പകരം അശ്രുബിന്ദുക്കൾ മാത്രം

മുറ്റത്തെ വാടിയിൽ മുള്ളുകൾക്കുള്ളിലൂ-

ടെത്തി നോക്കീടും പനിനീർപൂവേ,

നിന്നിൽ വിരിയുമീ പാൽപുഞ്ചിരിയെന്റെ-

ചുണ്ടിലേക്കിറ്റു വീഴിക്കുമോ നീ.

കാട്ടു ചെടികളെ കെട്ടിപ്പുണർന്നിട്ടിഴഞ്ഞു-

നിങ്ങീടുന്ന മുല്ലവള്ളീ,

നിൻമകൾക്കേകുന്ന വെൺമയാം നന്‌മകൾ-

എൻ മാനസത്തിൽ പകർന്നീടുമോ.

രാഗം വഴിയും മനോജ്ഞമാം വർണ്ണത്തെ-

ഉള്ളിലൊളിപ്പിക്കും മൈലാഞ്ചിയേ,

എന്നെയെന്നിൽ നിന്നൊളിച്ചു വെയ്‌ക്കാനുള്ള-

കൗശലമെന്നോടു ചൊല്ലുമോ നീ.

തേന്മാവിൻ കൊമ്പത്തിരുന്നു കൊണ്ടെന്നോടു-

ശണ്‌ഠക്കൊരുങ്ങുന്ന പൂങ്കുയിലേ,

എന്നിലുറങ്ങുന്ന എന്നെയുണർത്തുവാൻ-

ഗാനമെനിക്കു നീ നല്‌കില്ലയോ.

പാലൊത്ത വെൺപ്രഭ എങ്ങും പരത്തുന്ന-

പൗർണ്ണമി രാവിലെ പൂന്തിങ്കളേ,

എന്നകതാരിലെ കൂരിരുൾ നീക്കുവാൻ-

നിൻ വെട്ടമല്‌പമെനിക്കു നല്‌കൂ.

ലക്ഷ്യമില്ലാതങ്ങലക്ഷ്യമായ്‌ ചുറ്റിലു-

മോടിക്കളിക്കുമിളം തെന്നലേ,

മൂകയായ്‌ നിന്നു തേങ്ങിക്കരയുമീ-

തോഴിയെ പയ്യെ തലോടുമോ നീ.

ഇതിനെല്ലാം പകരമായേകുവാനെൻകയ്യി-

ലൊരുപിടി അശ്രുബിന്ദുക്കൾ മാത്രം!

Generated from archived content: poem1_aug26_10.html Author: bindu_tg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English