നാല്‌ കവിതകൾ

1. വാഗ്വാർത്‌ഥങ്ങൾഃ പുതിയ നിഘണ്ടുപ്രകാരം

തയ്യാർ ചെയ്‌തത്‌!

I. ഹാലൂസിനേഷൻഃ മതിഭ്രമം!

മോഹൻലാലിൽ ഇല്ലെന്നും,
അഴീക്കോടിൽ ഉണ്ടെന്നും
“അമ്മയാൽ” പറയപ്പെട്ട
വികാരാവസ്‌ഥ!
സമീപഭൂതകാലത്ത്‌,
അച്യുതാനന്ദനിൽ ഉണ്ടെന്നും,
പിണറായിയിൽ ഇല്ലായെന്നും
ചുവന്നരാഷ്‌ട്രീയവൃത്തങ്ങളിൽ
അന്വയിക്കപ്പെട്ടിരുന്നു
ഈവാക്ക്‌!

II. ഇന്നസെന്റ്‌ഃ വിവരംകെട്ടവൻ!

പേര്‌ സാർത്ഥകമാകുംവിധം
ഇന്നസെന്റിലുള്ളതെന്നും,
തിലകനിൽ അശേഷം ഇല്ലാത്തതെന്നും
പണ്ഡിതവ്യാഖ്യാനസാധ്യത കൈവന്ന
ഒരുവിശേഷപ്പെട്ടവാക്ക്‌!
എന്തൊരത്‌ഭുതം?
ചുഴിഞ്ഞുനോക്കിപ്പോകിലിവ്വിധം
വെളിപ്പെടുന്നവാക്കിന്റെ
ചിലവികാരപ്പകർച്ചകൾ!

2. ഞാൻഃ ഒരു പിൻകുറിപ്പ്‌

ആർക്കോ പുച്ഛംതുപ്പുവാനായ്‌
അവശേഷിച്ചതാമൊരു വെറും കുപ്പത്തൊട്ടി!
ആർക്കോനിന്ദാശൂലംകുത്തിയിറക്കുവാൻ പാകത്തിൽ
ശേഷിച്ചതാമൊരു കേവലബലിയാൾ
പഠിച്ചില്ല; ഞാനതിനാലേ;
ജീവിക്കുവാൻ പോലും!

3. നിമിഷവും, കാലവും

നിമിഷങ്ങൾ, എപ്പോഴുമൊരേ
തരത്തിൽ നീന്തുന്നഹംസങ്ങൾ!
കാലമോ, ഓരോനിമിഷഹംസച്ചോടിലും
നിർവൃതിപൂക്കും നിസ്സംഗതടാകം!

4. വിപര്യയം!

നട്ടെല്ലുറപ്പില്ലാത്ത പോരാളികൾ, ഭീരുക്കൾ
പൊള്ളത്തടികളായ്‌ ജീവിതമരുവീഥിയിലടിയുമ്പോൾ;
വിശ്രമം കൊള്ളുവാൻ കൊതിപ്പതെന്തത്‌ഭുതം?
ധീരരേ, വീരചക്രവിജേതാക്കളേ നിങ്ങൾതൻ
മഹദ്‌മൃതിയിൽ നിന്നുയിർക്കൊണ്ട
സ്‌മാരകങ്ങളെ; രക്തസാക്ഷി മണ്ഡപങ്ങളെ!

Generated from archived content: poem1_apr24_10.html Author: binoy_mb

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here