പ്രണയപർവ്വം

നിന്റെ ഉളളംകയ്യിലെ

തെളിയാത്ത കുറുരേഖകൾപോലെ

നമ്മളും

ഒരിക്കലും തിരിച്ചറിയാത്ത

വരകൾക്കും നോവുകൾക്കുമിടയിൽ

കാലം തെറ്റിപ്പിറന്ന

ജന്മങ്ങൾ…

എങ്കിലും പെണ്ണെ,

നിന്റെ മുടിച്ചുരുളിലെ

നനഞ്ഞ വാസന

എന്റെയിന്ദ്രിയങ്ങളിൽ തങ്ങിനിൽപ്പുണ്ട്‌.

പ്രണയവും ഒരു കിടങ്ങാണ്‌,

ഒരിക്കൽ

അകപ്പെട്ടുപോയാൽപ്പിന്നെ

പെട്ടെന്നു തിരിച്ചുകയറാൻ കഴിയാത്ത ഒന്ന്‌.

വാക്കുകൾ

തൊണ്ടയിലെ മുളളുകളായി

കുത്തിനോവിക്കുന്നു.

എന്തുമെഴുതി,

വീണ്ടുമെഴുതി

മഷിപ്പേനയിലൊടുങ്ങുന്ന ജീവിതം….;

എന്നിട്ടും,

നീ മറന്നിട്ട

കണ്ണീർ പുരണ്ട കൈലേസുകൾ

എന്റെയുളളം നനയ്‌ക്കുന്നുണ്ട്‌.

ചുട്ട പ്രണയക്കണ്ണുകൾ

തിരിഞ്ഞുനോക്കാൻ മറന്ന്‌

തലയുയർത്താൻ ഭയന്ന്‌

മണ്ണിന്റെയാഴങ്ങളിലേയ്‌ക്കുറ്റു നോക്കി.

എങ്കിലും,

നിന്റെ ദേഹത്തിന്റെ

ചൂടും തണുപ്പും

എന്റെ കണ്ണുകളിൽ നിറഞ്ഞുകത്തുന്നുണ്ട്‌..!

നിലാവും സ്വപ്‌നങ്ങളും

പൊളളിച്ചുകൊണ്ടിരിക്കുമ്പോഴും പക്ഷെ,

നീയറിയുക…

കടലെടുത്തുപോയ പ്രതീക്ഷകളെ

മാനം തിരിച്ചുതരുന്നതുവരെ

എനിക്കൊന്നു

പെയ്യാൻ പോലുമാവില്ലല്ലോ…!!

Generated from archived content: poem1_june15_05.html Author: binu_anamangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here