മഴദ്വേഷകുറിമാനങ്ങള്‍

(1)
മഴ,
മൂക്കിനുള്ളില്‍ പല്ലുമുളച്ചൊരു
മുതുക്കിത്തയെപോലെ!
ചില നേരം
അല്ലല്ല;
പകല്‍ വേള!
ശകാരവചസ്സുകള്‍
കാതുപിളര്‍ക്കും വിധം !
പാറമേലിങ്ങനെയിത്രമേല്‍ വേഗം
ചിരട്ട ഇട്ടൊരക്കുന്നന്തെന്തിനാണാവോ?!
അകത്തളങ്ങളില്‍ നിന്നും
കേള്‍ക്കാവുന്നൂ, വ്യക്തം,
അകലെയകലെ വൃദ്ധ-
സദനാന്തര്‍സ്ഥലികളില്‍!
മൂടും , വായുമൊരേപോല്‍
പിറുപിറുപിറാന്ന്!
ചിന്നന്‍ ബാധിച്ച
അമ്മയെന്നു പറയാവുന്ന
ഒരു കിഴവിത്തള്ള!
2
മഴ,
സര്‍ക്കാരു സ്കൂളിലെ
കുട്ടികളേപ്പോല്‍;
ചില നേരങ്ങളില്‍
അല്ലല്ല
സായാഹ്നസമയേ!
അച്ചടക്കമെന്ന സംഗതി
ഏഴയലത്തോടാത്ത
ഗ്രഹണി പിടിച്ച കിടാങ്ങള്‍!
സ്വാതന്ത്ര്യാരാജക
തുഷ്ടിപ്പോര്‍ ചിന്തി!
അകലെ ബോര്‍ഡിംഗില്‍
കഴല്‍ച്ചങ്ങല തളഞ്ഞ്
ഒരു ‘ബോണ്‍സായ്’ കുഞ്ഞിന്റെ
മൂകനിലവിളി
കാതു പിളര്‍ക്കുന്നു
പുരുഷസൗരഗര്‍വ്വം പോലും
താതവത്സലതരളിതമാക്കി!
പൊഴിയുന്നവിരാമം
പകല്‍ മഴ;
സഖിയല്ല, നിതാന്ത
ശല്യപ്രതിയോഗിനി!
വരിക വരിക, വന്നണയുക
നീയെന്‍ നിശേ, നിശാചരി
കുലടമഴപ്പെണ്ണേ;
പകല്‍മഴമരവിപ്പിച്ചൊരു
പുരുഷസൗരവക്ഷസ്സ്
പുല്‍കിപ്പുണരു, ദൃഢം നീ;
കരിവളക്കൈകളെമ്പാടും നീര്‍ത്തി!

3

മണ്ഡലം നഷ്ടപ്പെട്ടോര്‍ക്ക്
വിണ്ടലമാത്ര സ്വര്‍ഗ്ഗം;
മഴ; വെയില്‍ മാറി മാറി
ചോര്‍ന്നൊലിക്കുന്ന കൂര!
ചക്രവാളത്തോളം നീളും
സ്വാതന്ത്ര്യച്ചങ്ങല
പൊട്ടിച്ചു നേടണം;
സ്വന്തമെന്ന പദാര്‍ത്ഥം, മണ്ണില്‍!
മോഹമഴവില്‍പ്പൂക്കള്‍
തല്ലിക്കൊഴിക്കണം
ഹൃത്തിന്‍ വിശാലത
മതില്‍കെട്ടിച്ചുരുക്കണം!
വെളിച്ചത്തെ തുരന്നു തിന്നും
ഇരുള്‍ച്ചിതല്‍പ്പുറ്റ്നേടാന്‍
കണ്‍ തുറപ്പിക്കേണം,
പിന്നോരോരോപുലരി
വിഫലമെന്നാകില്‍കൂടി!

4
ആകാശക്കുടപോലൊരു
ജീവഛത്രം മാത്രമുണ്ട് , കൈയില്‍!
വെയിലത്തും മഴയത്തും
ഒരേപോല്‍ ചോര്‍ന്ന്!
മഴവില്‍ പൂവിരിയുന്ന
ചക്രവാളത്തെ
കനവുനെയ്യുന്നുണ്ട്,
സുഷുപ്തിനേത്രങ്ങളെന്നിട്ടും.!

5

കവിപാടിയെന്നേ
പതിപ്പിച്ചോരീരടി
ചൊല്ലിച്ചോദിപ്പൂകുട്ടി:
‘’ വെളുത്തുപെയ്യുന്ന
മഴയുടെ കാറ്റും
കാക്കക്കൂട്ടമായ് കൊത്തുന്ന-
തെങ്ങനെയെന്ന് , വിസ്മയ-
രഹിതമുഖത്തോടെ!’‘
കേട്ടില്ലീ ചോദ്യം താതന്‍
മാനം നിറഞ്ഞു തൂവുന്ന
മഴത്തുമ്പിത്തോറ്റത്തില്‍
വിറങ്ങലിച്ചു നില്‍ക്കവേ;
കണ്ടു പക്ഷെ , കണ്‍നിറച്ച്

തീരരക്തോട്ടം നിലച്ച
വൈദ്യുതിക്കമ്പി തന്‍
ഞരമ്പിന്‍ മീതെ
നിരനിരയായ്
ചൂട് കാഞ്ഞിരിക്കും
കൂടില്ലാകാക സമൂഹം
ഒറ്റക്കൊറ്റയ്ക്ക്
അസ്ത്രപ്രജ്ഞതയോടെ!
പിന്നെയും, ചോദിപ്പൂ, കുട്ടി:
‘’ കറങ്ങുന്ന ഫാനിന്റെ
കീഴില്‍ ചായ് മൊത്തി
കൈകെട്ടി, ദാരിദ്ര്യം
കുളിര്‍കോരുമോര്‍മ്മയായ്
നുണയുന്നത് ശരിയോ?’‘
മിണ്ടിയില്ല താതനൊട്ടും
കണ്ടു പക്ഷെ മനക്കണ്ണില്‍
മാലിന്യം മാത്രം വിഴുങ്ങേണ്ട
അശ്രീകകരക്കാക്കള്‍
പിണ്ഡച്ചോറ് പോലും
വെടിഞ്ഞ് ഫാസ്റ്റ് ഫുഡിനായ്
ക്ഷമയോടന്തസ്സ് പാലിച്ച്
ക്യൂ നില്‍ക്കും കാഴ്ച സവിസ്മയം!
കലികാലമെന്നോതി
രാമായണം തുറന്ന്
വായിപ്പൂ , താതന്‍;
നെറ്റിന്റെ വലയില്‍ കുട്ടി
കാണരുതാക്കാഴ്ച നുണഞ്ഞ്
ചാരിതാര്‍ത്ഥ്യം പുല്‍കവെ!

6
മഴമേഘനിശാചരി
ഉണര്‍ന്നലറുന്നു
ആകാശവിപിനമുടി
മുഷ്ടിക്കുത്താലുച്ച്!
നീര്‍ന്നു നില്‍ക്കും
മരപ്പെരുമ്പാമ്പുകളെ
കുളിര്‍ന്നു വിറപ്പിച്ച്
മഴമേഘനിശാചരി
ഉണര്‍ന്നലറുന്നു
മണ്‍മാംസം കൊത്തി
ഉണ്മാഗ്നിയുണര്‍ത്തി!!

*1 & 2 ഒ ന്‍ വി യുടെ മഴ എന്ന കവിത

Generated from archived content: poem1_agu2_13.html Author: binoy_mb

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here