സഞ്ചരിയ്ക്കുന്ന ചില കാടുകളെക്കുറിച്ച്…

കാടു കാണാത്ത ചിലര്‍
കാടുകള്‍ കണ്ടു തുടങ്ങുമ്പോള്‍
അവര്‍ക്കു മുന്‍പില്‍
അതു വരെയില്ലാത്ത നനവുകള്‍
മുളപൊട്ടും.
മണ്ണാഴങ്ങളുടെ കരച്ചില്‍
എവിടെപ്പോയാലും
കൂട്ടു വരാന്‍ തുടങ്ങും.
മഴപ്പക്ഷികളും പേരറിയാവളളികളും
നീരുറവകളും
കൈമാടിവിളിയ്ക്കും.
മലയിടുക്കുകളും വിഴുമ്പല്‍പ്പാറകളും
ഉള്ളൊഴുക്കുകളും
അവര്‍ക്കു വഴി മാറിക്കൊടുക്കും.
മാന്തളിരിനെക്കാള്‍ രുചി
ഈ പായല്‍ച്ചവര്‍പ്പിനെന്ന്,
പവിഴ മല്ലി തോല്‍ക്കും
ഈ കാട്ടിലഞ്ഞിക്കെന്ന്,
ഏതു കടലുണ്ട്
ഈ ചോലത്തണുപ്പിനൊപ്പമെന്ന്
മനസ്സു പൂക്കും.
അന്നോളം കരിന്തിരി കത്തിയ
എണ്ണവിളക്കുകള്‍
തെളിഞ്ഞു കത്തും.
പച്ചക്കറുപ്പിന്റെ നിഗൂഢ വനങ്ങള്‍
പിന്നെപ്പിന്നെ
അവര്‍ സ്വയം കണ്ടെത്തും.
ഇല പൊഴിഞ്ഞാലും വേനല്‍ കരിഞ്ഞാലും
പേമാരി പൊട്ടിയാലും
കാടെന്നും കാടുതന്നെയെന്ന പ്രത്യയ ശാസ്ത്രം
വേരുറക്കും.
നിറം മാറും..
മുഖം മാറും..
ആത്മാവില്‍ കൊത്തി വെച്ച
കാനല്‍പ്പച്ച
ജന്മത്തിലലിയുമ്പോള്‍
അവര്‍ക്കു ചില്ലകള്‍ മുളയ്ക്കും..
ഞരമ്പുകളില്‍ നിന്നു
വളളികള്‍ നീളും..
പാമ്പും കുറുനരിയും
കാക്കത്തൊളളായിരം പക്ഷികളും
ആ കാട്ടിലൊന്നായുറങ്ങും.
എണ്ണവറ്റാത്തൊരഭയക്കാട്
അഞ്ചടിയിലൊളിപ്പിച്ച്
ഒരിളംചിരി
പൂത്തുനില്‍ക്കും.

Generated from archived content: poem6_dec15_14.html Author: binu_anamangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here