നിരര്‍ത്ഥകതയുടെ ഊടുവഴികളില്‍ ബാക്കിയാകുന്ന ചില ഒറ്റനേരങ്ങള്‍!

രാവോ പകലോ നട്ടുച്ചയോ,
സമയ ഭേദമില്ലാതെ
ഏതു യോഗത്തിനും
കൃത്യസമയത്തെത്തും അവര്‍.
മുന്‍ നിരയില്‍ കുത്തിയിരിയ്ക്കും
പൊട്ടിവീഴുന്നതെന്നും
പെറുക്കിയെടുക്കാനെന്ന ഭാവത്തില്‍.
കയ്യിലുണ്ടാകും എന്നും
വക്കൊടിഞ്ഞ പഴയ റേഷന്‍ കാര്‍ഡ്.
വിശപ്പിന്റെ ഒരാന്തല്‍
എന്റെ അടിവയറ്റില്‍ നിന്നു തിളച്ചു പൊന്തും
ജീര്‍ണ്ണിച്ച ചിരി കാണുമ്പോള്‍.
പെരുമാറ്റരീതികള്‍ ശീലിയ്ക്കാത്ത ബഹളങ്ങളെ
ശാസിച്ചടക്കി
പറയ് മക്കളേ… യെന്നു തിരികെയെത്തും.
കൊടുക്കുന്നവനും വാങ്ങുന്നവനുമെന്ന ബോധം
അടിച്ചുറപ്പിയ്ക്കുന്ന ഇരിപ്പിടക്രമങ്ങളുടെ
ഉയര്‍ച്ചയും അകലവും
അപ്പോഴും മുഴച്ചു നില്‍ക്കും.
നീട്ടിയെറിഞ്ഞ പ്രതീക്ഷയുടെ ഒരുമുഴം
ചുളി വീണ തൊലിയില്‍ ചേര്‍ത്തുവച്ച്
ചോര്‍ന്നൊലിയ്ക്കുന്ന
ദിവസങ്ങളിലേയ്ക്കു
പ്രാഞ്ചി പ്രാഞ്ചി മടങ്ങിപ്പോകും.
പ്രത്യാശയുടെ പിന്‍ വിളികള്‍
മരണത്തെപ്പോലും മടക്കി അയക്കും.
ഇന്നലത്തെ യോഗം പിരിഞ്ഞപ്പോള്‍
തണുത്തുറച്ച രണ്ടു കൈകള്‍ക്കുള്ളില്‍
എന്റെയുള്ളം വിറച്ചു.
കുഞ്ഞേ,…
തറയില്‍ കെടക്കുന്നോരെയൊക്കെ കട്ടിലിക്കെടത്താനായി
ആരാണ്ടൊക്കെയോ വന്നു…
എങ്ങാണ്ടൊക്കെയോ പോയി.
എന്റെ കുഞ്ഞേ,…ഞാളിപ്പഴും തറേത്തന്നെ….യെന്ന്
കണ്ണീര്‍ വറ്റിയ കണ്ണുകള്‍
ആദ്യമായിടുങ്ങിയാര്‍ത്തു.
ഇന്നിപ്പോള്‍
കടല്‍ വിഴുങ്ങിയ കുടല്‍മാലകളുടെ
ചലനമറ്റ മണല്‍‌പ്പരപ്പില്‍
കാണാച്ചങ്ങല ബന്ധിച്ച്
ഒറ്റയായ് നില്‍ക്കുമ്പോള്‍
അര്‍ത്ഥമില്ലാവാക്കുകളോരോന്നായ്
കടലിടുക്കുകളില്‍ പേമാരി കൊള്ളുന്നു!

Generated from archived content: poem1_mar29_14.html Author: binu_anamangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English