മഴക്കാലത്ത്
എന്റെ ഇടവഴികളുടെ അതിരിടിഞ്ഞു.
കരയിലെ ആൾപ്പാർപ്പില്ലാത്ത വീടുകൾ
നദിയിലേക്കൊലിച്ചു പോയി.
വരുവൊലിക്കുന്ന വഴിയിലൂടെ
നനഞ്ഞുപോയൊരോർമ്മ…!
ഇപ്പോൾ മഴക്കാലമല്ല
വഴിയരികിൽ തകരപൂക്കുന്നു
നാടുവിട്ട കൂട്ടുകാരൻ തിരിച്ചെത്തിയിട്ടും
അതുവഴിയൊന്നു വന്നതില്ല
ആരും നടന്നെത്താത്ത പച്ചവഴികൾ…
മെല്ലെമെല്ലെ
വേനലെത്തുകയായി;
കരിയിലകൾ
ഇടവഴികളെ മൂടുന്നതെത്രവേഗം.
ഉളളിലെ മുറിവുകളെല്ലാം
പഴുത്തൊലിക്കുന്ന കാലം….
ആളൊഴിഞ്ഞ്
ഇലകൾമൂടിയ വഴികൾ കാണുമ്പോൾ
എനിക്കിടയ്‌ക്ക്
കരച്ചിൽ വരാറുണ്ട്.
Generated from archived content: poem1_aug12.html Author: bineesh_vellarakkadu