയ്‌ക്ക്‌ അയാളോട്‌ ദേഷ്യമൊന്നും തോന്നിയില്ല. മാത്രോല്ല, അന്നാദ്യമായി സിൽവീന അയാളോട്‌ പുഞ്ചിരിയ്‌ക്കകൂടി ചെയ്‌തു. ചോദ്യത്തിനു മറുപടിയായി ഇല്ലെന്നു ചെറുതായി തലയനക്കി നടന്നു അവൾ. പിന്നെ പെട്ടെന്ന്‌ തിരിഞ്ഞ്‌ അയാൾക്കരികിലേക്കു നീങ്ങിനിന്ന്‌ ആ കണ്ണുകളിലേയ്‌ക്കുറ്റുനോക്കി ചോദിച്ചു. “ശൂന്യതയുടെ പുസ്‌തകമുണ്ടോ?” ഉത്തരത്തിനു ചെവി കൊടുക്കാതെ അവൾ വീണ്ടും നടന്നു.

ഓർമ്മകളുടെ മുൾക്കാടുകൾക്കിടയിലൂടെ കിനാവിലെന്നവണ്ണം നടക്കുമ്പോൾ സിൽവീന തന്റെ ബന്ധങ്ങളെക്കുറിച്ചോർത്തു. വിചിത്ര ബന്ധങ്ങൾ…“നിന്റെ റിലേഷൻസിനെക്കുറിച്ചോർക്കുമ്പോൾ എനിക്കൊരെത്തും പിടിയും കിട്ടുന്നില്ലെ’ന്ന്‌ വേവലാതിപ്പെടുമായിരുന്നു മമ്മയെപ്പോഴും. പാവം മമ്മ! അപ്പന്റെ ദേഷ്യവും തന്റെ ദൈന്യതയും എന്നും മമ്മയെ തളർത്തി. സമാന്തരരേഖകൾക്കിടയിൽ ഞെരുങ്ങി, വീർപ്പുമുട്ടി വല്ലപ്പോഴും പൊട്ടിത്തെറിയ്‌ക്കുന്ന മമ്മയുടെ മുമ്പിൽ നിറഞ്ഞ കണ്ണുകളും വിറയ്‌ക്കുന്ന ചുണ്ടുകളുമായി മുഖം കുനിച്ചിരിക്കുമ്പോൾ മമ്മയും തന്നെ വെറുത്തുതുടങ്ങിയോ എന്ന്‌ സിൽവീന ഭയക്കാറുണ്ടായിരുന്നു. മമ്മയാകട്ടെ, വല്ലായ്‌മകളിൽ കിടന്നുഴറി. തനിക്കു വീണുകിട്ടിയ ജീവിതവും അപ്പന്റെ ഭാവം മാറുന്ന വേഷങ്ങളും സിൽവീനയുടെ രോഗവും, തനിക്കൊരിക്കലും പിടികിട്ടാത്ത ബന്ധങ്ങളുമെല്ലാം തന്റെ എണ്ണമറ്റ തലേവരകളിലുൾപ്പെടുത്തി ചുമന്നു.

ഓർക്കുമ്പോൾ സിൽവീനയ്‌ക്കുതന്നെ ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ഒന്നുമാത്രം മനസ്സിലായി. താനൊറ്റയ്‌ക്കാണെന്ന്‌! ”ഈ ലോകത്ത്‌ ആത്യന്തികമായി ഒരു സത്യം മാത്രമേയുളളു… അത്‌ എല്ലാ മനുഷ്യരും ഒറ്റയ്‌ക്കാണ്‌ എന്നതാണ്‌“ എന്ന്‌ എന്നോ എവിടെയോ വായിച്ചതോർത്തു അവൾ. മനസ്സു തുരുമ്പെടുക്കുമ്പോഴും അകൽച്ചകളെ അംഗീകരിക്കാൻ ശ്രമിച്ചു, അവൾ. ഒപ്പം, അടുപ്പങ്ങളായിരിക്കണം അകലങ്ങൾ സൃഷ്‌ടിക്കുന്നതെന്നു വിശ്വസിക്കാനും മമ്മ പറയുന്നപോലെ തലേവരയെന്നാശ്വാസിക്കാനും!

തിരിച്ചറിവിന്റെ നോവുകളും ഒരുപാടു സന്തോഷവും നാളെകളിലേയ്‌ക്കൊരുപിടി ഉപദേശങ്ങളും ഒരു ജന്മസൗഹൃദത്തിന്റെ സ്‌നേഹവും ചുരുങ്ങിയ നാളുകളിലൊതുക്കി അവൾക്കു സമ്മാനിച്ച്‌ ഒരു പുതിയ ലോകത്തേയ്‌ക്കു പറന്നുപോയി, യദു… ഒരേട്ടന്റെ വാത്സല്യവും സുരക്ഷിതത്വത്തിന്റെ ചൂടും തന്നു പൊതിഞ്ഞുപിടിച്ച്‌ പെട്ടെന്നൊരുനാൾ യാത്രപോലും പറയാതെ അകലങ്ങളിൽ ചെന്നസ്തമിച്ചു, പാർത്ഥേട്ടൻ. ആർക്കും പിടികൊടുക്കാതെ, എല്ലാവരെയും വിഡ്‌ഢികളാക്കിക്കൊണ്ട്‌ ഇവർ നടന്നുപോയ വഴിയിലൂടെതന്നെ അപ്പനും! ഇന്ന്‌, ”എനിക്ക്‌ എന്റേതായ പ്രശ്‌നങ്ങളും സ്വകാര്യതകളുമുണ്ട്‌. നീ അതിലിടപെടണ്ടാ..“ എന്നു പൊട്ടിത്തെറിച്ച്‌ നിഷിജ. ”നിനക്കു മനസ്സിലാവില്ല, സിൽവീനാ… എന്റെ വിഷമങ്ങൾ… എന്നെ തനിച്ചു വിടൂ.“ യെന്നു ഗായത്രി. ”വലിയ തിരക്കാണു, സിൽവീന.. ഒട്ടും സമയമില്ലെ‘ന്നു സലിം.

“സിൽവീനാ… ഞങ്ങൾക്കു ഞങ്ങളുടേതായ തിരക്കുകളും കാര്യങ്ങളുമുണ്ട്‌. വെറുതെ സില്ലി സൗഹൃദങ്ങൾക്കായി ചെലവാക്കാൻ ഞങ്ങൾക്കു സമയമില്ല.”

“സിൽവീനാ.. സ്വന്തം പ്രശ്‌നങ്ങൾ തന്നെ പരിഹരിക്കാനാവുന്നില്ല. അതിനിടയിൽ നീയിങ്ങനെ..”

ആവർത്തനം… വയ്യ… ഇനി വയ്യ…

“മൗനികൾ അനാഥരാവുകയാണോ അതോ അനാഥർ മൗനികളാവുകയാണോ’യെന്ന സിൽവീനയുടെ ചോദ്യത്തിന്‌ ”ഭ്രാന്തു പറയല്ലേ, കുട്ടീ…“യെന്ന മാഷിന്റെ വാക്കുകൾ അവളെ വല്ലാതെ പൊളളിച്ചു. ‘പ്രതീക്ഷകളെ തെറ്റിച്ചും പ്രതീക്ഷിക്കാത്തിടത്തു കടന്നുചെന്നും ഞാനെന്റെ സാന്നിദ്ധ്യമറിയിച്ചോട്ടെ’യെന്നു കേണ സിൽവീനയോട്‌ ”എന്റെ പ്രതീക്ഷകൾക്കുമൊക്കെ എത്രയോ അപ്പുറത്താണല്ലോ, കുട്ടീ… എന്നും നിന്റെ പ്രവൃത്തികൾ“ എന്നു ഫാദർ ആശ്ചര്യപ്പെട്ടത്‌ അവളെ കൂടുതൽ തളർത്തി. ഒരഗാധ ഗർത്തത്തിന്റെ അരികുപറ്റിയായിരുന്നു സിൽവീനയുടെ യാത്ര. ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത അപ്പനും, എന്നും നിസ്സഹായയായിരുന്ന മമ്മയ്‌ക്കും നടുവിൽ എന്തുചെയ്യണമെന്നറിയാതെ പതറിയിരിക്കയായിരുന്നതുകൊണ്ടാവണം അവളൊന്നുമറിഞ്ഞില്ല. എന്നാലിന്ന്‌, അവളറിയുന്നുണ്ട്‌ താനിവിടെ തനിച്ച്‌ വഴി തടയപ്പെട്ട്‌…. താഴ്‌വരകൾക്കുമീതെ ഒറ്റപ്പെട്ടിടറി നിൽക്കുന്നൊരു മുനമ്പിൽ… ആ ബോധം ഉളളിലാഴത്തിൽ തറഞ്ഞുകയറിയപ്പോൾ വീണുപോയ പാഴ്‌വാക്കുകൾക്കു മറുപടിയായി പരിഹാസത്തിന്റെ ആദ്യത്തെ അമ്പെയ്തത്‌ ഋഷി.. ”ദേ.. സിൽവീന സാഹിത്യം പറയുന്നു. സിൽവീനാ, നീയൊരു കഥയെഴുതിനോക്ക്‌ ഉഗ്രനാവും. പ്രസിദ്ധീകരിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു.“ നൂറ്റാണ്ടുകളുടെ അകലത്തിലേയ്‌ക്കവളെ വലിച്ചെറിഞ്ഞുകൊണ്ട്‌ ആ അമ്പ്‌ അവളുടെയുളളിൽ ഒരിക്കലുമുണക്കാത്ത ആഴത്തിലേക്കു തുളഞ്ഞുകയറി. ഒടുവിൽ, അർത്ഥമില്ലാത്ത കുറെ ശേഷിപ്പുകൾ മാത്രം ബാക്കിയാകുമ്പോൾ മുന്നിലൊരു മുഖം മാത്രം… ജെയിംസ്‌! ”ജീവിതം ഒരഡ്‌ജസ്‌റ്റ്‌മെന്റാണു, സിൽവീനാ… നിനക്കിപ്പോൾ ആവശ്യം ഒരു കൂട്ടാണ്‌“ എന്നുപറഞ്ഞ്‌ മമ്മ അവൾക്കായി കണ്ടെത്തിയ വരൻ. സ്‌നേഹത്തിന്റെ നിറമുളള ജെയിംസിന്റെ കഥകളെയിഷ്‌ടപ്പെട്ടു സിൽവീനയെന്നും.

പക്ഷെ, ഒരിക്കലുമുൾക്കൊളളാനാവാത്ത ദൂരത്തിനുമപ്പുറം നിന്ന്‌ ”ബി പ്രാക്‌ടിക്കൽ സിൽവീനാ.. നിസ്വാർത്ഥ സ്‌നേഹമെന്നൊക്കെ പറയുന്നത്‌ കഥകളിൽ മാത്രാണ്‌. നീയിപ്പോഴും ഭാവനയുടെ ലോകത്താണുളളത്‌. സത്യമതൊന്നുമല്ല. നമ്മൾ ജീവിക്കുന്നതു ഹൈ-ടെക്‌ യുഗത്തിലല്ലേ..“യെന്നുപദേശിക്കുന്ന ജെയിംസിനെ സിൽവീനയ്‌ക്കെങ്ങനെയാണുൾക്കൊളളാനാവുക? ജീവിതം നുണയും സ്‌നേഹം പൊളളത്തരവുമാവുന്ന കാലത്തും കുറെ നഷ്‌ടങ്ങളുടെ ഭാരിച്ച ചുമടുമായി തകർന്നുനിൽക്കുന്ന സിൽവീനയെ എങ്ങനെയാണ്‌ ജെയിംസിനുൾക്കൊളളാൻ കഴിയുക? ഇല്ല.. ഇല്ല…

കുറെയധികം ചോദ്യചിഹ്നങ്ങൾക്കും കുരുക്കുകൾക്കുമിടയിൽ എത്ര ശ്രമിച്ചിട്ടും ശ്രുതി ചേർക്കാനാവാത്ത വയലിൻപോലെ പിടയുന്ന മനസ്സ്‌. ഓർമ്മകളുടെ തൂണുകളെല്ലാം ചിതലരിക്കുമ്പോൾ കാൽച്ചുവട്ടിൽനിന്ന്‌ മണ്ണ്‌ തെന്നിമാറുന്നു. തന്റെയീ ഇത്തിരി സ്വർഗ്ഗത്തിനു താഴെ അത്യഗാധമായ വിശാലഭൂമിക… സ്വപ്‌നങ്ങളും പ്രതീക്ഷകളുമില്ല… ചുറ്റിലും മണൽത്തരികൾ മാത്രം! അടുക്കിപ്പിടിക്കാൻ ശ്രമിക്കുന്തോറും അകന്നുപോകുന്ന ബന്ധങ്ങൾ… ചേർന്നു നിൽക്കാൻ ശ്രമിക്കുന്തോറും ഊർന്നുപോകുന്ന സ്‌നേഹങ്ങൾ… അവശേഷിക്കുന്നത്‌ പിന്നെയും കുരുക്കുകൾ മാത്രം. വ്യക്തമായെന്തെന്നു വേർതിരിച്ചെടുക്കാൻ കഴിയാത്ത കുറെയേറെ ഓർമ്മകളുടെ നുറുങ്ങുകളുമായി, ബോധത്തിനും അബോധത്തിനുമിടയിലെ ഒരു നൂൽപ്പാലത്തിലൂടെയാണ്‌ സിൽവീന വീട്ടിൽ ചെന്നുകയറിയത്‌. എല്ലാ തിരിച്ചറിവുകളും വെറും നുണകളാണെന്നും വിശ്വാസങ്ങളെല്ലാം എന്നും അബദ്ധങ്ങളാണെന്നുമുളള പുതിയൊരു തിരിച്ചറിവോടെ സിൽവീന കണ്ടു; പിന്നെയും ചോദ്യങ്ങൾ മാത്രമവശേഷിപ്പിച്ചുകൊണ്ട്‌ വീണ്ടുമൊരു കുരുക്കിനു താഴെ നീറ്റലോടെ പിടഞ്ഞവസാനിക്കുന്ന തലേവരയുടെ കല്ലിപ്പ്‌.

വിലാസംഃ ബിനു ആനമങ്ങാട്‌, എടത്രത്തൊടി വീട്‌, തൂത തപാൽ, മലപ്പുറം ജില്ല – 679 357.

Generated from archived content: story_sep7_05.html Author: binu_anamangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here