ആർദ്രതയുള്ള
ഓരോ മനുഷ്യശിരസ്സിലും
വളർച്ചമുറ്റിനില്‌പുണ്ട്
ഒരു കുരിശുമരം എപ്പോഴും
പറിച്ചെടുത്തത്
നാട്ടുവാൻമടിക്കരുത്
തിന്മയുടെ അച്ചുതണ്ടു ശക്തികളുടെ
നെഞ്ചിൽ ചാഞ്ചല്യലേശമെന്യേ!
ധിക്കാരമിതിൻ കാതൽ
കുത്തുവാനുണ്ടാകും
കാലത്തിൻ വൻചിതൽ സദാ!
പിന്തിരിയരുതെന്നാലും;
മഹത്വത്തിന്റെ തടങ്കൽപ്പാളത്തിൽ
ഇരമൃഗമായ് മാറരുത്!
മനസ്സ്,
ദിശയറിയാതാടുന്ന പെൻഡുലം!
നിമിഷസൂചിയുടെ സ്‌ഥിരതയിൽ
അതിനാൽ മനസ്സൂന്നി ജീർണ്ണിപ്പിക്കായ്‌ക;
സ്വശരീരത്തിന്റെ വിശാലമാം
പോർസ്‌ഥലി!
ശരീരികളുടെ പ്രലോഭനത്തെ
മുറിച്ചുതന്നെ മുറേന്നറുക.
മാറ്റി വെയ്‌ക്കുക
മനുഷ്യത്വത്തിന്റെ കണ്ണടതല്‌ക്കാലം!
2
ആകാശത്തിന്റെ കവിതയാണ്
മഴയെന്ന് നിങ്ങൾ പാടി
കനവുകൾ നെയ്‌ത ഞങ്ങടെ ജീവിതം
കണ്ണീരിൽ കുതിർന്നുകിടന്നു.
ഉൺമയുടെ സൗരഭ്യമാണ്
വേനലെന്ന് നിങ്ങൾ സിന്ധാന്തിച്ചു.
ഉർവ്വരതയുടെ കനൽപ്പാടങ്ങളിൽ
ഞങ്ങടെ ഉയിര് ചുടുത്തുകരിഞ്ഞു.
വിശ്വാസത്തിന്റെ സൗഭാഗ്യങ്ങളാണ്
ഉത്സവങ്ങളെന്നു പറഞ്ഞ്
നിങ്ങൾ പതിവായി ഞങ്ങടെ
പിച്ചച്ചട്ടിയിൽ കൈയിട്ടുവാരി.
പിന്നെ,
ഇരകളുടെ വസന്തം വരുമെന്ന്
വ്യാമോഹിപ്പിച്ച്
ബോംബും, തോക്കും നൽകി
നിങ്ങൾ ഞങ്ങളെ ചാവേറുകളാക്കി.
വാർത്തകളിൽ ഞങ്ങടെ
ചിതറിയമാംസക്കാഴ്‌ചകൾ ദർശിച്ച്
കപട സഹതാപാശ്രുക്കൾ പൊഴിച്ച്
നിങ്ങൾ ആൾ ദൈവഭൃത്യരായി;
മന്ദബുദ്ധികളുടെ മാളങ്ങളിൽ
സ്വർഗ്ഗസ്‌ഥരായി വാണു.
കുത്തകപ്രഭുക്കളുടെ മട്ടുപ്പാവിൽ
വിശ്രമസ്ഥിരായി.
ചതിവഴികളിൽ നിങ്ങളമരർ!
ഇടിയും, മിന്നലും പതിവുപോൽ
വികാരജീവികൾ ഞങ്ങളേറ്റുവാങ്ങി.
ആഘോഷിക്കുവാൻ നിങ്ങൾക്കുണ്ടിനി
ഞങ്ങടെ രക്തസാക്ഷിത്വത്തിന്റെ
ദുഃഖാചരണങ്ങൾ!
അലസിപ്പോയ സ്വപ്‌നങ്ങളുടെ
മുതമാറിൽ
വിരിയാതെ പോയ നൂറുനൂറുപൂക്കൾ
വാരിവാരിയെറിയുക, നിങ്ങൾ!
പരത്തിലും ഞങ്ങൾക്കസ്വാസ്‌ഥ്യം
മാത്രം വിട്ടുതന്നുക്കൊണ്ട്!
Generated from archived content: poem2_april7_11.html Author: binoy_mb