ഒരൊറ്റ വരയേ
ഞാന്‍ കാണുന്നുണ്ടായിരുന്നുള്ളൂ.
അല്ല, ത്രിമാനമെന്ന്
അന്നും നിന്റെ തര്‍ക്കം.
ശ്രീലങ്കയിലെ യുദ്ധവാഴ്ചകള്, എ/സി അയ്യപ്പന്,
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കകത്തെ ജാതീയത,
ബീവറെജിനു മുന്പിലെ നീണ്ട നിര
നിന്റെയാശങ്കകള്..
മരപ്പൊത്തിലൊളിപ്പിച്ച കുഞ്ഞു ജീവന്,
ഇടിച്ചു നികത്തിയ കുന്നിന് ചരിവുകള്‍,
വെള്ളം കേറിയ അടുക്കളകള്‍
എന്റെ വ്യാകുലതകള്‍..
എല്ലാം ഒന്നിലേയ്ക്കെന്നു ഞാന്‍!
അല്ല, ഒന്നില്‍ നിന്നെന്നു നീയും!!
സഖാവെ,
നിന്നില്‍ നിന്നു പുറത്തു കടക്കാന്‍
നിന്നെയൊന്നു കുടഞ്ഞെറിയാന്‍
ഞാനലഞ്ഞു തീര്‍ത്ത വഴികള്‍…
മുങ്ങി നിവര്‍ന്ന പുഴകള്‍…
കുടിച്ചു വറ്റിച്ച പൈദാഹങ്ങള്‍..
നീ നീന്താത്ത മനക്കുളങ്ങള്..
നിന്റെ വിയര്‍പ്പലിഞ്ഞ വയല്ക്കുളങ്ങള്..
സാംസ്കാരിക വളര്‍ച്ചയ്ക്കൊപ്പം
നീ മറന്ന ചക്കക്കുരുച്ചോറ്..
നിന്റെ സ്നേഹത്തിന്റെ പഞ്ഞകാലത്ത്
വെളിയില്‍ തീ കൂട്ടിയ അമ്മയടുപ്പ്..
നിന്റെ തിരയിളക്കങ്ങള്‍ കോരിയെടുക്കാന്‍
ഉറവശേഷിയ്ക്കാത്ത മായക്കിണര്..
നീ ചവിട്ടിമെതിച്ച കൊയ്യാപ്പാടങ്ങള്..
പോയാലും പോകാത്ത ചിലത്!
ഒരു കാലത്ത്
ജീവനും ജീവിതവുമായിരുന്ന ‘ദളിതാ‘,…
നിന്റെ തൊലിയുടെ നിറം നോക്കാതെ
നിന്റെ പേരിന്റെ ചേര്ത്തക്ഷരം നോക്കാതെ
ബലിയായവര്‍ ഞാന്‍.
തൂതപ്പുഴയുടെ നനവാഴങ്ങളില് നിന്ന്
നീ കോരിയെടുത്ത
ചെറുകപ്പിലെ ഇലയനക്കത്തില്‍
സ്വാസ്ഥ്യം കണ്ടെത്താല്‍ ശ്രമിച്ച കുഞ്ഞു മീന്‍.
‘വറചട്ടിയില്‍ നിന്നു തീന് മേശയിലേയ്ക്കും
വായിലേയ്ക്കുമുള്ള ദൂര’ത്തിനിടയില്‍
മറന്നു വച്ച എന്റെ സ്വാസ്ഥ്യം
നീ മറന്നേ പോയ വയല്ക്കുളത്തിലെ ചെളിയില്‍
ഇന്നും പുതഞ്ഞു കിടക്കുന്നു!
Generated from archived content: poem3_jan11_14.html Author: binu_anamangad